2009, നവംബർ 22, ഞായറാഴ്‌ച

സുരാജ് വെഞ്ഞാറമൂട് എന്ന പറട്ട!

പ്രിയപ്പെട്ട ചന്ദ്രശേഖരന്‍ സാറിന്,
സാര്‍ എന്നെ അറിയാനിടയില്ല. അപ്പപ്പിന്നെ എന്‍റെ ബ്ലോഗിനെക്കുറിച്ച് അറിയാന്‍ യാതൊരു വകുപ്പുമില്ല. സാറിന്‍റെയൊക്കെ കാഴ്ച്ചപ്പാടുവെച്ചു നോക്കിയാല്‍ സൈബര്‍ സ്ഥലത്ത് ഇടക്കിടെ മാലന്യ നിക്ഷേപം നടത്തുന്ന പറട്ടകളില്‍ ഒരാളാണ് ഞാന്‍. കൂടുതലായിട്ട് വല്ലതും അറിയണമെങ്കില്‍ എന്‍റെ പറട്ട പോസ്റ്റുകളിലൂടെ വെറുതെ ഒന്നു കണ്ണോടിച്ചേര്.
വേറെ ഏതെങ്കിലും ഒരുത്തന്‍ ഞാന്‍ ഈ എഴുതുന്ന സാധനം വായിച്ചാല്‍ ഇതെന്നാ കോപ്പാന്ന് ചോദിക്കും, മൂന്നു തരം. അതുകൊണ്ട് വിഷയം പറയാം.

ദേ ഈ സാറ്, ചന്ദ്രശേഖരന്‍ സാറ്
ദേ ഇവിടെ ഇങ്ങനെ ഒരു പോസ്റ്റിട്ടിട്ടൊണ്ട്. പുള്ളി അത് ഇട്ടേച്ചു പോയിട്ട് കൊറേനാളായി. പക്ഷെ ഞാങ്കണ്ടത് ഇപ്പഴാ. സുരാജ് വെഞ്ഞാറമൂടിനെ ഗൂഗിളില്‍ വെറുതേ ഒന്നു സെര്‍ച്ച് ചെയ്തപ്പോള്‍ സാറിന്‍റെ പോസ്റ്റില്‍ ചെന്നു പെടുവാരുന്നു.
അപ്പംതന്നെ നാലു വര്‍ത്താനം പറഞ്ഞു. അത് ആരേലും കേള്‍ക്കേണ്ടേ. അതോണ്ട് കേട്ടാല്‍ അറക്കാത്ത ഭാഷേല് ഇവിടെ എഴുതിയേക്കാവെന്നു വിചാരിച്ചു.

