2011 ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

മഞ്ച് സ്റ്റാര്‍ സിംഗര്‍- ഒള്ളതു പറഞ്ഞാല്‍


ചെറ്റത്തരം കാണിക്കാം, പറയരുത് എന്നതാണ് നമ്മടെ നാട്ടിലെ കാര്യങ്ങള്‍. പ്രത്യേകിച്ചും എന്നെപ്പോലെ സമൂഹം കാര്യവായ നെലേം വെലേം കല്‍പ്പിക്കാത്തോര് മിണ്ടാന്‍ പാടില്ല. എന്നാലും ഒരുമാതിരി മറ്റേപ്പരിപാടി കണ്ടാ പറയാതിരിക്കാന്‍ പെഴയ്ക്ക് പറ്റുകേല.

നമ്മടെ നാട്ടിലെ ഏതെങ്കിലും ഒരു കല്യാണ സദ്യേടെ കാര്യം നോക്ക്. സദ്യ ഒരുക്കുന്നത് കോട്ടയത്തെ കുട്ടപ്പന്‍ ചേട്ടനോ ലോകത്തിലെ ഒന്നാം നന്പര്‍ പാചകക്കാരനോ ആകട്ടെ, കഴിച്ച് ഏന്പൊക്കോം വിട്ടു കഴിയുന്പോ എന്തേലും ഒരു കുറ്റം കണ്ടുപിടിക്കാതെ ഒരുത്തനും വീട്ടിപ്പോകത്തില്ല. കാരണം കിരാതം നമ്മടെ രക്തത്തിലൊള്ളതാണ്.

ഇതൊക്കെ പ്രബുദ്ധതയുടെ ഭാഗമാണെന്നാണ് പലരും പറയുന്നത്. എന്തിനധികം മലയാള സിനിമയിലെ പുത്തന്‍ പ്രതിഭ സന്തോഷ് പണ്ധിറ്റിന്‍റെ മേക്കിട്ടു കേറുന്നതും പെഴ പോലും കേട്ടിട്ടില്ലാത്ത തെറി അയാളെ വിളിക്കുന്നതുമൊക്കെ പ്രബുദ്ധതേടെ ഭാഗമാണല്ലോ. ഇതൊക്കെയാണേലും അവിഹിത ബന്ധങ്ങള്‍ നിറഞ്ഞാടുന്ന മെഗാ പരന്പരകള്‍ക്കും മനുഷ്യനെ വട്ടാക്കുന്ന സംഗീത റിയാലിറ്റി ഷോകള്‍ക്കും പിന്നെ രഞ്ജിനി ഹരിദാസിനെപ്പോലുള്ള അവതാരകര്‍ക്കും മാര്‍ക്കറ്റ് ഇടായാനേ പോകുന്നില്ലെന്നാണ് അനുഭവം തെളിയിക്കുന്നത്. എല്ലാത്തിനേം വിമര്‍ശിക്കുന്ന പുലികളും മുകളില്‍ ‍പറഞ്ഞ ഇനങ്ങള്‍ക്കു മുന്നില്‍ പോത്തെറച്ചി കണ്ട പൂച്ചകളെപ്പോലെ നില്‍ക്കും.

വന്നുവന്ന് ഇപ്പം സന്ധ്യയായാല്‍ സ്വന്തം വീട്ടിലോ നാട്ടിലേ വേറെതെങ്കിലും വീട്ടിലോ കേറാന്പറ്റാതായി. എങ്ങാനും ചെന്നു കേറിയാല്‍ മീണ്ടാതെ കണ്ണും മിഴിച്ച് വെടലച്ചിരീം ചിരിച്ച് ടീവിടെ മുന്നില്‍ ഇരുന്നോണം. അതുകൊണ്ട് എന്തുവേണ്ടി ? എന്നേപ്പൊലൊള്ളോര്‍ക്ക് അന്തിക്ക് ബിവറേജസ് ഷോപ്പുകളും ബാറുകളും തന്നെ ശരണം.

നമ്മടെ ജനപ്രിയ ചാനലുകാര് കഴിഞ്ഞദിവം കാണിച്ച ഒരു --- പണിയെക്കുറിച്ചാണ് പറയാന്‍ വന്നത്. മലബാര്‍ ഗോള്‍ഡില്‍ പോയി സ്വര്‍ണം മേടിക്കാന്‍ പറയുകേം പിന്നെ അത് മണപ്പുറം ഫിനാന്‍സില്‍ കൊണ്ടുപോയി പണം വയ്ക്കാന്‍ ഉപദേശിക്കുകേം പണയം വച്ച കാശ് പോക്കറ്റി കെടക്കുന്പോ വൈകിട്ടെന്നാ പരിപാടീന്ന് ചോദിക്കുകേം ചെയ്യുമെന്നാണ് മോഹന്‍ലാലിനെക്കുറിച്ച് പലരും പറയുന്ന പരാതി.

നാട്ടിലെ സര്‍വമാന തട്ടിപ്പു സ്ഥാപനങ്ങളുടെയും പരസ്യം വിളന്പുന്നത് ചാനലുകളും പത്രങ്ങളുമാണ്. എന്നിട്ട് ഈ സ്ഥാപനങ്ങള്‍ ഉഡായിപ്പാണെന്ന് തെളിയുന്പോള്‍ പത്രക്കാരും ചാനലുകാരും നേരെ മലക്കം മറിഞ്ഞിട്ട് അന്വേഷണ പരന്പരയും റിപ്പോര്‍ട്ടിംഗും തൊടങ്ങും. ഇതുള്‍പ്പെടെ മാധ്യമങ്ങള്‍ കാണിക്കുന്ന തരികിടകള്‍ ആരു പുറത്തു കൊണ്ടുവരും എന്ന് ചോദിക്കുന്നത് പൂച്ചയ്ക്കാര് മണികെട്ടും എന്നു പറയുന്നതുപോലെയാണ്. കാരണം കാര്യത്തോടടുക്കുന്പം മനോരമേം ദേശാഭിമാനീം പോലും ഭായി ഭായിയാണ്.

