2010, മാർച്ച് 21, ഞായറാഴ്‌ച

മരണത്തിലും വംശഗുണം നോക്കുന്നവര്‍

കേരളത്തില്‍ വിവിധ ജാതികളും ഉപജാതികളുമായി ബന്ധപ്പെട്ട മാധ്യമങ്ങള്‍ പ്രത്യേകിച്ച് പത്രങ്ങളുണ്ട്. പക്ഷെ, അവയിലൊന്നും മരണത്തിന്‍റെയോ അപകടത്തിന്‍റെയോ വാര്‍ത്തകള്‍ ജാതിയുമായിയുടെ അക്കൗണ്ടില്‍ വെച്ചു കാച്ചുന്നത് പെഴ കണ്ടിട്ടില്ല.

കൊറച്ചു മുന്പേ തനിമലയാളം ഡോട് ഓര്‍ഗിലൂടെ തെണ്ടിനടന്നപ്പഴാണ് ബൈക്കപകടത്തില്‍ ക്നാനായ യുവാവ് മരിച്ചു എന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടത്. വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത് കോട്ടയം രൂപതയുടെ മുഖപത്രമായ അപ്നാദേശിന്‍റെ വെബ്സൈറ്റില്‍. വാര്‍ത്തയിലേക്ക് കടക്കുന്പോഴാണ് രണ്ടു പേര്‍ മരിച്ചിട്ടുണ്ട് എന്ന് മനസ്സിലാകുന്നത്. ക്നാനാനായാക്കരല്ലാത്തതുകൊണ്ട് തലക്കെട്ടില്‍ മരിച്ചവരുടെ എണ്ണത്തില്‍പോലും രണ്ടാമന് ഇടം കിട്ടിയില്ല.
ക്നാനാനായക്കാര്‍ മാത്രം വായിക്കുന്ന സൈറ്റില്‍ വായനക്കാരെ ആകര്‍ഷിക്കാന്‍, അല്ലെങ്കില്‍ ഞെട്ടിക്കാനായിരിക്കാം ക്നാനാനായ യുവാവിന് പ്രാധാന്യം കൊടുത്തുതന്നെന്നായിരിക്കും അപ്നാ ദേശിന്‍റെ സാറന്‍മാര്‍ പറയുക. പക്ഷെ, ഇതിനുവേണ്ടി മരിച്ച രണ്ടാമനെ നിഷ്കരുണം ഒഴിവാക്കിയതിന് എന്തു നീതീകരണമാണുള്ളത്?


കൂട്ടമരണങ്ങള്‍ നടന്നാല്‍ അതിലെ ഓര്‍ത്തഡോക്സുകാരുടെ എണ്ണം മാത്രമേ തലക്കെട്ടില്‍ നല്‍കൂ എന്ന് മനോരമയും സീറോമലബാറുകാരെയേ പരിഗണിക്കൂ എന്ന് ദീപികയും ജമാഅത്തെ ഇസ്ലാമി മതിയെന്ന് മാധ്യമവും ലീഗുകാര്‍ മതിയെന്ന് ചന്ദ്രികയും ആര്‍എസ്എസുകാരെയെ ഉള്‍പ്പെടുത്തേണ്ടതുള്ളൂ എന്ന് ജന്മഭൂമിയും സി.പി.എമ്മുകാരുടെ എണ്ണം മാത്രം ദേശാഭിമാനിയും നല്‍കിയാല്‍ എങ്ങനെയുണ്ടാകും?

മരിച്ച എല്ലാവരുടെയും വിധി ഒന്നാണെങ്കിലും ക്നാനായക്കാരന്‍ മാത്രമേ സ്വര്‍ഗത്തില്‍ പോകാനിടയുള്ളൂ എന്നായിരിക്കും ഇവിടെ വിവക്ഷിക്കുന്നത്. അപ്നാ ദേശ് എന്നതുകൊണ്ട് ഈ നാടിനെ മൊത്തത്തില്ലല ഉദ്ദേശിക്കുന്നതെന്നും ക്നാനായക്കാരെ മാത്രമാണെന്നും ഇപ്പം മനസ്സിലായില്ലേ.

ആത്മാഭിമാനവും വേറിട്ട സംസ്കാരവുമുള്ള ക്നാനായക്കാര്‍ വെബ്സൈറ്റ് തിരുത്താന്‍ ഇടയില്ലെങ്കിലും അങ്ങനെ തോന്നിക്കൂടായ്കയില്ലല്ലോ. അതുകൊണ്ട് സൈറ്റില്‍ വാര്‍ത്ത വന്ന പേജിന്‍റെ സ്ക്രീന്‍ ഷോട്ട് ദേ ഈവിടെ കൊടുക്കുന്നു.




2 അഭിപ്രായങ്ങൾ:

പെഴ! പറഞ്ഞു...

കൊറച്ചു മുന്പേ തനിമലയാളം ഡോട് ഓര്‍ഗിലൂടെ തെണ്ടിനടന്നപ്പഴാണ് ബൈക്കപകടത്തില്‍ ക്നാനായ യുവാവ് മരിച്ചു എന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടത്. വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത് കോട്ടയം രൂപതയുടെ മുഖപത്രമായ അപ്നാദേശിന്‍റെ വെബ്സൈറ്റില്‍. വാര്‍ത്തയിലേക്ക് കടക്കുന്പോഴാണ് രണ്ടു പേര്‍ മരിച്ചിട്ടുണ്ട് എന്ന് മനസ്സിലാകുന്നത്.

Rejeesh Sanathanan പറഞ്ഞു...

ഒരേ മതത്തില്‍ പെട്ട ആളില്‍നിന്ന് മാത്രം രക്തം ആവശ്യമുണ്ട് എന്നു പറഞ്ഞ് നല്‍കിയ പരസ്യം ഓര്‍മ്മവരുന്നു