2009, ജൂലൈ 17, വെള്ളിയാഴ്‌ച

സിനിമാ വാര്‍ത്ത-തൊട്ടു തൊട്ടില്ല

സിഐഡി ലാലിച്ചന്‍, അമ്മായിമുക്ക് ബദ്ഷാ, ഇസ്പേഡ് ഏഴാംകൂലി, ഹെഡ് കോണ്‍സ്റ്റബിള്‍ പുരുഷു, പഞ്ചായത്തിലെ മാലാഖ എന്നീ സിനിമകള്‍ക്കുശേഷം സോണി അന്തോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് തൊട്ടു തൊട്ടില്ല. പഞ്ചായത്തിലെ മാലാഖയ്ക് മികച്ച ഇനീഷ്യല്‍ പുള്‍ ലഭിച്ച സാഹചര്യത്തില്‍ സൂപ്പര്‍ മെഗാ അള്‍ട്രാ സ്റ്റാര്‍ ബാബൂതന്നെയാണ് സണ്ണി അന്തോണിയുടെ പുതിയ ചിത്രത്തിലെയും നായകന്‍.

ഇന്‍ഡീസന്‍റ് ഫിലിംസിനുവേണ്ടി സുനീര്‍ ദുബായ് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ അസ്തമയ സൂര്യ-ജോജി കെ ജോസഫിന്‍റേതാണ്. കുടുംബ പശ്ചാത്തലത്തില്‍ കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്ഷന്‍ ത്രില്ലര്‍ ഹൊറര്‍ ലവ് സ്റ്റോറിയാണ് തൊട്ടു തൊട്ടില്ല. തന്‍റെ മുന്‍ ചിത്രങ്ങളെല്ലാം പ്രമേയത്തില്‍ വ്യത്യസ്തമായിരുന്നതിനാല്‍ ഈ ചിത്രം തികച്ചും വ്യത്യസ്തമായ ഒരു പാറ്റേണിലാണ് ട്രീറ്റ് ചെയ്യുന്നതെന്ന് സോണി അന്തോണി പറ‍ഞ്ഞു. വില്യം ഷേക്സ്പീയറുടെ വിഖ്യാത രചനയായ ടോം ആന്‍റ് ജെറിയുടെ സാധ്യതകള്‍ ഈ ചിത്രത്തിലും അദ്ദേഹം പരമാവധി വിനിയോഗിക്കുന്നുണ്ട്.
മാനാഞ്ചിറ മൈതാനത്ത് മഷിത്തണ്ടു പറിക്കാന്‍ പോയപ്പം ‍ഡാക്കിനിയും കൂട്ടുസനും ചേര്‍ന്ന് തട്ടിയെടുത്ത രാധയെ രക്ഷിക്കാന്‍ മായാവിയും രാജുവും നടത്തുന്ന സാഹസിക ശ്രമങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. ഡിങ്കനും തക്കുടുവും സൂപ്പര്‍മാനും സ്പൈഡര്‍മാനും ഹീമാനുമൊക്കെ മായാവീടെ സഹായത്തിനെത്തുന്നുണ്ട്. സൂപ്പര്‍ സ്റ്റാര്‍ ബാബുതന്നെയാണ് മായാവിയും രാജുവും സൂപ്പര്‍മാനും സ്പൈഡര്‍മാനും ഹീമാനുമൊക്കെയായി അഭിനയിക്കുന്നത്.ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി ഒരു നടന്‍ 113 വേഷങ്ങളില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വേഷം മാറ്റി വേഷം മാറ്റി മേക്ക്പ് മാന്‍ തളര്‍ന്നുവീഴാതിരിക്കാന്‍ അമേരിക്കയില്‍നിന്നും ഇറക്കുമതി ചെയ്ത അണ്ടര്‍വേയര്‍ക്രോംസോഫ്റ്റ് എന്ന് പ്രത്യേക സോഫ്റ്റ്വേറാണ് ഇതിന് ഉപയോഗിക്കുന്നത്.

മലയാള സിനിമയില്‍ ഇന്നേവരെ ഉപയോഗിച്ചിട്ടില്ലാത്ത സൂപ്പര്‍സോണിക് ഹൈടെന്‍ഷന്‍ മാനുപ്പുലേഷന്‍ കാമറയും തൊട്ടു തൊട്ടില്ലയില്‍ ഉപയോഗിക്കുന്നു. സൂപ്പര്‍ മെഗാ അള്‍ട്രാ സ്റ്റാര്‍ ബാബുവിന്‍റെ ചടുലമായ നൃത്തരംഗങ്ങള്‍ മിഴിവു ചോരാതെ എല്ലാ ആംഗിളുകളില്‍നിന്നും ഒപ്പിയെടുക്കാന്‍ ഇന്ത്യയിലെ കാമറകള്‍ പര്യാപ്തമല്ലാത്ത സാഹചര്യത്തിലാണ് സൂപ്പര്‍സോണിക് ഹൈടെന്‍ഷന്‍ മാനുപ്പുലേഷന്‍ കാമറ കൊണ്ടുരുന്നത്.

