2011, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

ജോര്‍ജൂട്ടി വിളിച്ചപ്പോള്‍



ഹലോ...
.......................
അതേ...അരാ?
........................
ആഹാ..എടാ മൈ.....നീ ജീവിച്ചിരിപ്പൊണ്ടോ? ഇതിപ്പം എവിടുന്നാ?
....................................
കഴിഞ്ഞ വര്‍ഷം വന്നപ്പം ഈ വഴി കണ്ടുപോലുവില്ലല്ലോ. എന്നാ ഒണ്ടു വിശേഷം? ഒടനേ വല്ലാം ഇങ്ങോട്ടൊണ്ടോ?
............................
കുടുന്പം എന്നാ പറയുന്നു?
...................................
എറണാകുളത്ത് ഫ്ളാറ്റ് വാങ്ങിച്ചെന്നും കഴിഞ്ഞ തവണ അവധിക്കു വന്നം അവിടാരുന്നെന്നും സണ്ണി പറഞ്ഞാരുന്നു. നീയൊക്കെ വല്യ പുലികളായിപ്പോയി അല്ലേ? ഇതിപ്പം എന്നാ പറ്റി പതിവില്ലാതെ വിളിക്കാന്‍?
......................................
ഓ... നമ്മക്ക് എന്നാ വിശേഷവാ? അങ്ങനെ പോകുന്നു. വീട്ടിത്തന്നെയാ.
....................................
എയ്...എവ്വടെ? പെണ്ണു കെട്ടിയെങ്കിപ്പിന്നെ പരിപാടി ഇല്ലാതരിക്കുവോ? നീ ഒടനേ വല്ലോം ഇങ്ങോട്ടൊണ്ടോ?
.............................................
ഒന്നും പറയെണ്ടെടാ. പ്രത്യേകിച്ച് ഒരു പരിപാടീമില്ല. രാവിലെ കൊറച്ചുനേരം കവലയ്ക്ക് പോയിരിക്കും. ജോലിക്കാരും പള്ളിക്കൂടം പിള്ളാരുമൊക്കെ പോയിക്കഴിയുന്പോ അവിടെ പിന്നെ ഒരു പട്ടീം കാണത്തില്ല. എങ്ങനേലും അഞ്ജലീപ്പോയി രണ്ടെണ്ണം വിട്ടേച്ചു വന്ന് ഊണു കഴിക്കും. പിന്നെ കെടന്നൊറങ്ങും. മൂന്നു മൂന്നരയാകുന്പം എഴുന്നേറ്റ് വീണ്ടും കവലേ പോകും. വന്ന് ഇപ്പം നമ്മടെ പുളിഞ്ചോട്ടില് ഞാന്‍ മാത്രേ ഒള്ളൂ. കൊച്ചു പിള്ളാര്‍ക്കുപോലും നേരവില്ലല്ലോ. വൈകുന്നേരം ആരെയെങ്കിലും കിട്ടും. ഷെയറിട്ട് ഒരു മുറിക്കല്. പിന്നെ ശനിയാഴ്ച്ചേം ഞാറാഴ്ച്ചേം രാത്രി ചാന്പയ്ക്കലെ ഔതച്ചന്‍റെ വീട്ടില്‍ ചീട്ടുകളി കളവൊണ്ട്. അവിടെ കൂടും. അത്രേയൊള്ളു നമ്മടെ നമ്മടെ കാര്യങ്ങള്.
......................................
എവിടെ? ഫുട്ബോളു പോയിട്ട് കിളികളി പോലുവില്ല. നമ്മടെ 'ചെപ്പോക്കും' അപ്രത്തെ റബര്‍ തോട്ടോം സ്ഥലോം വാഴക്കാലായിലെ സജി മേടിച്ചു. കെട്ടിയോടെ കൂടെ ഇംഗ്ലണ്ടിപ്പോയി കെളവന്‍മാരുടേം കെളവികടേം ചന്തി കഴികി കാശൊണ്ടാക്കിയ അവന്‍റെ ജാട കാണണം. പണ്ട് ഒന്നിച്ച് അടിച്ചു കളിച്ചു നടന്നതാണെങ്കിലും എന്നെ മൈന്‍ഡ് ചെയ്യത്തുപോലുവില്ല.
..........................
ഓ... റബറൊക്കെ അപ്പന്‍റെ ഡിപ്പാര്‍ട്ട് മെന്‍റല്ലേ. പിന്നെ ആവശ്യം വരുന്പം അഞ്ചാറെണ്ണം വലിച്ചോണ്ട് പൊയി വിക്കും. അതു പുള്ളിക്കും അറിയാം പത്തു പതിനഞ്ചു കൊല്ലത്തെ കുരുമൊളക് അങ്ങേര് വിക്കാതെ വെച്ചിട്ടൊണ്ട്. അതുകൊണ്ടൊക്കെയല്ലേ നമ്മള് കഴിയുന്നത്.
