2010, ജൂലൈ 1, വ്യാഴാഴ്‌ച

ശ്രീമതി ശ്രീമതി ജയജയ!!!!!

സ്ഥിരമായി സല്‍സയടിക്കുന്ന എന്റെ കൂട്ടുകാരന്‍ ചെമ്പുങ്കലെ സണ്ണി പണ്ട്‌ അളിയന്‍ കൊടുത്ത സ്‌കോച്ച്‌ വിസ്‌കി അടിച്ചതുപോലെയാണ്‌ കേരളത്തിലെ സഖാക്കള്‍ക്ക്‌ അമേരിക്കേന്നു പറഞ്ഞാല്‍. നില്‍ക്കുന്ന നില്‍പ്പില്‍ ശര്‍ദ്ദിയും വയറിളക്കവും ഒന്നിച്ചു നടത്തും.ഉറക്കത്തില്‍പോലും സാമ്രാജ്യത്ത്വത്തിനെതിരായ മുദ്രാവാക്യം മുഴക്കുന്ന അവര്‍ക്ക്‌ അങ്ങനെയുണ്ടായില്ലേലേ അത്ഭുതമുള്ളൂ. സി.പി.എമ്മിന്റെ തെറി ഇത്രേം കേട്ടിട്ടൊള്ള മറ്റൊരു രാജ്യോമൊണ്ടാവില്ലെന്നാണ്‌ പെഴയ്‌ക്കു തോന്നുന്നത്‌. എന്തിനധികം പറയണം, ലോകകപ്പ്‌ ഫുട്‌ബോളില്‍ അമേരിക്ക ജയിക്കുന്നതിനെക്കുറിച്ച്‌ ഓര്‍ക്കാന്‍പോലും പറ്റത്തില്ലെന്നല്ലേ നമ്മടെ ബേബിസഖാവ്‌ കുറച്ചുദിവസം മുമ്പ്‌ പറഞ്ഞത്‌.

അമേരിക്ക പ്രീക്വാര്‍ട്ടറില്‍ എത്താതിരിക്കാന്‍ അദ്ദേഹം മാര്‍ക്‌സ്‌, എംഗല്‍സ്‌ തുടങ്ങിയ സ്വര്‍ഗവാസികളുടെയും കെ.ഇന്‍.കുഞ്ഞഹമ്മദ്‌, പി.കെ. പോക്കര്‍ തുടങ്ങി ജീവിക്കുന്ന വിശുദ്ധരുടെയും മാധ്യസ്ഥ്യം തേടിയതിന്റെ ഗുണം കണ്ടില്ലേ? കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അമേരിക്കയിലേക്ക്‌ ഒരു വിമാനടിക്കറ്റ്‌ ആരെങ്കിലും വച്ചുനീട്ടിയാല്‍ സഖാക്കള്‍ രാപ്പകല്‍ ഉരുവിടുന്നതെല്ലാം വിഴുങ്ങും. പിന്നെ യാങ്കി എന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ അതെന്താണ്‌ വല്ല പലഹാരവുമാണോ എന്ന്‌ ചോദിക്കും. അമേരിക്കയില്‍ പോയി സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി, മൃഷ്‌ടാന്നം കഴിച്ച്‌, കാഴ്‌ച്ചകളും കണ്ട്‌ ചെക്കായും ഓഫറായും കിട്ടുന്ന സംഭാവനേം വാങ്ങി വരുന്നതുവരെ സാമ്രാജ്യത്വ വിരോധത്തിനും ഇറാഖിനെയും ഫലസ്‌തീനെയുമൊക്കെച്ചൊല്ലിയുള്ള വിലാപത്തിനും അവധി. ഉളുപ്പില്ലായ്‌മ എന്നാല്‍ എന്ത്‌ എന്ന്‌ ഇപ്പം മനസ്സിലായോ?

ഏറ്റവുമൊടുവില്‍ അമേരിക്കയിലേക്ക്‌ പറന്നിരിക്കുന്നത്‌ നാടിന്റെ ആരോഗ്യത്തിന്റെ കാവലാളായ ശ്രീമതി മാഡമാണ്‌. അതും പകര്‍പ്പനി ബാധിച്ച്‌ നരകിക്കുന്ന ആയിരങ്ങളെ കൊഞ്ഞനം കാണിച്ചിട്ട്‌. കാന്‍സര്‍ ചികിത്സയിലെ നൂതന സാങ്കേതികവിദ്യ നാട്ടിലേക്ക്‌ കൊണ്ടുവരുന്നതിനാണ്‌ മാഡം പാടുപീഡകള്‍ സഹിച്ച്‌ അമേരിക്കയിലേക്ക്‌ പോയതെന്ന്‌ സര്‍ക്കാര്‍ പറയുന്നു. അമേരിക്കന്‍ മലയാളി സംഘനടയായ ഫൊക്കാനയുടേതുള്‍പ്പെടെ മറ്റു പല സ്വകാര്യ പരിപാടികളിലും മന്ത്രി പങ്കെടുക്കുന്നുണ്ട്‌ എന്നതു വേറെ കാര്യം. അവിടുന്ന്‌ ഇംഗ്ലണ്ടിലേക്ക്‌. പിന്നെ ദുബായ്‌ വഴി മടക്കം. റോമാ സാമ്രാജ്യം കത്തിയെരിമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തി എന്ന പ്രയോഗം ഇനി കേരളം പനിച്ചുവിറക്കുമ്പോള്‍ അമേരിക്കയിലേക്ക്‌ പറന്ന ശ്രീമതി എന്ന്‌ തിരുത്തിവായിക്കാന്‍ അപേക്ഷ.

കാന്‍സര്‍ ചികിത്സക്കുള്ള നൂതന സംവിധാനങ്ങള്‍ അമേരിക്കയില്‍നിന്ന്‌ കേരളത്തിലെത്തുന്നതിനു മുമ്പ്‌ ഇവിടെ പനി എത്രപേരുടെ ജീവന്‍ അപഹരിക്കും? ആ ചോദ്യത്തിന്‌ പ്രസക്തിയില്ല. കാരണം ചെയ്യേണ്ട കാര്യങ്ങളെല്ലാം കരീം സഖാവിനെ എല്‍പ്പിച്ചിട്ടാണ്‌ ശ്രീമതി പറന്നതെന്നാണ്‌ ജയരാജന്‍ സഖാവ്‌ പറയുന്നത്‌. മാത്രമല്ല, പകര്‍പ്പനി തടയാന്‍ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്‌ ആരോഗ്യവകുപ്പ്‌ വ്യക്തമാക്കിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം എറണാകുളം നഗരത്തില്‍കൂടി പോയപ്പം മുല്ലശ്ശേരി കനാലിലും പേരണ്ടൂര്‍ കനാലിലും എന്തോ തടഞ്ഞു നിര്‍ത്തിയിരിക്കുന്നതു കണ്ടു. അത്‌ പകര്‍പ്പനിയാണെന്ന്‌ ഇപ്പഴാ മനസ്സിയാത്‌.

