2009, ജൂലൈ 19, ഞായറാഴ്‌ച

കത്തിപ്പോയ തൊടക്കം(എലട്രീഷന്‍റെ ആത്മകഥ-2)

ചെറുപ്പത്തീത്തന്നെ എനിക്ക്‌ റിപ്പയറിംഗില്‍ ഒരു പ്രത്യേക കഴിവൊണ്ടാരുന്നു. എന്തു കണ്ടാലും അഴിക്കാന്‍ തോന്നും. ടൈംപീസ്‌, ടോര്‍ച്ച്‌, റേഡിയോ അങ്ങനെയങ്ങനെ. എനിക്ക്‌ പന്ത്രണ്ടു വയസായപ്പോത്തന്നെ അഴിച്ചിട്ട്‌ പഴേപോലെ ആക്കാമ്പറ്റാത്ത ഉപകരണങ്ങള്‍കൊണ്ട്‌ തട്ടുമ്പൊറം നറഞ്ഞു.

സംഗതികളു പഠിക്കുവാണല്ലോ പ്രധാനം. എല്ലാത്തിന്റെയും അകത്തെ സെറ്റപ്പു കണ്ടു പഠിച്ചാപ്പിന്നെ ഞാന്‍ അതൊന്നും പഴേപോലെ ആക്കാന്‍ മെനക്കെടാറില്ല. ഞാന്‍ ഭാവിയില്‍ ശാസ്‌ത്രജ്ഞനാകുമെന്നാണ്‌ കൈനകരീലെ അങ്കിളു പറഞ്ഞത്‌. ശാസ്‌ത്രജ്ഞനായില്ലെങ്കിലും എന്‍ജീനിയറാകുമെന്ന്‌ ഒറപ്പാണെന്ന്‌ രാമപുരത്തെ ആന്റി എപ്പഴും പറയുവാരുന്നു.

പക്ഷെ പഠനം പുരോഗമിക്കുകേം ഒമ്പതാം ക്ലാസി രണ്ടു കൊല്ലം ഇരിക്കുകേം ചെയ്‌തപ്പോ അവര്‍ക്ക്‌ കാര്യങ്ങളുടെ കെടപ്പുവശം മനസ്സിലായി. ഞാന്‍ ഒമ്പതീന്ന്‌ ജയിച്ചതിന്റെ അന്നാണ്‌ വീട്ടി കരണ്ടു കിട്ടയത്‌. അതോടെ പഠനം ഉഷാറാക്കാന്‍ തീരുമാനിച്ചു. വാശിയോടെ പഠിച്ച്‌ പത്താംക്ലാസില്‍ ഫസ്റ്റ്‌ ക്ലാസ്‌ വാങ്ങി പാലാ സെന്റ്‌ തോമസി ചേരണമെന്നായിരുന്നു ആഗ്രഹം.പക്ഷെ വിധി 210 മാര്‍ക്കിന്റെ രൂപത്തില്‍ എന്റെ കരണത്തടിച്ചപ്പം പെട്ടെന്നു പത്തുകാശൊണ്ടാക്കാനുള്ള വഴിയെന്ന നിലയില്‍ അപ്പന്‍ നിര്‍ബന്ധിച്ചിട്ടാണ്‌ സെന്റ്‌ മേരീസ്‌ ഐ.ടി.സിയില്‍ ചേര്‍ന്നത്‌.

വല്ല പാരലല്‍ കോളേജുമാരുന്നെങ്കില്‍ പഞ്ചാരയടിച്ചു മരിക്കാരുന്നു. ഇതിപ്പം ഫ്യൂസും വയാറും ലൈറ്റും കോപ്പും കുന്തോം. സത്യം പറഞ്ഞാ എനിക്കു ഭയങ്കര ബോറടിയാരുന്നു. എങ്കിലും ഞാന്‍ കുറെയൊക്കെ കാര്യങ്ങളു പഠിച്ചു. പ്രാക്‌ടിക്കല്‍ പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കിയെന്നാണ്‌ ഇപ്പഴും എന്റെ വിശ്വാസം.പക്ഷെ, കണക്ഷന്‍ റെഡിയാക്കി ഞാന്‍ ഫാന്‍ ഓണാക്കിയപ്പം മൂലമറ്റം പവര്‍ ഹൗസിലെ ഫ്യൂസടിച്ചുപോയെന്നും പറഞ്ഞ്‌ അവര്‍ എന്നെ തോല്‍പ്പിച്ചു.