മഞ്ച് സ്റ്റാര്‍ സിംഗര്‍ ജൂണിയറിന്‍റെ കലാശക്കൊട്ട് കഴിഞ്ഞ ദിവസം നടന്നു.
മത്സരാര്‍ത്ഥികളെയും പ്രേക്ഷകരെയും ഉദ്വേഗത്തിന്‍റെ സൂചിത്തുന്പില്‍ മഞ്ച് സ്റ്റാ‍ര്‍ സിംഗറിന്‍റെ സ്ഥിരം അവതാരക പോരെന്നു കണ്ട് അവതാരയാകാന്‍ വേണ്ടി പിറന്നുവീണ അവതാരം രഞ്ജിനി ഹരിദാസിനെത്തന്നെ ഇറക്കി. വിജയിയെ പ്രഖ്യാപിക്കുന്ന മുഹൂര്‍ത്തം വച്ചു മൂപ്പിക്കുന്നതു കണ്ടപ്പോള്‍ പണ്ടേതോ ഒരു സിനിമേല് തേങ്ങാ എറിഞ്ഞുടച്ചാല്‍ കുറ്റം ചെയ്തവന്‍റെ തല പൊട്ടിത്തെറിക്കുമെന്ന് ആവര്‍ത്തിച്ചോണ്ടിരുന്ന പൂജാരിയുടെ പെര്‍ഫോമന്‍സില്‍ മനം മടുത്ത് ആ തേങ്ങ പിടിച്ചു വാങ്ങി ഉടയ്ക്കുന്ന കഥാപാത്രത്തെയാണ്. ടെന്‍ഷന്‍ മുഹൂര്‍ത്തം വലിച്ചുനീട്ടാന്‍ ജഗതി ശ്രീകുമാറും ജയറാമുമൊക്കെ വലിയ സംഭാവനകള്‍ നല്‍കി. കിട്ടിയ ചാന്‍സില്‍ ജഗതി കണ്‍മുന്നില്‍ വച്ചുതന്നെ രഞ്ജിനിയുടെ അവതാരക മികവിനെ പൊളിച്ചടുക്കുകയും ചെയ്തു.

പിന്നെ ജയറാം വിജയിയെ പ്രഖ്യാപിച്ചു. ആദര്‍ശ്. സ്വന്തമായി ഇതുവരെ വീടില്ലാതിരുന്ന ആദര്‍ശിന് 50 ലക്ഷത്തിന്‍റെ ഫ്ളാറ്റ്! (മുന്‍പ് പല റിയാലിറ്റി ഷോകളിലും വിജയിച്ചവര്‍ക്ക് ഫ്ളാറ്റ് തന്നെ പുലിവാലായത് മറന്നിട്ടുണ്ടാവില്ലല്ലോ. അത് പിന്നത്തെ കാര്യം) ഇനി ആദര്‍ശിന് എന്താണ് പറയാനുള്ളതെന്നാണ് ഞങ്ങള്‍ക്ക് കേള്‍ക്കേണ്ടത്(രഞ്ജിനി ഹരിദാസിന്‍റെ വക അലക്ക്). ആദര്‍ശിനൊപ്പം അമ്മയും വേദിയിലുണ്ട്.

ആദര്‍ശ് വികാരമടക്കാന്‍ പാടുപെട്ട് സംസാരിച്ചു. തന്നെ ഈ നിലയിലെത്തിക്കാന്‍ അമ്മ ഏറെ സ്ട്രഗിള്‍ ചെയ്തെന്ന് പറഞ്ഞു.
അവസാനം ഒരു കാര്യംകൂടി പറഞ്ഞു. എനിക്ക് വലിയൊരു ആഗ്രഹമുണ്ട്. എന്‍റെ പിരിഞ്ഞിരിക്കുന്ന അച്ഛനും അമ്മയും ഒന്നിക്കണം. അവര്‍ എന്‍റെ കൂടെവേണം. അച്ഛന്‍ ഇത് കാണുന്നുണ്ടാകും. ഇതു കണ്ടെങ്കിലും മനസ്സലിഞ്ഞ് അമ്മയുമൊത്ത് ജീവിക്കാന്‍ വരണം എന്ന്.
എന്‍റെ അമ്മച്ചി ഉള്‍പ്പെടെ എല്ലാരും കരഞ്ഞു. നാട്ടിലും വിദേശത്തുമുള്ള മല്ലൂസിന്‍റെ സ്വീകരണ മുറികളില്‍ വീണ കണ്ണീര് മീനച്ചിലാറ്റിലേക്ക് ഒന്നിച്ചൊഴുകിയിരുന്നെങ്കില്‍ കോട്ടയം പട്ടണം മുങ്ങിപ്പോയേനേ.

ആദര്‍ശിന്‍റെ അച്ഛനെ നമുക്ക് അറിയില്ലെങ്കിലും അദ്ദേഹം ഇതുവരെ മനസ്സലിവില്ലാത്ത ഒരാളാണെന്നു വേണം ആദര്‍ശിന്‍റെ വാക്കുകളില്‍നിന്ന് മനസ്സിലാക്കാന്‍. എന്തു തോന്നുന്നു?.
ഒരു കുടംബ പ്രശ്നം എങ്ങനെ കച്ചോടച്ചരക്കാമെന്ന് അങ്ങനെ ഏഷ്യാനെറ്റ് കാണിച്ചുതന്നു. സീരിയലിലൂടെയും മറ്റും അവിഹിത ബന്ധങ്ങളെയും വിവാഹമോചനങ്ങളെയുമൊക്കെ കാട്ടിത്തരുന്ന ചാനലിന്‍റെ മറ്റൊരു മികച്ച മാര്‍ക്കറ്റിംഗ് തന്ത്രം!



2011 ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

നാളെ ഹര്‍ത്താല്‍

നേരത്തെ പറയാതിരുന്നത് കടന്ന കയ്യായിരപ്പോയെന്ന് നിങ്ങക്ക് തോന്നുവാരിക്കും. തെരക്കു കഴിഞ്ഞപ്പഴാണ് തീരുമാനിച്ചേ.

വേറെ നിവര്‍ത്തിയില്ലാഞ്ഞിട്ടാണ്. കാളപെറ്റെന്നു കേട്ടാലൊടനെ കയറെടുക്കുന്ന കമ്യൂണിസ്റ്റുകാരുടെ എടപാട് പലടത്തും ജയിച്ചിട്ടൊണ്ടാകും പക്ഷെ ഞങ്ങടടുത്ത് നടക്കുകേല. ഉമ്മന്‍ ചാണ്ടി സാറ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട സി.പി.എമ്മുകാരുടെ ജനാധിപത്യ ധ്വംസനത്തിനെതിരെയാണ് ഈ ഹര്‍ത്താല്‍.

മനസ്സുകൊണ്ടുപോലും ഇന്നേവരെ ഒരു വേണ്ടാതീനോം ചെയ്തിട്ടില്ലാത്ത ഉമ്മന്‍ ചാണ്ടിസാര്‍ അഴിമതിക്കേസിന്‍റെ പേരില്‍ രാജിവെക്കണമെന്ന് പറയുന്നത് വെറും ജനാധിപത്യധ്വംസനം മാത്രമല്ല, ഒരിക്കലും മറക്കാനും പൊറുക്കാനും പറ്റാത്ത തെറ്റാണ്. അതുകൊണ്ടുതന്നെ പെഴയെപ്പോലെ ഉമ്മന്‍ ചാണ്ടിസാറിനെ മനസ്സിന്‍റെ രൂപക്കൂട്ടില്‍ വച്ച് നൊവേന ചൊല്ലിക്കൊണ്ടിരിക്കുന്ന അനേകായിരങ്ങള്‍ക്ക് ഹര്‍ത്താലു നടത്താതിരിക്കാന്‍ പറ്റുകേല.

