2010, ഫെബ്രുവരി 25, വ്യാഴാഴ്‌ച

കലക്കി മോനേ ദിനേശാ...

പെഴ മോഹന്‍ലാലിന്റെ ആരാധകനല്ല. ലാലിനോടെന്നല്ല, ഒരു താരത്തോടും ഈയുള്ളവന്‌ ആരാധനയില്ല. മാത്രമല്ല, മലയാള സിനിമാ ലോകത്തെ ഗുസ്‌തിയില്‍ ഞാന്‍ തിലകന്റെ പക്ഷത്താണുതാനും.

തിലകന്‍ പറയുന്നതില്‍ ഏറിയപങ്കും പച്ചപ്പരമാര്‍ത്ഥങ്ങളാണ്‌.സൂപ്പര്‍താരങ്ങളുടെയും അവരുടെ ഏറാന്‍മൂളികളുടെയും തോന്ന്യാസങ്ങളാണ്‌ മലയാള സിനിമയില്‍ നടക്കുന്നതെന്ന്‌ അറിയാമ്മേലാത്തവര്‍ ചുരുക്കമാണ്‌. അതുകൊണ്ടുതന്നെയാണ്‌ മറ്റൊരു നായകനടനും ഇവിടെ ക്ലച്ചുപിടിക്കാത്തതെന്നത്‌ പരസ്യമായ രഹസ്യം.

ഈ കോക്കസിന്റെ കയ്യാങ്കളികളാണ്‌ മലയാള സിനിമയെ അപ്പാടെ കൊളംതോണ്ടിയത്‌. ഇവര്‍ക്കെതിരെ ഒരു ഘട്ടത്തില്‍ പോരിനിറങ്ങിയ പൃഥ്വിരാജുപോലും ഒടുവില്‍ കാലുപിടിച്ച്‌ മാപ്പുപറഞ്ഞശേഷമാണ്‌ അല്ലറചില്ലറ പടങ്ങള്‍ കിട്ടിത്തുടങ്ങിയതെന്നാണ്‌ സിനിമക്കകത്തുള്ളോരു പറയുന്നത്‌.

വാര്‍ധക്യത്തിന്റെ പടിവാതില്‍ക്കലെത്തിയിട്ടും മറ്റൊരുത്തനും ഗതിപിടിക്കരുതെന്ന്‌ വാശിയുള്ള സൂപ്പറുകളുടെയും പരിവാരങ്ങളുടെയും ലീലാവിലാസങ്ങളില്‍ പൊറുതിമുട്ടിയ പലര്‍ക്കും തിലകനൊപ്പം കൂടിയാക്കൊള്ളാമെന്നുണ്ട്‌ പക്ഷെ, കഞ്ഞികുടി മുട്ടുമെന്ന്‌ ഭയന്ന്‌ അവര്‍ ഒന്നും കണ്ടില്ലെന്നു നടിക്കുന്നു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായാലും മോഹന്‍ലാലിനെ മനസ്സുതുറന്ന്‌ അഭിനന്ദിക്കാനാണ്‌ പെഴ നീണ്ട ഇടവേളക്കുശേഷം ഈ പോസ്റ്റിടുന്നത്‌. കേരളത്തിന്റെ സാംസ്‌കാരിക സിംഹാസനത്തിന്റെ അധിപനെന്ന്‌ സ്വയം പ്രഖ്യാപിച്ച്‌ കണ്ണില്‍ കാണുന്നവരുടെയെല്ലാം മേക്കിട്ടു കേറുന്ന സുകുമാര്‍ അഴീക്കോടിന്‌ ലാലിനെപ്പോലെ ഇത്രയും വൃത്തിയായി പണികൊടുത്ത വേറൊരാളും ഇന്നാട്ടിലില്ല.