കാര്യങ്ങള്‍ കരീം മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും ചെയ്യാവുന്നതേയുള്ളുവെങ്കില്‍ ശ്രീമതിയെക്കൊണ്ട്‌ നമുക്കെന്താണ്‌ ഗുണം? അങ്ങനയൊരു മന്ത്രിയുടെ ആവശ്യമുണ്ടോ? അവര്‍ക്കായി ലക്ഷങ്ങള്‍ പൊടിക്കേണ്ടതുണ്ടോ? മാത്രമല്ല, വിപ്ലവരക്തം സിരകളിലോടുന്ന നമ്മള്‍ കുത്തകബൂര്‍ഷ്വാസികളുടെ കാന്‍സര്‍ ചികിത്സാ സാങ്കേതിക വിദ്യ നാണമില്ലാതെ എങ്ങനെ വാങ്ങും? ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല. പക്ഷെ ഉത്തരം തരാന്‍ ഉദ്ദേശിക്കുന്നില്ല. പോളിംഗ്‌ ബൂത്തിനു മുന്നില്‍ വെയിലും മഴയും സഹിച്ചുനിന്ന്‌ വോട്ടു ചെയ്യുകയും വോട്ടു ചെയ്‌തു ജയിപ്പിച്ചവര്‍ തലയില്‍ കയറി അപ്പിയിടുമ്പോള്‍ നിര്‍വികാരരായിരിക്കുകയും ചെയ്യുന്ന മലയാളി ഉത്തരം അര്‍ഹിക്കുന്നില്ല. ശ്രീമതി മാഡം വിജയിപ്പൂതാക!

2010, ഏപ്രിൽ 14, ബുധനാഴ്‌ച

വിവാദങ്ങള്‍ക്കിടെ ഐ.പി.എല്‍ ഫൈനല്‍ ഇന്ന്

കൊച്ചി(ഏപ്രില്‍ 2012): കൊച്ചി ടീമുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിനില്‍ക്കെ ഇന്ത്യന്‍ പ്രോസ്റ്റിറ്റ്യൂട്ട്സ് ലീഗിന്‍റെ ഫൈനല്‍ ഇന്ന് മുംബൈയിലെ താജ് ഹോട്ടലില്‍ നടക്കും. ഡല്‍ഹി ഡ്രീം ഗേള്‍സും കൊല്‍ക്കത്ത നൈറ്റ് ക്യൂന്‍സും തമ്മിലാണ് അന്തിമ പോരാട്ടം.
മിസ്റ്റര്‍ വേള്‍ഡ് മത്സരത്തില്‍ ആദ്യ ഇരുപതു സ്ഥാനങ്ങളില്‍ വന്നവരും കോട്ടയം ഭാഗത്തുനിന്നുള്ള പതിമൂന്ന് കരിങ്കല്‍ ലോഡിംഗ് തൊഴിലാളികളുമാണ് ഇവരുടെ പോരാട്ടത്തിനായി സജ്ജരായിരിക്കുന്നത്. ഏതു ടീമിലെ പരമാവധി അംഗങ്ങള്‍ ഇവര്‍ 33 പേരെയും സംതൃപ്തിപ്പെടുത്തുന്നുവോ ആ ടീമിനാണ് കിരീടം.

അതിനിടെ കൊച്ചി ടീമിന്‍റെ ഓഹരി പങ്കാളികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ മറ്റു ടീമുകളുടെ അണിയറക്കാരുടെ വിവരങ്ങളും വെളിപ്പെടുത്തണമെന്ന് എന്ന് സെക്സ് വര്‍ക്കേഴ്സ് ബോര്‍ഡ് ഇന്ത്യന്‍ പ്രോസ്റ്റിറ്റ്യൂട്ട്സ് ലീഗ് കമ്മീഷണര്‍ ഗൗരവ് മോഡിയോട് ആവശ്യപ്പെട്ടു.

കേരളത്തില്‍ അനന്തമായ വ്യവസായ സാധ്യതകള്‍ക്ക് വഴിതുറക്കുന്ന, വളര്‍ന്നുവരുന്ന അനേകം താരങ്ങള്‍ക്ക് വളര്‍ച്ചയ്ക്ക് അവസരമൊരുക്കുന്ന ആമ്മായിസ് കണ്‍സോര്‍ഷ്യത്തിന്‍റെ കൊച്ചി ടീമിനെ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢശ്രമം വ്യാപകമാണെന്ന് കണ്‍സോര്‍ഷ്യത്തിന്‍റെ വ്യക്തവ് തേവര ശാന്ത പറഞ്ഞു.

അതേസമയം ടീം വരുന്നതുകൊണ്ട് സാധാരണ ലൈംഗീകത്തൊഴിലാളികള്‍ക്ക് യാതൊരു മെച്ചവുമുണ്ടാകില്ലെന്നും ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള താരങ്ങള്‍ക്കൊപ്പം മട്ടാഞ്ചേരി, മാനാഞ്ചിറ, ശക്തന്‍ സ്റ്റാന്‍ഡ് മേഖലകളില്‍നിന്ന് ചിലരെ പേരിന് ടീമില്‍ ഉള്‍പ്പെടുത്താനേ സാധ്യതയുള്ളൂവെന്ന് സി.ഡി.വൈ.എഫ് നേതാവ് പത്തനാപുരം പുരുഷു ആരോപിച്ചു.

കൊച്ചി ടീമിന്‍റെ ഭാവി തുലാസിലായതിനെ തുടര്‍ന്ന് കൊച്ചി, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിലായി കഴിഞ്ഞ ദിവസങ്ങളില്‍ നാലു പേര്‍ ലൈംഗീക ദാഹം മൂര്‍ച്ഛിച്ച് മരിച്ചിരുന്നു.

ശശി തരൂര്‍ കേന്ദ്രമന്ത്രിസഭയിലെ ശ്രീശാന്ത്-ടിന്‍റുമോന്‍

ഐ.പി.എല്‍ വിവാദം കൊഴുക്കുന്നതിനിടെ ചാനലുകളിലും പത്രങ്ങളിലും ചര്‍ച്ചകള്‍ കൊഴുകൊഴുക്കുന്നു. ശശി തരൂര്‍ ചെയ് തത് തെറ്റോ ശരിയോ?, മോഡി ചെയ്തത് മര്യാദയോ?, ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നത്? എന്നിങ്ങനെയാണ് അവതാരകരുടെ ചോദ്യം.

ഇന്നലെ രാത്രി ഒരു പ്രമുഖ ടെലിവിഷന്‍ ചാനലിലെ രാത്രി വാര്‍ത്തയില്‍ ഐ.പി.എല്‍ വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ ഒരാള്‍ ടിന്റുമോന്‍ ആയിരുന്നു.

അവതാരകന്‍ ടിന്‍റുമോനോട്- മിസ്റ്റര്‍ ടിന്‍റുമോന്‍, താങ്കള്‍ എന്തു പറയുന്നു?വിവാദങ്ങളുടെ കളിത്തോഴനാണ് ശശി തരൂര്‍. ഇപ്പോള്‍ പുതിയ വിവാദക്കൊടുങ്കാറ്റ് അലയടിക്കുകയാണ്. കൊച്ചി ഐ.പി.എല്‍ ടീമുമായി ബന്ധപ്പെട്ട തരൂരിന്‍റെ നടപടികളെ താങ്കള്‍ എങ്ങനെ കാണുന്നു.

ടിന്‍റുമോന്‍- അതിപ്പം ഈ വിഷയത്തില്‍ മാത്രമായി ഞാന്‍ അഭിപ്രായം ഒതുക്കി നിര്‍ത്തുന്നില്ല. ഇതുവരെയുള്ള മൊത്തത്തിലുള്ള പ്രവര്‍ത്തനം വെച്ചു നോക്കിയാല്‍ കേന്ദ്ര മന്ത്രിസഭയിലെ ശ്രീശാന്താണ് ശശി തരൂര്‍!

2010, മാർച്ച് 21, ഞായറാഴ്‌ച

മരണത്തിലും വംശഗുണം നോക്കുന്നവര്‍

കേരളത്തില്‍ വിവിധ ജാതികളും ഉപജാതികളുമായി ബന്ധപ്പെട്ട മാധ്യമങ്ങള്‍ പ്രത്യേകിച്ച് പത്രങ്ങളുണ്ട്. പക്ഷെ, അവയിലൊന്നും മരണത്തിന്‍റെയോ അപകടത്തിന്‍റെയോ വാര്‍ത്തകള്‍ ജാതിയുമായിയുടെ അക്കൗണ്ടില്‍ വെച്ചു കാച്ചുന്നത് പെഴ കണ്ടിട്ടില്ല.