................
ഏയ്... അതറിയത്തില്ല. ചാക്കിന്‍റെ സൈഡില്‍ തൊളയിടും. എന്നിട്ട് ഒരു ഓലക്കാല് അകത്തേക്ക് വെക്കും. അതിനാത്തൂടെ വരുന്ന കുരുമൊളക് സഞ്ചീലാക്കും. നാലു ചാക്കീന്ന് അരക്കിലോ വച്ച് ഊറ്റിയാ മതി. പണി കഴിയുന്പോ തൊള പഴേപോലേയാക്കും.
...............................
പുള്ളി ഇപ്പഴും ഉഷാറല്ലേ. നൂറേല്‍ നിക്കും. വാഴേം കപ്പേമൊക്കെയൊണ്ട്. റബറു വെട്ടാനും കൂടും.
ഫുള്‍ ടൈം പറന്പിത്തന്നെ.
....................
മൂത്തോള് ഷേര്‍ലി ദുബായിലാ. ഷാന്‍റി യുകേല്. രണ്ടുപേരുടെയും കെട്ടിയോമ്മാരും പിള്ളാരും അവിടെയൊണ്ട്. അവളുമാര് ഇനീം അപ്പന്‍റെ കയ്യീന്ന് വല്ലോം കിട്ടുവോന്നു നോക്കിയിരിക്കുവാ.
..............................
ഓ.. അതൊന്നും ശരിയാകത്തില്ല. നമ്മളൊന്നും നല്ലകാലത്ത് പറന്പലെറങ്ങീട്ടില്ലെന്ന് നിനക്കറിയത്തില്ലേ. ഇത്രേമൊക്കെ പടിച്ചിട്ട് പണിയാനെറങ്ങുന്പോ നാട്ടുകാര് എന്നാ വിചാരിക്കും? ങ്ഹാ...നിനക്കൊക്കെ ഇനി എന്നെ ഉപദേശിക്കാവല്ലോ, പറന്പി കെളക്കാനും കക്കൂസു കഴുകാനുമൊക്കെ. നീയൊക്കെ വല്യ പുള്ളികളായില്ലേ.
........................
ബോംബേല് ഭയങ്കര ചൂടാ. പോരാത്തതിന് തീപ്പെട്ടിക്കൂടു പോലൊള്ള മൂറില് പത്തു പേര് കെടക്കണം. ആറു മാസം കഴിഞ്ഞപ്പ ഞാന്പോന്നു.
.......................
അതൊന്നും നടക്കത്തില്ല. ഇറാക്കീ പോണേല്‍ പോലും എക്സ്പീരിയന്‍സ് വേണമെന്നാ അവമ്മാര് പറയുന്നേ. പ്രീഡിഗ്രി വരെ പഠിച്ചതൊന്നും അവമ്മാര്‍ക്ക് വല്യ കാര്യവല്ല. ഇപ്പം എല്ലാടത്തും പ്ലസ് ടൂ ആയതുകൊണ്ട് പ്രീഡിഗ്രീന്ന് പറഞ്ഞാപ്പോലും ആര്‍ക്കും മനസ്സിലാകത്തില്ല.
.............................
എവിടെ? നാട്ടില് തൂത്തുവാരുന്ന പണിക്ക് ബിയേം എമ്മേം പടിച്ചോര് ഇടിച്ചു നിക്കുവാ. മാത്രവല്ല, തറവാട്ടിപ്പെറന്ന നമ്മക്കൊക്കെ ആ പണി പറ്റുവോ?
..................................
നോക്കുന്നുണ്ട്. പതിനഞ്ചേക്കറ് സ്ഥലം ഒണ്ടെങ്കിലും കാര്യവില്ല. പെണ്ണുങ്ങക്കെല്ലാം ജോലിയൊള്ള ചെറുക്കമ്മാരെ മതി. എന്തേലും പണി കിട്ടുവാരിക്കും.
....................................................................
നീയൊക്കെ നേരത്തെ കെട്ടിയതുകൊണ്ട് തോന്നുവാ. 39 വയസൊന്നും ഒരു പ്രയാവല്ല മോന. ഇപ്പം ഞാറാഴ്ച്ച പത്രവെടുത്ത് നോക്ക്. കല്യാണം ആലോചിക്കുന്ന ചെറുക്കമ്മാരടേം പെണ്ണുങ്ങടേം പ്രായം അറിയാം.
................................................................
