2010, മാർച്ച് 21, ഞായറാഴ്‌ച

മരണത്തിലും വംശഗുണം നോക്കുന്നവര്‍

കേരളത്തില്‍ വിവിധ ജാതികളും ഉപജാതികളുമായി ബന്ധപ്പെട്ട മാധ്യമങ്ങള്‍ പ്രത്യേകിച്ച് പത്രങ്ങളുണ്ട്. പക്ഷെ, അവയിലൊന്നും മരണത്തിന്‍റെയോ അപകടത്തിന്‍റെയോ വാര്‍ത്തകള്‍ ജാതിയുമായിയുടെ അക്കൗണ്ടില്‍ വെച്ചു കാച്ചുന്നത് പെഴ കണ്ടിട്ടില്ല.

കൊറച്ചു മുന്പേ തനിമലയാളം ഡോട് ഓര്‍ഗിലൂടെ തെണ്ടിനടന്നപ്പഴാണ് ബൈക്കപകടത്തില്‍ ക്നാനായ യുവാവ് മരിച്ചു എന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടത്. വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത് കോട്ടയം രൂപതയുടെ മുഖപത്രമായ അപ്നാദേശിന്‍റെ വെബ്സൈറ്റില്‍. വാര്‍ത്തയിലേക്ക് കടക്കുന്പോഴാണ് രണ്ടു പേര്‍ മരിച്ചിട്ടുണ്ട് എന്ന് മനസ്സിലാകുന്നത്. ക്നാനാനായാക്കരല്ലാത്തതുകൊണ്ട് തലക്കെട്ടില്‍ മരിച്ചവരുടെ എണ്ണത്തില്‍പോലും രണ്ടാമന് ഇടം കിട്ടിയില്ല.
ക്നാനാനായക്കാര്‍ മാത്രം വായിക്കുന്ന സൈറ്റില്‍ വായനക്കാരെ ആകര്‍ഷിക്കാന്‍, അല്ലെങ്കില്‍ ഞെട്ടിക്കാനായിരിക്കാം ക്നാനാനായ യുവാവിന് പ്രാധാന്യം കൊടുത്തുതന്നെന്നായിരിക്കും അപ്നാ ദേശിന്‍റെ സാറന്‍മാര്‍ പറയുക. പക്ഷെ, ഇതിനുവേണ്ടി മരിച്ച രണ്ടാമനെ നിഷ്കരുണം ഒഴിവാക്കിയതിന് എന്തു നീതീകരണമാണുള്ളത്?


കൂട്ടമരണങ്ങള്‍ നടന്നാല്‍ അതിലെ ഓര്‍ത്തഡോക്സുകാരുടെ എണ്ണം മാത്രമേ തലക്കെട്ടില്‍ നല്‍കൂ എന്ന് മനോരമയും സീറോമലബാറുകാരെയേ പരിഗണിക്കൂ എന്ന് ദീപികയും ജമാഅത്തെ ഇസ്ലാമി മതിയെന്ന് മാധ്യമവും ലീഗുകാര്‍ മതിയെന്ന് ചന്ദ്രികയും ആര്‍എസ്എസുകാരെയെ ഉള്‍പ്പെടുത്തേണ്ടതുള്ളൂ എന്ന് ജന്മഭൂമിയും സി.പി.എമ്മുകാരുടെ എണ്ണം മാത്രം ദേശാഭിമാനിയും നല്‍കിയാല്‍ എങ്ങനെയുണ്ടാകും?

മരിച്ച എല്ലാവരുടെയും വിധി ഒന്നാണെങ്കിലും ക്നാനായക്കാരന്‍ മാത്രമേ സ്വര്‍ഗത്തില്‍ പോകാനിടയുള്ളൂ എന്നായിരിക്കും ഇവിടെ വിവക്ഷിക്കുന്നത്. അപ്നാ ദേശ് എന്നതുകൊണ്ട് ഈ നാടിനെ മൊത്തത്തില്ലല ഉദ്ദേശിക്കുന്നതെന്നും ക്നാനായക്കാരെ മാത്രമാണെന്നും ഇപ്പം മനസ്സിലായില്ലേ.

ആത്മാഭിമാനവും വേറിട്ട സംസ്കാരവുമുള്ള ക്നാനായക്കാര്‍ വെബ്സൈറ്റ് തിരുത്താന്‍ ഇടയില്ലെങ്കിലും അങ്ങനെ തോന്നിക്കൂടായ്കയില്ലല്ലോ. അതുകൊണ്ട് സൈറ്റില്‍ വാര്‍ത്ത വന്ന പേജിന്‍റെ സ്ക്രീന്‍ ഷോട്ട് ദേ ഈവിടെ കൊടുക്കുന്നു.