കൊറച്ചു മുന്പേ തനിമലയാളം ഡോട് ഓര്‍ഗിലൂടെ തെണ്ടിനടന്നപ്പഴാണ് ബൈക്കപകടത്തില്‍ ക്നാനായ യുവാവ് മരിച്ചു എന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടത്. വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത് കോട്ടയം രൂപതയുടെ മുഖപത്രമായ അപ്നാദേശിന്‍റെ വെബ്സൈറ്റില്‍. വാര്‍ത്തയിലേക്ക് കടക്കുന്പോഴാണ് രണ്ടു പേര്‍ മരിച്ചിട്ടുണ്ട് എന്ന് മനസ്സിലാകുന്നത്. ക്നാനാനായാക്കരല്ലാത്തതുകൊണ്ട് തലക്കെട്ടില്‍ മരിച്ചവരുടെ എണ്ണത്തില്‍പോലും രണ്ടാമന് ഇടം കിട്ടിയില്ല.
ക്നാനാനായക്കാര്‍ മാത്രം വായിക്കുന്ന സൈറ്റില്‍ വായനക്കാരെ ആകര്‍ഷിക്കാന്‍, അല്ലെങ്കില്‍ ഞെട്ടിക്കാനായിരിക്കാം ക്നാനാനായ യുവാവിന് പ്രാധാന്യം കൊടുത്തുതന്നെന്നായിരിക്കും അപ്നാ ദേശിന്‍റെ സാറന്‍മാര്‍ പറയുക. പക്ഷെ, ഇതിനുവേണ്ടി മരിച്ച രണ്ടാമനെ നിഷ്കരുണം ഒഴിവാക്കിയതിന് എന്തു നീതീകരണമാണുള്ളത്?


കൂട്ടമരണങ്ങള്‍ നടന്നാല്‍ അതിലെ ഓര്‍ത്തഡോക്സുകാരുടെ എണ്ണം മാത്രമേ തലക്കെട്ടില്‍ നല്‍കൂ എന്ന് മനോരമയും സീറോമലബാറുകാരെയേ പരിഗണിക്കൂ എന്ന് ദീപികയും ജമാഅത്തെ ഇസ്ലാമി മതിയെന്ന് മാധ്യമവും ലീഗുകാര്‍ മതിയെന്ന് ചന്ദ്രികയും ആര്‍എസ്എസുകാരെയെ ഉള്‍പ്പെടുത്തേണ്ടതുള്ളൂ എന്ന് ജന്മഭൂമിയും സി.പി.എമ്മുകാരുടെ എണ്ണം മാത്രം ദേശാഭിമാനിയും നല്‍കിയാല്‍ എങ്ങനെയുണ്ടാകും?

മരിച്ച എല്ലാവരുടെയും വിധി ഒന്നാണെങ്കിലും ക്നാനായക്കാരന്‍ മാത്രമേ സ്വര്‍ഗത്തില്‍ പോകാനിടയുള്ളൂ എന്നായിരിക്കും ഇവിടെ വിവക്ഷിക്കുന്നത്. അപ്നാ ദേശ് എന്നതുകൊണ്ട് ഈ നാടിനെ മൊത്തത്തില്ലല ഉദ്ദേശിക്കുന്നതെന്നും ക്നാനായക്കാരെ മാത്രമാണെന്നും ഇപ്പം മനസ്സിലായില്ലേ.

ആത്മാഭിമാനവും വേറിട്ട സംസ്കാരവുമുള്ള ക്നാനായക്കാര്‍ വെബ്സൈറ്റ് തിരുത്താന്‍ ഇടയില്ലെങ്കിലും അങ്ങനെ തോന്നിക്കൂടായ്കയില്ലല്ലോ. അതുകൊണ്ട് സൈറ്റില്‍ വാര്‍ത്ത വന്ന പേജിന്‍റെ സ്ക്രീന്‍ ഷോട്ട് ദേ ഈവിടെ കൊടുക്കുന്നു.




എല്ലാം തികഞ്ഞു ഇനി മലയാളിക്ക് മരിക്കാം!

കേരളത്തെ സംബന്ധിച്ചിടത്തോളം ഒരേയൊരു കുറവേ ഒണ്ടാരുന്നുള്ളു. ഒരു ഐപിഎല്‍ ടീമിന്‍റെ. അത് ഇല്ലാതിരുന്നതുകൊണ്ടാണ് ഇക്കാലമത്രയും ലക്ഷക്കണക്കിനു ജനങ്ങള്‍ പാടത്തും പാറമടയിലും മുതല്‍ സോഫ്റ്റ്വെയര്‍ കന്പനികളില്‍വരെ കഷ്ടപ്പെടേണ്ടിവന്നത്.

മുന്‍കാലങ്ങളിലെന്നപോലെ കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലും ഇടതും വലതും മുന്നണികള്‍ ഒരുപാട് വാഗ്ദാനങ്ങള്‍ നിരത്തിയെങ്കിലും നമ്മക്ക് ഒരു ഐപിഎല്‍ ടീം ഒണ്ടാക്കിത്തരുവെന്ന് ഒരുത്തനും പറഞ്ഞുകേട്ടില്ല. ഏതായാലും വരത്തനെന്നും പരദേശിയെന്നുമൊക്കെപ്പറഞ്ഞ് ഇവിടുത്തെ കോണ്‍ഗ്രസുകാരുപോലും തോല്‍പ്പിക്കാന്‍ ശ്രമിച്ച തരൂരെ ശശിച്ചേട്ടന്‍ വേണ്ടിവന്നു ഒടുവില്‍ നമ്മടെ അടിസ്ഥാന ആവശ്യം നിറവേറ്റുന്നതിന് മുന്‍കൈ എടുക്കാന്‍.

ശരിക്കും പറഞ്ഞാല്‍ പെഴയ്ക്ക് ഒരു ഐപിഎല്‍ ടീമിന്‍റെ പ്രാധാന്യത്തെക്കുറിച്ച് വലിയ പടിയില്ലാരുന്നു. ഇന്നലെ കേരളത്തിന് ടീം കിട്ടിക്കഴിഞ്ഞശേഷം ടെലിവിഷന്‍ ചാനലുകള്‍ വച്ചപ്പോഴാണ് ഇതിലും വലിയതൊന്നും ഇനി കേരളത്തില്‍ ഒണ്ടാകാനില്ലെന്ന് മനസ്സിലായത്. ഇന്നിപ്പം ദേ പത്രം എടുത്തു നോക്കിയപ്പം ഈമഹാ സംഭവം കേരളത്തിന്‍റെ ജാതകം തിരുത്തിക്കുറിക്കുമെന്ന് വ്യക്തമായി. ക്രിക്കറ്റ് എന്നാന്ന് അറിയാന്പാടില്ലാരുന്ന കോട്ടയത്തെ അച്ചായന്‍മാര്‍ മനോരമയുടെ പ്രധാന വാര്‍ത്ത കണ്ടപ്പോള്‍ തങ്ങളുടെ അജ്ഞതയോര്‍ത്ത് ലജ്ജിച്ചു. കളിയറാന്പാടില്ലേലും തരൂരിനു പകരം കെ.എം മാണിസാറിനെ മുന്നില്‍ നിര്‍ത്തി കോട്ടയം അച്ചായന്‍സ് എന്നപേരില്‍ ഒരു ടീം ഉണ്ടാക്കുന്നതിനുള്ള വഴിയെക്കുറിച്ചുള്ള ആലോചനയിലാണവരിപ്പോള്‍