അതൊക്കെ വെട്ടിക്കളഞ്ഞു. അവിടെ കുര്യന്‍ വീടു വച്ചു. പക്ഷെ ആ കയ്യാലേടെ എറന്പി നീന്ന ശീമക്കൊന്നേം മാവും ഇപ്പഴുവൊണ്ട്. മാവിന്‍റെ ചോട്ടീവച്ച് നീ പണ്ട് നടത്തിയ കലാപരിപാടിയൊക്കെ അതിലേ പോകുന്പം ഞാന്‍ ഓര്‍ക്കും. അതൊക്കെ ഒരു കാലവാരുന്നു. കുഞ്ഞുന്നാളത്തെ സാറ്റുകളീം ചില്ലേറും അടിപീടീം പിന്നെ കോളേജീ പടിക്കുന്പഴും അതു കഴിഞ്ഞും തകര്‍ത്തു വാരീയതും ഒക്കെ ഇന്നലത്തെപ്പോലെ തോന്നും. അതില് യാതൊരു മാറ്റോവില്ലാത്തത് എനിക്കേയൊള്ളൂ. അതിനും വേണം മോനേ ഒരു ഭാഗ്യം.
....................................................................
അതു ശരിയാ. മുക്കിന് മുക്കിന് തൊറന്നിട്ടൊണ്ട്. എന്തു കാര്യം? സാധനം മേടിച്ച് എവിടേലും പോയിരുന്ന് സ്വസ്ഥമായി അടിച്ചോണം. നമ്മടെ കാളരാഷേജിന്‍റെ അപ്പന്‍റെ പെട്ടിക്കടേലാണ് ഞങ്ങള് മിക്കവാറും മുറിക്കുന്നത്.
....................................................................
ഒണ്ട്. അങ്ങേര് പടു കെളവനായിപ്പോയി. എന്നാലും ഞങ്ങള് കൊടുത്താല്‍ അടിക്കും.
....................................................................
അങ്ങനെയൊന്നുമില്ല. ആരെയെങ്കിലുമൊക്കെ കിട്ടും. നമ്മടെ റേഞ്ചില്‍ ആരുവില്ല. ഒന്നുകില്‍ ഏതെങ്കിലും കടുംവെട്ടുകള്‍ കാണും. അല്ലേല്‍ പിള്ളാരുസെറ്റ്. സര്‍ക്കാര്‍ സ്കൂളില്‍ പ്ലസ് ടൂന് പടിക്കുന്ന കൊറെ പിള്ളാരൊണ്ട്. അവമ്മാര് നല്ല കന്പനിയാണ്. കാഞ്ഞ വിത്തുകള്.
....................................................................
എന്നാലും പഴയ ഒരു സുഖവില്ലെടാ. ഈ ---ന്‍മാര് നാടു നീളെ വിക്കുന്നൊണ്ടേലും അടിച്ചിട്ട് വണ്ടിയോടിച്ചാ പോലീസ് പിടിക്കും. പൊതു സ്ഥലത്ത് മദ്യപിച്ചാലും പിടിവീഴും. ഏതേലും പറന്പി പോയിരുന്ന് അടിക്കാവെന്നു വിചാരിച്ചാല്‍ കന്പനിക്ക് ഒരു പട്ടിയേം കിട്ടത്തില്ല.ഇപ്പം എല്ലാര്‍ക്കും പെട്ടെന്ന് പരിപാടി അവസാനിപ്പിച്ചു പോകാനാ താല്‍പര്യം. ഇനി ആരെയെങ്കിലും കൂട്ടി നമ്മടെ പറന്പിലോ മറ്റേതെങ്കിലും തോട്ടത്തിലോ പോയിരുന്ന് അടിച്ചാല്‍ ശല്യവാണെന്നു പറഞ്ഞ് അയലോക്കക്കാര് പോലീസിപ്പറയും. അതോടെ തീര്‍ന്നു കഥ. പിന്നെ ഈ ------കള് എന്തിനാണ് കള്ളു കച്ചോടം നടത്തുന്നതെന്ന് മനസ്സിലാകുന്നില്ല.
....................................................................
ആശയൊണ്ട്. ആളൊഴിഞ്ഞ വീട്ടിലോ പറന്പിലോ പോയിരുന്ന് അഞ്ചാറു മണിക്കൂറ് സ്വസ്ഥമായിരുന്ന് അടിച്ച് പൂസായി, നമ്മടെ ഭരണിപ്പാട്ടൊക്കെ പാടി എല്ലാം മറന്നൊന്നു കുത്തിമറിയണമെന്ന്. അതിപ്പം വല്ല ഹൗസ് ബോട്ടേലോ ടൂറിസ്റ്റ് ബസേലോ ആയാലും മതി. പക്ഷെ, ഒരിക്കലും നടക്കുവെന്നു തോന്നുന്നില്ല.