അല്ലെങ്കിത്തെന്നെ ഇലട്രീഷനാകാന്‍ പരീക്ഷ ജയിക്കണമെന്ന്‌ ആരാ പറഞ്ഞത്‌? തെക്കോത്തെ ജോയിച്ചേട്ടന്‍ എന്നാ പരീക്ഷ ജയിച്ചിട്ടാ നാട്ടിലെ ഏറ്റവും വലിയ ഇലട്രീഷ്നായി നടക്കുന്നേ? ജോയിച്ചേട്ടനെത്തന്നെ ഞാന്‍ ഗുരുവായി സ്വീകരിച്ചു. മൂലമറ്റം കഥ നാട്ടിലെല്ലാരും അറിഞ്ഞിരുന്നതുകൊണ്ട്‌ വയറിംഗിനായി ഭിത്തി കിഴിക്കുന്ന പണിയാണ്‌ ജോയിച്ചേട്ടന്‍ എനിക്കു തന്നത്‌. ഭിത്തി കിഴിച്ച്‌ ഭിത്തി കിഴിച്ച്‌ എന്റെ പരിപ്പിളകി. എന്നെങ്കിലും ഒരിക്കല്‍ വയാറില്‍ തൊടനാങ്കിലും കഴിയുമെന്ന എന്റെ മോഹം പൂവണിയുമെന്ന്‌ പ്രതീക്ഷിച്ചു. പക്ഷെ, ഇത്രയും നന്നായി ഭിത്തി കിഴിക്കുന്ന വേറൊരാളുമില്ലെന്ന്‌ ഒരു ദിവസം ജോയിച്ചേട്ടന്‍ പറഞ്ഞപ്പോ എന്റെ ജീവിതം കിഴുത്തയിട്ടു തീരുവെന്നുറപ്പാടി. ഒടുവില്‍ ജോയിച്ചേട്ടനോട്‌ മിച്ചവൊണ്ടാരുന്ന ചില്ലറ മേടിച്ച് കവലേലെ രവീടെ കടേന്ന്‌ ഒരു ടെസ്റ്റര്‍ സംഘടിപ്പിച്ച് പോക്കറ്റിലിട്ട്‌ ഞാന്‍ സ്വതന്ത്ര ഇലട്രീഷനായി.

സാധാരണ തുടക്കക്കക്കാര്‍ അല്ലറചില്ലറ ജോലികളൊക്കെയാണ്‌ ചെയ്യാറുള്ളതെങ്കിലും ഞാന്‍ വയറിംഗ്‌ തന്നെ പിടിച്ചു. ഒരു ബന്ധുവാണ്‌ ആദ്യം എനിക്ക്‌ വര്‍ക്ക്‌ തന്നത്‌. ജോയിച്ചേട്ടന്റെ പണി കണ്ട്‌ പഠിച്ചതായിരുന്നു എന്റെ ധൈര്യം. ഐടീസി കൂട്ടത്തില്‍ പഠിച്ച ടോമീടെ സഹായംകൊണ്ട്‌ എസ്റ്റിമേറ്റ്‌ വല്യ തട്ടും മുട്ടുമില്ലാതെ ഒപ്പിച്ചു. ഇലക്‌ട്രിക്കല്‍ ഷോപ്പീന്ന്‌ തടഞ്ഞ കമ്മീഷനാരുന്നു സ്വതന്ത്ര ഇലട്രീഷനെന്ന നിലയിലുള്ള ആദ്യ പ്രതിഫലം.

റബര്‍വെട്ടുകാരന്‍ റോയിയെ സഹായിയായി കൂട്ടി. അവനെക്കൊണ്ട്‌ ഭിത്തി തൊളപ്പിച്ചപ്പം ഞാന്‍ ശരിക്കും ഒരു വലിയ ഇലട്രീഷനായപോലെ തോന്നി. പണി തൊടങ്ങയപ്പം എത്തുമില്ല, പിടീമില്ല എന്ന അവസ്ഥയായി. വയറു ചെയ്യേണ്ടാത്ത സ്ഥലങ്ങളിലൊക്കെ ഭിത്തി കുത്തിപ്പൊളിപ്പിച്ചിട്ടുണ്ടെന്ന തിരിച്ചറിവ്‌ എന്നില്‍ ഞെട്ടലൊണ്ടാക്കി. ടോമിയോട്‌ ചോയിച്ചും പറഞ്ഞും ഒരു വിധത്തില്‍ പണി പൂര്‍ത്തിയാക്കി. ആവശ്യമില്ലാതെ കുത്തിപ്പൊളിച്ചിടത്തും കൊറെ വയാറും പൈപ്പുമൊക്കെ വെച്ച്‌ അടച്ചു.