മനോരമ പത്രം പറയുന്നു ; *കേരളത്തിന്‍റെയും കൊച്ചിയുടെയും രാജ്യാന്തര തലത്തിലുള്ള ഏറ്റവും വലിയ ബ്രാന്‍ഡിംഗിനാണ് ഇതിലൂടെ ആവസരം കിട്ടുന്നത്.
*കേരളത്തിലെ കൂടുതല്‍ കളിക്കാര്‍ക്ക് രാജ്യാന്തര താരങ്ങള്‍ക്കൊപ്പം ഐ.പി.എല്‍ ടീമില്‍ ഇടം ലഭിക്കും. *കേരളത്തില്‍നിന്ന് കൂടുതല്‍ കളിക്കാര്‍ ദേശീയ ടീമിലേക്ക് വരാന്‍ സാധ്യത. *ടൂറിസം വ്യാപാര രംഗങ്ങളില്‍ മുന്നേറ്റമുണ്ടാകും. *നികുതി ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവിന് നേട്ടം...എന്നിങ്ങനെ.
പെഴ ക്രിക്കറ്റ് വിരോധിയല്ല, മാത്രമല്ല ആരാധകനാണുതാനും. പ്രത്യേകിച്ചും ഐ.പി.എലിന്‍റെ. എനിക്കറിയാന്പാടില്ലാഞ്ഞിട്ടു ചോദിക്കുവാ; ഇതുകൊണ്ട് കേരളത്തിലെ ഭൂരിപക്ഷം വരുന്ന എന്നേപ്പോലുള്ള ഏഴാംകൂലികള്‍ക്ക് എന്നാ പ്രയോജനം കിട്ടും? കേരളത്തില്‍നിന്ന് കൂടുതല്‍ കളിക്കാര്‍ ദേശീയ ടീമിലേക്ക് വരാന്‍ സാധ്യത എന്നൊക്കെ വച്ചു കാച്ചുന്പോള്‍ ഇതു വായിക്കുന്നോര് വിഢികളാണെന്നാന്നാണോ മനോരമ ധരിച്ചുവച്ചിരിക്കുന്നത്. നിലവിലെ ഇന്ത്യന്‍ ടീമംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഐ.പി.എലിലെ പല ടീമുകളും. ഐ.പി.എലിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ പുതിയതായി ഏതവനെങ്കിലുമൊക്കെ ഇന്ത്യന്‍ ടീമില്‍ ഇടംനേടാം. ഈ സാധ്യത ഇങ്ങേയറ്റം മുതല്‍ അങ്ങേയറ്റംവരെയുള്ള ടീമുകള്‍ക്കിടയില്‍ നീണ്ടു പരന്നു കിടക്കുന്പോള്‍ അതില്‍ കേരളത്തിന്‍റെ ഷെയര്‍ എത്രയുണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അങ്ങനെയൊക്കെ ഊഹിക്കാന്‍ പോയാല്‍ മനോരമ വായിക്കുന്നവരുടെ രോമം എഴുന്നേറ്റു നില്‍ക്കുമോ?

കേരളത്തിന്‍റെ രാജ്യാന്തര ബ്രാന്‍ഡിംഗ് വളരുന്പോള്‍ ഇവിടം സ്വര്‍ഗമാകും. ഇവിടുത്തെ ചുമട്ടു തൊഴിലാളികള്‍ക്കും മറ്റും പണിക്കുപോകേണ്ട. റേഷന്‍കടയിലും മാവേലി സ്റ്റോറിലും എന്തിന് ബീവറേജസ് ഷോപ്പില്‍ പോലും പോയി ക്യൂനില്‍ക്കേണ്ട. സൂര്യതാപം പേടിക്കേണ്ട. കുടിവെള്ളത്തിന് നെട്ടോട്ടമോടേണ്ട. അമ്മപെങ്ങന്‍മാരുടെ മാനം പോകുമെന്ന ആശങ്കവേണ്ട. ഐ.പി.എല്‍ കണ്ടാല്‍ മാത്രം മതി. പറ്റുമെങ്കില്‍ ഒരു ടിക്കറ്റ് സംഘടിപ്പിച്ച് കൊച്ചില്‍ പോയി കളി നേരിട്ടു കാണുക. അതോടെ നിങ്ങള്‍ സന്പൂര്‍ണരാകും. കേരളം സുന്ദരം.

മാധ്യമങ്ങള്‍ക്ക് ആവേശമാകാം. പക്ഷെ, അതിനൊക്കെ ഒരു പരിധിയില്ലേ? അതെ ങ്ങനെ? വാര്‍ത്തകള്‍ മാധ്യമങ്ങളെ വിഴുങ്ങുന്ന കാലത്ത് , രാഷ്ട്രീയ മുതലെടുപ്പിനോ പകരംവീട്ടലിനോ അല്ലാതെ സാധാരണക്കാരന്‍റെ പ്രശ്നങ്ങള്‍ക്ക് മാധ്യമങ്ങളില്‍ ഇടംലഭിക്കാത്ത കാലത്ത് ഇതല്ല, ഇതിലപ്പുറവും സംഭവിക്കും. മലയാളത്തിന്‍റെ മ#*$ സുപ്രഭാതം !

2010, മാർച്ച് 4, വ്യാഴാഴ്‌ച

ജയേട്ടന്‍റെ കഷ്ടപ്പാടുകള്‍

പെരുമഴക്കാലം എന്ന സിനിമയിലെ രാക്കിളിതന്‍...എന്നു തുടങ്ങുന്ന പാട്ടു കേള്‍ക്കുമ്പോഴെല്ലാം കൊരവള്ളി പൊട്ടിച്ച്‌ ഇപ്പം ചാകും എന്ന മട്ടില്‍ പാടുന്ന സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ ചേട്ടനെയാണ്‌ ഓര്‍മവരുന്നത്‌. പുള്ളിക്കാരന്‍ ചാനലുകളിലും വേദികളിലും ഈ പാട്ട്‌ പാടിയിരുന്നത്‌ കാണുമ്പോള്‍ ഞങ്ങടെ വീട്ടിലെ ജഴ്‌സിപ്പശു പ്രസവസമേത്തു കാണിക്കുന്ന പരാക്രമമാണ്‌ എനിക്ക്‌ ഓര്‍മവന്നിരുന്നത്‌.



പിന്നീട്‌ ചാനല്‍ റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായിരുന്ന്‌ ഭാവത്തെക്കുറിച്ചും ആയാസരഹിതമായ പാട്ടിനെക്കുറിച്ചുമൊക്കെ പിള്ളേര്‍ക്ക്‌ കനപ്പെട്ട ഉപദേശം നല്‍കിയപ്പഴാണ്‌ എങ്ങനെ പാടരുത്‌ എന്നാണ്‌ അദ്ദേഹം വേദികളില്‍ കാണിച്ചിരുന്നത്‌ എന്ന്‌ മനസ്സിലായത്‌. അവിടംകൊണ്ടും തീര്‍ന്നില്ല, കാക്കേ കാക്കേ കുടെവിടെ... എന്ന നഴ്‌സറിപ്പാട്ടിനുമുകളില്‍ ഭൂമുഖത്തുള്ള എല്ലാ രാഗങ്ങളും വിജയകരമായി അപ്ലൈ ചെയ്യാന്‍ ചേട്ടനു സാധിച്ചു. പക്ഷെ, എന്റെ സ്വന്തം ചേട്ടന്‍ റോയിക്ക്‌ അതു മനസ്സിലായില്ല. റിയാലിറ്റി ഷോയുടെ അടിമയായ അവന്‍ കാക്കേ കാക്കേ കേട്ട്‌ പ്രാന്തായി റിമോട്ടുകൊണ്ട്‌ എറിഞ്ഞുപൊട്ടിച്ച ടീവി ജയചന്ദ്രന്‍ ചേട്ടന്റെ നിത്യസ്‌മാരകമായി ഇപ്പോഴും വീട്ടിലുണ്ട്‌.