നൃത്തത്തില്‍ മൈക്കിള്‍ ജാക്സണെയും പ്രഭുദേവയെയും നിഷ്പ്രഭനാക്കിയ ബാബു ഈ ചിത്രത്തിലൂടെ ചലച്ചിത്രഗായകനായും അരങ്ങേറ്റം കുറിക്കുന്നു. കാക്കേ കാക്കേ കൂടെവിടെ...എന്നു തുടങ്ങുന്ന മെലഡിയാണ് അദ്ദേഹം പാടിയിരിക്കുന്നത്.

ബോളിവുഡ് താരറാണിമാരായ പത്മ ഷഡ്ഢി, മായാ റെഡ്ഡി, മൃത ഷിന്‍റോ എന്നിവര്‍ക്കൊപ്പം മലയാളത്തിന്‍റെ കഥാമാധവനും പൂവനയും നായികമാരായി എത്തുന്നു. ഭിക്ഷാടനം, തെരണ്ടിവാല്‍ കല്യാണം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ശങ്കരന്‍ എന്പ്രാന്തിരി കൂട്ടുസനെയും കൊലപ്പുള്ളി വിമല ഡാക്കിനിയെയും അവതരിപ്പിക്കുന്നു. സുകേഷ്, പൂയ് കുമാര്‍, നിരോധ് കന്നാരമൂട്, സക്കീര്‍കുമാര്‍, അഗതി സുരേഷ് കുമാര്‍,കൃഷ്ണപിള്ള ബാബു, കെ.പി.സി.സി വനജ, സിന്ധു പണിക്കര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

ഗാനരചന സുനില്‍ വലിച്ചൂരാന്‍, സംഗീതം ഇലാസ്റ്റിക് പോള്‍, സംഘട്ടനം കൊട്ടേഷന്‍ സുകു, ചായാഗ്രഹണം-കെ.ജെ ലീലാകൃഷ്ണ്ണന്‍, എഡിറ്റിംഗ് ആകാശനാഥന്‍, അസോസിയേറ്റ് ഡയറക്ടേഴ്സ്-ശശി,മണി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -സാന്‍റോ മാര്‍ട്ടിന്‍ വാര്‍ത്താ വിതരണം-ഞാന്‍, അതായത് കീഴൂര്‍ ജ്വാസ്.തൊട്ടു തൊട്ടില്ലയ്ക്കുശേഷം പിച്ചൈക്കാരന്‍ എന്ന തമിഴ് സിനിമയാണ് സുനീര്‍ ദുബായ് നിര്‍മിക്കുന്നത്.
-കീഴൂര്‍ ജ്വാസ്

5 അഭിപ്രായങ്ങൾ:

പെഴ! പറഞ്ഞു...

ഇന്‍ഡീസന്‍റ് ഫിലിംസിനുവേണ്ടി സുനീര്‍ ദുബായ് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ അസ്തമയ സൂര്യ-ജോജി കെ ജോസഫിന്‍റേതാണ്. കുടുംബ പശ്ചാത്തലത്തില്‍ കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്ഷന്‍ ത്രില്ലര്‍ ഹൊറര്‍ ലവ് സ്റ്റോറിയാണ് തൊട്ടു തൊട്ടില്ല. തന്‍റെ മുന്‍ ചിത്രങ്ങളെല്ലാം പ്രമേയത്തില്‍ വ്യത്യസ്തമായിരുന്നതിനാല്‍ ഈ ചിത്രം തികച്ചും വ്യത്യസ്തമായ ഒരു പാറ്റേണിലാണ് ട്രീറ്റ് ചെയ്യുന്നതെന്ന് സോണി അന്തോണി പറ‍ഞ്ഞു. വില്യം ഷേക്സ്പീയറുടെ വിഖ്യാത രചനയായ ടോം ആന്‍റ് ജെറിയുടെ സാധ്യതകള്‍ ഈ ചിത്രത്തിലും അദ്ദേഹം പരമാവധി വിനിയോഗിക്കുന്നുണ്ട്.

Sreenath K പറഞ്ഞു...

kalakki mone,Idivettu

സുപ്രിയ പറഞ്ഞു...

തൊട്ടു തൊട്ടില്ലയ്ക്കുശേഷം പിച്ചൈക്കാരന്‍ എന്ന തമിഴ് സിനിമയാണ് സുനീര്‍ ദുബായ് നിര്‍മിക്കുന്നത്.

അത് ഇഷ്ടപ്പെട്ടു.

Truthaboutlies പറഞ്ഞു...

പെഴെയേ ... നന്നായിട്ടുണ്ട്.. ബെര്‍ളിയുടെ ബ്ലോഗില്‍ നിന്നാണ് ഇവിടെ എത്തിയത്‌.. എന്തായാലും..കൊള്ളാം.. താങ്കള്‍ ഒരു റിബല്‍ ആണോ??

ങ്യാ ഹ ഹ ഹ പറഞ്ഞു...

pezha mone ..sugaano ?