ഇവരു ബഹളംവക്കാന്‍ മാത്രം ഇപ്പം എന്നാ ഒണ്ടായി? പാമോയില്‍ കേസില്‍ ഉമ്മന്‍ ചാണ്ടി സാറിനെ പ്രതിചേര്‍ക്കാന്‍ കഴിയില്ലെന്ന വിജിലന്‍സിന്‍റെ തുടരന്വേഷണ റിപ്പോര്‍ട്ട് പ്രത്യേക കോടതി തള്ളി. പാമോയില്‍ ഇടപാട് നടന്ന സമയത്ത് ധനമന്ത്രി ആയിരുന്ന സാറിന്‍റെ അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് കോടതി നിര്‍ദ്ദേശം നല്‍കി. അത്രയൊള്ളൂ. അല്ല, അത്രമാത്രേയൊള്ളൂ.


കോടതി പറഞ്ഞതു കേട്ടതും ആ വലിയ മനുഷ്യന്‍ ഇടിപിടിയോന്ന് രാജിവെക്കാനൊരുങ്ങിയെന്നു കേട്ടപ്പോ എന്നേപ്പോലുള്ള നസ്രാണീകളു മാത്രമല്ല, സകലമാന കോട്ടയംകാരടേം ചങ്കു പെടഞ്ഞു.

അയ്യോ അച്ചായാ പോകല്ലേന്നൊള്ള വിലാപവാണ് പിന്നെ മാറ്റൊലിക്കൊണ്ടത്. രമേശ് ചെന്നിത്തല പറഞ്ഞത് അച്ചുതാനന്ദന്‍ കേട്ടാരുന്നോ?നിഷ്‌കളങ്കനും നിരപരാധിയുമായ ഉമ്മന്‍ചാണ്ടിയെ പാമോയില്‍ കേസില്‍ പ്രതിചേര്‍ക്കാന്‍ ആര്‍ക്കുമാവില്ലെന്ന ചെന്നിത്തലേടെ നിഷ്കളങ്കമായ വാക്കുകള്‍ കേട്ട് എന്‍റെ ഓരോ രോമം എഴുന്നേറ്റുനിന്നു.

അതുകൊണ്ടും പോരാത്തോര്‍ക്കുവേണ്ടി കോണ്‍ഗ്രസിന്‍റെ ഹൈക്കമാന്‍ഡും പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ തെറ്റുകാരനായി കാണാനാവില്ലെന്ന്. ഇനിയിപ്പം ആരൊക്കെ ബഹളം വച്ചിട്ടെന്നാ കാര്യം. ഈ പറഞ്ഞതൊന്നും പോരെങ്കില്‍ നാട്ടിലെ ഏ അരമനേന്നോ, അങ്ങു ദൂരെ പാത്രിയാര്‍ക്കീസിന്‍റെ ആസ്ഥാനത്തൂന്നോ അച്ചായന്‍റെ നിഷ്കളങ്കത കണ്‍ഫേം ചെയ്യിക്കാം.

ഭരണത്തിലിരിക്കുന്നവര്‍ക്കെതിരെ ആരോപണം വന്നാല്‍, സംശയം ഉയര്‍ന്നാല്‍, അന്വേഷണം ഉണ്ടായാല്‍ രാജിവെക്കണമെന്നു പറയുന്നത് ഒരു പതിവ് സ്റ്റൈലാണ്. പക്ഷെ, ഉമ്മന്‍ ചാണ്ടി സാര്‍ വെറുമൊരു ഭരണകര്‍ത്താവല്ല. നിഷ്കളങ്കനും സര്‍വസംഗപരിത്യാഗിയും വിനീതനും അഗ്നിശുദ്ധി തെളിയിച്ചയാളും സ്വര്‍ഗത്തില്‍നിന്ന് നേരിട്ടയച്ച സ്വഭാവസര്‍ട്ടിഫിക്കറ്റുള്ളയാളും പാവങ്ങളുടെ പടത്തലവനും അങ്ങനെ ഒരുപാട് സംഭവങ്ങളാണ്.

അങ്ങനെയുള്ള ഒരാള്‍ രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ക്കെതിരെ എങ്ങനെ പ്രതികരിക്കാതിരിക്കും?. ഏതായാലും നാളെ രാവിലെ ഷോപ്പുകടെ ഷട്ടര്‍ പൊക്കുന്പം ഞങ്ങടെ ഹര്‍ത്താല് തൊടങ്ങും. എല്ലാ ബാറുകളുടെയും രാത്രി കൗണ്ടര്‍ പൂട്ടുംവരെ നീണ്ടു നില്‍ക്കും. പിന്നെ ചുരുണ്ടു കെടക്കും.




സൂപ്പര്‍താരങ്ങളുടെ ഫാന്‍സ് വായിച്ചറിയാന്‍


പരാജയം ഞങ്ങള്‍ക്ക് പ്രശ്‌നമല്ല

കടപ്പാട് - രാഷ്ട്രദീപിക സിനിമ
ആരാണ് ഇവിടെ സൂപ്പര്‍താരം. സ്വന്തം സിനിമകളെ ഒറ്റക്ക് വിജയിപ്പിക്കാന്‍ ശേഷിയുള്ള വന്‍ ഇന്‍ഷ്യല്‍ കളക്ഷന്‍ സ്വന്തമാക്കാന്‍ കഴിവുള്ള താരമാണ് സൂപ്പര്‍താരമായി മാറുന്നത്. അങ്ങനെയെങ്കില്‍ മോഹന്‍ലാലും മമ്മൂട്ടിയും തന്നെയാണ് കാലങ്ങളായി സൂപ്പര്‍താര പദവിക്ക് അര്‍ഹരെന്ന് മലയാള സിനിമ എന്നും പറയുന്നു. മലയാളത്തില്‍ മൂന്നു പതിറ്റാണ്ടായി ഏറ്റവും വലിയ മാര്‍ക്കറ്റുള്ളത് എപ്പോഴും മമ്മൂട്ടിയുടെയും ലാലിന്റെയും സിനിമകള്‍ക്ക് തന്നെയാണെന്ന് വിലയിരുത്തപ്പെടുന്നു. കൊമേഴ്‌സ്യല്‍ സിനിമക്കൊപ്പം അക്കാദമിക് സിനിമയുടെ ഉയരങ്ങളിലും ഇവര്‍ എത്തിയതോടെ മമ്മൂട്ടിയും ലാലും മലയാള സിനിമയുടെ മുഖമുദ്രയായി മാറി.