....................................................................
അവളുമാരെല്ലാം ഇപ്പം കെളവികളായി. എല്ലാത്തിന്‍റേം പിള്ളാര് കെട്ടാനും കെട്ടിക്കാനുമുള്ള വലിപ്പത്തിലായി.
....................................................................
ഏയ്....എവിടെ... അവള് ഒരുമാതിരി വവ്വാലു ചപ്പിയ കപ്പലുമാങ്ങാപ്പഴം പോലായി. പണ്ട് അവള് വലിയ സംഭവമാരുന്നെന്നു പറഞ്ഞാല്‍ ഇപ്പഴത്തെ പിള്ളാര് നമ്മക്കിട്ടടിക്കും.
.....................
അവന് റിയല്‍ എസ്റ്റേറ്റ് ബിസിനസാണ്. എന്നോട് അടുപ്പവൊന്നുമില്ല. കാശിഷ്ടംപോലുണ്ട്. സിബി കെ.എസ്.ഇ.ബീലാ. കറിയായ്ക്ക് മെഡിക്കല്‍ ഷോപ്പല്ലേ? അവമ്മാര്‍ക്കും വല്യ തലക്കനവാ. പ്ലാമൂട്ടിലെ ജോസ് അമേരിക്കേന്ന് കഴിഞ്ഞ തവണ വന്നപ്പം വിളിച്ചാരുന്നു. കോട്ടയത്ത് അര്‍ക്കാഡിയേല്‍ പോയി ഒന്നു കൂടി. അവന്‍റെ കോണോത്തിലെ ഇംഗ്ലീഷും ജാഡേം കണ്ട് എനിക്ക് വട്ടായി. ഒച്ചേല്‍ ചവയ്ക്കരുത്, രണ്ടു പെഗില്‍ കൂടുതല്‍ അടിക്കരുത്, ഓരോ പെഗും അടിടിച്ചശേഷം ചുണ്ടുതൊടയ്ക്കണം...എന്നുവേണ്ട കൊറേ ഉപദേശം. ഉടനെയെങ്ങും ഞാന്‍ കെട്ടാന്‍ ഉദ്ദേശമില്ലേല്‍ ഞാന്‍ നാലു കൊല്ലംകൂടി വെയ്റ്റു ചെയ്യാന്‍... അവന്‍റെ മോള്‍ക്ക് പതിനെട്ടാകുമെന്ന് കോണോത്തിലെ ഒരു താമശ.--------ന്‍റെ കൂടെ പോയല്ലോന്നായിപ്പോയി. എന്തൊക്കെ പറഞ്ഞാലും
അവന്‍റെ തന്ത തേങ്ങാപൊതിക്കാരന്‍ വക്കച്ചന്‍തന്നെയല്ലേ?
...........................................................................
ങ്ഹാ.. അങ്ങനെ വരട്ടെ...ഒന്നും മറന്നിട്ടില്ല അല്ലേ? കക്ഷി ഇപ്പം വലിയ ഡീസന്‍റായില്ലേ.ഫുള്‍ ടൈം പ്രാര്‍ത്ഥന. മക്കളൊക്കെ വളന്നു. പഴയ പരിപാടിയൊന്നുമില്ല. പുള്ളിക്കാരി എടവകേലെ പ്രെയര്‍ ഗ്രൂപ്പിന്‍റെ പ്രസിഡന്‍റാണ്.
നിന്‍റെ പിള്ളേരൊക്കെ ഏതു ക്ലാസിലാ?
...........................................................................
ഒരുപാടു നേരവായല്ലോ. നിന്‍റെ കൊറേ കാശു പോയിക്കാണുവല്ലോ.
...........................................................................
അതുശരി. ഇന്‍റര്‍നെറ്റുവഴി ഓസു പരിപാടിയാണല്ലേ. എങ്കിപ്പിന്നെ കൊഴപ്പവില്ല വൈകുന്നേരം കവലേ പോകുന്നതുവരെ ഞാന്‍ ഫ്രീയാ പറഞ്ഞോ.
...........................................................................
മെഡിക്കല്‍ മിഷന്‍ ആശൂത്രിലാണോ? വീട് കൊറേക്കാലമായി പൂട്ടിക്കെടക്കവാണല്ലോ. ഞാനോര്‍ത്തു അമ്മ നിന്‍റെയോ ചേട്ടമ്മാരുടെയോ കൂടെയാരിക്കുവെന്ന്.ഇത്രേം കാലം കെയര്‍ ഹോമിലാരുന്നോ?
...........................................................................

