2009, ജൂലൈ 24, വെള്ളിയാഴ്‌ച

അശ്വതി തോമസേ ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ!

"പതിനൊന്നാം സ്ഥലം ഈശോമിശിഹായെ കുരിശില്‍ തറയ്ക്കുന്നു"
പാലാ ടൗണീക്കൂടെ നടക്കുന്പം ഇതു കേട്ട ഒരമ്മച്ചി അപ്പത്തന്നെ കാസറ്റു കടേടെ മുന്നീ മുട്ടുകുത്തി, "ഈശോമിശിഹായേ ഞങ്ങളങ്ങയെ ആരാധിക്കുന്നു, എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശാല്‍ അങ്ങ് ലോകത്തെ വീണ്ടെടുത്തു" എന്ന ബാക്കി പ്രാര്‍ത്ഥന ചൊല്ലിയെന്നത് ഒരു പഴങ്കഥയാണ്.

ഇപ്പം അമ്മച്ചിരുടെ കുന്പിടലും കൊന്തനമസ്കാരോം ടെലിവിഷനു മുന്നിലാണ്. കന്യാസ്ത്രീ അമ്മമാരില്‍ ചെലര് ക്രിമിനല്‍ കേസുകളില്‍ പ്രതികളും വീഡിയോ ക്ലിപ്പുകളിലെ നായികമാരും മഠം ചാടി പള്ളിയെ തെറിപറഞ്ഞ് പുസ്തകമെഴുതിയവരുമൊക്കെയായി വിവാദത്തിന്‍റെ തിരുവസ്ത്രം എടുത്തണിഞ്ഞപ്പോള്‍ പഴയ ചില ക്ലിപ്പ് നായികമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സീരിയലുകളിലൂടെ ദൈവങ്ങളും വിശുദ്ധരും കന്യകമാരുമൊക്കെയായിരിക്കുകയാണ്. നോക്കണേ കലികാലം! ചോര തെളച്ചു തൊടങ്ങിയ കാലത്ത് കന്യകാത്വം മിസ് ആയോര്‍ക്കാകട്ടെ ഇത്തരം വേഷങ്ങള്‍ പുനര്‍ജന്മത്തിന്‍റെ ആഹ്ലാദം പകരുമെന്നതില്‍ തര്‍ക്കമില്ല.

സിനിമയിലായാലും കുട്ടികള്‍ക്കുള്ള ചിത്രകഥയിലായാലും പകുതിക്കെവെച്ച് വില്ലന്‍ വിജയം നേടുന്പോള്‍ ഏതു പീറക്കൊച്ചനുമറിയാം നായകന്‍റെ തിരിച്ചടി വരാനിരിക്കുന്നേയുള്ളൂ എന്ന്. അതുപോലെതന്നെ വേളാങ്കണ്ണി മാതാവും അല്‍ഫോന്‍സാമ്മയും പരമശിവനുമൊക്കെ തിരിച്ചടിക്കുന്നതും കാത്ത് ഉദ്വേഗത്തിന്‍റെ മുള്‍മൊനേലിരിക്കുന്ന അമ്മച്ചിമാരെക്കാണുന്പം സ്വന്തം നെഞ്ചത്ത് നാല് അടിയടിച്ച് "എന്നെയങ്ങോട്ട് കൊന്നുതായോ" എന്ന് നെലോളിക്കാന്തോന്നും.

"വെറുതെയാ ഇതൊക്കെ, അവനെ മാതാവ് പിടിക്കും ഒറപ്പാ. അവടെ കാക്കീഴിക്കൊണ്ടുവരും" വേളാങ്കണ്ണിമാതാവ് സീരിയലിന്‍റെ ഇടയ്ക്ക് ഏതോ ഒരു വില്ലന്‍ കഥാപാത്രത്തിന്‍റെ പരാക്രമം കണ്ട് ആവേശം കൊള്ളുന്നത് മറ്റാരുവല്ല; പരലോകത്തേക്കുള്ള വിസ രണ്ടു വട്ടം സ്റ്റാംപു ചെയ്തിട്ടും എതോ ഒരു കടലാസൂടെ ശരിയാകാനൊള്ളതുകൊണ്ട് ഡിപ്പാര്‍ച്ചര്‍ ലോഞ്ചില്‍ തുടുരുന്ന എന്‍റെ വല്യമ്മച്ചി റാഹേലമ്മ.