പിണറായി വിജയന്റെ കുഴലൂത്തുകാരനായതുകൊണ്ട്‌ കേരളത്തില്‍ നടക്കുന്ന എന്തിലും തനിക്ക്‌ ഇടപെടാമെന്നാണ്‌ അഴിക്കോടിന്റെ ധാരണ. സിനിമ കാണാറില്ലെന്ന്‌ അഭിമാനപൂര്‍വം പറയുന്ന ഈ മഹാന്‍ ചലച്ചിത്ര നടന്‍മാരുടെ പ്രശ്‌നത്തില്‍ ഇടപെടുന്നതിന്‌ യോഗ്യതയായി കരുതിയതും ഇതുതന്നെയായിരിക്കണം.കലയിലൂടെ ആര്‍ജിച്ച ജനപിന്തുണയുടെയും അംഗീകാരത്തിന്റെയു 50 ശതമാനം ലാല്‍ സ്വര്‍ണാഭരണശാലയ്‌ക്കുവേണ്ടി വിനിയോഗിക്കുന്നു, ലാല്‍ പ്രണയരംഗങ്ങളില്‍ അഭിനയിക്കുന്നത്‌ അരോചകമാണ്‌, സൂപ്പര്‍ താരങ്ങള്‍ ഒരു സിനിമക്കു വാങ്ങുന്ന അഞ്ചരക്കോടി രൂപ സാഹിത്യകാരന്‍ ജീവിതാവസാനംവരെ കഷ്‌ടപ്പെട്ടാലും കിട്ടില്ല, സാഹിത്യകാരന്‍ എഴുതരുതെന്ന്‌ സാഹിത്യ അക്കാദമി വിലക്കിയതുപോലെയാണ്‌ തിലകനെ വിലക്കിയത്‌ തുടങ്ങിയവയൊക്കെയായിരുന്നു അഴീക്കോടിന്റെ ആവലാതികള്‍. ഒപ്പം തിലകന്‍ പ്രശ്‌നം അടുത്ത സൂര്യോദയത്തിന്‌ മുമ്പ്‌ പരിഹരിക്കണം എന്ന മുന്നറിയിപ്പും.

മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടെയോ ദിലീപിന്റെയോ പടം റിലീസ്‌ ചെയ്യുന്ന ദിവസം തിയേറ്ററില്‍ ഇടികൊണ്ട്‌ ടിക്കറ്റെടുത്ത്‌ പടം കാണുന്ന സാധാരണക്കാരന്‍ ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞാല്‍ മനസ്സിലാക്കാം. അഴിക്കോടിന്‌ ഈ വിഷയത്തില്‍ എന്തുകാര്യം? ഇങ്ങേര്‌ ആരുവാ?

കേരളത്തിലെ സാമാന്യ ബുദ്ധിയുള്ള ജനം മുഴുവന്‍ ചിന്തിച്ചകാര്യം തുറന്നുപറയാന്‍ ധൈര്യം കാണിച്ചിടത്താണ്‌ മോഹന്‍ലാലിനെ പെഴ നമിക്കുന്നത്‌. മധ്യസ്ഥതക്കായി അഴീക്കോടിനെ ക്ഷണിച്ചിട്ടില്ലെന്നും പ്രശ്‌നങ്ങള്‍ താരസംഘനടക്കുള്ളില്‍ പരിഹരിച്ചോളാമെന്നും വ്യക്തമാക്കിയ ലാല്‍ ഒരു പടികൂടി കടന്ന്‌ താന്‍ സ്വര്‍ണക്കടയുടെ പരസ്യത്തില്‍ അഭിനയിക്കുന്നതുകൊണ്ട്‌ അഴീക്കോടിന്‌ എന്താണ്‌ വിഷമമെന്നും ചോദിച്ചു. അതുകേട്ടപ്പോള്‍ പെഴ അറിയാതെ പറഞ്ഞുപോയി-കലക്കി മോനേ ദിനേശാ!!!

ഇതൊക്കെയായാലും അഴിക്കോട്‌ നിര്‍ത്താന്‍ ഭാവമില്ല. അതിന്റെ കാരണം നടന്‍ ഇന്നസെന്റ്‌ ഇന്നു പറഞ്ഞു-പട്ടിണി കിടന്ന പിള്ളാര്‍ക്ക്‌ ചക്കക്കൂട്ടാന്‍ കിട്ടിയ അവസ്ഥയിലാണ്‌ അഴിക്കോട്‌.