മമ്മൂട്ടിയും മോഹന്‍ലാലുമാവാന്‍ മറ്റൊരാള്‍ക്കും കഴിയില്ല എന്നാണ് എപ്പോഴും ചലച്ചിത്രലോകം പറയുന്നത്.
എന്നാല്‍ സമീപകാല മലയാള സിനിമയെ ശ്രദ്ധിച്ചാല്‍ ഈ അഭിപ്രായം പാടേ മാറ്റേണ്ടി വരും. സമീപകാല മലയാള സിനിമയില്‍ തങ്ങളുടെ വിജയങ്ങളുടെ കണക്ക് നോക്കിയാല്‍ മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍താരങ്ങളാണോ എന്ന് അവര്‍പോലും സ്വയം ചോദിക്കും. തിയേറ്ററില്‍ സിനിമ വിജയിക്കുന്നതുകൊണ്ടല്ല ഇന്നത്തെ സൂപ്പര്‍താരപദവി.

മുപ്പത് തീയേറ്ററുകളില്‍ നൂറു ദിവസം തികച്ച സൂപ്പര്‍താര ചിത്രം ചൂണ്ടിക്കാണിക്കാന്‍ പറഞ്ഞാല്‍, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ അങ്ങനെയൊന്ന് സംഭവിച്ചിട്ടേയില്ല.
അപ്പോള്‍ പിന്നെ ഇന്നത്തെ സൂപ്പര്‍താര പദവിയുടെ മാനദണ്ഡങ്ങള്‍ ഇങ്ങനെ പോകുന്നു -

ഏറ്റവും കുടുതല്‍ ഫാന്‍സ് അസോസിയേഷനുകള്‍ കന്യാകുമാരി മുതല്‍ കാസര്‍ഗോഡ് വരെ സ്വന്തം പണച്ചെലവില്‍ സംഘടിപ്പിക്കുക.

സ്വന്തം സിനിമകള്‍ റിലീസാകുമ്പോള്‍ സ്വന്തം ഫാന്‍സുകരെ വെച്ച് ചെണ്ടമേളം, തായമ്പക, ഫിലിംപെട്ടി ആനപ്പുറത്ത് എഴുന്നെള്ളിപ്പ്, പാലഭിഷേകം എന്നിവ എത്ര പണമുടക്കിയും നിര്‍ബന്ധമായും ചെയ്യുക.

ഏറ്റവും കുടുതല്‍ പരസ്യചിത്രങ്ങളില്‍ അഭിനയിക്കുക.

തൊട്ടതിനും പിടിച്ചതിനും ബ്രാന്‍ഡ് അംബാസിഡറാകുക.
തന്റെ സിനിമയുടെ സംവിധായകരെയും, എഴുത്തുകാരെയും കൊണ്ട് ചാനലുകളില്‍ തനിക്കു വേണ്ടി വായ്ത്താരി പാടിക്കുക. (ഇതൊരുപക്ഷെ സൂപ്പര്‍താരങ്ങള്‍ പറഞ്ഞു ചെയ്യിക്കുന്നതല്ല. ഡേറ്റ് കിട്ടാന്‍ സംവിധായകരും, എഴുത്തുകാരും സ്വയം ചെയ്യുന്നതാവാനും മതി.)

എല്ലാത്തിനുമൊടുവില്‍ ചാനലുകള്‍ വന്നിരുന്ന് സ്വന്തം വിരഗാഥകള്‍ വേണ്ടുവോളം പ്രസംഗിക്കുക.

ഇത്രയൊക്കെ ഭംഗിയായി നിര്‍വഹിച്ചാല്‍ മലയാള സിനിമയില്‍ സൂപ്പര്‍താരമാവാം.
മമ്മൂട്ടിയും, മോഹന്‍ലാലും, സുരേഷ് ഗോപിയുമൊക്കെ ഈ ഗിമ്മിക്കുകളില്ലാതെ ഒരുകാലത്ത് സൂപ്പര്‍താരങ്ങളായവരാണ്. പക്ഷെ ഇന്ന് മമ്മൂട്ടിയുടെയും ലാലിന്റെയുമൊക്കെ വഴി മുകളില്‍ പറഞ്ഞ ഗിമ്മിക്കുകള്‍ തന്നെയാണ്. പുത്തന്‍തലമുറ ഏതാണ്ട് പൂര്‍ണ്ണമായും ഈ ഗിമ്മിക്കുകള്‍ വഴി സൂപ്പര്‍താര പദവിയിലേക്ക് സ്വയം അവരോധിക്കുന്നു.

സത്യത്തില്‍ ചാനല്‍ അഭിമുഖങ്ങള്‍ വഴിയും വല്ലപ്പോഴും വീണു കിട്ടുന്ന വിജയങ്ങളുടെയും പേരിലാണ് ഇപ്പോള്‍ നമ്മുടെ ഈ സൂപ്പര്‍താരങ്ങള്‍ പിടിച്ചു നില്‍ക്കുന്നത് (മറ്റുള്ളവരും വ്യത്യസ്തരല്ല.)


നിലവില്‍ നാല് വമ്പന്‍ പരാജയങ്ങളുടെ നടുവിലാണ് മമ്മൂട്ടി എന്ന സൂപ്പര്‍താരം നില്‍ക്കുന്നത്. ആഗസ്റ്റ് 15, ഡബിള്‍സ്, ദി ട്രെയിന്‍, ബോംബെ മാര്‍ച്ച് 12 എന്നി നാല് മമ്മൂട്ടി ചിത്രങ്ങളാണ് തുടര്‍ച്ചയായി തിയേറ്ററില്‍ പരാജയപ്പെട്ടത്. 2011 ല്‍ മമ്മൂട്ടിക്ക് അവകാശപ്പെടാന്‍ ഒറ്റ വിജയ ചിത്രം പോലുമില്ല. എന്നിട്ടും മമ്മൂട്ടി സൂപ്പര്‍താരം തന്നെയായി തുടരുകയും ചെയ്യുന്നു. പരാജയങ്ങളുടെ എണ്ണം കുടുമ്പോള്‍ അഭിനയിക്കുന്ന സിനിമകളുടെ എണ്ണവും കൂടുന്നു എന്ന വിരോധാഭാസമാണ് മമ്മൂട്ടിയുടെ കാര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