എല്ലാം തികഞ്ഞു ഇനി മലയാളിക്ക് മരിക്കാം!

കേരളത്തെ സംബന്ധിച്ചിടത്തോളം ഒരേയൊരു കുറവേ ഒണ്ടാരുന്നുള്ളു. ഒരു ഐപിഎല്‍ ടീമിന്‍റെ. അത് ഇല്ലാതിരുന്നതുകൊണ്ടാണ് ഇക്കാലമത്രയും ലക്ഷക്കണക്കിനു ജനങ്ങള്‍ പാടത്തും പാറമടയിലും മുതല്‍ സോഫ്റ്റ്വെയര്‍ കന്പനികളില്‍വരെ കഷ്ടപ്പെടേണ്ടിവന്നത്.

മുന്‍കാലങ്ങളിലെന്നപോലെ കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലും ഇടതും വലതും മുന്നണികള്‍ ഒരുപാട് വാഗ്ദാനങ്ങള്‍ നിരത്തിയെങ്കിലും നമ്മക്ക് ഒരു ഐപിഎല്‍ ടീം ഒണ്ടാക്കിത്തരുവെന്ന് ഒരുത്തനും പറഞ്ഞുകേട്ടില്ല. ഏതായാലും വരത്തനെന്നും പരദേശിയെന്നുമൊക്കെപ്പറഞ്ഞ് ഇവിടുത്തെ കോണ്‍ഗ്രസുകാരുപോലും തോല്‍പ്പിക്കാന്‍ ശ്രമിച്ച തരൂരെ ശശിച്ചേട്ടന്‍ വേണ്ടിവന്നു ഒടുവില്‍ നമ്മടെ അടിസ്ഥാന ആവശ്യം നിറവേറ്റുന്നതിന് മുന്‍കൈ എടുക്കാന്‍.

ശരിക്കും പറഞ്ഞാല്‍ പെഴയ്ക്ക് ഒരു ഐപിഎല്‍ ടീമിന്‍റെ പ്രാധാന്യത്തെക്കുറിച്ച് വലിയ പടിയില്ലാരുന്നു. ഇന്നലെ കേരളത്തിന് ടീം കിട്ടിക്കഴിഞ്ഞശേഷം ടെലിവിഷന്‍ ചാനലുകള്‍ വച്ചപ്പോഴാണ് ഇതിലും വലിയതൊന്നും ഇനി കേരളത്തില്‍ ഒണ്ടാകാനില്ലെന്ന് മനസ്സിലായത്. ഇന്നിപ്പം ദേ പത്രം എടുത്തു നോക്കിയപ്പം ഈമഹാ സംഭവം കേരളത്തിന്‍റെ ജാതകം തിരുത്തിക്കുറിക്കുമെന്ന് വ്യക്തമായി. ക്രിക്കറ്റ് എന്നാന്ന് അറിയാന്പാടില്ലാരുന്ന കോട്ടയത്തെ അച്ചായന്‍മാര്‍ മനോരമയുടെ പ്രധാന വാര്‍ത്ത കണ്ടപ്പോള്‍ തങ്ങളുടെ അജ്ഞതയോര്‍ത്ത് ലജ്ജിച്ചു. കളിയറാന്പാടില്ലേലും തരൂരിനു പകരം കെ.എം മാണിസാറിനെ മുന്നില്‍ നിര്‍ത്തി കോട്ടയം അച്ചായന്‍സ് എന്നപേരില്‍ ഒരു ടീം ഉണ്ടാക്കുന്നതിനുള്ള വഴിയെക്കുറിച്ചുള്ള ആലോചനയിലാണവരിപ്പോള്‍

