2010, ഫെബ്രുവരി 25, വ്യാഴാഴ്‌ച

കലക്കി മോനേ ദിനേശാ...

പെഴ മോഹന്‍ലാലിന്റെ ആരാധകനല്ല. ലാലിനോടെന്നല്ല, ഒരു താരത്തോടും ഈയുള്ളവന്‌ ആരാധനയില്ല. മാത്രമല്ല, മലയാള സിനിമാ ലോകത്തെ ഗുസ്‌തിയില്‍ ഞാന്‍ തിലകന്റെ പക്ഷത്താണുതാനും.

തിലകന്‍ പറയുന്നതില്‍ ഏറിയപങ്കും പച്ചപ്പരമാര്‍ത്ഥങ്ങളാണ്‌.സൂപ്പര്‍താരങ്ങളുടെയും അവരുടെ ഏറാന്‍മൂളികളുടെയും തോന്ന്യാസങ്ങളാണ്‌ മലയാള സിനിമയില്‍ നടക്കുന്നതെന്ന്‌ അറിയാമ്മേലാത്തവര്‍ ചുരുക്കമാണ്‌. അതുകൊണ്ടുതന്നെയാണ്‌ മറ്റൊരു നായകനടനും ഇവിടെ ക്ലച്ചുപിടിക്കാത്തതെന്നത്‌ പരസ്യമായ രഹസ്യം.

ഈ കോക്കസിന്റെ കയ്യാങ്കളികളാണ്‌ മലയാള സിനിമയെ അപ്പാടെ കൊളംതോണ്ടിയത്‌. ഇവര്‍ക്കെതിരെ ഒരു ഘട്ടത്തില്‍ പോരിനിറങ്ങിയ പൃഥ്വിരാജുപോലും ഒടുവില്‍ കാലുപിടിച്ച്‌ മാപ്പുപറഞ്ഞശേഷമാണ്‌ അല്ലറചില്ലറ പടങ്ങള്‍ കിട്ടിത്തുടങ്ങിയതെന്നാണ്‌ സിനിമക്കകത്തുള്ളോരു പറയുന്നത്‌.

വാര്‍ധക്യത്തിന്റെ പടിവാതില്‍ക്കലെത്തിയിട്ടും മറ്റൊരുത്തനും ഗതിപിടിക്കരുതെന്ന്‌ വാശിയുള്ള സൂപ്പറുകളുടെയും പരിവാരങ്ങളുടെയും ലീലാവിലാസങ്ങളില്‍ പൊറുതിമുട്ടിയ പലര്‍ക്കും തിലകനൊപ്പം കൂടിയാക്കൊള്ളാമെന്നുണ്ട്‌ പക്ഷെ, കഞ്ഞികുടി മുട്ടുമെന്ന്‌ ഭയന്ന്‌ അവര്‍ ഒന്നും കണ്ടില്ലെന്നു നടിക്കുന്നു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായാലും മോഹന്‍ലാലിനെ മനസ്സുതുറന്ന്‌ അഭിനന്ദിക്കാനാണ്‌ പെഴ നീണ്ട ഇടവേളക്കുശേഷം ഈ പോസ്റ്റിടുന്നത്‌. കേരളത്തിന്റെ സാംസ്‌കാരിക സിംഹാസനത്തിന്റെ അധിപനെന്ന്‌ സ്വയം പ്രഖ്യാപിച്ച്‌ കണ്ണില്‍ കാണുന്നവരുടെയെല്ലാം മേക്കിട്ടു കേറുന്ന സുകുമാര്‍ അഴീക്കോടിന്‌ ലാലിനെപ്പോലെ ഇത്രയും വൃത്തിയായി പണികൊടുത്ത വേറൊരാളും ഇന്നാട്ടിലില്ല.

പിണറായി വിജയന്റെ കുഴലൂത്തുകാരനായതുകൊണ്ട്‌ കേരളത്തില്‍ നടക്കുന്ന എന്തിലും തനിക്ക്‌ ഇടപെടാമെന്നാണ്‌ അഴിക്കോടിന്റെ ധാരണ. സിനിമ കാണാറില്ലെന്ന്‌ അഭിമാനപൂര്‍വം പറയുന്ന ഈ മഹാന്‍ ചലച്ചിത്ര നടന്‍മാരുടെ പ്രശ്‌നത്തില്‍ ഇടപെടുന്നതിന്‌ യോഗ്യതയായി കരുതിയതും ഇതുതന്നെയായിരിക്കണം.കലയിലൂടെ ആര്‍ജിച്ച ജനപിന്തുണയുടെയും അംഗീകാരത്തിന്റെയു 50 ശതമാനം ലാല്‍ സ്വര്‍ണാഭരണശാലയ്‌ക്കുവേണ്ടി വിനിയോഗിക്കുന്നു, ലാല്‍ പ്രണയരംഗങ്ങളില്‍ അഭിനയിക്കുന്നത്‌ അരോചകമാണ്‌, സൂപ്പര്‍ താരങ്ങള്‍ ഒരു സിനിമക്കു വാങ്ങുന്ന അഞ്ചരക്കോടി രൂപ സാഹിത്യകാരന്‍ ജീവിതാവസാനംവരെ കഷ്‌ടപ്പെട്ടാലും കിട്ടില്ല, സാഹിത്യകാരന്‍ എഴുതരുതെന്ന്‌ സാഹിത്യ അക്കാദമി വിലക്കിയതുപോലെയാണ്‌ തിലകനെ വിലക്കിയത്‌ തുടങ്ങിയവയൊക്കെയായിരുന്നു അഴീക്കോടിന്റെ ആവലാതികള്‍. ഒപ്പം തിലകന്‍ പ്രശ്‌നം അടുത്ത സൂര്യോദയത്തിന്‌ മുമ്പ്‌ പരിഹരിക്കണം എന്ന മുന്നറിയിപ്പും.

മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടെയോ ദിലീപിന്റെയോ പടം റിലീസ്‌ ചെയ്യുന്ന ദിവസം തിയേറ്ററില്‍ ഇടികൊണ്ട്‌ ടിക്കറ്റെടുത്ത്‌ പടം കാണുന്ന സാധാരണക്കാരന്‍ ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞാല്‍ മനസ്സിലാക്കാം. അഴിക്കോടിന്‌ ഈ വിഷയത്തില്‍ എന്തുകാര്യം? ഇങ്ങേര്‌ ആരുവാ?

കേരളത്തിലെ സാമാന്യ ബുദ്ധിയുള്ള ജനം മുഴുവന്‍ ചിന്തിച്ചകാര്യം തുറന്നുപറയാന്‍ ധൈര്യം കാണിച്ചിടത്താണ്‌ മോഹന്‍ലാലിനെ പെഴ നമിക്കുന്നത്‌. മധ്യസ്ഥതക്കായി അഴീക്കോടിനെ ക്ഷണിച്ചിട്ടില്ലെന്നും പ്രശ്‌നങ്ങള്‍ താരസംഘനടക്കുള്ളില്‍ പരിഹരിച്ചോളാമെന്നും വ്യക്തമാക്കിയ ലാല്‍ ഒരു പടികൂടി കടന്ന്‌ താന്‍ സ്വര്‍ണക്കടയുടെ പരസ്യത്തില്‍ അഭിനയിക്കുന്നതുകൊണ്ട്‌ അഴീക്കോടിന്‌ എന്താണ്‌ വിഷമമെന്നും ചോദിച്ചു. അതുകേട്ടപ്പോള്‍ പെഴ അറിയാതെ പറഞ്ഞുപോയി-കലക്കി മോനേ ദിനേശാ!!!

ഇതൊക്കെയായാലും അഴിക്കോട്‌ നിര്‍ത്താന്‍ ഭാവമില്ല. അതിന്റെ കാരണം നടന്‍ ഇന്നസെന്റ്‌ ഇന്നു പറഞ്ഞു-പട്ടിണി കിടന്ന പിള്ളാര്‍ക്ക്‌ ചക്കക്കൂട്ടാന്‍ കിട്ടിയ അവസ്ഥയിലാണ്‌ അഴിക്കോട്‌.

വിഷമില്ലാതിരുന്നപ്പോള്‍ വീണു കിട്ടിയ വിഷയത്തില്‍, വലിയ പിടിയുള്ളതല്ലെങ്കിലും കയറിപ്പിടിച്ചിരിക്കുകയാണ്‌ ഈ കാര്‍ന്നോര്‌. ഒരു തത്വമസിയുടെ പേരിലാണ്‌ അഴിക്കോടിന്റെ അര്‍മാദമത്രയും. ഈ സാധനം കേരളത്തില്‍ എത്രപേര്‌ വായിച്ചിട്ടുണ്ട്‌? വായിച്ച എത്രപേര്‍ക്ക്‌ മനസ്സിലായിട്ടുണ്ട്‌? പിണറായി വിജയന്റെ ദാസ്യവൃത്തിക്കപ്പുറം ഇങ്ങോര്‌ ഇപ്പോള്‍ എന്ത്‌ സാംസ്‌കാരിക പ്രവര്‍ത്തനമാണ്‌ നടത്തുന്നത്‌? ലാലിനെക്കാള്‍ സുന്ദരനാണ്‌ താന്‍ എന്ന പറഞ്ഞപ്പോള്‍ അഴീക്കോട്‌ സ്വന്തം അപകര്‍ഷതാബോധത്തിന്‌ അടിവരയിടുകല്ലാരുന്നോ?അറിയാമ്പാടില്ലാഞ്ഞിട്ടു ചോദിക്കുവാ; ഇങ്ങേര്‍ക്കൊന്നും വേറൊരു പണിയുമില്ലേ?

അഴിക്കോടും ലാലും തമ്മിലുള്ള പ്രസ്‌താവന യുദ്ധത്തില്‍ മാധ്യസ്ഥവുമായി മറ്റൊരാള്‍ കൂടി രംഗത്തു വന്നിട്ടുണ്ട്‌-ജസ്റ്റീസ്‌ വി.ആര്‍. കൃഷ്‌ണയ്യര്‍. ഇനി ഒരാള്‍കൂടിയേ ഈ വിഷയത്തില്‍ ഇടപെടാനുള്ളു; സാക്ഷാല്‍ സഖാവ്‌ പിണറായി വിജയന്‍.

1 അഭിപ്രായം:

പെഴ! പറഞ്ഞു...