2010- ല്‍ ആറ് ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി തീയേറ്ററിലെത്തിയത്. ഇതില്‍ ബെസ്റ്റ് ആക്ടര്‍, പ്രാഞ്ചിയേട്ടന്‍, പോക്കിരിരാജ എന്നീ ചിത്രങ്ങള്‍ വിജയങ്ങളായപ്പോള്‍, പ്രമാണി, യുഗപുരുഷന്‍, ദ്രോണ എന്നീ ചിത്രങ്ങള്‍ വമ്പന്‍ പരാജയങ്ങളാണ് ഏറ്റുവാങ്ങിയത്. ദ്രോണ, പ്രമാണി, ഡബിള്‍സ്, ആഗസ്റ്റ് 15 തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മാണ ചിലവിന്റെ പകുതി പോലും തിരിച്ചു പിടിച്ചില്ല. അപ്പോള്‍ ഈ സിനിമകള്‍ നിര്‍മ്മിച്ച പ്രൊഡ്യൂസറുടെ അവസ്ഥ ഊഹിക്കാവുന്നത് മാത്രമേയുള്ളു. ഇനി മറ്റൊരു കൗതുകം ദ്രോണ എന്ന സിനിമ പരാജപ്പെട്ടപ്പോള്‍ നിര്‍മ്മാതാവിനുണ്ടായ ഭീകര നഷ്ടം പരിഹരിക്കാന്‍ വേണ്ടിയാണ് ആഗസ്റ്റ് 15 നിര്‍മ്മിച്ചത്. മമ്മൂട്ടി തന്നെ മുന്‍കൈയ്യെടുത്ത് നിര്‍മ്മാതാവിനെ സഹായിക്കാന്‍ തയാറാക്കിയ പ്രോജക്ട്. എന്നിട്ടോ, ദ്രോണയേക്കാള്‍ വലിയ നഷ്ടമായി ആഗസ്റ്റ് 15.

നിര്‍മ്മാതാവിനെ രക്ഷിക്കാന്‍ ഡേറ്റ് കൊടുത്തു എന്നു പറഞ്ഞ് മേനി നടിക്കുന്ന സമയത്ത് മമ്മൂട്ടി എസ്.എന്‍ സ്വാമി എഴുതിവെച്ച തിരക്കഥ ശ്രദ്ധിച്ചൊന്നു വായിച്ചിരുന്നെങ്കില്‍ ആഗസ്റ്റ് 15 മലയാള സിനിമ കണ്ട ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി മാറില്ലായിരുന്നു. (സി.ബി.ഐയുടെ അഞ്ചാം ഭാഗം എസ്.എന്‍ സ്വാമി എഴുതുന്നു എന്നൊരു വാര്‍ത്തയുണ്ട്. അതൊക്കെ എന്താകുമോ എന്തോ?)


കഴിഞ്ഞ മാസം മമ്മൂട്ടിയുടെ ബോംബെ മാര്‍ച്ച് 12 എന്ന ചിത്രവും സലിംകുമാറിന്റെ അവാര്‍ഡ് നേടിയ ചിത്രവുമായ ആദാമിന്റെ മകന്‍ അബുവും ഒരുമിച്ച് റിലീസ് ചെയ്യാനൊരുങ്ങുന്നു. ഉടനെ മമ്മൂട്ടിയിലെ ചലച്ചിത്രസ്‌നേഹി ഉണര്‍ന്നു. ഈ രണ്ടു സിനിമകളും ഒരുമിച്ച് റിലീസ് ചെയ്താല്‍ കേരളത്തിലെ പ്രേക്ഷകര്‍ മുഴുവന്‍ എന്റെ സിനിമയ്ക്ക് വരും. അതുകൊണ്ട് എന്റെ സിനിമ ഒരു ആഴ്ച കൂടി കഴിഞ്ഞേ റിലീസ് ചെയ്യു എന്ന് മമ്മൂട്ടി പ്രഖ്യാപിച്ചു. പക്ഷെ ആദാമിന്റെ മകന്‍ അബുവിന് ഒരാഴ്ച ശേഷം റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ആദാമിന്റെ മകന്‍ അബുവിനും മുമ്പേ തീയേറ്ററില്‍ നിന്നും പുറത്തായി. അബുവിന് എത്തിയതിന്റെ പകുതി ആളുകള്‍ പോലും ബോംബെ മാര്‍ച്ച് കാണാന്‍ തിയേറ്ററിലെത്തിയില്ല.

സൂപ്പര്‍താരങ്ങളെന്ന് പറയുമ്പോഴും പടം മോശമാണെങ്കില്‍ ന്യായമായൊരു ഇനിഷ്യല്‍ പോലും ഇവര്‍ക്ക് ലഭിക്കുന്നില്ല.
2009ലും പരാജയങ്ങളുടെ കാര്യത്തില്‍ മമ്മൂട്ടി ഒട്ടും പിന്നിലല്ല. ലവ് ഇന്‍ സിങ്കപ്പോര്‍ എന്ന മമ്മൂട്ടി ചിത്രം ആ വര്‍ഷം കണ്ട ഏറ്റവും വലിയ പരാജയമായി. തുടര്‍ന്നെത്തിയ ഈ പട്ടണത്തില്‍ ഭൂതം പരാജയം. പിന്നീടെത്തിയ ഡാഡികൂളും പരാജയം. തുടര്‍ന്ന് ലൗഡ്‌സ്പീക്കര്‍, പഴശ്ശിരാജ എന്നീ ചിത്രങ്ങള്‍ വിജയങ്ങളായി. മെച്ചപ്പെട്ട കഥയും ടെക്‌നീഷ്യന്‍സുമൊക്കെ വന്നപ്പോള്‍ സിനിമ വിജയിച്ചു എന്നും പറയാം. എന്നാല്‍ വര്‍ഷത്തിന്റെ അവസാനം കാര്യങ്ങള്‍ പഴയപടിയായി. ചട്ടമ്പിനാട് എന്ന സിനിമ 'സൂപ്പര്‍ പരാജയം'. 2008ല്‍ പരുന്ത്, മായാബസാര്‍, രൗദ്രം, നസ്രാണി തുടങ്ങിയ വമ്പന്‍ പരാജയങ്ങള്‍ മമ്മൂട്ടി സമ്മാനിച്ചപ്പോള്‍ അണ്ണന്‍ തമ്പി എന്ന ഒറ്റചിത്രത്തിന്റെ വിജയത്തിലാണ് മമ്മൂട്ടി സൂപ്പര്‍സ്റ്റാര്‍ പദവി നിലനിര്‍ത്തിയത്.

