2009, ജൂലൈ 20, തിങ്കളാഴ്‌ച

അറബീടെ നിഷ്കളങ്കത(എലട്രീഷന്‍റെ ആത്മകഥ-4)

രാമപുരത്തൂന്ന്‌ എന്നേക്കാള്‍ മുമ്പേ എന്റെ വൈറൈറ്റി വയറിംഗിന്റെ കഥ പട്ടിമുക്കിലെത്തിയിരുന്നു. ബസ്‌ സ്റ്റോപ്പില്‍ ഇറങ്ങുമ്പോള്‍തന്നെ എനിക്കതു മനസ്സിലായി.

''അടുക്കളേ ലൈറ്റു കത്തണേ കക്കൂസിലെ ലൈറ്റിടണം അല്ലേ"
ഓട്ടോക്കാരന്‍ കുഞ്ഞുമോന്റെ ശബ്‌ദത്തിന്‌ പതിവില്ലാത്ത മൊഴക്കവൊണ്ടാരുന്നു. കവലയില്‍ എല്ലാരും പൊട്ടിപ്പൊട്ടിച്ചിരിച്ചു.

"വേണ്ടെടോ ***നേ, ഇവിടെ ഞെക്കിയാ മതി.."

പരിസരം മറന്ന ഞാന്‍ മുണ്ടുപൊക്കിക്കാണിച്ചിട്ട്‌ അലറി.അല്ലെങ്കിത്തന്നെ അവന്‌ പണ്ടേ എന്നോട്‌ കലിപ്പാ. കൊറേക്കാലം മുമ്പ്‌ അവന്റെ മോന്‍ ജോജോ അടിച്ചു പാമ്പായി ഓടിക്കുമ്പം ഓട്ടോ മറിഞ്ഞു. പരിസരത്തൊണ്ടാരുന്നോട്‌ ഓട്ടോ നിവര്‍ത്തി ചെറുക്കനേംകൊണ്ട്‌ ആശൂത്രീപ്പോകാന്‍ തൊടങ്ങിയപ്പം എവിടുന്നോ കുഞ്ഞുമോനും വന്നു. അവന്‍ മകനേക്കാള്‍ ഫിറ്റ്‌!

``ഞാന്‍ കൊണ്ടുപൊക്കോളാം. അവനെ ആശൂത്രീലും കൊണ്ടുപോണം, ഓട്ടോ വര്‍ക്ക്‌ഷോപ്പിലും കൊടുക്കണം''

വെലക്കിയവരെയെല്ലാം തെറിവിളിച്ച്‌ ഓട്ടോ പറത്തിയ കുഞ്ഞുമോന്‍ മോനെ വര്‍ക്ക് ഷോപ്പില്‍ ഇറക്കി, ഓട്ടോറിക്ഷ ആശുപത്രീല്‍ കൊണ്ടുപോയി എന്നാണ്‌ നാട്ടില്‍ പ്രചരിച്ച കഥ. അതിന്‌ ഏറ്റവും കൂടുതല്‍ മൈലേജ്‌ കൊടുത്തത്‌ ഞാനാണ്‌. മറ്റേവീട്‌ കത്തിപ്പോയ കാര്യം പൊടിപ്പും തൊങ്ങലും ചേര്‍ത്ത്‌ വിവരിച്ച്‌ കുഞ്ഞുമോന്‍ എനിക്ക്‌ ആദ്യ തിരിച്ചടി തന്നിരുന്നു. ഇപ്പം ദേ മറ്റൊരു വടി കയ്യിവെച്ച്‌ അവന്‍ എന്നെ നോക്കി ഇളിക്കുന്നു.

എന്റെ തുണിപൊക്കി പ്രകടനം കവലേല്‍ വണ്ടികേറാന്‍ പെണ്ണുങ്ങളൊക്കെ കണ്ടെന്നറിഞ്ഞപ്പോള്‍ വീണ്ടും തകര്‍ന്നുപോയി. കിട്ടിയ ഓട്ടോറിക്ഷ പിടിച്ച്‌ വീട്ടിലേക്ക്‌ പാഞ്ഞു.കരണ്ടുമായിട്ടൊള്ള ഒരു എടപാടും എനിക്ക്‌ പറ്റില്ലെന്ന്‌ ഒറപ്പായി. വീട്ടില്‍ ലൈറ്റിന്റെ സ്വിച്ചിടാന്‍ പോലും പേടി തോന്നി. പൊറത്തിറങ്ങണേ തലേ മുണ്ടിടണം.