വിഷമില്ലാതിരുന്നപ്പോള്‍ വീണു കിട്ടിയ വിഷയത്തില്‍, വലിയ പിടിയുള്ളതല്ലെങ്കിലും കയറിപ്പിടിച്ചിരിക്കുകയാണ്‌ ഈ കാര്‍ന്നോര്‌. ഒരു തത്വമസിയുടെ പേരിലാണ്‌ അഴിക്കോടിന്റെ അര്‍മാദമത്രയും. ഈ സാധനം കേരളത്തില്‍ എത്രപേര്‌ വായിച്ചിട്ടുണ്ട്‌? വായിച്ച എത്രപേര്‍ക്ക്‌ മനസ്സിലായിട്ടുണ്ട്‌? പിണറായി വിജയന്റെ ദാസ്യവൃത്തിക്കപ്പുറം ഇങ്ങോര്‌ ഇപ്പോള്‍ എന്ത്‌ സാംസ്‌കാരിക പ്രവര്‍ത്തനമാണ്‌ നടത്തുന്നത്‌? ലാലിനെക്കാള്‍ സുന്ദരനാണ്‌ താന്‍ എന്ന പറഞ്ഞപ്പോള്‍ അഴീക്കോട്‌ സ്വന്തം അപകര്‍ഷതാബോധത്തിന്‌ അടിവരയിടുകല്ലാരുന്നോ?അറിയാമ്പാടില്ലാഞ്ഞിട്ടു ചോദിക്കുവാ; ഇങ്ങേര്‍ക്കൊന്നും വേറൊരു പണിയുമില്ലേ?

അഴിക്കോടും ലാലും തമ്മിലുള്ള പ്രസ്‌താവന യുദ്ധത്തില്‍ മാധ്യസ്ഥവുമായി മറ്റൊരാള്‍ കൂടി രംഗത്തു വന്നിട്ടുണ്ട്‌-ജസ്റ്റീസ്‌ വി.ആര്‍. കൃഷ്‌ണയ്യര്‍. ഇനി ഒരാള്‍കൂടിയേ ഈ വിഷയത്തില്‍ ഇടപെടാനുള്ളു; സാക്ഷാല്‍ സഖാവ്‌ പിണറായി വിജയന്‍.

2010, ഫെബ്രുവരി 6, ശനിയാഴ്‌ച

സാബു ഒന്നു വിളിച്ചാല്‍ അതല്ലേ ചാകര!

മട്ടാഞ്ചേരി മാര്‍ക്കറ്റില്‍ ചാള വില്‍ക്കുന്പോള്‍ എന്നെയിങ്ങനെ കണ്ണെടുക്കാതെ നോക്കുകയാണ് കക്ഷി. ചാളയൊക്കെ വില്‍ക്കുന്നു ഇവനാരെടാ എന്ന മട്ടില്‍.

അതുകഴിഞ്ഞ് ഫീഷ് ലാന്‍ിംഗ് സെന്‍ററിനടുത്താണ് കച്ചോടം. അവിടെ കച്ചോടം തൊടങ്ങിയാപ്പിന്നെ ഒച്ചപ്പാടാണ്. അടുത്തുള്ള ഒടങ്കൊല്ലി ടേപ്പ് റെക്കോര്‍ഡറിന്‍റെ ശബ്ദംകൂടിയാകുന്പം ഭയങ്കര പ്രശ്നവാണ്. ടേപ്പ് ഓഫ് ചെയ്താല്‍ ഇദ്ദേഹം പ്രശ്നവൊണ്ടാക്കും എന്ന് ഒറപ്പാണ്.

ഞാന്‍ ജ്വാസപ്പേട്ടന്‍റെ അരിക്കല്‍ ചെന്നു പറഞ്ഞു, ടേപ്പ് റെക്കോര്‍ഡറ് ഓഫാക്കാതെ മാര്‍ഗമില്ല. അയാളു പറഞ്ഞു ഞാന്പറയാന്‍. ആര്‍ക്കും സാബൂനോട് നേരിട്ടു പറയാനുള്ള ധൈര്യമില്ല.