മനോരമ പത്രം പറയുന്നു ; *കേരളത്തിന്‍റെയും കൊച്ചിയുടെയും രാജ്യാന്തര തലത്തിലുള്ള ഏറ്റവും വലിയ ബ്രാന്‍ഡിംഗിനാണ് ഇതിലൂടെ ആവസരം കിട്ടുന്നത്.
*കേരളത്തിലെ കൂടുതല്‍ കളിക്കാര്‍ക്ക് രാജ്യാന്തര താരങ്ങള്‍ക്കൊപ്പം ഐ.പി.എല്‍ ടീമില്‍ ഇടം ലഭിക്കും. *കേരളത്തില്‍നിന്ന് കൂടുതല്‍ കളിക്കാര്‍ ദേശീയ ടീമിലേക്ക് വരാന്‍ സാധ്യത. *ടൂറിസം വ്യാപാര രംഗങ്ങളില്‍ മുന്നേറ്റമുണ്ടാകും. *നികുതി ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവിന് നേട്ടം...എന്നിങ്ങനെ.
പെഴ ക്രിക്കറ്റ് വിരോധിയല്ല, മാത്രമല്ല ആരാധകനാണുതാനും. പ്രത്യേകിച്ചും ഐ.പി.എലിന്‍റെ. എനിക്കറിയാന്പാടില്ലാഞ്ഞിട്ടു ചോദിക്കുവാ; ഇതുകൊണ്ട് കേരളത്തിലെ ഭൂരിപക്ഷം വരുന്ന എന്നേപ്പോലുള്ള ഏഴാംകൂലികള്‍ക്ക് എന്നാ പ്രയോജനം കിട്ടും? കേരളത്തില്‍നിന്ന് കൂടുതല്‍ കളിക്കാര്‍ ദേശീയ ടീമിലേക്ക് വരാന്‍ സാധ്യത എന്നൊക്കെ വച്ചു കാച്ചുന്പോള്‍ ഇതു വായിക്കുന്നോര് വിഢികളാണെന്നാന്നാണോ മനോരമ ധരിച്ചുവച്ചിരിക്കുന്നത്. നിലവിലെ ഇന്ത്യന്‍ ടീമംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഐ.പി.എലിലെ പല ടീമുകളും. ഐ.പി.എലിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ പുതിയതായി ഏതവനെങ്കിലുമൊക്കെ ഇന്ത്യന്‍ ടീമില്‍ ഇടംനേടാം. ഈ സാധ്യത ഇങ്ങേയറ്റം മുതല്‍ അങ്ങേയറ്റംവരെയുള്ള ടീമുകള്‍ക്കിടയില്‍ നീണ്ടു പരന്നു കിടക്കുന്പോള്‍ അതില്‍ കേരളത്തിന്‍റെ ഷെയര്‍ എത്രയുണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അങ്ങനെയൊക്കെ ഊഹിക്കാന്‍ പോയാല്‍ മനോരമ വായിക്കുന്നവരുടെ രോമം എഴുന്നേറ്റു നില്‍ക്കുമോ?

കേരളത്തിന്‍റെ രാജ്യാന്തര ബ്രാന്‍ഡിംഗ് വളരുന്പോള്‍ ഇവിടം സ്വര്‍ഗമാകും. ഇവിടുത്തെ ചുമട്ടു തൊഴിലാളികള്‍ക്കും മറ്റും പണിക്കുപോകേണ്ട. റേഷന്‍കടയിലും മാവേലി സ്റ്റോറിലും എന്തിന് ബീവറേജസ് ഷോപ്പില്‍ പോലും പോയി ക്യൂനില്‍ക്കേണ്ട. സൂര്യതാപം പേടിക്കേണ്ട. കുടിവെള്ളത്തിന് നെട്ടോട്ടമോടേണ്ട. അമ്മപെങ്ങന്‍മാരുടെ മാനം പോകുമെന്ന ആശങ്കവേണ്ട. ഐ.പി.എല്‍ കണ്ടാല്‍ മാത്രം മതി. പറ്റുമെങ്കില്‍ ഒരു ടിക്കറ്റ് സംഘടിപ്പിച്ച് കൊച്ചില്‍ പോയി കളി നേരിട്ടു കാണുക. അതോടെ നിങ്ങള്‍ സന്പൂര്‍ണരാകും. കേരളം സുന്ദരം.

മാധ്യമങ്ങള്‍ക്ക് ആവേശമാകാം. പക്ഷെ, അതിനൊക്കെ ഒരു പരിധിയില്ലേ? അതെ ങ്ങനെ? വാര്‍ത്തകള്‍ മാധ്യമങ്ങളെ വിഴുങ്ങുന്ന കാലത്ത് , രാഷ്ട്രീയ മുതലെടുപ്പിനോ പകരംവീട്ടലിനോ അല്ലാതെ സാധാരണക്കാരന്‍റെ പ്രശ്നങ്ങള്‍ക്ക് മാധ്യമങ്ങളില്‍ ഇടംലഭിക്കാത്ത കാലത്ത് ഇതല്ല, ഇതിലപ്പുറവും സംഭവിക്കും. മലയാളത്തിന്‍റെ മ#*$ സുപ്രഭാതം !