രണ്ടാഴ്‌ച്ചയിലേറെ വീട്ടിലിരുന്നു മൊരഞ്ഞപ്പഴാണ്‌ ദുബായീന്ന്‌ അമ്മേടെ ചേച്ചീടെ മോന്‍ രാജേഷിന്റെ വിളി വന്നത്‌.വിസ ശരിയായിട്ടൊണ്ടെന്ന്‌ അവന്‍ പറഞ്ഞപ്പം ഏഷ്യാനെറ്റില്‍ 24 മണിക്കൂറും സീരിയലാക്കാന്‍ പോകുന്നു എന്ന പ്രഖ്യാപനം കേട്ട വീട്ടമ്മയെപ്പോലെ എനിക്കൊണ്ടായ സന്തോഷം പറഞ്ഞറീക്കാന്‍ വയ്യാരുന്നു. അമ്മേടേം പെങ്ങടേം സ്വര്‍ണം പണയം വെച്ചും. പശൂനെ വിറ്റുമൊക്കെ വിസക്കൊള്ള കാശുകൊടുത്തു. നക്കാപ്പിച്ച ശമ്പളവാണേലും വേണ്ടില്ല, ഈ നാട്ടീന്ന്‌ രക്ഷപ്പെടാവല്ലോ.

കാര്യങ്ങളെല്ലാം എടിപീടീന്ന്‌ നടന്നു. 2003 ജൂണ്‍ 11 ന്‌ ഞാന്‍ നെടുമ്പാശ്ശേരീന്ന്‌ ദുബായിലേക്ക്‌ പറന്നു. എയര്‍ ഇന്ത്യ വിമാനത്തിലിരിക്കുമ്പം വലതു കൈകൊണ്ട്‌ വലതു കാലിന്‍റെ തുടയില്‍ മുറുക്കി പിച്ചി. സംഭവിക്കുന്നത്‌ ഒള്ളതോ കള്ളവോ എന്ന്‌ ഒറപ്പാക്കാന്‍.ദുബായ്‌ വിമാനത്താവളത്തില്‍ രാജേഷ്‌ കാത്തുനിന്നിരുന്നു. താമസ്ഥലത്തേക്ക്‌ ടാക്‌സിയില്‍ പോകുമ്പോള്‍ അവിടുത്തെ അസൗകര്യങ്ങളെക്കുറിച്ച്‌ വിവരിച്ച്‌ അവന്‍ മുന്‍കൂര്‍ ജാമ്യം എടുത്തോണ്ടിരുന്നു. പെരുവഴീക്കെടക്കാനും തയാറായാണ്‌ എന്റെ വരവെന്ന്‌ അവനറിയാമ്മേലല്ലോ.

ദുബായിലെ ജീവിതത്തെക്കുറിച്ച്‌ ഇതിനോടകം ഒരുപാട്‌ പേരു പറഞ്ഞ്‌ നിങ്ങളൊക്കെ അറിഞ്ഞുകാണുവല്ലോ. അതുകൊണ്ട്‌ ഞാന്‍ കാടുകേറുന്നില്ല; കാര്യത്തിലേക്കുകടക്കാം.

ഫ്രീവിസയാരുന്നതുകൊണ്ടുതന്നെ ഒരുപാട്‌ കഷ്‌ടപ്പെട്ടു. ഒന്നര മാസം രാജേഷിന്റേം മറ്റു ചെല മലയാളികളുടെയും ചെലവില്‍ കഴിഞ്ഞുകൂടി. ഒടുവില്‍ ഒരു ചെറിയ എലട്രിക്കല്‍ സര്‍വീസ്‌ കമ്പനയില്‍ ഹെല്‍പ്പറായി ജോലി കിട്ടി. മരിക്കുന്നതുവരെ ഒരു ഹല്‍പ്പറായി കഴിയുന്നതാണ്‌ എനിക്കു നല്ലതെന്നു തോന്നി.പക്ഷെ ഈശ്വര നിശ്ചയം അതായിരുന്നില്ല.

