2009, ജൂലൈ 19, ഞായറാഴ്‌ച

ഒരു എലട്രീഷന്‍റെ ആത്മകഥ-1

"നിനക്കെന്നാ വട്ടാണോ?"

ആത്മകഥയെഴുതാന്‍ പോകുന്ന കാര്യം പറഞ്ഞപ്പം ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ നാട്ടിലുള്ള ചെറ്റകളെല്ലാം എന്നോട്‌ ചോദിച്ചത്‌ ഇങ്ങനെയാണ്‌. ഇന്നലെ രാത്രി പൊനത്തില്‍(നാട്ടിലെ വലിയൊരു തറവാട്ടുപേരാണ്‌) അമ്മായീടെ പറമ്പിലിരുന്ന്‌ (വടിയായിപ്പോയ ഒരു കരപ്രമാണീടെ വടിയാകാനിരിക്കുന്ന ഭാര്യ. ഞങ്ങളൊക്കെ ബഹുമാനംകൊണ്ട്‌ അമ്മായി, അമ്മായീന്നാ വിളിക്കുന്നേ) സല്‍സേടെ ലാര്‍ജൊഴിച്ച്‌ തോട്ടി മുക്കി ആറാം തമ്പുരാന്‍ സ്റ്റൈലില്‍ അടിക്കുമ്പഴും ഞാന്‍ ഇക്കാര്യം പറഞ്ഞു.

"അവന്റെ **ലെ ആത്മകഥ. വല്ല കമ്പിക്കഥേയം ഒണ്ടെങ്കി പറയടാ." മൊഖത്തടിച്ചപോലെ പറഞ്ഞത്‌ തങ്കഷാജിയാണ്‌(ഷാപ്പിലെ വെപ്പുകാരി തങ്കമ്മേടെ വീട്ടിലെ വെപ്പുകാരനായിരുന്ന അവന്‌ നാട്ടുകാരു കൊടുത്ത തന്തപ്പേരാണത്‌) ബാക്കിയൊള്ളവന്‍മാരും അവനൊപ്പം കൂടി.

"ആത്മകഥ എഴുതാന്‍ നീയാര്‌ വള്ളത്തോള്‍ കുമാരനാശാനോ. അതോ വെട്ടൂര്‍ പുരുഷനോ? കു* നിന്നെ ദേ ഈ തോട്ടീ ചവിട്ടിത്താക്കെണ്ടെങ്കി മിണ്ടാതിരുന്നോ"
ബ്ലേഡ്‌ സക്കീറിന്റെ അന്ത്യശാസനമായിരുന്നു അടുത്തത്‌. പിന്നെ സല്‍സേടെ മൂച്ചില്‍ ബാക്കിയൊണ്ടായിരുന്നവന്‍മാരും എന്നെ പറയാത്തതൊന്നുമില്ല. ഞാന്‍ മിണ്ടാതിരുന്നു. എന്നിട്ട്‌ ഇവനൊക്കെ തെക്കുവടക്കു നടക്കുമ്പോള്‍ അമ്മായീടെ പറമ്പിലെ ചക്ക തലേ വീണ്‌ ചാകണേന്ന്‌ ഉള്ളുരുകി പ്‌രാകി.