2010, മാർച്ച് 4, വ്യാഴാഴ്‌ച

ജയേട്ടന്‍റെ കഷ്ടപ്പാടുകള്‍

പെരുമഴക്കാലം എന്ന സിനിമയിലെ രാക്കിളിതന്‍...എന്നു തുടങ്ങുന്ന പാട്ടു കേള്‍ക്കുമ്പോഴെല്ലാം കൊരവള്ളി പൊട്ടിച്ച്‌ ഇപ്പം ചാകും എന്ന മട്ടില്‍ പാടുന്ന സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ ചേട്ടനെയാണ്‌ ഓര്‍മവരുന്നത്‌. പുള്ളിക്കാരന്‍ ചാനലുകളിലും വേദികളിലും ഈ പാട്ട്‌ പാടിയിരുന്നത്‌ കാണുമ്പോള്‍ ഞങ്ങടെ വീട്ടിലെ ജഴ്‌സിപ്പശു പ്രസവസമേത്തു കാണിക്കുന്ന പരാക്രമമാണ്‌ എനിക്ക്‌ ഓര്‍മവന്നിരുന്നത്‌.



പിന്നീട്‌ ചാനല്‍ റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായിരുന്ന്‌ ഭാവത്തെക്കുറിച്ചും ആയാസരഹിതമായ പാട്ടിനെക്കുറിച്ചുമൊക്കെ പിള്ളേര്‍ക്ക്‌ കനപ്പെട്ട ഉപദേശം നല്‍കിയപ്പഴാണ്‌ എങ്ങനെ പാടരുത്‌ എന്നാണ്‌ അദ്ദേഹം വേദികളില്‍ കാണിച്ചിരുന്നത്‌ എന്ന്‌ മനസ്സിലായത്‌. അവിടംകൊണ്ടും തീര്‍ന്നില്ല, കാക്കേ കാക്കേ കുടെവിടെ... എന്ന നഴ്‌സറിപ്പാട്ടിനുമുകളില്‍ ഭൂമുഖത്തുള്ള എല്ലാ രാഗങ്ങളും വിജയകരമായി അപ്ലൈ ചെയ്യാന്‍ ചേട്ടനു സാധിച്ചു. പക്ഷെ, എന്റെ സ്വന്തം ചേട്ടന്‍ റോയിക്ക്‌ അതു മനസ്സിലായില്ല. റിയാലിറ്റി ഷോയുടെ അടിമയായ അവന്‍ കാക്കേ കാക്കേ കേട്ട്‌ പ്രാന്തായി റിമോട്ടുകൊണ്ട്‌ എറിഞ്ഞുപൊട്ടിച്ച ടീവി ജയചന്ദ്രന്‍ ചേട്ടന്റെ നിത്യസ്‌മാരകമായി ഇപ്പോഴും വീട്ടിലുണ്ട്‌.

ജയചന്ദ്രന്‍ ചേട്ടന്‍ എപ്പോഴും പഴയ വരികളെയും ഈണങ്ങളെയും എങ്ങനെ രക്ഷപ്പെടുത്താം എന്ന ഗവേഷണത്തിന്റെ തിരക്കിലാണ്‌. മോഷണം, കോപ്പിയടീന്നൊക്കെ വിവരമില്ലാത്ത കൊറേയവമ്മാര്‌ വിളിച്ചുപറയും. അതൊന്നും ജയേട്ടന്‍ മൈന്‍ഡു ചെയ്യാറില്ല. എന്തിന്‌ നമ്മടെ സര്‍ക്കാരുപോലും അതു കാര്യമാക്കാറില്ല. അതുകൊണ്ടല്ലേ പച്ചപ്പനംതത്തേ...എന്ന പാട്ടിനു സംസ്ഥാന അവാര്‍ഡു കൊടുത്തത്‌?കാലം മറന്നുപോയ പൊന്‍കുന്നം ദാമോദരന്‍ എന്ന കവിയെ പുതിയ തലമുറയ്‌ക്ക്‌ പരിചയപ്പെടുത്താനാണ്‌ താന്‍ ഈപാട്ട്‌ കഷ്‌ടപ്പെട്ട്‌ പുനരവതരിപ്പിച്ചെതെന്ന്‌ ജയേട്ടന്‍ വ്യക്തമാക്കീട്ടും ചെലര്‍ക്കു തൃപ്‌തിയായില്ല. അദ്ദേഹത്തിന്റെ സതുദ്ദേശം മനസ്സിലാക്കാന്‍ ദാമോദരന്റെ മകന്‍പോലും തയാറായില്ല.