ഒരു അറബീടെ കൊട്ടാരം പോലത്തെ വീടിനോടനുബന്ധിച്ച്‌ പുതിയതായി പണിത ഔട്ട്‌ ഹൗസിന്റെ വയറിംഗ്‌. ആലുവക്കാരന്‍ സുബൈറാരുന്നു മെയിന്‍ എലട്രീഷന്‍. ഞാനും കുന്നംകുളത്തുകാരന്‍ രതീഷും രണ്ടു പാക്കിസ്ഥാനികളും സഹായികള്‍.നേരത്തെ ഈ വീടിന്റെ വയറിംഗും ഞങ്ങടെ കമ്പനീലൊള്ളവര്‍ തന്നെയാ ചെയ്‌തത്‌. അന്ന്‌ അറബീടെ വാച്ചും അയാടെ തീക്കനലു പോരിലിക്കുന്ന മോടെ ജെട്ടീമൊക്കെ അടിച്ചുമാറ്റിയതും പണി കഴിഞ്ഞു മടങ്ങുമ്പോ പോക്കറ്റ്‌ നിറയെ ദിര്‍ഹം കിട്ടയതുമൊക്കെ രതീഷ് പലവട്ടം പറഞ്ഞിട്ടുണ്ട്‌. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ്‌ ഞാന്‍ ആ പണിക്കു പോയത്‌.

പണി പകുതിയായപ്പോള്‍ സുബൈറും പാക്കിസ്ഥാനികളും ഒരു അപകടത്തിപ്പെട്ട്‌ ആശുപത്രിയിലായി. അതോടെ വയറിംഗിന്റെ ചുമതല എനിക്കായി. സഹായത്തിന്‌ രതീഷിനു പുറമെ ഒരു ഫിലിപ്പിനോയെക്കൂടെ കമ്പനി അയച്ചു. ഓര്‍ക്കാപ്പൊറത്ത് പ്രമോഷന്‍ കിട്ടിയപ്പം വൈകാതെ ഒരു ആപത്തും ഉണ്ടാകുമെന്ന്‌ എനിക്ക്‌ ഒറപ്പാരുന്നു.

ഒരാഴ്‌ച്ചകൊണ്ട്‌ വയറിംഗ്‌ കഴിഞ്ഞു.കണക്ഷന്‍ കൊടുക്കുന്ന ദിവസം- എന്റെ ജീവിതത്തിലെ മൂന്നാമത്തെ അഗ്നിപരീക്ഷ. ഗതികേടിന്‌ അറബീം വന്നു. പണി കഴിഞ്ഞെന്നും കണക്‌ഷന്‍ കൊടുക്കുന്നത്‌ കണ്ടിട്ട്‌ പോയാമതിയെന്നും രതീഷ്‌ അറബിയോട്‌ പറഞ്ഞ സ്ഥിതിക്ക്‌ ഇനി ഈ പരീക്ഷ മാറ്റിവെക്കാന്‍ പറ്റത്തുവില്ല.
എന്റെ ഹൃദയം സ്‌തംഭിക്കുമെന്നു തോന്നി. ഒന്ന്‌...രണ്ട്‌...മൂന്ന്‌ -ഞാന്‍തന്നെ സ്വിച്ച്‌ ഓണാക്കി.
സ്‌ഫോടനവും തീപ്പിടിത്തവുമില്ല. പേടി അവിടംകൊണ്ട്‌ തീരുന്നില്ലല്ലോ. ആദ്യ ലൈറ്റ്‌ അറബി കത്തിക്കണമെന്ന്‌ നിര്‍ദേശിച്ചതും രതീഷാണ്‌. വിസിറ്റിംഗ്‌ റൂമിലെ ലൈറ്റിന്റെ സ്വിച്ചാണ്‌ അറബി ഓണാക്കിയത്‌. അപ്പോള്‍ കോളിംഗ്‌ ബെല്ലിന്റെ ശബ്‌ദം!. പുറത്താരെങ്കിലും വന്നതാരിക്കുവെന്നാ എല്ലാരും കരുതിയത്‌. അങ്ങനെയായിരിക്കണേന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു. ലൈറ്റു കത്താതിരുന്നപ്പം അറബി പിന്നേം ഞെക്കി. വീണ്ടും ബെല്ല്‌!

എന്നെ, ഈ പാഴ്‌ജന്മത്തെ ഒന്നു കൊന്നു തന്നേരു സാറേന്ന്‌ എനിക്ക്‌ വിളിച്ചുപറയാന്‍ തോന്നി. രതീഷും ഫിലിപ്പിനോടും അന്തംവിട്ടു നില്‍പ്പുണ്ട്‌. അറബിയുടെ പ്രതികരണമെന്തായിരിക്കുമെന്ന ചിന്തയില്‍ ഞാന്‍ വെന്തു നീറി.ഓടി രക്ഷപ്പെടാമെന്നു വിചാരിച്ചാല്‍ എവിടംവരെ ഓടും?