അതുശരി. എന്നത്തേക്ക് ഊരും? അതൊക്കെ കൊല്ലുന്നേനു തുല്യവല്ലേ?
...........................................................................
ഞാന്‍ പറഞ്ഞെന്നേയുള്ളൂ. നമ്മടെ പള്ളീത്തന്നെ അടക്കാനാണോ? എനിക്കീ ശവോടക്കിനൊന്നും മുന്‍കൈ എടുത്ത് പരിചയമില്ല. മാത്രവല്ല, പള്ളീലച്ചനുവായിട്ടൊന്നും വലിയ അടുപ്പവില്ല.
...........................................................................
അതെന്നാ എടപാടാടാ?ഐഐഐ. അമ്മേടെ അടക്കിനുപോലും വരാതിരിക്കുകാന്നു പറഞ്ഞാ നാട്ടുകാരനെന്നാ വിചാരിക്കും.
................................................................
അതും ഒരു കണക്കിന് ശരിയാ. നാട്ടുകാരെ നമ്മളെന്തിനു മൈന്‍റ് ചെയ്യണം അല്ലേ?
.................................................................

എനിക്ക് അക്കൗണ്ടും ....രും ഒന്നുമില്ല.
....................................................................
വെസ്റ്റേണ്‍ യൂണിയന്‍റെ പരിപാടീം പിടിയില്ല.
............
ടൗണിലെ എസ്.ബി.ടീടെ ഓപ്പസിറ്റ് ബില്‍‍ഡിംഗ് അല്ലേ?
............................
അയിക്കോട്ടെ. ചാക്കോച്ചേട്ടന്‍റരിക്കെ ഞാന്‍ ചോദിച്ചാല്‍ വീടിന്‍റെ താക്കോല് തരുവോ?. നീയൊന്നു വിളിച്ചു പറഞ്ഞേര്.
....................
മൊബൈല്‍ മോര്‍ച്ചറീല് മൂന്നു ദിവസം വെക്കണോ? ഒരു ദിവസം പോരെ. നിങ്ങളാരും വരുന്നില്ലല്ലോ?
..................
നാളെയും ഈ സമയത്ത് വിളിച്ചാ മതി.
ഓകെ. ശരി. ഓകെ.