ഇതിന്റെയും പിറകിലേക്ക് പോയാല്‍ പ്രജാപതി, ഭാര്‍ഗവചരിതം പോലുള്ള മെഗാസൂപ്പര്‍ പരാജയങ്ങള്‍ കാണാം. അതുകൊണ്ടു തന്നെ ഇതിന് പിന്നിലേക്ക് കടക്കുന്നില്ല.

മോഹന്‍ലാല്‍ ഒറ്റക്ക് ആളെ തീയേറ്ററിലെത്തിക്കില്ല എന്ന് മോഹന്‍ലാലിന് പോലും തോന്നിത്തുടങ്ങിയിരിക്കുന്നു എന്നതാണ് സത്യം. അതുകൊണ്ടാവണം ഈ വര്‍ഷം ലാല്‍ അഭിനയിച്ച രണ്ട് ചിത്രങ്ങളും മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളായിരുന്നു. ക്രിസ്ത്യന്‍ബ്രദേഴ്‌സും, ചൈനാ ടൗണും. സിനിമയെന്ന നിലയില്‍ ഈ രണ്ടു ചിത്രങ്ങളെയും കൂട്ടാതിരിക്കുകയാണ് ഭേദം. താരങ്ങളെ ലോറിയില്‍ കൊണ്ട് ഇറക്കുമതി ചെയ്തിട്ടും ചൈനൗടൗണ്‍ തീയേറ്ററില്‍ നാട്ടുകാര്‍ കൂവിപൊളിച്ചു.
കഴിഞ്ഞവര്‍ഷം റിലീസ് ചെയ്ത ജനകന്‍, അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്, കാണ്ഡഹാര്‍ എന്നീ ചിത്രങ്ങള്‍ വമ്പന്‍ പരാജയങ്ങളായി. ഒരുനാള്‍ വരും, ശിക്കാര്‍ എന്നീ ചിത്രങ്ങള്‍ വിജയങ്ങളാണെന്ന് മോഹന്‍ലാലിന്റെ സുഹൃത്തുക്കള്‍ കൂടിയായ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നുണ്ട്, അത് വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും. അലക്‌സാണ്ടര്‍ ദി ഗ്രേറ്റ് എന്ന ചിത്രം 2000നു ശേഷം മലയാളത്തിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായിരുന്നു.

2009ല്‍ റെഡ് ചില്ലീസ്, ഭഗവാന്‍, ഏയ്ഞ്ചല്‍ ജോണ്‍, സാഗര്‍ ഏലിയാസ് ജാക്കി എന്നീ നാല് പരാജയങ്ങളാണ് മോഹന്‍ലാലിന്റെ സംഭാവന. ഭ്രമരം, ഇവിടം സ്വര്‍ഗമാണ് എന്നീ സിനിമകളാണ് വിജയ ചിത്രങ്ങളായത്. 2008ല്‍ പകല്‍നക്ഷത്രങ്ങള്‍, കുരുക്ഷേത്ര, ആകാശഗോപുരം, മിഴികള്‍ സാക്ഷി, കോളജ് കുമാരന്‍ എന്നീ സൂപ്പര്‍ പരാജയങ്ങളാണ് മോഹന്‍ലാലിന്. ഇന്നത്തെ ചിന്താവിഷയവും, മാടമ്പിയുമാണ് വിജയങ്ങളെന്ന് മോഹന്‍ലാലിന്റെ അടുപ്പക്കാര്‍ അവകാശപ്പെടുന്ന ചിത്രങ്ങള്‍. ഇവയും ഒരു മികച്ച മോഹന്‍ലാല്‍ ഹിറ്റെന്ന് പറയാന്‍ യാതൊരു സാധ്യതയുമില്ല. ഇതിനും പിന്നിലേക്ക് പോയാല്‍ ഫ്‌ളാഷും, അലിഭായിയും പോലുള്ള ചിത്രങ്ങള്‍ പിന്നെയും പരാജയ കഥകള്‍ പറയും.


പക്ഷെ പരാജയങ്ങള്‍ എത്ര സംഭവിച്ചാലും ഇടക്ക് വീണു കിട്ടുന്ന ഒരു വിജയത്തില്‍ സൂപ്പര്‍താര പദവി സൂപ്പര്‍താര പദവി നിലനിര്‍ത്താന്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും കഴിയുന്നു. (ഇത് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മാത്രം കാര്യമല്ല. സൂപ്പര്‍സ്റ്റാര്‍ എന്നു മേനി പറയുന്ന മിക്കവരുടെയും അവസ്ഥ ഇങ്ങനെ തന്നെയാണ്) സൂപ്പര്‍താര സിനിമകള്‍ പോലും മിനിമം ഗ്യാരണ്ടിയില്ലാതെ പരാജയങ്ങളായി തുടങ്ങിയപ്പോള്‍ പണ്ട് സിനിമകള്‍ നിര്‍മ്മിച്ചവരില്‍ പലരും കളമൊഴിഞ്ഞു പോയി. നിര്‍മ്മാണ കമ്പനികള്‍ പലതും പൂട്ടിപ്പോയി. ഈ സ്ഥാനത്ത് യാതൊരു കഴമ്പുമില്ലാത്ത വെറും തട്ടിക്കൂട്ട് ബിഗ് ബജറ്റ് ചിത്രങ്ങള്‍ ചെയ്യുന്ന നിര്‍മ്മാതാക്കളെയാണ് സംശയത്തോടെ നോക്കിക്കാണേണ്ടത്.

എവിടെ നിന്നാണ് വീണ്ടും വീണ്ടും പരാജയ ചിത്രങ്ങളെടുക്കാനും സൂപ്പറുകളെ നായകന്‍മാരാക്കാനും ഈ നിര്‍മ്മാതാക്കള്‍ക്ക് പണം ലഭിക്കുന്നത്. നാല് കോടി ഇറക്കിയപ്പോള്‍ ഒന്നരക്കോടി പോലും തിരിച്ചു പിടിക്കാന്‍ കഴിയില്ലെന്ന് ഉറപ്പുള്ളപ്പോള്‍ ഈ നിര്‍മ്മാതാക്കള്‍ എവിടെ നിന്നും പണമിറക്കുന്നു. ഈ പണത്തെക്കുറിച്ചാണ് ആദായ നികുതി വകുപ്പ് ആന്വേഷിക്കേണ്ടത്.
സൂപ്പറുകള്‍ സിനിമകള്‍ ഇങ്ങനെ പരാജയപ്പെടുമ്പോഴും എങ്ങനെയാണ് പിന്നെയും മോഹന്‍ലാലിനും മമ്മൂട്ടിക്കും സിനിമകള്‍ ലഭിക്കുന്നത്. ഏത് മോശം പടവും താരങ്ങളുടെ തലയെണ്ണി വാങ്ങുന്ന ചാനലുകള്‍ നല്‍കുന്ന സാറ്റലൈറ്റ് റൈറ്റ് തന്നെയാണ് സൂപ്പര്‍താരങ്ങളുടെ പിടിവള്ളി. പക്ഷെ ഇതുകൊണ്ടു മാത്രം നിര്‍മ്മാതാവ് രക്ഷപെടുന്നില്ലല്ലോ. സാറ്റ് ലൈറ്റ് റൈറ്റ് അതുപോലെ തന്നെ താരത്തിന് നല്‍കണം. പിന്നെയും കോടികള്‍ മുടക്കണം സിനിമ തീരാന്‍. എന്നിട്ടും ചിലര്‍ ഇവിടെ സിനിമകള്‍ നിര്‍മ്മിച്ചുകൂട്ടുമ്പോള്‍ ഈ സിനിമകള്‍ക്ക് പിന്നിലെ സാമ്പത്തിക സ്രോതസ് എങ്ങനെയെന്ന് അന്വേഷിക്കേണ്ടതുണ്ട്.

