2009, നവംബർ 28, ശനിയാഴ്‌ച

ശ്രീശാന്ത് പൊട്ടിച്ചു, മലയാളിയുടെ മുഖത്ത്!

മലയാളികളെപ്പോലെ കണ്ണിക്കടിയുള്ള വര്‍ഗം ഭൂമുഖത്ത് വേറെയുണ്ടെന്ന് തോന്നുന്നില്ല. അയല്‍വാസി നന്നാകുന്നത് കാണുന്പോ ഏതൊരു ശരാശരി മലയാളീടേം ചങ്കിടിക്കും. എന്തെങ്കിലും മാര്‍ഗമുണ്ടെങ്കില്‍ അവനിട്ട് പണികൊടുക്കും. അതിനു കഴിഞ്ഞില്ലെങ്കില്‍ പരദൂഷണം പ്രചരിപ്പിക്കും. അതും വിജയിക്കുന്നില്ലെന്നു കണ്ടാല്‍ അവന്‍റെ നേട്ടത്തെ പുച്ഛിക്കും.

ശ്രീശാന്തിന്‍റെ ഉജ്വലമായ തിരിച്ചുവരവാണ് വീണ്ടും ഈ മലയാളിത്തരത്തെക്കുറിച്ച് വീണ്ടും ഓര്‍മിപ്പിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തുന്ന ആദ്യത്തെ അരമലയാളി, മുക്കാല്‍ മലയാളി എന്നൊക്കെപ്പറഞ്ഞ് മാധ്യമങ്ങള്‍ ഓരോരുത്തരെ പൊക്കിപ്പിടിച്ചോണ്ടു നടന്ന ഒരു കാലമുണ്ടായിരുന്നു. അതുകഴിഞ്ഞപ്പം ടിനു യോഹന്നാന്‍ മുഴുമലയാളിയായി ഇന്ത്യന്‍ കുപ്പായമിട്ടു. അധികകാലം തുടരാന്‍ യോഗമുണ്ടായില്ലെന്നുമാത്രം.

ടിനുവിനെപ്പോലെ സാന്നിധ്യമറിയിക്കാതെ ശ്രീശാന്തും ടീമില്‍നിന്ന് പുറത്തായിരുന്നെങ്കില്‍ മലയാളികള്‍ക്ക് മനഃസമാധാനം കിട്ടിയേനെ.പക്ഷെ, ഈ ചങ്ങാതീടെ തലേവര മലയാളികള്‍ക്ക് മായ്ക്കാന്പറ്റത്തില്ലല്ലോ. ടെസ്റ്റിലും ഏകദിനത്തിലും ട്വന്‍റി ട്വന്‍റിയിലുമൊക്കെ ശ്രീ കസറിയപ്പോള്‍ ഭൂഗോളത്തില്‍ എന്പാടുമുള്ള മലയാളികള്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതായി.

അവന്‍ അഹങ്കാരിയാണ്, സ്വഭാവം ശരിയല്ല, പെരുമാറാന്‍ അറിയില്ല, അവന്‍റെ അമ്മയുടെ ഭാവാഭിനയും ഓവറാണ് എന്നിങ്ങനെ പോയി കുറ്റങ്ങള്‍.

ഉള്ളതു പറഞ്ഞാല്‍ ശ്രീശാന്തിന് അല്‍പ്പം ശൗര്യമുണ്ട്, കളിക്കളത്തിലെ പെരുമാറ്റ ദൂഷ്യത്തിന് ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്, മാധ്യമപ്രവര്‍ത്തകരെക്കാണുന്പോഴുള്ള ശ്രീയുടെ അമ്മയുടെ പെരുമാറ്റം അരോചകമായി തോന്നാറുമുണ്ട്. സമ്മതിച്ചു. പക്ഷെ, എല്ലാം തികഞ്ഞ മനുഷ്യരുണ്ടോ? ശ്രീശാന്തിനെ വിമര്‍ശിക്കുന്ന നമ്മള്‍ ഓരോരുത്തര്‍ക്കും എന്തെല്ലാം ന്യൂനതകളുണ്ടെന്ന് ആലോചിച്ചിട്ടുണ്ടോ. അയാളുടെ സ്വഭാവത്തില്‍ എന്തെങ്കിലും ചീത്ത വശങ്ങളുണ്ടെങ്കില്‍ അതങ്ങ് മറന്നു കളഞ്ഞ് കളിയെ മാത്രം വിലയിരുത്തിയാല്‍ പോരേ?