കോളേജിന്റെ പടിവാതിലു കണ്ടിട്ടില്ലാത്ത ഇവന്‍മാര്‍ക്കൊക്കെ പത്താം ക്ലാസും കഴിഞ്ഞ്‌ ഐടീസിലും പോയ എന്റെ വികാരവിചാരങ്ങള്‍ മനസ്സിലാകുമോ?. അടൂരിനോട്‌ ഹൗസ്‌ഫുള്‍ എന്ന്‌ പറയുന്നപോല ഇവമ്മാരോട്‌ ഇതൊക്കെ പറഞ്ഞിട്ട്‌ എന്തുകാര്യം. എഴുതാനുള്ള ഒരിത്‌ ഉള്ളിന്റെ ഉള്ളില്‍ ആയിരം വാട്ടിന്റെ ബള്‍ബുബോലെ കത്തിക്കൊണ്ടിരിക്കുമ്പം എനിക്കെങ്ങനെ അടങ്ങിയിരിക്കാനാകും?. എട്ടാം ക്ലാസില്‍ പഠിക്കുമ്പം ഹിന്ദി ടീച്ചറിന്റെ ചന്തിക്കു പിടിച്ചതിന്‌ ക്ലാസീന്നു പൊറത്തായ ഷാജിയെപ്പോലൊള്ളോര്‍ക്ക്‌ അക്ഷരം കണ്ടാ വട്ടാകും.
പക്ഷെ എന്നാ ഒക്കെ സംഭവിച്ചാലും ഞാന്‍ എഴുതും. ഇപ്പം രാത്രി പന്ത്രണ്ടു മണി. എന്താണെന്നറിയത്തില്ല എന്തെഴുതണമെങ്കിലും ചില അവാര്‍ഡ്‌ പടത്തില്‌ നായകന്‍മാരു കാണിക്കുന്നപോലെ എനിക്ക്‌ മുറിക്കേറീട്ട്‌ ബെഡ്‌ ലൈറ്റ്‌ കെടുത്തുകേം ഓഫാക്കുകേം കെടുത്തുകേം ഓഫാക്കുകേം ചെയ്യണം. പക്ഷെ സ്വന്തമെന്നു പറയാന്‍ ഒരു മുറിയോ ബെഡ്ഡോ ഇല്ലാത്തവന്‌ എന്തോന്ന്‌ ബെഡ്‌ലൈറ്റ്‌? കര്‍ക്കിടക മഴേടെ എറിച്ചിലടിച്ചു കേറുന്ന തുറന്ന തിണ്ണയില്‍ പച്ചയും നീലയും ഇടകലര്‍ന്ന പ്ലാസ്റ്റിക്‌ പായയില്‍ വെള്ളയില്‍ ചുവന്ന പൂക്കളുള്ള ബെഡ്‌ഷീറ്റുനു മുകളില്‍ കമിഴ്‌ന്നു കിടന്ന്‌ ഞാന്‍ എഴുതുകയാണ്‌.
പണ്ട്‌ ഷക്കുവും മിറയയും സിന്ധവും രേഷ്‌മയും സജിനിയും നിലോഫറും ടീംസും ചെയ്‌തിരുന്നപോലെ കാലുകള്‍ പുറകിലോട്ടും ബാക്കിലോട്ടും മടക്കിയും നിവര്‍ത്തിയും ഞാന്‍ ചിന്തകളെ തരിപ്പിച്ചു. വയാറുകളുടെയും ബള്‍ബുകളുടെയും ഫ്യൂസുകളുടെയും പ്ലഗുകളുടെയമൊക്കെ ലോകത്ത്‌ അലഞ്ഞു തിരിയുന്ന ഞാന്‍ നാളെ ലോകമറിയുന്ന ഒരു എഴുത്തുകാരനാവില്ലെന്ന്‌ ആരറിഞ്ഞു.

അനീഷ്‌ കോണോത്തിച്ചാല്‍- ആ പേരിന്റെ ഗുമ്മ്‌ ഒന്നു വേറെതന്നെയായിരിക്കും. എന്നാലും എന്തോ ഒരു പന്തികേട്‌?. അനീഷ്‌ പട്ടിമുക്ക്‌- സ്ഥലപ്പേരു ചേര്‍ത്തിട്ട്‌ തീരെപ്പോര. കെ.കെ. അനീഷ്‌ -അതായത്‌ കോണോത്തിച്ചാല്‍ കുട്ടന്‍ മന്‍ അനീഷ്‌;അതു തെറ്റില്ല.

എന്റേം കഥ, കെ.കെ. അനീഷ്‌ -സി.എഫ്‌.എല്‍ വെളിച്ചത്തെ തോല്‍പ്പിക്കുന്ന ചിരിയുമായി നില്‍ക്കുന്ന എന്റെ ചിത്രമുള്ള പുസ്‌തകത്തിന്റെ കവര്‍ ഭാവനയില്‍ കണ്ടപ്പോള്‍ മൊത്തത്തില്‍ ഒരു തരിപ്പ്‌. ആത്മകഥ എഴുതണമെന്നു തോന്നിയത്‌ അടുത്ത കാലത്താണ്‌. പത്താം ക്ലാസിലെ മലയാളം സെക്കന്റ്‌ പേപ്പറു കഴിഞ്ഞാപ്പിന്നെ ആദ്യമായി ഒരു പുസ്‌തകം വായിക്കുന്നതു തന്നെ രണ്ടു മാസം മുമ്പാണ്‌. നളിനി ജമീലയുടെ ആത്മകഥയായിരുന്നു അത്‌. വീട്ടി പിണ്ണാക്കു പൊതിഞ്ഞോണ്ടുന്ന കടലാസില്‍ അതിന്റെ പരസ്യം കണ്ടപ്പം സംഗതി തരിപ്പിക്കുവെന്ന്‌ ഒറപ്പാരുന്നു. അത്രക്ക്‌ ഗുമ്മായില്ലെങ്കിലും മൊടക്കിയ കാശ്‌ വെറുതെയായില്ല.