അയാള്‍ ഹാളിലെ ഫാനിന്റെ സ്വിച്ചിട്ടു-ലൈറ്റു കത്തി. തൂക്കുവിളക്കിന്റെ സ്വിച്ചിട്ടപ്പോള്‍ അടുത്തമുറിലെ ലൈറ്റ്‌, വലത്തുവശത്തെ മുറീപ്പോയി ഫാനിട്ടപ്പോ ബാത്ത്‌റൂമിലെ എക്‌സ്‌ഹോസ്റ്റ്‌ ഫാന്‍.ഓരോ സ്വിച്ചിടുമ്പോഴും എന്റെ തലയില്‍ ആരോ ചുറ്റികകൊണ്ട്‌ അടിക്കുന്നപോലെയാണ്‌ തോന്നിയത്‌.

അറബി ഹാളിലേക്കിറങ്ങി. നേരെ ചൊവ്വേയുള്ള കണക്‌ഷന്‍ ഒന്നുപോലുമില്ല. ഇനി എന്താണ്‌ സംഭവിക്കാന്‍ പോകുന്നതെന്ന്‌ ആലോചിക്കാന്‍പോലുമുള്ള മനക്കരുത്ത്‌ എനിക്കില്ലാരുന്നു.അയാള്‍ എന്റെ അടുത്തേക്കു വരുന്നു. പണ്ടേ മനസും ശീരവും മരവിച്ചുപോയതുകൊണ്ട്‌ പ്രത്യേകിച്ച്‌ ഒന്നും തോന്നിയില്ല. അയാള്‍ രണ്ടു കൈകളും നീട്ടുന്ന കണ്ടപ്പോള്‍ ഞെക്കിക്കൊന്നോ, കൊന്നോ ചേട്ടാന്നു മനസ്സു പറഞ്ഞു. അയാളുടെ കൈകള്‍ എന്നെ വളഞ്ഞപ്പോള്‍ അതിനു നടുവില്‍ ഒരു ഡെഡ്‌ബോഡി പോലെ ഞാന്‍ നിന്നു.

"മുംതാസ്‌ ആഹൂയി, വള്ളാഹി മുംതാസ്‌!( കൊള്ളാം സഹോദരാ നന്നായിരിക്കുന്നു)"
ആക്കിപ്പറഞ്ഞതാണെന്ന്‌ എനിക്ക്‌ ഒറപ്പാരുന്നു. പിന്നെയും അയാള്‍ എന്തൊക്കെയോ പറഞ്ഞു. രതീഷിനെം ഫിലിപ്പിനോയെയും മാറി മാറി കെട്ടിപ്പിടിച്ചു. ഫിലിപ്പിനോയെ കൊറേനേരം കൂടുതല്‍ കെട്ടിപ്പിടിക്കുകേം അവിടേം ഇവിടേമൊക്കെ ഞെക്കുകേം ചെയ്‌തു.

അയാള്‍ പോക്കറ്റില്‍നിന്ന്‌ ഒരു കുത്ത്‌ ദിര്‍ഹം എടുത്ത്‌ എനിക്കു തന്നു. പണം മേടിച്ചാല്‍ വീട്ടീന്നു മോഷ്‌ടിച്ചെന്ന വകുപ്പൂടെ ചേര്‍ത്ത്‌ അകത്താക്കാനാരിക്കും! അതു വാങ്ങാന്‍ എന്റെ കൈ പൊങ്ങിയില്ല.വീണ്ടും എന്നെ കെട്ടിപ്പിടിച്ച്‌ ഉമ്മവെച്ച്‌ കാശ്‌ എന്റെ പോക്കറ്റില്‍ തിരുകി അയാള്‍ പോയി.എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ തരിച്ചിരുന്നു.