-----മോന്‍. പതിവില്ലാതെ വിളിച്ചപ്പഴേ എനിക്ക് തോന്നിയതാ, എന്തോ കൊനഷ്ടുണ്ടെന്ന്. സ്വന്തം തള്ള ചാകാന്‍ കെടക്കുവാ. എന്നിട്ടാണ് ആ ---ന്‍ ഇത്രേം നേരം കിരാതിച്ചത്. വളഞ്ഞുവന്ന് മൂക്കേപ്പിടിക്കാനുള്ള പെടാപ്പാട്!.നാലു പുളിച്ചതു പറയാന്‍ തെകട്ടിവന്നതാ. ങ്ഹാ.. എനിക്കിപ്പം എന്നാ കോപ്പാ?. അങ്ങനെയെങ്കിലും പത്തുപൈസ കിട്ടുന്നത് കളയണോ?.

ഇതൊക്കെ വച്ചു നോക്കുന്പോ ഞാന്‍തന്നയല്ലേ ഭേദം? വീട്ടുകാര്‍ക്ക് കാല്‍ കാശിന് ഗുണവില്ലേലും തന്തേം തള്ളേം ചാകുന്പോ അവര്‍ ഒണ്ടാക്കിയ ഒരുത്തന്‍ അടുത്തുണ്ടാകുവല്ലോ.


2 അഭിപ്രായങ്ങൾ:

പെഴ! പറഞ്ഞു...

ആളൊഴിഞ്ഞ വീട്ടിലോ പറന്പിലോ പോയിരുന്ന് അഞ്ചാറു മണിക്കൂറ് സ്വസ്ഥമായിരുന്ന് അടിച്ച് പൂസായി, നമ്മടെ ഭരണിപ്പാട്ടൊക്കെ പാടി എല്ലാം മറന്നൊന്നു കുത്തിമറിയണമെന്ന്. അതിപ്പം വല്ല ഹൗസ് ബോട്ടേലോ ടൂറിസ്റ്റ് ബസേലോ ആയാലും മതി. പക്ഷെ, ഒരിക്കലും നടക്കുവെന്നു തോന്നുന്നില്ല.

ബിച്ചു പറഞ്ഞു...

ചിന്തിപ്പിച്ചു ചിരിച്ചു ...

നല്ല എഴുത്ത് ...തുടുരക ..
ഇനിയും വരാം ബാക്കി വായിക്കാന്‍