ട്വന്‍റി 20 ലോകകപ്പ് ഫൈനലിന്‍റെ ക്ലൈമാക്സില്‍ പാക്കിസ്ഥാന്‍റെ മിസ്ബാഹുല്‍ ഹഖ് അടിച്ചുപറത്തിയ പന്ത് ബൗണ്ടറിക്കടുത്ത് നിന്ന് കയ്യിലൊതുക്കിയ ഒരു നിമിഷം മാത്രം മതി ഏതു ക്രിക്കറ്റ് പ്രേമിക്കും ശ്രീശാന്തിനെ ഓര്‍മിക്കാന്‍.

2006 ഡിസംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ എട്ടുവിക്കറ്റ് വീഴ്ത്തി ഇന്ത്യക്ക് വിജയം സമ്മാനിച്ച ശ്രീശാന്ത്, ഇന്ത്യന്‍ ടീമംഗങ്ങള്‍ പങ്കെടുത്ത ഡിന്നര്‍ പാര്‍ട്ടിയില്‍ ഉജ്വലമായി നൃത്തം ചെയ്ത് സാക്ഷാല്‍ ഷാരൂഖ് ഖാനെ ഞെട്ടിച്ച ശ്രീശാന്ത്(ഇതിന്‍റെ യൂ ടൂബ് വീഡിയോയുടെ കമന്‍റുകളിലും മലയാളികളുടെ തെറിപ്രളയം കാണാം)....അങ്ങനെ മലയാളികള്‍ക്ക് അഭിമാനത്തോടെ ഓര്‍മിക്കാന്‍ എത്രയെത്ര മുഹൂര്‍ത്തങ്ങള്‍?

പക്ഷെ, അഭിമാനിക്കേണ്ട നേരത്ത് മലയാളികള്‍ ശ്രീശാന്തിനെ വെറുക്കുന്നവരുടെ ഓര്‍ക്കൂട്ട് കമ്യൂണിറ്റിയില്‍ കുറ്റവിചാരണനടത്താന്‍ മത്സരിക്കുകയായിരുന്നു.
ഹര്‍ഭജന്‍ സിംഗ് ശ്രീശാന്തിനെ അടിച്ചപ്പോള്‍ ലോകത്തില്‍ ഏറ്റവുമധികം സന്തോഷിച്ചത് മലയാളികളായിരുന്നു. ഇന്ത്യന്‍ ടീമില്‍ ഒരു മലയാളി കളിക്കുന്നതു കണ്ടിട്ട് ചാകാന്‍ പറ്റുമോ എന്നൊക്കെ ചോദിച്ചിരുന്നവര്‍തന്നെ ഒടുവില്‍ ശ്രീശാന്ത് ടീമില്‍നിന്ന് പുറത്തായപ്പോള്‍ എന്തോ വലിയ രോഗം ഭേദമായതുപോലെ ആശ്വസിച്ചു. അതാണ് മലയാളി!

കാണ്‍പൂര്‍ ടെസ്റ്റിലെ അത്യുജ്വലമായ തിരിച്ചുവരവിലൂടെ ശ്രീശാന്ത് തനിക്കെതിരെ അപഖ്യാതികള്‍ പ്രചരിപ്പിക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ച സ്വന്തനാട്ടുകാരുടെ മുഖമടച്ച് പൊട്ടിക്കുകയായിരുന്നു. ഹര്‍ഭജന്‍റേതിന്റെ ആയിരം മടങ്ങ് ശേഷിയുള്ള തല്ല്.

സാക്ഷാല്‍ ബിഗ്ബി അമിതാഭ് ബച്ചന്‍പോലും ശ്രീശാന്തിനെ അഭിനന്ദിക്കാന്‍ നേരിട്ട് എത്തിയെങ്കിലും ഇതൊന്നും വലിയ സംഭവമല്ലെന്നാണ് മല്ലൂസിന്‍റെ കമന്‍റ്. "അവന്‍ എത്രപോയാലും കപില്‍ ദേവിന്‍റെയോ അലന്‍ ഡൊണാല്‍ഡിന്‍റെയോ ഒന്നും ഏഴയലത്ത് എത്താന്പോകുന്നില്ല" എന്ന് അവര്‍ ആശ്വസിക്കുന്നു.