ജയചന്ദ്രന്‍ ചേട്ടന്‍ എപ്പോഴും പഴയ വരികളെയും ഈണങ്ങളെയും എങ്ങനെ രക്ഷപ്പെടുത്താം എന്ന ഗവേഷണത്തിന്റെ തിരക്കിലാണ്‌. മോഷണം, കോപ്പിയടീന്നൊക്കെ വിവരമില്ലാത്ത കൊറേയവമ്മാര്‌ വിളിച്ചുപറയും. അതൊന്നും ജയേട്ടന്‍ മൈന്‍ഡു ചെയ്യാറില്ല. എന്തിന്‌ നമ്മടെ സര്‍ക്കാരുപോലും അതു കാര്യമാക്കാറില്ല. അതുകൊണ്ടല്ലേ പച്ചപ്പനംതത്തേ...എന്ന പാട്ടിനു സംസ്ഥാന അവാര്‍ഡു കൊടുത്തത്‌?കാലം മറന്നുപോയ പൊന്‍കുന്നം ദാമോദരന്‍ എന്ന കവിയെ പുതിയ തലമുറയ്‌ക്ക്‌ പരിചയപ്പെടുത്താനാണ്‌ താന്‍ ഈപാട്ട്‌ കഷ്‌ടപ്പെട്ട്‌ പുനരവതരിപ്പിച്ചെതെന്ന്‌ ജയേട്ടന്‍ വ്യക്തമാക്കീട്ടും ചെലര്‍ക്കു തൃപ്‌തിയായില്ല. അദ്ദേഹത്തിന്റെ സതുദ്ദേശം മനസ്സിലാക്കാന്‍ ദാമോദരന്റെ മകന്‍പോലും തയാറായില്ല.

ചങ്ങമ്പുഴ എന്നൊരു കവി ഇവിടെ ജീവിച്ചിരുന്നു എന്നറിയിക്കാന്‍ അദ്ദേഹത്തിന്റെ കവിതകളും വൃത്തിയാക്കിയെടുക്കാന്‍ ഉദ്ദേശ്യമുണ്ടെന്ന്‌ ചേട്ടന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു-നോക്കണേ ആ ഉദ്ദേശശുദ്ധി.

നല്ലതു ചെയ്യാന്‍ മലയാളികള്‍ സമ്മതിക്കുകേല. ബാലേട്ടനിലെ ബാലേട്ടാ.. ബാലേട്ടാ.. എന്ന പാട്ട്‌ ബോണി എമ്മിന്റെ വിഖ്യാതമായ റാ റാ റാസ്‌പുട്ടിന്റെ അമ്മായീടെ മോനാണെന്നും അതല്ല?ഏതോ ഒരു ഹിന്ദിപ്പാട്ടിന്റെ നേരനിയനാണെന്നും കൊറേപ്പേരു പറഞ്ഞു.നാട്ടുരാജാവിലെയും കനകസിംഹാസനത്തിലെയുംമറ്റും പാട്ടുകളും മുമ്പു കേട്ടതാണെന്ന്‌ ചെലരു തട്ടിവിട്ടു. ലോകത്തില്‍ ഒരാളെപ്പോലെ ഏഴു പേരൊണ്ടെന്നും പ്രതിഭകള്‍ ഒന്നുപോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുയും ഈണം കൊടുക്കുയും ചെയ്യുമെന്നും ഇവറ്റകള്‍ക്ക്‌ അറിയാമ്പാടില്ലേ?

മാത്രമല്ല, പഴയ പല വരികള്‍ക്കും നല്ല ഈണങ്ങളുടെ പോരയ്‌മയൊണ്ടാരുന്നു എന്ന കാര്യവും ഇക്കൂട്ടര്‍ മറന്നുപോകും. ആ കൊറവ്‌ പരിഹരിക്കാനാണ്‌ പൂമുഖവാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന... എന്ന ഗാനം ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തില്‍ ജയേട്ടന്‍ വൃത്തിയായി പുനരവതരിപ്പിച്ചത്‌.

പണ്ട്‌ ഏണിപ്പടികള്‍ എന്ന ചിത്രത്തില്‍ ദേവരാജന്‍ സംഗീതം നല്‍കിയ പ്രാണനാഥന്‍ എനിക്കു നല്‍കിയ... എന്ന പാട്ടിനും ഒരുപാട്‌ പോരായ്‌മയുണ്ടാരുന്നു. ഷഡ്‌ജവും രിഷഭവും തമ്മില്‍ അകല്‍ച്ച. ഗാന്ധാരം പഞ്ചമത്തിന്റെ മധ്യമത്തില്‍ വരുന്നു അങ്ങനെയങ്ങനെ. പോരാത്തതിന്‌ സംഗതി പൊങ്ങി നില്‍ക്കുന്നു. അതുകൊണ്ടാണ്‌ നോട്ടം സംവിധാനം ചെയ്‌ത ശശി പരവൂരിന്റെ പുതിയ ചിത്രമായ കടാക്ഷത്തില്‍ ജയേട്ടന്‍ ഏറ്റവും അനുയോജ്യമായ ട്യൂണില്‍ ഈ പാട്ടിനും ശാപമോക്ഷം നല്‍കുന്നത്‌. ഇതിനപ്പുറം ഒരു ട്യൂണില്‍ ഈ പാട്ട്‌ ചെയ്യാമ്പറ്റത്തില്ല.

പുതിയ ഈണം ഒണ്ടാക്കാന്‍ അറിയാമ്പാടില്ലാഞ്ഞിട്ടോ പുതിയ വരികള്‍ കിട്ടാഞ്ഞിട്ടോ അല്ല. ജയേട്ടന്‍ അതിനു പോയാല്‍ പഴയ പാട്ടുകളുടെയെല്ലാം എല്ലാം പോരായ്‌മ നികത്താന്‍ ആരുണ്ടിവിടെ? ആരോരുമറിയാത്ത കവികളെ ഇന്നത്തെ തലമുറയ്‌ക്ക്‌ ആരു പരിചയപ്പെടുത്തും?

2010, ഫെബ്രുവരി 25, വ്യാഴാഴ്‌ച

കലക്കി മോനേ ദിനേശാ...

പെഴ മോഹന്‍ലാലിന്റെ ആരാധകനല്ല. ലാലിനോടെന്നല്ല, ഒരു താരത്തോടും ഈയുള്ളവന്‌ ആരാധനയില്ല. മാത്രമല്ല, മലയാള സിനിമാ ലോകത്തെ ഗുസ്‌തിയില്‍ ഞാന്‍ തിലകന്റെ പക്ഷത്താണുതാനും.

തിലകന്‍ പറയുന്നതില്‍ ഏറിയപങ്കും പച്ചപ്പരമാര്‍ത്ഥങ്ങളാണ്‌.സൂപ്പര്‍താരങ്ങളുടെയും അവരുടെ ഏറാന്‍മൂളികളുടെയും തോന്ന്യാസങ്ങളാണ്‌ മലയാള സിനിമയില്‍ നടക്കുന്നതെന്ന്‌ അറിയാമ്മേലാത്തവര്‍ ചുരുക്കമാണ്‌. അതുകൊണ്ടുതന്നെയാണ്‌ മറ്റൊരു നായകനടനും ഇവിടെ ക്ലച്ചുപിടിക്കാത്തതെന്നത്‌ പരസ്യമായ രഹസ്യം.