ചങ്ങമ്പുഴ എന്നൊരു കവി ഇവിടെ ജീവിച്ചിരുന്നു എന്നറിയിക്കാന്‍ അദ്ദേഹത്തിന്റെ കവിതകളും വൃത്തിയാക്കിയെടുക്കാന്‍ ഉദ്ദേശ്യമുണ്ടെന്ന്‌ ചേട്ടന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു-നോക്കണേ ആ ഉദ്ദേശശുദ്ധി.

നല്ലതു ചെയ്യാന്‍ മലയാളികള്‍ സമ്മതിക്കുകേല. ബാലേട്ടനിലെ ബാലേട്ടാ.. ബാലേട്ടാ.. എന്ന പാട്ട്‌ ബോണി എമ്മിന്റെ വിഖ്യാതമായ റാ റാ റാസ്‌പുട്ടിന്റെ അമ്മായീടെ മോനാണെന്നും അതല്ല?ഏതോ ഒരു ഹിന്ദിപ്പാട്ടിന്റെ നേരനിയനാണെന്നും കൊറേപ്പേരു പറഞ്ഞു.നാട്ടുരാജാവിലെയും കനകസിംഹാസനത്തിലെയുംമറ്റും പാട്ടുകളും മുമ്പു കേട്ടതാണെന്ന്‌ ചെലരു തട്ടിവിട്ടു. ലോകത്തില്‍ ഒരാളെപ്പോലെ ഏഴു പേരൊണ്ടെന്നും പ്രതിഭകള്‍ ഒന്നുപോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുയും ഈണം കൊടുക്കുയും ചെയ്യുമെന്നും ഇവറ്റകള്‍ക്ക്‌ അറിയാമ്പാടില്ലേ?

മാത്രമല്ല, പഴയ പല വരികള്‍ക്കും നല്ല ഈണങ്ങളുടെ പോരയ്‌മയൊണ്ടാരുന്നു എന്ന കാര്യവും ഇക്കൂട്ടര്‍ മറന്നുപോകും. ആ കൊറവ്‌ പരിഹരിക്കാനാണ്‌ പൂമുഖവാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന... എന്ന ഗാനം ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തില്‍ ജയേട്ടന്‍ വൃത്തിയായി പുനരവതരിപ്പിച്ചത്‌.

പണ്ട്‌ ഏണിപ്പടികള്‍ എന്ന ചിത്രത്തില്‍ ദേവരാജന്‍ സംഗീതം നല്‍കിയ പ്രാണനാഥന്‍ എനിക്കു നല്‍കിയ... എന്ന പാട്ടിനും ഒരുപാട്‌ പോരായ്‌മയുണ്ടാരുന്നു. ഷഡ്‌ജവും രിഷഭവും തമ്മില്‍ അകല്‍ച്ച. ഗാന്ധാരം പഞ്ചമത്തിന്റെ മധ്യമത്തില്‍ വരുന്നു അങ്ങനെയങ്ങനെ. പോരാത്തതിന്‌ സംഗതി പൊങ്ങി നില്‍ക്കുന്നു. അതുകൊണ്ടാണ്‌ നോട്ടം സംവിധാനം ചെയ്‌ത ശശി പരവൂരിന്റെ പുതിയ ചിത്രമായ കടാക്ഷത്തില്‍ ജയേട്ടന്‍ ഏറ്റവും അനുയോജ്യമായ ട്യൂണില്‍ ഈ പാട്ടിനും ശാപമോക്ഷം നല്‍കുന്നത്‌. ഇതിനപ്പുറം ഒരു ട്യൂണില്‍ ഈ പാട്ട്‌ ചെയ്യാമ്പറ്റത്തില്ല.

പുതിയ ഈണം ഒണ്ടാക്കാന്‍ അറിയാമ്പാടില്ലാഞ്ഞിട്ടോ പുതിയ വരികള്‍ കിട്ടാഞ്ഞിട്ടോ അല്ല. ജയേട്ടന്‍ അതിനു പോയാല്‍ പഴയ പാട്ടുകളുടെയെല്ലാം എല്ലാം പോരായ്‌മ നികത്താന്‍ ആരുണ്ടിവിടെ? ആരോരുമറിയാത്ത കവികളെ ഇന്നത്തെ തലമുറയ്‌ക്ക്‌ ആരു പരിചയപ്പെടുത്തും?