ഒരുപക്ഷെ ഈ അന്വേഷണമാവും ഇപ്പോള്‍ ഇന്‍കംടാക്‌സ് വകുപ്പ് നടത്തുന്നത്.
തീര്‍ച്ചയായും കള്ളപ്പണം മലയാള സിനിമയില്‍ ഒഴുകുന്നുണ്ട് എന്നത് ഒരു യാഥാര്‍ഥ്യം തന്നെ. സിനിമയിലുള്ളവര്‍ തന്നെ പലപ്പോഴും ഇത് തുറന്നു പറഞ്ഞിട്ടുള്ളതാണ്. ബോളിവുഡിലും തമിഴകത്തും കോര്‍പ്പറേറ്റുകള്‍ സിനിമാ വ്യവസായം ഏറ്റെടുത്തപ്പോള്‍ ചെറിയ ഇന്‍ഡസ്ട്രികളിലേക്കാണ് കള്ളപ്പണമിറക്കുന്നവര്‍ നോട്ടമിട്ടത്. അങ്ങനെയാവണം പരാജയ സിനിമകള്‍ തുടര്‍ച്ചയായി പടച്ചുവിടാനുള്ള പണം മലയാള സിനിമക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

2011 ജൂലൈ 23, ശനിയാഴ്‌ച

മമ്മൂട്ടിയുടെ കാറ്റാടിയന്ത്രം


ബെര്‍ളിച്ചായനെ വിമര്‍ശിച്ചാല്‍ വിമര്‍ശിക്കുന്നവന്‍ അറിയും എന്നാണ് പൊതുവേയൊള്ള വെപ്പ്. ഞാന്‍ അച്ചായന്‍റെ ആരാധകനാണെങ്കിലും ഒള്ളത് ഒള്ളതുപോലെ പറയും. ഏറ്റവും പുതിയ പോസ്റ്റ്മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും വീട്ടില്‍ നടന്ന ആദായാനികുതി റെയ്ഡിനെക്കുറിച്ചാണ്.

പോസ്റ്റിനൊപ്പമിട്ട കമന്‍റാണ് ഇത്. അത് അവിടെ വെളിച്ചം കാണുവെന്ന് ഒറപ്പില്ലാത്തോണ്ടാണ് ഇവിടെ ഇട്ടേക്കാവെന്നു വച്ചത്.നമ്മടെ വീട്ടിലിരുന്ന് ആരേക്കുറിച്ചു പറയാനും അനുവാദം മേടിക്കണ്ടല്ലോ.

അച്ചായന്‍റെ മോളി ലിങ്ക് കൊടുത്തേക്കുന്ന പോസ്റ്റിന് പലരും കമന്‍റിട്ടേക്കുന്ന കണ്ടു. എനിക്കു തോന്നിയത് മമ്മൂട്ടിടേം മോഹന്‍ലാലിന്‍റേം വീട്ടില്‍ നടന്ന റെയ്ഡ് വല്യ കാര്യവില്ലാത്ത കേസാണെന്നു വരുത്താനുള്ള നിക്കവാണ് ഈ പോസ്റ്റെന്നാണ്.

അതിന് കാരണമുണ്ട് . ബെര്‍ളിച്ചായന്‍ അടിസ്ഥാന പരമായി ഒരു മമ്മൂട്ടി കാറ്റാടിയന്ത്രമാണ്(ഫാന്‍ എന്നു പറഞ്ഞാല്‍ ചെറുതായി പോകുമെന്നു കരുതിയാണ്.) സംശയമുള്ളവര്‍ക്ക് ദേ അച്ചായന്‍റെ ഈ പോസ്റ്റോഅല്ലെങ്കില്‍ ഈ പോസ്റ്റോ നോക്കാം. അതും കഴിഞ്ഞ് ക്ഷമ മിച്ചമൊണ്ടേല്‍ പോയി പണ്ട് ഈ കാറ്റാടിയന്ത്രത്തെക്കുറിച്ച് പെഴയിട്ട ഒരു പോസ്റ്റ് ഇവിടെ കെടപ്പുണ്ട്. അതും വായിക്കാം.

തങ്കപ്പന്‍റെ അറയില് കൂളിഗ് ഗ്ലാസും ഗാഡ്ജെറ്റും ക്യാമറയും പിന്നെ ആപ്പിള്‍ ഐ ഫോണും കണ്ടെത്തിയ ബെര്‍ളിച്ചായന്‍ കുട്ടപ്പനെ പെണ്ണ് പിടിയനും കോഴിയും വെടിയും ഒക്കെ ആക്കിയെന്ന് നേരത്തെ ഇവിടെ കമന്‍റിട്ട ഒറാലു പരാതി പറയുന്നകേട്ടു. അതിന്‍റെ കാരണവും ഇപ്പം എല്ലാര്‍ക്കും മനസ്സിലായിക്കാണും.

താരങ്ങളുടെ ഡിമാന്‍റുകള്‍ കേട്ടു മടുത്തവരോ അവരെ വച്ച് പടം പിടിച്ച് കളസം കീറിയവരോ ആയ നിര്‍മാതാക്കളോ മറ്റു താരങ്ങളോ അങ്ങനെ ആരെങ്കിലും ഒറ്റിയിട്ടാണേലും അല്ലേലും ഇന്‍കം ടാക്സുകാരുടെ നടപടിയെ വിമര്‍ശിക്കേണ്ട കാര്യവൊണ്ടെന്ന് തോന്നുന്നില്ല. അവര്‍ ടാക്സ് കൃത്യമായി കൊടുക്കുന്നോരാണെങ്കില്‍ പിന്നെ പേടിക്കാനെന്തിരിക്കുന്നു? താരങ്ങളെ പറഞ്ഞിട്ടു കാര്യവില്ല. അവരുടെ എല്ലാ കാര്യത്തനും അവരേക്കാള്‍ ആവേശവും ധാര്‍മിക രോഷവും ഫാനുകള്‍ക്കും കാറ്റാടിയന്ത്രങ്ങള്‍ക്കുമല്ലേ?.