ഞാനൊന്നും പറയാന്‍ പോയില്ല. ടേപ്പ് ഓഫാക്കീട്ട് കച്ചോടം തുടര്‍ന്നു. കൊറച്ചു കഴിഞ്ഞപ്പം ഇദ്ദേഹം. ''ഹേ ഗാന ചൂനാ ഗുര്‍നേക്കാ മീനാ യാര്‍, ക്യാഹോരഹാ ഹേ! ടേപ്പ് റെക്കോര്‍ഡര്‍ മര്‍ഗയി ഹോ ഹേ ക്യൂക്യാ?''(ഹേ പാട്ടു കേള്‍ക്കുന്നില്ല ചങ്ങാതി, എന്താണ്, ടേപ്പ് റെക്കോര്‍ഡര്‍ വര്‍ക്കു ചെയ്യുന്നില്ലേ?)

സര്‍ ടേപ്പ് ഓഫാക്കി
''കോന്‍ ഹെ? ക്ലാ ക്ലാ ക്ലീ ക്ലൂ ഓഫ് കിയാ?''(ആരാണ്, എന്തിന് ഓഫ് ചെയ്തു?)

''ചാള ബോലാ ടേപ്പ് പണ്ടാരടങ്ങനേക്കേലിയേ''(ചാള പറഞ്ഞു, സ്വസ്ഥമായിട്ടു കെടക്കാന്പറ്റുന്നില്ല, ടേപ്പ് റെക്കോര്‍ഡറ് പണ്ടാരടങ്ങാന്‍)

''കോന്‍ ഹെ?''(ചാളയോ, അതാരാണ്)

അപ്പോള്‍ ബോള്‍ എന്‍റെ കോര്‍ട്ടിലാണ്. നമ്മളു മറുപടി പറയണം. ഇതു കക്ഷിയുടെ ഗെയിമാണ്. ജ്വാസപ്പേട്ടന്‍ വന്നിട്ട്, ചെവിതലകേള്‍ക്കാന്‍ വേണ്ടി ടേപ്പ് ഓഫ് ചെയ്തതാണെന്നു പറഞ്ഞാല്‍ തീര്‍ന്നു. പക്ഷെ, അയാള്‍ അതു പറയാന്‍ തയാറല്ല. റെസ്പോണ്‍സിബിലിറ്റി ഏറ്റെടുക്കാന്‍ ധൈര്യമില്ല. ഞാനാരാ മോന്‍? ഞാന്‍ മുന്നോട്ടുചെന്നു പറഞ്ഞു. ആ കൂതറ ടേപ്പ് റെക്കോര്‍ഡറ് വെക്കാന്പറ്റത്തില്ല. ചാള, ചാളേന്ന് വിളിച്ചു പറയുന്നത് പൊറത്തു കേള്‍ക്കുകേല. മീനെല്ലാം ഇവിടുന്ന് ചീഞ്ഞുപോകും.

''കോയി മില്‍ ഗയാ... ചാള സിന്തഗി കരം ഹോ ജാത്തീഹേ'' (അതു സാരമില്ല എട്ടുനാടും പൊട്ടുന്ന സൗണ്ടില്‍ ഞാന്‍ പറഞ്ഞോളം ചാള, ചാളേന്ന്)
ഞാന്‍ പറഞ്ഞു അതൊക്കെ അങ്ങു കുന്പളങ്ങീപ്പറഞ്ഞാ മതി. ഇപ്പം നിങ്ങളു ഒറക്കെ വിളിച്ചു പറയും എന്നുവിചാരിച്ച് നോക്കിനിക്കാന്പറ്റത്തില്ലല്ലോ. ടേപ്പ് ഓഫാക്കിയേ പറ്റൂ.

ഫീഷ് ലാന്‍ഡിംഗ് സെന്‍റര്‍ pin drop(അവാസനത്തെ ഡ്രോപ്പും അടിച്ചപോലെ ) സൈലന്‍സില്‍ നില്‍ക്കുകയാണ്. അദ്ദേഹം എന്നെ അടിമുടിയൊന്നു നോക്കി. കൊച്ചൊരു മനുഷ്യന്‍. സംഗതിയൊക്കെയുണ്ട്. ഞാന്‍ പറഞ്ഞു.
''കച്ചോടം അവസാനിപ്പിച്ച് കാശെണ്ണുന്പഴേ നമ്മള് ഇനി ടേപ്പു വെക്കത്തൊള്ളു''