പത്തു മിനിറ്റു കഴിഞ്ഞ്‌ ആശൂത്രീന്ന്‌ സുബൈറു വിളിച്ചപ്പഴാണ്‌ എനിക്ക്‌ കാര്യം പിടികിട്ടിയത്‌. സുബൈറിനെ അറബി വിളിച്ചിരുന്നത്രേ.ഉര്‍വശീശാപം ഉപകാരമായെന്നു പറഞ്ഞപോലെ പാളിപ്പോയ എന്റെ വയറിംഗ്‌ അറബിക്ക്‌ ഭയങ്കരമായി ഇഷ്‌ടപ്പെട്ടിരിക്കുന്നു. ലൈറ്റിടുമ്പോള്‍ കോളിംഗ്‌ ബെല്ലും ഫാനിടുമ്പോള്‍ തൂക്കുവെളക്കുമൊക്കെ കത്തുന്ന പുതിയ വെറൈറ്റി പുള്ളി ആദ്യമായിട്ട്‌ കാണുകയാണത്രെ. വീടിനുള്ളില്‍ ഏതെങ്കിലും കള്ളന്‍ കേറിയാലും ലൈറ്റിടാമ്പറ്റാതെ കുടുങ്ങിപ്പോകുവത്രേ.നേരത്തെ സൂചിപ്പിക്കാതെ ഈ വെറൈറ്റി പ്രയോഗിച്ചത്‌ പുള്ളിയെ വിസ്‌മയിപ്പിക്കാനല്ലേ എന്നാണ്‌ അറബി സുബൈറിനോട്‌ ചോദിച്ചത്‌?

എനിക്ക്‌ ഒന്നും വിശ്വസിക്കാമ്പറ്റുന്നില്ല. ഇങ്ങനേം മനുഷ്യരുണ്ടോ? പോക്കറ്റിക്കെടന്ന കാശെടുത്ത്‌ ഞാന്‍ എണ്ണിനോക്കി-ഏഴായിരം ദിര്‍ഹം! പാവം അറബി-ഒരു മടപ്രാവിന്റെ മനസുള്ള മനുഷ്യന്‍.

ഇതേ വെറൈറ്റിയുടെ പേരില്‍ രാമപുരത്തെ മാമന്‍ പറഞ്ഞ വാക്കുകള്‍ എന്റെ കാതില്‍ മുഴങ്ങി.

"വെറൈറ്റിയല്ല, നിന്റെ അമ്മേടെ ** "

ഏതെങ്കിലും മലയാളി അറബിയെ കാര്യങ്ങളു പറഞ്ഞു മനസ്സിലാക്കുന്നതിനു മുമ്പേ പണിസാധനങ്ങളുമായി സ്ഥലം വിട്ടോളാന്‍ സുബൈറു പറഞ്ഞു. ഞാനും രതീഷും ഫിലിപ്പിനോടും മിനിറ്റുകള്‍ക്കുള്ളില്‍ സ്ഥലം കാലിയാക്കി.
... ... ...
ഗള്‍ഫിലെ കാര്യങ്ങള്‍ പറയുമ്പം അല്‍ ഗുലാബി കണ്‍സ്‌ട്രക്ഷന്‍ സൈറ്റിലുണ്ടായ സംഭവം വിട്ടുകളാമ്പറ്റുകേല. വെറൈറ്റി വയറിംഗിനുശേഷം എന്നെ കമ്പനി പൊറത്താക്കി. ഒരു മാസത്തോളം തെണ്ടി നടന്നശേഷമാണ്‌ അല്‍ഗുലാബി കണ്‍സ്‌ട്രക്ഷന്‍ കമ്പനീയില്‍ ഹെല്‍പ്പറായി ജോലി കിട്ടിയത്‌.

ദേരയില്‍ ഒരു ടവറിന്റെ സൈറ്റില്‍ മെഷീനില്‍ കൊഴച്ച സിമിന്റ്‌ കോരി പണിക്കാര്‍ക്ക്‌ എത്തിക്കുന്നതായിരുന്നു എന്റെ പരിപാടി. നമ്മടെ നാട്ടിലെപ്പോലെ അണ്ടര്‍വെയറിടാതെ, കൈലീമുടുത്തല്ല അവിടെ വാര്‍ക്കപ്പണിക്കാരും മെയ്‌ക്കാഡുമാരും എലട്രീഷമ്മാരുമൊക്കെ ജോലി ചെയ്യുന്നത്‌. എല്ലാര്‍ക്കും പാന്റും ഷര്‍ട്ടും നിര്‍ബന്ധമാണ്‌. പോരാത്തത്തിന്‌ വലിയ കണ്‍സ്‌ട്രക്ഷന്‍ സൈറ്റുകളില്‍ ഹെല്‍മെറ്റും വേണം.

