2011, ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

മനോരമേടെ ഫോര്‍മുല

എനിക്കറിയാമ്മേലാഞ്ഞിട്ടു ചോദിക്കുവാ ഈ മനോരമയ്ക്ക് ഇത് എന്നാത്തിന്‍റെ കേടാ? ഞാനും നിങ്ങളും കാശുകൊടുത്തു മേടിക്കുന്ന പത്രത്തന്‍റെ വലിയൊരു ഭാഗമത്രയും പലപ്പോഴും പരസ്യത്തിനായി തീറെഴുതി വച്ചിട്ട് കാലം കൊറെയായി. എങ്കിപ്പിന്നെ തനിക്ക് വേറേതേലും പത്രം മേടിച്ചൂകൂടേ എന്നു ചോദിക്കാന്‍ വരട്ടെ. വീട്ടീലെ മേശപ്പൊറത്തൊരു പത്രം കെടക്കുമ്പോ അത് മലയാളത്തിലെ ഏറ്റോം പ്രചാരമുള്ളതുതന്നെ ആയിക്കോട്ടേന്നു കരുതി.

പരസ്യംകൊണ്ട് ആര്‍ക്കേലുമൊക്കെ പ്രയോജനം കിട്ടുവാരിക്കുമെന്ന് ആശ്വസിച്ച് മിണ്ടാതിരിക്കുവാ. അപ്പംദേ കഴിഞ്ഞ കൊറേ ദിവസമായി പത്രമെടുത്താല്‍ ഫോര്‍മുല വണ്‍ കാറോട്ടം മാത്രേയൊള്ളൂ. ഡല്‍ഹിയില്‍ നടക്കുന്ന കാറോട്ടം എന്തോ മഹാസംഭവമാണെന്നു വരുത്തിത്തീര്‍ക്കാനൊള്ള പെടാപ്പാട്.

മലയാളികളെ കാറോട്ടം പഠിപ്പിച്ചേ അടങ്ങൂന്ന വാശി. അതിനൊള്ള ട്യൂഷന്‍ പാഠങ്ങളായിരുന്നു കൊറച്ചു ദിവസം. ഇന്നു രാവിലെ പത്രമെടുത്തു നോക്കിയപ്പോള്‍ ഡല്‍ഹിയില്‍ ഇതിലും വലുതൊന്നും സംഭവിക്കാനില്ലെന്ന മട്ടിലാണ് ഒന്നാം പേജുമുതലുള്ള ആഘോഷം.

വല്ല പൊതുവിജ്ഞാന പരീക്ഷേലും ചോദ്യം വന്നാല്‍ ശരിയുത്തരം നല്‍കാന്‍ മാത്രം മൂന്നോ നാലോ മുന്‍നിര ഡ്രൈവര്‍മാരുടെ പേര് പഠിച്ചിരിക്കുന്നതില്‍ തെറ്റില്ലെന്ന് പെഴയ്ക്ക് തോന്നുന്നു. അതിനപ്പുറം ഈ ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് നമ്മള്‍ മല്ലൂസിന് എന്നാ കാര്യം? ക്രിക്കറ്റ്, ഫുട്‌ബോള്, ബാസ്‌ക്കറ്റ്‌ബോള്, അത്‌ലറ്റിക്‌സ് തൊടങ്ങി വല്ലോമാണേല് നമ്മക്ക് എന്തേലും പ്രയോജനമുണ്ടാകുമെന്നു കരുതാം. അത്യാവശ്യം മെനക്കെട്ടാല്‍ നമ്മടെ പിള്ളാര്‍ക്കും ഇപ്പറഞ്ഞ ഇനങ്ങളിലൊക്കെ അരക്കൈ നോക്കാമ്പറ്റുകേം ചെയ്യും. പക്ഷെ, കാറോടിക്കാനെറങ്ങിയ നമ്മടെ നരേണ്‍ കാര്‍ത്തികേയന്‍റെ അവസ്ഥയെന്താ?

ഇനി അച്ചായന്‍റെ പത്രത്തിന്‍റെ ആവേശം ഏറ്റുവാങ്ങി ഏതെങ്കിലും ചെക്കന്‍ ഫോര്‍മുല വണില്‍ അരക്കൈ നോക്കിയേക്കാമെന്നുവച്ചാലോ. അവന്‍റെ അപ്പന്‍ ഒരു ശരാശരി കോടീശ്വരനാണെങ്കിലും വൈകാതെ പോക്കറ്റു കീറുമെന്നുറപ്പ്.

പിന്നെന്തിനാണ് മനോരമേടെ ഈ പെടാപ്പാട്? അധികം തെരക്കാതെ ഉത്തരം കിട്ടി. ഈ ബ്ലോക്ബസ്റ്റര്‍ പരിപാടി നിങ്ങള്‍ക്കായി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് മനോരമ കുടുംബത്തിന്‍റെ ഭാഗംതന്നെയായ എം.ആര്‍.എഫാണ്. കുടുംബയോഗം ഒരു പരിപാടി നടത്തിയാല്‍ അതിന്റെ പബ്ലിസിറ്റി ചൊമതല പൊറത്തൊരാളെ ഏപ്പിക്കുന്നത് ശരിയാണോ?

അപ്പം നമ്മള് വായനക്കാര് എന്നാ ചെയ്യും. കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ മനോരമപത്രം എടുത്തുവച്ച് ഫോര്‍മുലാ വണിനെക്കുറിച്ച് മനസ്സിരുത്തി പഠിക്കുക. ഇന്നുമുതലുള്ള പത്രത്തിലെ ത്രസിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ വായിച്ച് കോള്‍മയിര്‍ കൊള്ളുക. എന്നിട്ട് വെറുതേയിരിക്കാമ്പറ്റുവോ?. ക്രിക്കറ്റ്, ഫുട്‌ബോള്‍ ലോകകപ്പുകള്‍ നടക്കുമ്പോള്‍ നമ്മള് പാടത്തും പറമ്പിലും ലോക്കല്‍ ലോകകപ്പുകള്‍ നടത്താറില്ലേ. അതുപോലെ വീട്ടു മുറ്റത്തു കെടക്കുന്ന ആള്‍ട്ടോയോ സാന്‍ഡ്രോയോ എടുത്ത് പഠിച്ച കാര്യങ്ങള്‍ ഒന്നുകൂടി ഓര്‍മ്മിച്ച് നമ്മുടെ ഗട്ടര്‍ സര്‍ക്യൂട്ടില്‍ മിന്നലഴക് വിടര്‍ത്തുക. മൂക്കില്‍ വയ്ക്കാനുള്ള പഞ്ഞി കരുതാന്‍ മറക്കരുത്.

1 അഭിപ്രായം:

പെഴ! പറഞ്ഞു...