''ഏ കോയി സച്ചാ ബഹുത്ത് അച്ചോം കി ഹോനാ ജീത്താ ഹോത്താഹെ''(ഭയങ്കര ബോറാണ്, നടക്കത്തില്ല, ചങ്ങാതി നടക്കത്തില്ല)

ഞാന്‍ പറഞ്ഞു. ''പ്രൊഡക്ഷന്‍, അഭി ഹം കിസിസേ ഹംനഹി കോ എഫ് റേഡിയോ പണ്ടാര്‍ കരോ''(അങ്ങേര്‍ക്ക് ഒരു കൂതറ എഫ്.എം റേഡിയോ കൊണ്ട് പണ്ടാരടക്ക്)

എന്‍റെ കയ്യില്‍ ഉടനടി പരിഹാരമുണ്ട്. മലയാളത്തിലെ എഫ്എം റേഡിയോ സ്റ്റേഷനുകള്‍ മാറി മാറി വയ്ക്കുക. ഇയാക്ക് എന്തേലും കേട്ടാമതിയല്ലോ. അവമ്മാരുടെയും അവളുമാരുടേം ചെലപ്പുകേട്ട് വട്ടാകുന്പം അയാള് പഠിച്ചോളും. അദ്ദേഹം എന്നെ ഒന്നുകൂടി നോക്കി. തിരിഞ്ഞിട്ട് ത്വാമാസിനോടു പറയുകയാണ്

''ഹേ ഇസ്കാ ജബ് ഹം തേരാ ഹം ഖുഷി''(ഇയാളുടെ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങി ഒരു ഫോട്ടോസ്റ്റാറ്റ് എടുക്ക്)

ആളിനെ ഇഷ്ടപ്പെട്ടു എന്നാണ് ഇതിന് അര്‍ത്ഥം. കക്ഷിക്കു മനസ്സിലായി നമ്മള്‍ ഒരു മഹാ സംഭവമാണെന്ന്. എതു ചെറിയ കാര്യവും വലിയ പ്രശ്നമാക്കും. ബാക്കിയൊക്കെ തമാശക്കളിയാണ്. പക്ഷെ നമ്മക്കറിയില്ലല്ലോ തമാശയാണെന്ന്. ത്വാമാസിന്‍റെ അടുത്തുപോയി തിരിച്ചറിയല്‍ കാര്‍ഡിന്‍റേം റേഷന്‍കാര്‍ഡിന്‍റെയും സിംകാര്‍ഡിന്‍റേം ഫോട്ടോക്കോപ്പി കൊടുത്തു. ഇതുകേട്ട് അദ്ദേഹം ഭയങ്കര ചിരിയാണ്.

രണ്ടാമത്തെ സംഭവവും അതേ ദിവസമാണ്. ഇദ്ദേഹത്തിന് കച്ചോടത്തിനു മുന്പുതന്നെ ച്വാള ച്വാളേ, ആകോലി ആകോലി...എന്നു പറഞ്ഞു പഠിക്കുന്ന സൊഭാവമൊക്കെയുണ്ട്. എനിക്കാണെങ്കില്‍ കച്ചോടത്തിനു മുന്പ് ഇതുപോലെ പറഞ്ഞു പഠിക്കുന്നത് ഒന്നു കാണണമെന്നുണ്ട്. നമ്മള്‍ അതു ചോദിച്ചു. അദ്ദേഹം സംഗതി കാണിച്ചു. അദ്ദേഹം ച്വാള ച്വാളേയ്യ്യ്യ്യയ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ് ...ന്നു വിളിച്ചു പറഞ്ഞത് ഞാന്‍ മൊബൈലില്‍ റെക്കോര്‍ഡും ചെയ്തു. എന്‍റെ ഒരു രീതി ആതാണ്. എന്നാ കേട്ടാലും കണ്ടാലും ഒളിഞ്ഞുനോക്കിയാലും റെക്കോര്‍ഡ് ചെയ്യും. ഞാന്‍ ഓക്കെ പറഞ്ഞു പോന്നു.