അതുകഴിഞ്ഞപ്പം മടം ചാടിയ കന്യാസ്‌ത്രീയമ്മേടെ കഥ വന്നു. ആമ്മേന്‍ എന്ന പേരു കേട്ടാല്‍ ഏതോ പ്രാര്‍ത്ഥനാ പുസ്‌തകമാണെന്നു തോന്നും. മഠത്തിലമ്മ നളിനി ജമീലയെ കടത്തിവെട്ടുമെന്നു കരുതിയെങ്കിലും മറ്റേ അച്ചനുമായൊള്ള സീനൊഴികെ ഒക്കെ വേസ്റ്റാ.
അടുത്തയിടെ മാധവിക്കുട്ടി മരിച്ചു കഴിഞ്ഞപ്പഴാ അവര്‌ കൊറെ പീസൊക്കെ എഴുതീട്ടൊണ്ടന്ന്‌ പത്രങ്ങളിലൂടെ അറിഞ്ഞത്‌. എന്റെ കഥ ഒരെണ്ണം വാങ്ങി. കവറിലെ അവരടെ ഫോട്ടോ കണ്ടാ കണ്ണെടുക്കാന്‍ തോന്നുകേല. അതൂടെ വായിച്ചപ്പം ഒരു എലട്രീഷനായ എനിക്കും ആത്മകഥയെഴുതാമെന്നൊരു ചങ്കൂറ്റം തോന്നി. ലൈംഗിക തൊഴിലാളികള്‍ക്കും മഠം ചാടിയ കന്യാസ്‌ത്രീകള്‍ക്കുമൊക്കെ എഴുതാവെങ്കില്‍ എലട്രീഷന്‍മാര്‍ക്ക്‌ എന്തുകൊണ്ട്‌ എഴുതിക്കൂടാ?. ഇവരൊക്കെ എഴുതിയപോലെ ജീവിതത്തിലൊണ്ടായ കാര്യങ്ങള്‌ പച്ചക്ക്‌ അങ്ങോട്ടു വെച്ചുകാച്ചിയാപ്പോരേ?
നമ്മളു വെറുതെ ടെസ്റ്ററും ചുമ്മിക്കോണ്ടു നടക്കുവല്ലെന്ന്‌ എല്ലാ നാറികളും അറിയണം.നാട്ടുകാര്‍ക്ക്‌ എന്നെപ്പോലൊള്ളോരോട്‌ വല്യ മൈന്റില്ല. ഓ! അവന്‍ വെറും എലട്രിഷനല്ലേന്ന്‌ ചെലരു ചോദിക്കുന്ന കേട്ടാല്‍ നമ്മള്‌ വേശ്യകളേക്കാള്‍ താഴെയാണെന്നു തോന്നും. വീടൊണ്ടാക്കിയാല്‍ അത്‌ ഞെളിഞ്ഞു കഴിയാവുന്ന പരുവത്തിലാക്കാന്‍ എലട്രിഷന്‍ വേണം. എന്തിന്‌ ഒരു ഫ്യൂസുപോയാല്‍ തന്നെ കെട്ടുന്ന എത്ര **മ്മാരുരൊണ്ട്‌?
ഡോക്‌ടര്‍മെരേം എന്‍ജീനയര്‍മാരേം പോലെ സമൂഹത്തിന്‌ ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത വിഭാഗമാണ്‌ എലട്രിഷന്‍മാരെന്ന് ഇവന്‍മാരൊക്കെ എന്നെങ്കിലും തിരിച്ചറിയുവോ?ഓര്‍ക്കുന്ന കാര്യങ്ങളാ ഞാനിവിടെ കുറിക്കുന്നത്‌. കൊറെ എഴുതിക്കൂട്ടി, നിങ്ങടെ അഭിപ്രായം അറിഞ്ഞശേഷം വെട്ടീം തിരുത്തീം തിരുത്തീം വെട്ടീം പുസ്‌തകമാക്കാമെന്നു കരുതുന്നു(തുടരും)

2 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

Theeruuuuuuuuu

പെഴ! പറഞ്ഞു...

അടുത്തയിടെ മാധവിക്കുട്ടി മരിച്ചു കഴിഞ്ഞപ്പഴാ അവര്‌ കൊറെ പീസൊക്കെ എഴുതീട്ടൊണ്ടന്ന്‌ പത്രങ്ങളിലൂടെ അറിഞ്ഞത്‌. എന്റെ കഥ ഒരെണ്ണം വാങ്ങി. കവറിലെ അവരടെ ഫോട്ടോ കണ്ടാ കണ്ണെടുക്കാന്‍ തോന്നുകേല. അതൂടെ വായിച്ചപ്പം ഒരു ഇലക്‌ട്രീഷ്യനായ എനിക്കും ആത്മകഥയെഴുതാമെന്നൊരു ചങ്കൂറ്റം തോന്നി. ലൈംഗിക തൊഴിലാളികള്‍ക്കും മഠം ചാടിയ കന്യാസ്‌ത്രീകള്‍ക്കുമൊക്കെ എഴുതാവെങ്കില്‍ ഇലക്‌ട്രീഷ്യന്‍മാര്‍ക്ക്‌ എന്തുകൊണ്ട്‌ എഴുതിക്കൂടാ?. ഇവരൊക്കെ എഴുതിയപോലെ ജീവിതത്തിലൊണ്ടായ കാര്യങ്ങള്‌ പച്ചക്ക്‌ അങ്ങോട്ടു വെച്ചുകാച്ചിയാപ്പോരേ?