ഈ കോക്കസിന്റെ കയ്യാങ്കളികളാണ്‌ മലയാള സിനിമയെ അപ്പാടെ കൊളംതോണ്ടിയത്‌. ഇവര്‍ക്കെതിരെ ഒരു ഘട്ടത്തില്‍ പോരിനിറങ്ങിയ പൃഥ്വിരാജുപോലും ഒടുവില്‍ കാലുപിടിച്ച്‌ മാപ്പുപറഞ്ഞശേഷമാണ്‌ അല്ലറചില്ലറ പടങ്ങള്‍ കിട്ടിത്തുടങ്ങിയതെന്നാണ്‌ സിനിമക്കകത്തുള്ളോരു പറയുന്നത്‌.

വാര്‍ധക്യത്തിന്റെ പടിവാതില്‍ക്കലെത്തിയിട്ടും മറ്റൊരുത്തനും ഗതിപിടിക്കരുതെന്ന്‌ വാശിയുള്ള സൂപ്പറുകളുടെയും പരിവാരങ്ങളുടെയും ലീലാവിലാസങ്ങളില്‍ പൊറുതിമുട്ടിയ പലര്‍ക്കും തിലകനൊപ്പം കൂടിയാക്കൊള്ളാമെന്നുണ്ട്‌ പക്ഷെ, കഞ്ഞികുടി മുട്ടുമെന്ന്‌ ഭയന്ന്‌ അവര്‍ ഒന്നും കണ്ടില്ലെന്നു നടിക്കുന്നു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായാലും മോഹന്‍ലാലിനെ മനസ്സുതുറന്ന്‌ അഭിനന്ദിക്കാനാണ്‌ പെഴ നീണ്ട ഇടവേളക്കുശേഷം ഈ പോസ്റ്റിടുന്നത്‌. കേരളത്തിന്റെ സാംസ്‌കാരിക സിംഹാസനത്തിന്റെ അധിപനെന്ന്‌ സ്വയം പ്രഖ്യാപിച്ച്‌ കണ്ണില്‍ കാണുന്നവരുടെയെല്ലാം മേക്കിട്ടു കേറുന്ന സുകുമാര്‍ അഴീക്കോടിന്‌ ലാലിനെപ്പോലെ ഇത്രയും വൃത്തിയായി പണികൊടുത്ത വേറൊരാളും ഇന്നാട്ടിലില്ല.

പിണറായി വിജയന്റെ കുഴലൂത്തുകാരനായതുകൊണ്ട്‌ കേരളത്തില്‍ നടക്കുന്ന എന്തിലും തനിക്ക്‌ ഇടപെടാമെന്നാണ്‌ അഴിക്കോടിന്റെ ധാരണ. സിനിമ കാണാറില്ലെന്ന്‌ അഭിമാനപൂര്‍വം പറയുന്ന ഈ മഹാന്‍ ചലച്ചിത്ര നടന്‍മാരുടെ പ്രശ്‌നത്തില്‍ ഇടപെടുന്നതിന്‌ യോഗ്യതയായി കരുതിയതും ഇതുതന്നെയായിരിക്കണം.കലയിലൂടെ ആര്‍ജിച്ച ജനപിന്തുണയുടെയും അംഗീകാരത്തിന്റെയു 50 ശതമാനം ലാല്‍ സ്വര്‍ണാഭരണശാലയ്‌ക്കുവേണ്ടി വിനിയോഗിക്കുന്നു, ലാല്‍ പ്രണയരംഗങ്ങളില്‍ അഭിനയിക്കുന്നത്‌ അരോചകമാണ്‌, സൂപ്പര്‍ താരങ്ങള്‍ ഒരു സിനിമക്കു വാങ്ങുന്ന അഞ്ചരക്കോടി രൂപ സാഹിത്യകാരന്‍ ജീവിതാവസാനംവരെ കഷ്‌ടപ്പെട്ടാലും കിട്ടില്ല, സാഹിത്യകാരന്‍ എഴുതരുതെന്ന്‌ സാഹിത്യ അക്കാദമി വിലക്കിയതുപോലെയാണ്‌ തിലകനെ വിലക്കിയത്‌ തുടങ്ങിയവയൊക്കെയായിരുന്നു അഴീക്കോടിന്റെ ആവലാതികള്‍. ഒപ്പം തിലകന്‍ പ്രശ്‌നം അടുത്ത സൂര്യോദയത്തിന്‌ മുമ്പ്‌ പരിഹരിക്കണം എന്ന മുന്നറിയിപ്പും.

മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടെയോ ദിലീപിന്റെയോ പടം റിലീസ്‌ ചെയ്യുന്ന ദിവസം തിയേറ്ററില്‍ ഇടികൊണ്ട്‌ ടിക്കറ്റെടുത്ത്‌ പടം കാണുന്ന സാധാരണക്കാരന്‍ ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞാല്‍ മനസ്സിലാക്കാം. അഴിക്കോടിന്‌ ഈ വിഷയത്തില്‍ എന്തുകാര്യം? ഇങ്ങേര്‌ ആരുവാ?

കേരളത്തിലെ സാമാന്യ ബുദ്ധിയുള്ള ജനം മുഴുവന്‍ ചിന്തിച്ചകാര്യം തുറന്നുപറയാന്‍ ധൈര്യം കാണിച്ചിടത്താണ്‌ മോഹന്‍ലാലിനെ പെഴ നമിക്കുന്നത്‌. മധ്യസ്ഥതക്കായി അഴീക്കോടിനെ ക്ഷണിച്ചിട്ടില്ലെന്നും പ്രശ്‌നങ്ങള്‍ താരസംഘനടക്കുള്ളില്‍ പരിഹരിച്ചോളാമെന്നും വ്യക്തമാക്കിയ ലാല്‍ ഒരു പടികൂടി കടന്ന്‌ താന്‍ സ്വര്‍ണക്കടയുടെ പരസ്യത്തില്‍ അഭിനയിക്കുന്നതുകൊണ്ട്‌ അഴീക്കോടിന്‌ എന്താണ്‌ വിഷമമെന്നും ചോദിച്ചു. അതുകേട്ടപ്പോള്‍ പെഴ അറിയാതെ പറഞ്ഞുപോയി-കലക്കി മോനേ ദിനേശാ!!!

ഇതൊക്കെയായാലും അഴിക്കോട്‌ നിര്‍ത്താന്‍ ഭാവമില്ല. അതിന്റെ കാരണം നടന്‍ ഇന്നസെന്റ്‌ ഇന്നു പറഞ്ഞു-പട്ടിണി കിടന്ന പിള്ളാര്‍ക്ക്‌ ചക്കക്കൂട്ടാന്‍ കിട്ടിയ അവസ്ഥയിലാണ്‌ അഴിക്കോട്‌.

വിഷമില്ലാതിരുന്നപ്പോള്‍ വീണു കിട്ടിയ വിഷയത്തില്‍, വലിയ പിടിയുള്ളതല്ലെങ്കിലും കയറിപ്പിടിച്ചിരിക്കുകയാണ്‌ ഈ കാര്‍ന്നോര്‌. ഒരു തത്വമസിയുടെ പേരിലാണ്‌ അഴിക്കോടിന്റെ അര്‍മാദമത്രയും. ഈ സാധനം കേരളത്തില്‍ എത്രപേര്‌ വായിച്ചിട്ടുണ്ട്‌? വായിച്ച എത്രപേര്‍ക്ക്‌ മനസ്സിലായിട്ടുണ്ട്‌? പിണറായി വിജയന്റെ ദാസ്യവൃത്തിക്കപ്പുറം ഇങ്ങോര്‌ ഇപ്പോള്‍ എന്ത്‌ സാംസ്‌കാരിക പ്രവര്‍ത്തനമാണ്‌ നടത്തുന്നത്‌? ലാലിനെക്കാള്‍ സുന്ദരനാണ്‌ താന്‍ എന്ന പറഞ്ഞപ്പോള്‍ അഴീക്കോട്‌ സ്വന്തം അപകര്‍ഷതാബോധത്തിന്‌ അടിവരയിടുകല്ലാരുന്നോ?അറിയാമ്പാടില്ലാഞ്ഞിട്ടു ചോദിക്കുവാ; ഇങ്ങേര്‍ക്കൊന്നും വേറൊരു പണിയുമില്ലേ?