പക്ഷെ, കച്ചോടം തൊടങ്ങിയപ്പം. അദ്ദേഹത്തിന്‍റെ വിളിച്ചുപറച്ചിലിന്‍റെ ലെവലു മാറി. ച്വാള.. ച്വാളേയ്യ്യ്യ്യയ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്...ന്നു പറയുന്നേനു പകരം. ചാള, ചാള എന്നു മന്ത്രംപോലെ പറയുന്നു. പോരാത്തതിന് മറ്റേ കൂതറ ടേപ്പിന്‍റെ സൗണ്ടും.
ഞാന്പറഞ്ഞു. ഈ മീനെല്ലാം ഇവിടിരുന്ന് ചീഞ്ഞുപോകുമെന്ന്. കക്ഷി ചോദിച്ചു എന്തുകൊണ്ടാണെന്ന്. കച്ചോടത്തിനു മുന്പു വിളിച്ചു പറഞ്ഞ ചാളയല്ല ഇപ്പഴത്തെ ചാളയെന്ന്.

ഞാന്‍ പറഞ്ഞു തുടക്കത്തില്‍ ഉണ്ടാകുന്ന ഇന്‍റേണല്‍ വൈബ്രേഷന്‍സ് ആന്‍റ് കൊളാബ്രേഷന്‍സ് ഓഫ് ദ ജിസിഡിഎ കോംപ്ലക്സ് വച്ച് കച്ചോടം നടത്തുന്നതാണ് എന്‍റെ പ്രോസസ്. താങ്കള്‍ കൂതറ പാട്ടും കേട്ട് ചാള, ചാള എന്നു മന്ത്രിച്ചിരുന്നാല്‍ അതിനര്‍ത്ഥം എന്‍റെ കച്ചോടത്തെയും താങ്കള്‍ നശിപ്പിക്കുന്നു എന്നാണ്.

ഇതുകേട്ട് അദ്ദേഹം സ്റ്റണ്‍‍ഡ് ആയി നിന്നു. ഒരുപക്ഷെ കക്ഷിയോട് ആദ്യമായിട്ടായിരിക്കാം ഒറു കച്ചോടക്കാരന്‍ ഇങ്ങനെ സംസാരിക്കുന്നത്. ഞാന്‍ എന്‍റെ പ്രശ്നം പറഞ്ഞു. എന്നിട്ട് ഹോള്‍സെയിലുകാരനോട് പറഞ്ഞു. ഇതൊക്കെ നിങ്ങളു നോക്കേണ്ട കാര്യങ്ങളാണ്. എന്നെ ഇതിനകത്തേക്ക് വലിച്ചിഴയ്ക്കുന്നത് മോശമാണ്. കക്ഷിക്കു മനസ്സിലായി ഞാന്‍ ഒരു മഹാസംഭവമാണെന്ന്. അതിനുശേഷം ഒന്നിച്ചു കച്ചോടം ചെയ്തപ്പോഴെല്ലാം അദ്ദേഹം അസ്സാലായി വിളിച്ചു പറഞ്ഞിട്ടുണ്ട് ചാള ച്വാളേയ്യ്യ്യ്യയ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ് ന്ന്. എന്നിട്ടു ചോദിച്ചും അങ്ങനെ മതിയോന്ന്.
ഇപ്പം നിങ്ങള്‍ക്കും തോന്നുന്നില്ലെ ഞാന്‍ ഒരു അഖില ലോക സംഭവമാണെന്ന്?
----------------------------------------------------------

ഇനി പെഴയ്ക്ക് ഒന്നേ പറയാനുള്ളു; ഇത് അനുകരണമോ പരിഹാസമോ അല്ല. ജീവിച്ചിരിക്കുന്നവരോ മരിച്ചു മണ്ണടിഞ്ഞവരോ ആയ ഒരുത്തനുമായും ഇതിനു യാതോരു ബന്ധോമില്ല.
മാര്‍പ്പാപ്പയാണേലും(പുള്ളിയാണല്ലോ, ഞങ്ങടെ വല്യ പുള്ളി) ഞാനൊരു സംഭവമാണെന്നു പറഞ്ഞോണ്ടിരുന്നാല്‍ കേക്കുന്നോര്‍ക്ക് ബോറടിക്കും.