അടികൊണ്ട് തിണിര്‍ത്ത മുഖവുമായി മലയാളി ശ്രീശാന്തിനെതിരെ പുതിയ അപഖ്യാതികളുടെ പണിപ്പുരയിലാണ്. അതില്ലാതെ അവര്‍ എങ്ങനെ ആശ്വസിക്കും? വൈകാതെ അത് ഈമെയിലായോ ബ്ലോഗായോ എസ്.എം.എസ് ആയോ പുറത്തുവരും. നമ്മക്ക് കാത്തിരിക്കാം.

4 അഭിപ്രായങ്ങൾ:

പെഴ! പറഞ്ഞു...

കാണ്‍പൂര്‍ ടെസ്റ്റിലെ അത്യുജ്വലമായ തിരിച്ചുവരവിലൂടെ ശ്രീശാന്ത് തനിക്കെതിരെ അവരാതങ്ങള്‍ പ്രചരിപ്പിക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ച സ്വന്തനാട്ടുകാരുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുകയായിരുന്നു. സാക്ഷാല്‍ ബിഗ്ബി അമിതാഭ് ബച്ചന്‍പോലും ശ്രീശാന്തിനെ അഭിനന്ദിക്കാന്‍ നേരിട്ട് എത്തിയെങ്കിലും ഇതൊന്നും വലിയ സംഭവമല്ലെന്നാണ് മല്ലൂസിന്‍റെ കമന്‍റ്, അവന്‍ എത്രപോയാലും കപില്‍ ദേവിന്‍റെയോ അലന്‍ ഡൊണാല്‍ഡിന്‍റെയോ ഒന്നും ഏഴയലത്ത് എത്താന്പോകുന്നില്ല എന്നാണ് അവര്‍ പറയുന്നത്.

വീകെ പറഞ്ഞു...

ശ്രീശാന്ത് നല്ല നിലയിലെത്തും..
മലയാളിക്കഭിമാനമായി മാറും..
കളിക്കളത്തിലെ പെരുമാറ്റം മാത്രം കുറച്ചു ശ്രദ്ധിച്ചാൽ മതി.

Ashly പറഞ്ഞു...

"ഹര്‍ഭജന്‍ സിംഗ് ശ്രീശാന്തിനിട്ട് പൊട്ടിച്ചപ്പോള്‍ ലോകത്തില്‍ ഏറ്റവുമധികം സന്തോഷിച്ചത് മലയാളികളായിരുന്നു. ഇന്ത്യന്‍ ടീമില്‍ ഒരു മലയാളി കളിക്കുന്നതു കണ്ടിട്ട് ചാകാന്‍ പറ്റുമോ എന്നൊക്കെ ചോദിച്ചിരുന്നവരുതന്നെ ഒടുവില്‍ ശ്രീശാന്ത് ടീമില്‍നിന്ന് പുറത്തായപ്പോള്‍ എന്തോ വലിയ രോഗം ഭേദമായതുപോലെ ആശ്വസിച്ചു. അതാണ് മലയാളി. " - U said it !!!

Nice post.

രഘു പറഞ്ഞു...

പെഴ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു!
കളിക്കളത്തിലെ പെരുമാറ്റത്തിൽ ശകലം അടക്കമൊതുക്കം വേണം എന്ന അഭിപ്രായം എനിക്കുമുണ്ട്! പക്ഷെ അതിനായി ശൌര്യം കളയേണ്ട കാര്യമൊന്നുമില്ല! സത്യം പറഞ്ഞാൽ പുറത്താക്കിയതിനു ശേഷം എനിക്ക് കളി കാണാനുള്ള താത്പര്യം പോലും കുറഞ്ഞുപോയിരുന്നു! ശ്രീശാന്ത് ഇനിയും ഉയരങ്ങളിലെത്തട്ടെ... മലയാളിക്ക് ഇനിയും അഭിമാനിയ്ക്കാൻ വക നൽകട്ടെ!