അഴിക്കോടും ലാലും തമ്മിലുള്ള പ്രസ്‌താവന യുദ്ധത്തില്‍ മാധ്യസ്ഥവുമായി മറ്റൊരാള്‍ കൂടി രംഗത്തു വന്നിട്ടുണ്ട്‌-ജസ്റ്റീസ്‌ വി.ആര്‍. കൃഷ്‌ണയ്യര്‍. ഇനി ഒരാള്‍കൂടിയേ ഈ വിഷയത്തില്‍ ഇടപെടാനുള്ളു; സാക്ഷാല്‍ സഖാവ്‌ പിണറായി വിജയന്‍.

2010, ഫെബ്രുവരി 6, ശനിയാഴ്‌ച

സാബു ഒന്നു വിളിച്ചാല്‍ അതല്ലേ ചാകര!

മട്ടാഞ്ചേരി മാര്‍ക്കറ്റില്‍ ചാള വില്‍ക്കുന്പോള്‍ എന്നെയിങ്ങനെ കണ്ണെടുക്കാതെ നോക്കുകയാണ് കക്ഷി. ചാളയൊക്കെ വില്‍ക്കുന്നു ഇവനാരെടാ എന്ന മട്ടില്‍.

അതുകഴിഞ്ഞ് ഫീഷ് ലാന്‍ിംഗ് സെന്‍ററിനടുത്താണ് കച്ചോടം. അവിടെ കച്ചോടം തൊടങ്ങിയാപ്പിന്നെ ഒച്ചപ്പാടാണ്. അടുത്തുള്ള ഒടങ്കൊല്ലി ടേപ്പ് റെക്കോര്‍ഡറിന്‍റെ ശബ്ദംകൂടിയാകുന്പം ഭയങ്കര പ്രശ്നവാണ്. ടേപ്പ് ഓഫ് ചെയ്താല്‍ ഇദ്ദേഹം പ്രശ്നവൊണ്ടാക്കും എന്ന് ഒറപ്പാണ്.

ഞാന്‍ ജ്വാസപ്പേട്ടന്‍റെ അരിക്കല്‍ ചെന്നു പറഞ്ഞു, ടേപ്പ് റെക്കോര്‍ഡറ് ഓഫാക്കാതെ മാര്‍ഗമില്ല. അയാളു പറഞ്ഞു ഞാന്പറയാന്‍. ആര്‍ക്കും സാബൂനോട് നേരിട്ടു പറയാനുള്ള ധൈര്യമില്ല.

ഞാനൊന്നും പറയാന്‍ പോയില്ല. ടേപ്പ് ഓഫാക്കീട്ട് കച്ചോടം തുടര്‍ന്നു. കൊറച്ചു കഴിഞ്ഞപ്പം ഇദ്ദേഹം. ''ഹേ ഗാന ചൂനാ ഗുര്‍നേക്കാ മീനാ യാര്‍, ക്യാഹോരഹാ ഹേ! ടേപ്പ് റെക്കോര്‍ഡര്‍ മര്‍ഗയി ഹോ ഹേ ക്യൂക്യാ?''(ഹേ പാട്ടു കേള്‍ക്കുന്നില്ല ചങ്ങാതി, എന്താണ്, ടേപ്പ് റെക്കോര്‍ഡര്‍ വര്‍ക്കു ചെയ്യുന്നില്ലേ?)

സര്‍ ടേപ്പ് ഓഫാക്കി
''കോന്‍ ഹെ? ക്ലാ ക്ലാ ക്ലീ ക്ലൂ ഓഫ് കിയാ?''(ആരാണ്, എന്തിന് ഓഫ് ചെയ്തു?)

''ചാള ബോലാ ടേപ്പ് പണ്ടാരടങ്ങനേക്കേലിയേ''(ചാള പറഞ്ഞു, സ്വസ്ഥമായിട്ടു കെടക്കാന്പറ്റുന്നില്ല, ടേപ്പ് റെക്കോര്‍ഡറ് പണ്ടാരടങ്ങാന്‍)

''കോന്‍ ഹെ?''(ചാളയോ, അതാരാണ്)

അപ്പോള്‍ ബോള്‍ എന്‍റെ കോര്‍ട്ടിലാണ്. നമ്മളു മറുപടി പറയണം. ഇതു കക്ഷിയുടെ ഗെയിമാണ്. ജ്വാസപ്പേട്ടന്‍ വന്നിട്ട്, ചെവിതലകേള്‍ക്കാന്‍ വേണ്ടി ടേപ്പ് ഓഫ് ചെയ്തതാണെന്നു പറഞ്ഞാല്‍ തീര്‍ന്നു. പക്ഷെ, അയാള്‍ അതു പറയാന്‍ തയാറല്ല. റെസ്പോണ്‍സിബിലിറ്റി ഏറ്റെടുക്കാന്‍ ധൈര്യമില്ല. ഞാനാരാ മോന്‍? ഞാന്‍ മുന്നോട്ടുചെന്നു പറഞ്ഞു. ആ കൂതറ ടേപ്പ് റെക്കോര്‍ഡറ് വെക്കാന്പറ്റത്തില്ല. ചാള, ചാളേന്ന് വിളിച്ചു പറയുന്നത് പൊറത്തു കേള്‍ക്കുകേല. മീനെല്ലാം ഇവിടുന്ന് ചീഞ്ഞുപോകും.

''കോയി മില്‍ ഗയാ... ചാള സിന്തഗി കരം ഹോ ജാത്തീഹേ'' (അതു സാരമില്ല എട്ടുനാടും പൊട്ടുന്ന സൗണ്ടില്‍ ഞാന്‍ പറഞ്ഞോളം ചാള, ചാളേന്ന്)
ഞാന്‍ പറഞ്ഞു അതൊക്കെ അങ്ങു കുന്പളങ്ങീപ്പറഞ്ഞാ മതി. ഇപ്പം നിങ്ങളു ഒറക്കെ വിളിച്ചു പറയും എന്നുവിചാരിച്ച് നോക്കിനിക്കാന്പറ്റത്തില്ലല്ലോ. ടേപ്പ് ഓഫാക്കിയേ പറ്റൂ.

ഫീഷ് ലാന്‍ഡിംഗ് സെന്‍റര്‍ pin drop(അവാസനത്തെ ഡ്രോപ്പും അടിച്ചപോലെ ) സൈലന്‍സില്‍ നില്‍ക്കുകയാണ്. അദ്ദേഹം എന്നെ അടിമുടിയൊന്നു നോക്കി. കൊച്ചൊരു മനുഷ്യന്‍. സംഗതിയൊക്കെയുണ്ട്. ഞാന്‍ പറഞ്ഞു.
''കച്ചോടം അവസാനിപ്പിച്ച് കാശെണ്ണുന്പഴേ നമ്മള് ഇനി ടേപ്പു വെക്കത്തൊള്ളു''

''ഏ കോയി സച്ചാ ബഹുത്ത് അച്ചോം കി ഹോനാ ജീത്താ ഹോത്താഹെ''(ഭയങ്കര ബോറാണ്, നടക്കത്തില്ല, ചങ്ങാതി നടക്കത്തില്ല)