പെഴ എന്നും കുരിശുവരക്കാറില്ല. വീട്ടില്‍ ആ എടപാടിന്‍റെ നേരമൊക്കെ കഴിഞ്ഞേ നമ്മള് ചേക്കാറത്തൊള്ളു. പക്ഷെ, ചെല ദിവസം അറിയാതെ കുടുങ്ങിപ്പോകും. കൈ കഴുകി അത്താഴത്തിനിരിക്കുന്പഴാരിക്കും കൊന്തേമായിട്ട് റാഹേലമ്മെ കെട്ടിയെടുക്കുന്നത്. അതുവരെ സീരയലുകളുടെ തെരക്കല്ലേ.

ശാലോം ടീവി തൊടങ്ങിപ്പം കടുംവെട്ടുകളെല്ലാം അന്തിയായാല്‍ അതിന്‍റെ മുന്പിലായിരുന്നു. ഇപ്പം എല്ലാ ചാനലുകളിലും ദൈവങ്ങളുടേം വിശുദ്ധമ്മാരെടേം തെരക്ക് കൂടിയപ്പം ശാലോമിലെ കൊട്ടിപ്പാടി സേവയെ എന്‍റെ വല്യമ്മേപ്പോലൊള്ളോരു പോലും തഴഞ്ഞു.

''എന്റെ മകന്റെ തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിക്കണം''; വല്യമ്മയ്ക്ക് സുഖമില്ലെന്നറിഞ്ഞ് വെല്ലൂര്‍ ആശുപത്രിയില്‍ എത്തിയതായിരുന്നു അശ്വതി തോമസ്. അപ്പോഴാണ് ഒരമ്മ അടുത്ത് വന്ന് ഇങ്ങനെ ആവശ്യപ്പെട്ടത്. പെട്ടെന്ന് അശ്വതിക്കൊന്നും മനസ്സിലായില്ല. ആ അമ്മയൊട്ടു വിടാനും ഒരുക്കമല്ലായിരുന്നു. ഒടുവില്‍, ആ അമ്മയുടെ കൂടെ പോവേണ്ടിവന്നു.'അല്‍ഫോന്‍സാമ്മ'യായി അഭിനയിച്ചു തുടങ്ങിയതിനുശേഷം അശ്വതിയ്ക്ക് പലപ്പോഴും ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്.

ദേ മോളില്‍ ചൊമലക്കളറിലുള്ള ഭാഗം ഞാന്‍ മാതൃഭൂമീടെ വെബ്സൈറ്റില്‍ വന്ന അശ്വതി തോമസിന്‍റെ ഇന്‍റര്‍വ്യൂവില്‍നിന്ന് (ഇന്‍റര്‍വ്യൂവിന് മാതൃഭൂമി കൊടുത്തിരിക്കുന്ന തലക്കെട്ടു കണ്ടാ കരിച്ചിലുവരും- 'അല്‍ഫോന്‍സാ ടച്ച് '
എന്നെപ്പോലുള്ളവരുടെ ഭാവന പെട്ടെന്ന് വേറൊരു വഴിക്ക് തിരിയും) പകര്‍ത്തിയതാണ്. ഇതാണ് ഇപ്പം നമ്മടെ നാട്ടിലെ സ്ഥിതി. വേളാങ്കണ്ണി മാതാവ് സ്വപ്നത്തില്‍ പോലും അറിയാത്ത അത്ഭുതങ്ങളും ഉഡായിപ്പുകളുമാണ് സീരിയലിലെ വേളാങ്കണ്ണി മാതാവ് കാട്ടിക്കൂട്ടുന്നത്. മാതാവിന്‍റെ വേഷം കെട്ടുന്ന ആ നടിയെയെങ്ങാനും എന്‍റെ വല്യമ്മ കണ്ടാ...ജീവിതം ധന്യമായതിന്‍റെ സന്തോഷത്തില്‍ അപ്പം ഡിപ്പാര്‍ച്ചര്‍ ലോഞ്ചീന്ന് മോളോട്ട് പറക്കും ഒറപ്പ്.