ഒടുവില്‍ ഒരു വെള്ളിയാഴ്‌ച്ച വയറിംഗ്‌ കംപ്ലീറ്റായ ദിവസം സജിനിയെ കീഴടക്കിയ പ്രതാപചന്ദ്രനെപ്പോലെ അഭിമാനംകൊണ്ട്‌ ഞാന്‍ ത്രസിച്ചു. ഡൈനിംഗ്‌ റൂമിലെ ഫാനിട്ട്‌ അതിന്‍റെ കുളിര്‍മയിലിരുന്ന് മനസു നെറക്കാന്‍ തീരുമാനിച്ചു. ഞാന്‍തന്നെ വയറു ചെയ്‌ത ഒരു വീട്‌!. ശെരിക്കും വിശ്വാസം വരാത്തപോലെ. രണ്ടു വര്‍ഷം എന്നെ വെറും ഭിത്തി തൊളക്കാരനായി പീഡിപ്പിച്ച ജോയിച്ചേട്ടനെ വിളിച്ച്‌ ഇതൊന്നു കാണിക്കണം.


പ്‌ഠേ?!!
കതിന പൊട്ടുന്നപോലൊരു ശബ്‌ദം കേട്ട്‌ ഞാന്‍ പുറത്തേക്കോടി. പിന്തിരിഞ്ഞു നോക്കുമ്പം കരിയില്‍ കുളിച്ച്‌ ഒരു ഭൂതത്തെപ്പോലെ റോയി പിന്നാലെ വരുന്നു. വീട്ടില്‍നിന്ന്‌ കറുത്ത പുകച്ചുരുളുകള്‍ ഉയരുന്നു. എല്ലാം കിറുകൃത്യമായി ചെയ്‌തതാണ്‌. പിന്നെന്തുപറ്റി? എനിക്ക്‌ ഒരു പിടിയുമുണ്ടായിരുന്നില്ല.

കണക്ഷന്‍ കിട്ടി മൂന്നാംപക്കം ആ വീട്ടില്‍ നടത്താനിരുന്ന കേറിത്താമസം നാലു വര്‍ഷം കഴിഞ്ഞിട്ടും നടന്നിട്ടില്ല. അതിനിടെ ഞാന്‍ ഗള്‍ഫീപ്പോയി വന്നു. വീട്ടുടമ അറ്റാക്കുവന്ന്‌ മരിച്ചു. വീട്‌ ഇപ്പഴും യക്ഷിക്കൊട്ടാരം പോലെ അവിടൊയൊണ്ടെന്ന് പറയുന്നകേട്ടു. പിന്നീടൊരിക്കലും ഞാന്‍ ആ വഴി പോയിട്ടില്ല(തുടരും)

3 അഭിപ്രായങ്ങൾ:

പെഴ! പറഞ്ഞു...

ഒടുവില്‍ ഒരു വെള്ളിയാഴ്‌ച്ച വയറിംഗ്‌ കംപ്ലീറ്റായ ദിവസം സജിനിയെ കീഴടക്കിയ പ്രതാപചന്ദ്രനെപ്പോലെ അഭിമാനംകൊണ്ട്‌ ഞാന്‍ ത്രസിച്ചു. ഡൈനിംഗ്‌ റൂമിലെ ഫാനിട്ട്‌ അതിന്‍റെ കുളിര്‍മയിലിരുന്ന് മനസു നെറക്കാന്‍ തീരുമാനിച്ചു. ഞാന്‍തന്നെ വയറു ചെയ്‌ത ഒരു വീട്‌!. ശെരിക്കും വിശ്വാസം വരാത്തപോലെ. രണ്ടു വര്‍ഷം എന്നെ വെറും ഭിത്തി തൊളക്കാരനായി പീഡിപ്പിച്ച ജോയിച്ചേട്ടനെ വിളിച്ച്‌ ഇതൊന്നു കാണിക്കണം.

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

എണ്റ്റ്മ്മോ കലക്കി ഒരോ വരിയിലും ഹാസ്യം. നല്ല രസികന്‍ വിവരണം അക്ഷരത്തെറ്റ്‌ ഒന്നു ശ്രദ്ധിക്കണം...

അജ്ഞാതന്‍ പറഞ്ഞു...

അല്ലാ സുനീഷ് തോമസേ.... താന്‍ പഴയ ഭരണങ്ങാനം blog വിട്ടിട്ടു ഈ പെഴ തുടങ്ങിയോ ?? എന്ത് പറ്റീ...... എന്തായാലും എഴുത്ത് കൊള്ളാം.... നടക്കട്ടേ.....