ഞാന്‍ പറഞ്ഞു. ''പ്രൊഡക്ഷന്‍, അഭി ഹം കിസിസേ ഹംനഹി കോ എഫ് റേഡിയോ പണ്ടാര്‍ കരോ''(അങ്ങേര്‍ക്ക് ഒരു കൂതറ എഫ്.എം റേഡിയോ കൊണ്ട് പണ്ടാരടക്ക്)

എന്‍റെ കയ്യില്‍ ഉടനടി പരിഹാരമുണ്ട്. മലയാളത്തിലെ എഫ്എം റേഡിയോ സ്റ്റേഷനുകള്‍ മാറി മാറി വയ്ക്കുക. ഇയാക്ക് എന്തേലും കേട്ടാമതിയല്ലോ. അവമ്മാരുടെയും അവളുമാരുടേം ചെലപ്പുകേട്ട് വട്ടാകുന്പം അയാള് പഠിച്ചോളും. അദ്ദേഹം എന്നെ ഒന്നുകൂടി നോക്കി. തിരിഞ്ഞിട്ട് ത്വാമാസിനോടു പറയുകയാണ്

''ഹേ ഇസ്കാ ജബ് ഹം തേരാ ഹം ഖുഷി''(ഇയാളുടെ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങി ഒരു ഫോട്ടോസ്റ്റാറ്റ് എടുക്ക്)

ആളിനെ ഇഷ്ടപ്പെട്ടു എന്നാണ് ഇതിന് അര്‍ത്ഥം. കക്ഷിക്കു മനസ്സിലായി നമ്മള്‍ ഒരു മഹാ സംഭവമാണെന്ന്. എതു ചെറിയ കാര്യവും വലിയ പ്രശ്നമാക്കും. ബാക്കിയൊക്കെ തമാശക്കളിയാണ്. പക്ഷെ നമ്മക്കറിയില്ലല്ലോ തമാശയാണെന്ന്. ത്വാമാസിന്‍റെ അടുത്തുപോയി തിരിച്ചറിയല്‍ കാര്‍ഡിന്‍റേം റേഷന്‍കാര്‍ഡിന്‍റെയും സിംകാര്‍ഡിന്‍റേം ഫോട്ടോക്കോപ്പി കൊടുത്തു. ഇതുകേട്ട് അദ്ദേഹം ഭയങ്കര ചിരിയാണ്.

രണ്ടാമത്തെ സംഭവവും അതേ ദിവസമാണ്. ഇദ്ദേഹത്തിന് കച്ചോടത്തിനു മുന്പുതന്നെ ച്വാള ച്വാളേ, ആകോലി ആകോലി...എന്നു പറഞ്ഞു പഠിക്കുന്ന സൊഭാവമൊക്കെയുണ്ട്. എനിക്കാണെങ്കില്‍ കച്ചോടത്തിനു മുന്പ് ഇതുപോലെ പറഞ്ഞു പഠിക്കുന്നത് ഒന്നു കാണണമെന്നുണ്ട്. നമ്മള്‍ അതു ചോദിച്ചു. അദ്ദേഹം സംഗതി കാണിച്ചു. അദ്ദേഹം ച്വാള ച്വാളേയ്യ്യ്യ്യയ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ് ...ന്നു വിളിച്ചു പറഞ്ഞത് ഞാന്‍ മൊബൈലില്‍ റെക്കോര്‍ഡും ചെയ്തു. എന്‍റെ ഒരു രീതി ആതാണ്. എന്നാ കേട്ടാലും കണ്ടാലും ഒളിഞ്ഞുനോക്കിയാലും റെക്കോര്‍ഡ് ചെയ്യും. ഞാന്‍ ഓക്കെ പറഞ്ഞു പോന്നു.

പക്ഷെ, കച്ചോടം തൊടങ്ങിയപ്പം. അദ്ദേഹത്തിന്‍റെ വിളിച്ചുപറച്ചിലിന്‍റെ ലെവലു മാറി. ച്വാള.. ച്വാളേയ്യ്യ്യ്യയ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്...ന്നു പറയുന്നേനു പകരം. ചാള, ചാള എന്നു മന്ത്രംപോലെ പറയുന്നു. പോരാത്തതിന് മറ്റേ കൂതറ ടേപ്പിന്‍റെ സൗണ്ടും.
ഞാന്പറഞ്ഞു. ഈ മീനെല്ലാം ഇവിടിരുന്ന് ചീഞ്ഞുപോകുമെന്ന്. കക്ഷി ചോദിച്ചു എന്തുകൊണ്ടാണെന്ന്. കച്ചോടത്തിനു മുന്പു വിളിച്ചു പറഞ്ഞ ചാളയല്ല ഇപ്പഴത്തെ ചാളയെന്ന്.

ഞാന്‍ പറഞ്ഞു തുടക്കത്തില്‍ ഉണ്ടാകുന്ന ഇന്‍റേണല്‍ വൈബ്രേഷന്‍സ് ആന്‍റ് കൊളാബ്രേഷന്‍സ് ഓഫ് ദ ജിസിഡിഎ കോംപ്ലക്സ് വച്ച് കച്ചോടം നടത്തുന്നതാണ് എന്‍റെ പ്രോസസ്. താങ്കള്‍ കൂതറ പാട്ടും കേട്ട് ചാള, ചാള എന്നു മന്ത്രിച്ചിരുന്നാല്‍ അതിനര്‍ത്ഥം എന്‍റെ കച്ചോടത്തെയും താങ്കള്‍ നശിപ്പിക്കുന്നു എന്നാണ്.

ഇതുകേട്ട് അദ്ദേഹം സ്റ്റണ്‍‍ഡ് ആയി നിന്നു. ഒരുപക്ഷെ കക്ഷിയോട് ആദ്യമായിട്ടായിരിക്കാം ഒറു കച്ചോടക്കാരന്‍ ഇങ്ങനെ സംസാരിക്കുന്നത്. ഞാന്‍ എന്‍റെ പ്രശ്നം പറഞ്ഞു. എന്നിട്ട് ഹോള്‍സെയിലുകാരനോട് പറഞ്ഞു. ഇതൊക്കെ നിങ്ങളു നോക്കേണ്ട കാര്യങ്ങളാണ്. എന്നെ ഇതിനകത്തേക്ക് വലിച്ചിഴയ്ക്കുന്നത് മോശമാണ്. കക്ഷിക്കു മനസ്സിലായി ഞാന്‍ ഒരു മഹാസംഭവമാണെന്ന്. അതിനുശേഷം ഒന്നിച്ചു കച്ചോടം ചെയ്തപ്പോഴെല്ലാം അദ്ദേഹം അസ്സാലായി വിളിച്ചു പറഞ്ഞിട്ടുണ്ട് ചാള ച്വാളേയ്യ്യ്യ്യയ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ്യ് ന്ന്. എന്നിട്ടു ചോദിച്ചും അങ്ങനെ മതിയോന്ന്.
ഇപ്പം നിങ്ങള്‍ക്കും തോന്നുന്നില്ലെ ഞാന്‍ ഒരു അഖില ലോക സംഭവമാണെന്ന്?
----------------------------------------------------------

ഇനി പെഴയ്ക്ക് ഒന്നേ പറയാനുള്ളു; ഇത് അനുകരണമോ പരിഹാസമോ അല്ല. ജീവിച്ചിരിക്കുന്നവരോ മരിച്ചു മണ്ണടിഞ്ഞവരോ ആയ ഒരുത്തനുമായും ഇതിനു യാതോരു ബന്ധോമില്ല.
മാര്‍പ്പാപ്പയാണേലും(പുള്ളിയാണല്ലോ, ഞങ്ങടെ വല്യ പുള്ളി) ഞാനൊരു സംഭവമാണെന്നു പറഞ്ഞോണ്ടിരുന്നാല്‍ കേക്കുന്നോര്‍ക്ക് ബോറടിക്കും.