ഏതായാലും മുടിഞ്ഞു, കൊറെ സൈബര്‍ സ്ഥലം കൂടി അങ്ങനെ പോട്ടന്നേ.
സാറിന്‍റെ ബ്ലോഗും പരിസരമൊക്കെ നോക്കിയപ്പം സാറ് സിനിമയിലെ ഒരു എന്‍സൈപ്ലോക്ലീഡിയ(അങ്ങനെയല്ലേ അതിനു പറയുന്നേ) ആണെന്നു മനസ്സിലായി.
എന്നെ പൊന്നു സാറെ സുരാജ് വെഞ്ഞാറമ്മൂട് ഒരു മൂന്നാംകിട നടനാണ്. ഞാനൊരു പുലിയാണെന്ന് പുള്ളി വിളിച്ചു പറഞ്ഞിട്ടില്ല. അങ്ങേരു ഒരു പ്രസ്താനമാണെന്ന് പുള്ളിയെ ഇഷ്ടപ്പെടുന്നവരും പറഞ്ഞിട്ടില്ല. ജഗദീഷും മുകേഷും കലാഭവന്‍ മണീംമൊക്കെ വന്ന വഴയില്‍, അല്ല അതിലും താഴത്തെ വഴിയില്‍ വന്നയാളാണ് ഈ ചങ്ങാതി. ഒടുവില്‍ നായകനുമായി(സാറ് നാലാംകിട നായകന്‍ എന്ന് തിരുത്തി വായിക്കുക).
സുരാജിന്‍റെ ഒരു കൈ വളഞ്ഞിരിക്കുന്നത് സാറു ശ്രദ്ധിച്ചിട്ടൊണ്ടോ? പണ്ടെങ്കാണ്ട് ഒടിഞ്ഞ സാധനം നേരെയാക്കാന്‍ പോലുമുള്ള പാങ്ങില്ലാരുന്നു. അല്‍പ്പസ്വല്‍പ്പം മിമിക്രീം പിന്നെ തിരോന്തരം ഭാഷേം ഇപ്പറഞ്ഞ ഞൊങ്കയ്യും(അത്തരം കൈക്ക് ഞങ്ങള് അങ്ങനാ പറയുന്നേ) വെച്ച് നായകപദം വരെ എത്തിയെങ്കില്‍ സുരാജിനേം പുള്ളിയെ സഹായിച്ച മമ്മൂട്ടി ഉള്‍പ്പെടെയുള്ളവരേം സമ്മതിച്ചേ പറ്റൂ.
സൂപ്പര്‍താരങ്ങള്‍ അപ്പിയിട്ട് കൊളമാക്കിവെച്ചിരിക്കുന്ന മലയാള സിനിമേല് സൂരാജിന്‍റെ ആദ്യ സിനമാ സാമാന്യ വിജയം നേടിയെങ്കില്‍ അത് നിസാര കാര്യമല്ലെന്നാണ് എന്നെപ്പോലെ സിനിമാ പാണ്ടിത്തം(മറ്റേ പാണ്ടി എഴുതാന്‍ അത്ര തിട്ടം പോര) ഇല്ലാത്തോര് വിചാരിക്കുന്നത്.
മലയാള പ്രേക്ഷകര്‍ക്ക് വേണ്ടതെന്താണെന്ന് ആ സിനിമേടേ സംവിധായകന് മനസിലായിട്ടുണ്ടാകും. പണ്ട് നമ്മടെ എ.ടി. ജോയിച്ചായന് മനസ്സിലായതുപോലെ. അതുകൊണ്ടുതന്നെ നമ്മടെ ഷക്കീലച്ചേച്ചിയെപ്പോലെ സുരാജും(ഇതു കോമഡി അതു --ടി എന്ന വ്യത്യാസം മാത്രം) കത്തിക്കേറിയത് സോഭാവികമല്ലേ.
അല്ലേത്തന്നെ ഞാനിതൊക്കെ എന്തിനാ സാറിനോട് പറയുന്നത്. സാറിന്‍റെ ഈ ബ്ലോഗിലെ മറ്റു പോസ്റ്റുകള്‍ കണ്ടാല്‍ സാറിന്‍റെ യഥാര്‍ത്ഥ രോഗമെന്താണെന്ന് വ്യക്തമാകും. ഇത് സാറിനു മാത്രമുള്ള രോഗമല്ല. കേരളത്തില്‍ ആയിരക്കണക്കിനാളുകള്‍ക്കുണ്ട്. ഇത് എച്ച്1 എന്‍1 പോലെ പകരുവാന്നാ കേട്ടത്. പറഞ്ഞുവന്നത് സൂപ്പര്‍ സ്റ്റാര്‍ ഫ്ലൂവിന്‍റെ കാര്യമാണ്. അതു പിടിപെട്ടാല്‍പിന്നെ വെള്ളിത്തിരയില്‍ സൂപ്പര്‍ താരങ്ങളെയല്ലാതെ മറ്റാരെയെങ്കിലും കണ്ടാല്‍ വിറയലൊണ്ടാകും. സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ പണ്ടാരമടങ്ങുകേം പറട്ടകള്‍ വിജയം നേടുകയും ചെയ്യുന്പോ തലകറക്കവും രക്തസ്രാവവും ഉണ്ടാകും.
സാധാരണ മനുഷ്യന് മനസ്സിലാകാത്ത ഭാഷയില്‍ സംസാരിക്കുകയും എഴുതുകയും ചെയ്യുന്നോര് ഈ അസുഖംവന്നാല്‍ ഒറിജിനല്‍ ഭാഷ എടുത്തലക്കും. നാടകനടന്‍മാരെക്കുറിച്ചുള്ള ഒരു മിമിക്രീല് പണ്ടു കണ്ടതോര്‍ക്കുന്നു. നാട്ടിന്പുറത്തെ കവലേല് കൂട്ടുകാരോട് സംസാരിച്ചോണ്ടിരുന്ന നടനോട് അവരിലൊരാള്‍ ഇപ്പം അഭിനയിക്കുന്ന നാടകം ഏതാണെന്ന് ചോദിച്ചപ്പം കക്ഷി പെട്ടെന്ന് ബാസിട്ട് പറഞ്ഞു-"അഥ് ഇഫോള്‍ ഝാന്‍ ഥിരുവനഝപുരം പ്രതീക്കക്ക്ഷയുടെ അജ്ഛനും അബ്ബക്കും സുക്ഖംതന്നെയിലാണ് ഖളിക്കുന്നത്"
ഈ ബ്ലോഗിലെ മറ്റു പോസ്റ്റുകള്‍ വെച്ചുനോക്കിയാല്‍ ചന്ദ്രശേഖരന്‍സാറ് ഇതിന്‍റെ റിവേഴ്സിലാണ് വന്നതെന്നു കാണാം. പറട്ട കൂതറ പ്രയോഗങ്ങള്‍ ഉദാഹരണം.
മോഹന്‍ലാല്‍ ഒരു മലയാളിയുടെ ജീവിതം എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിച്ചതിന്‍റെ വിശദാംശങ്ങളും ലാലേട്ടനുമുന്നില്‍ ഓശാനിച്ചു(കട്ടി അതുമതി)നിക്കുന്ന പടോംകൂടി കണ്ടാല്‍ ഏതു നാട്ടുവൈദ്യനും സാറിന്‍റെ രോഗം പെട്ടെന്ന് കണ്ടുപിടിക്കാന്പറ്റും.
സാറിന്‍റെ മറ്റു പോസ്റ്റുകള്‍ നോക്കാം.
Women in Cinema
Interview with Kohei Oguri(ഇത് കഴിക്കുന്ന എന്തോ സാധനമാണെന്നാണ് കരുതിയത്.പിന്നെ ഗൂഗിളില്‍ നോക്കിയപ്പഴാണ് നിങ്ങളെപ്പോലുള്ള നിരൂപകപ്രതിഭകള്‍ക്ക് വേണ്ടപ്പെട്ട ഉരുപ്പടിയാണെന്ന് പിടികിട്ടിയത്)
Kancheevaram and Thereafter...
Article on the ethics in TV commercials
Whats in a Name?
Lohitadas-a cloud capped star
Post Modern Cinema- a curtain raiser