ഹിന്ദു ദൈവങ്ങളുടെയും പരിവാരങ്ങടേം സ്ഥിതിയും വ്യത്യസ്തമല്ല. അമച്വര്‍ നാടകങ്ങളെ നാണംകെടുത്തുന്ന സീരിയല്‍ പേക്കൂത്തൂകള്‍ തൊണ്ടതൊടാതെ വിഴുങ്ങുന്നവരില്‍ റാഹേലമ്മേം മോളിപ്പറഞ്ഞ അമ്മച്ചീം മാത്രമല്ല, ലിംഗ പ്രായവ്യത്യാസങ്ങളില്ലാതെ ഒരുപാടു പേരൊണ്ട്.

ഇന്ന് ദൈവമായി വരുന്നവന്‍ നാളെ മറ്റൊരു സിനിമയിലോ സീരിയലിലോ ബലാത്സംഗം നടത്തുന്ന വില്ലനായി അഭിനയിച്ചാലും കൊഴപ്പമില്ല. അവനെ വഴീക്കണ്ടാ അപ്പം തലക്കു പിടിച്ചു പ്രാര്‍ത്ഥിപ്പിക്കും അല്ലെങ്കില്‍ ചരട് ജപിച്ചു വാങ്ങിക്കും. തലക്കു പകരം വേറെ വല്ലടത്തും പിടിച്ച് പ്രാര്‍ത്ഥിച്ചാലും ആരും പ്രതിഷേധിക്കുമെന്നു തോന്നുന്നില്ല. താരങ്ങളെ ദൈവമാക്കി അന്പലം പണിത തമിഴമ്മാരെ നമ്മള് തെറിപറഞ്ഞു. എന്നിട്ടിപ്പം ദൈവങ്ങളുടേം വിശുദ്ധരുടേം വേഷം കെട്ടി അവരുടെ വെല കളയുന്ന താരങ്ങളെ നമ്മള്‍ ദൈവങ്ങളാക്കുന്നു.

ഏതായാലും ദൈവ പ്രളയത്തില്‍നിന്ന് തല്‍ക്കാലം രക്ഷയൊണ്ടെന്നു തോന്നുന്നില്ല. നമുക്കെല്ലാവര്‍ക്കും സന്തോഷത്തോടും പ്രതീക്ഷയോടും കൂടെ പ്രാര്‍ത്ഥിക്കാം-

അശ്വതി തോമസേ ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ!



4 അഭിപ്രായങ്ങൾ:

പെഴ! പറഞ്ഞു...

കന്യാസ്ത്രീ അമ്മമാരില്‍ ചെലര് ക്രിമിനല്‍ കേസുകളില്‍ പ്രതികളും വീഡിയോ ക്ലിപ്പുകളിലെ നായികമാരും മഠം ചാടി പള്ളിയെ തെറിപറഞ്ഞ് പുസ്തകമെഴുതിയവരുമൊക്കെയായി വിവാദത്തിന്‍റെ തിരുവസ്ത്രം എടുത്തണിഞ്ഞപ്പോള്‍ പഴയ ചില ക്ലിപ്പ് നായികമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സീരിയലുകളിലൂടെ ദൈവങ്ങളും വിശുദ്ധരും കന്യകമാരുമൊക്കെയായിരിക്കുകയാണ്. നോക്കണേ കലികാലം!

അജ്ഞാതന്‍ പറഞ്ഞു...

well said!

Kishore പറഞ്ഞു...

അല്ലാ സനിഷ്‌ തോമസേ.. നീയെന്താ ഭരണങ്ങാനം ബ്ലോഗ്‌ നിര്‍ത്തിയിട്ട്‌ ഈ പെഴ തുടങ്ങിയെ ?? ഭാര്യ പറഞ്ഞിട്ടാ ?

അജ്ഞാതന്‍ പറഞ്ഞു...

adipolyyyyyyyy ........adipolyyyyyy
Mr.Pezheee