ഈ പറഞ്ഞതെല്ലാം ധരിച്ച്‌ ഒരു ദിവസം താഴത്തെ നിലയുടെ പുറത്ത്‌ സിമന്റെ എടുത്താണ്ടുവരാന്‍ പോകുമ്പഴാണ്‌ എട്ടാം നിലയില്‍നിന്ന്‌ ഒരു ഇഷ്‌ടിക താഴോട്ടു വീണത്‌. കല്ലാശാരീടെ കയ്യീന്ന്‌ വീണുപോയതാണ്‌. എല്ലാവരും വിളിച്ചു കൂവന്നതുകണ്ട്‌ ഞാന്‍ മേലോട്ടു നോക്കിയപ്പോള്‍ ഇഷ്‌ടിക വരുന്നത്‌ കൃത്യം എന്റെ മോളിലോട്ടാണെന്ന്‌ മനസ്സിലായി.

ഒഴിഞ്ഞുമാറാന്‍ നേരം കിട്ടുവെന്നു തോന്നിയില്ല. രണ്ടു കയ്യും തലക്കു മോളിവെച്ച്‌ വരുന്നതു വരട്ടേന്നു കരുതി കണ്ണടച്ചു ഞാന്‍ നിന്നു.ഇഷ്‌ടികക്ക്‌ തെറ്റിയില്ല. എന്റെ രണ്ടു കയ്യും ഒടിഞ്ഞു. ഹെല്‍മെറ്റിന്‌ പോറല്‍പോലും സംഭവിച്ചില്ല.

നേരത്തെ പറഞ്ഞോ എന്ന് ഓര്‍മയില്ല, ഇപ്പോള്‍ ഞാന്‍ പഴേ ജോയിച്ചേട്ടന്റെ കൂടെയാണ്‌. ഭിത്തി കിഴിക്കുന്ന പരിപാടിതന്നെ. ഇനിയും ഒരുപാട്‌ പറയാനൊണ്ട്‌. പക്ഷെ ഒരു സ്‌കൂളിന്റെ വയറിംഗ്‌ ജോലി എന്ന്‌ തൊടങ്ങുവാ. കൊറേ കിഴിക്കാനൊണ്ട്‌ സമയം പോലെ വീണ്ടും വരാം.സ്‌നേഹപൂര്‍വം
കെ.കെ. അനീഷ്‌

7 അഭിപ്രായങ്ങൾ:

പെഴ! പറഞ്ഞു...

"മുംതാസ്‌ ആഹൂയി, വള്ളാഹി മുംതാസ്‌!( കൊള്ളാം സഹോദരാ നന്നായിരിക്കുന്നു)"
ആക്കിപ്പറഞ്ഞതാണെന്ന്‌ എനിക്ക്‌ ഒറപ്പാരുന്നു. പിന്നെയും അയാള്‍ എന്തൊക്കെയോ പറഞ്ഞു. രതീഷിനെം ഫിലിപ്പിനോയെയും മാറി മാറി കെട്ടിപ്പിടിച്ചു. ഫിലിപ്പിനോയെ കൊറേനേരം കൂടുതല്‍ കെട്ടിപ്പിടിക്കുകേം അവിടേം ഇവിടേമൊക്കെ ഞെക്കുകേം ചെയ്‌തു.

അജ്ഞാതന്‍ പറഞ്ഞു...

പെഴേ...
കലക്കി, നിരൂപകരുടെ ഭാഷയില്‍ പറഞ്ഞാല്‍ ആത്മകഥാ രംഗത്ത് മറ്റൊരു വഴിത്തിരിവ്. പാവം അനീഷ്!

കുട്ടിച്ചാത്തന്‍ പറഞ്ഞു...

ചാത്തനേറ്:അപ്പോള്‍ ഇതോടെ തീര്‍ന്നോ ആത്മ കഥ! എന്നാലും ഒരു ഷോക്കടിച്ച കഥയെങ്കിലും കാണാതിരിക്കുമോ‍

Unknown പറഞ്ഞു...

Sahodaraa..

chirichu marinju... iniyum ezhuthuka..

രഘു പറഞ്ഞു...

പൊന്നു പെഴേ...
കല കലക്കി...
മടിച്ചു മടിച്ച് ഈ ആത്മകഥ എങ്ങാനും എഴിതാതിരുന്നെങ്കി ബൂലോഗത്തിനു വലിയ നഷ്ടമായിപ്പോയേനേ...

“നല്ല വെറൈറ്റി”
ഹഹഹ

Sankar പറഞ്ഞു...

Man you rocked!!! ചിരിച്ചു മറിഞ്ഞു കിടിലന്‍

Unknown പറഞ്ഞു...

ചിരിപ്പിച്ച് ഷോക്കടിപ്പിച്ചു. ഉഗ്രം