ഇതുപോലുള്ള എക്സ്ട്രാ ഹൈടെന്‍ഷന്‍ ലൈനില്‍ വര്‍ക്കുചെയ്യുന്ന സാറെന്തിനാ ഈ സൂരാജിനെപ്പോലുള്ള പറട്ട കേസുകള്‍ അറ്റന്‍റു ചെയ്യുന്നത്? മുനിസിപ്പാലിറ്റീലെ ചവറ്റുകൂനയാണു സാറേ. വെറുതെ നാറ്റിക്കേണ്ട. സാറു പോയിട്ട് മറ്റൊരു എസ്ട്രാ ഹൈടെന്‍ഷന്‍ സാധനം കാച്ച്. എന്നിട്ട് അതിന് ഇങ്ങനെ തലക്കൊട്ടു കൊടുക്ക്-എയ്ഞ്ചല്‍ ജോണ്‍, പോസ്റ്റ് മോഡേണ്‍ സിലുമാക്ക് മലായാളത്തിന്‍റെ ഉദാത്ത സംഭാവന.







2 അഭിപ്രായങ്ങൾ:

പെഴ! പറഞ്ഞു...

ഇത് സാറിനു മാത്രമുള്ള രോഗമല്ല. കേരളത്തില്‍ ആയിരക്കണക്കിനാളുകള്‍ക്കുണ്ട്. ഇത് എച്ച്1 എന്‍1 പോലെ പകരുവാന്നാ കേട്ടത്. പറഞ്ഞുവന്നത് സൂപ്പര്‍ സ്റ്റാര്‍ ഫ്ലൂവിന്‍റെ കാര്യമാണ്. അതു പിടിപെട്ടാല്‍പിന്നെ വെള്ളിത്തിരയില്‍ സൂപ്പര്‍ താരങ്ങളെയല്ലാതെ മറ്റാരെയെങ്കിലും കണ്ടാല്‍ വിറയലൊണ്ടാകും. സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ പണ്ടാരമടങ്ങുകേം പറട്ടകള്‍ വിജയം നേടുകയും ചെയ്യുന്പോ തലകറക്കവും രക്തസ്രാവവും ഉണ്ടാകും.

A.Chandrasekhar പറഞ്ഞു...

read your reply post. good. congrats.
I am not a person to criticise a person who criticise me. I believe that if I can criticise others, I am also to be criticised. Am not invulnerable,Not beyond criticism. But what I have expressed is my viewpoint. If it created a difference opion in you, that created another school of thought, I think I have succeeded in my goal. I welcome all your criticisms in its sportsman spirit. Thank you