2010 ജൂലൈ 1, വ്യാഴാഴ്‌ച

ശ്രീമതി ശ്രീമതി ജയജയ!!!!!

സ്ഥിരമായി സല്‍സയടിക്കുന്ന എന്റെ കൂട്ടുകാരന്‍ ചെമ്പുങ്കലെ സണ്ണി പണ്ട്‌ അളിയന്‍ കൊടുത്ത സ്‌കോച്ച്‌ വിസ്‌കി അടിച്ചതുപോലെയാണ്‌ കേരളത്തിലെ സഖാക്കള്‍ക്ക്‌ അമേരിക്കേന്നു പറഞ്ഞാല്‍. നില്‍ക്കുന്ന നില്‍പ്പില്‍ ശര്‍ദ്ദിയും വയറിളക്കവും ഒന്നിച്ചു നടത്തും.ഉറക്കത്തില്‍പോലും സാമ്രാജ്യത്ത്വത്തിനെതിരായ മുദ്രാവാക്യം മുഴക്കുന്ന അവര്‍ക്ക്‌ അങ്ങനെയുണ്ടായില്ലേലേ അത്ഭുതമുള്ളൂ. സി.പി.എമ്മിന്റെ തെറി ഇത്രേം കേട്ടിട്ടൊള്ള മറ്റൊരു രാജ്യോമൊണ്ടാവില്ലെന്നാണ്‌ പെഴയ്‌ക്കു തോന്നുന്നത്‌. എന്തിനധികം പറയണം, ലോകകപ്പ്‌ ഫുട്‌ബോളില്‍ അമേരിക്ക ജയിക്കുന്നതിനെക്കുറിച്ച്‌ ഓര്‍ക്കാന്‍പോലും പറ്റത്തില്ലെന്നല്ലേ നമ്മടെ ബേബിസഖാവ്‌ കുറച്ചുദിവസം മുമ്പ്‌ പറഞ്ഞത്‌.

അമേരിക്ക പ്രീക്വാര്‍ട്ടറില്‍ എത്താതിരിക്കാന്‍ അദ്ദേഹം മാര്‍ക്‌സ്‌, എംഗല്‍സ്‌ തുടങ്ങിയ സ്വര്‍ഗവാസികളുടെയും കെ.ഇന്‍.കുഞ്ഞഹമ്മദ്‌, പി.കെ. പോക്കര്‍ തുടങ്ങി ജീവിക്കുന്ന വിശുദ്ധരുടെയും മാധ്യസ്ഥ്യം തേടിയതിന്റെ ഗുണം കണ്ടില്ലേ? കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അമേരിക്കയിലേക്ക്‌ ഒരു വിമാനടിക്കറ്റ്‌ ആരെങ്കിലും വച്ചുനീട്ടിയാല്‍ സഖാക്കള്‍ രാപ്പകല്‍ ഉരുവിടുന്നതെല്ലാം വിഴുങ്ങും. പിന്നെ യാങ്കി എന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ അതെന്താണ്‌ വല്ല പലഹാരവുമാണോ എന്ന്‌ ചോദിക്കും. അമേരിക്കയില്‍ പോയി സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി, മൃഷ്‌ടാന്നം കഴിച്ച്‌, കാഴ്‌ച്ചകളും കണ്ട്‌ ചെക്കായും ഓഫറായും കിട്ടുന്ന സംഭാവനേം വാങ്ങി വരുന്നതുവരെ സാമ്രാജ്യത്വ വിരോധത്തിനും ഇറാഖിനെയും ഫലസ്‌തീനെയുമൊക്കെച്ചൊല്ലിയുള്ള വിലാപത്തിനും അവധി. ഉളുപ്പില്ലായ്‌മ എന്നാല്‍ എന്ത്‌ എന്ന്‌ ഇപ്പം മനസ്സിലായോ?

ഏറ്റവുമൊടുവില്‍ അമേരിക്കയിലേക്ക്‌ പറന്നിരിക്കുന്നത്‌ നാടിന്റെ ആരോഗ്യത്തിന്റെ കാവലാളായ ശ്രീമതി മാഡമാണ്‌. അതും പകര്‍പ്പനി ബാധിച്ച്‌ നരകിക്കുന്ന ആയിരങ്ങളെ കൊഞ്ഞനം കാണിച്ചിട്ട്‌. കാന്‍സര്‍ ചികിത്സയിലെ നൂതന സാങ്കേതികവിദ്യ നാട്ടിലേക്ക്‌ കൊണ്ടുവരുന്നതിനാണ്‌ മാഡം പാടുപീഡകള്‍ സഹിച്ച്‌ അമേരിക്കയിലേക്ക്‌ പോയതെന്ന്‌ സര്‍ക്കാര്‍ പറയുന്നു. അമേരിക്കന്‍ മലയാളി സംഘനടയായ ഫൊക്കാനയുടേതുള്‍പ്പെടെ മറ്റു പല സ്വകാര്യ പരിപാടികളിലും മന്ത്രി പങ്കെടുക്കുന്നുണ്ട്‌ എന്നതു വേറെ കാര്യം. അവിടുന്ന്‌ ഇംഗ്ലണ്ടിലേക്ക്‌. പിന്നെ ദുബായ്‌ വഴി മടക്കം. റോമാ സാമ്രാജ്യം കത്തിയെരിമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തി എന്ന പ്രയോഗം ഇനി കേരളം പനിച്ചുവിറക്കുമ്പോള്‍ അമേരിക്കയിലേക്ക്‌ പറന്ന ശ്രീമതി എന്ന്‌ തിരുത്തിവായിക്കാന്‍ അപേക്ഷ.

കാന്‍സര്‍ ചികിത്സക്കുള്ള നൂതന സംവിധാനങ്ങള്‍ അമേരിക്കയില്‍നിന്ന്‌ കേരളത്തിലെത്തുന്നതിനു മുമ്പ്‌ ഇവിടെ പനി എത്രപേരുടെ ജീവന്‍ അപഹരിക്കും? ആ ചോദ്യത്തിന്‌ പ്രസക്തിയില്ല. കാരണം ചെയ്യേണ്ട കാര്യങ്ങളെല്ലാം കരീം സഖാവിനെ എല്‍പ്പിച്ചിട്ടാണ്‌ ശ്രീമതി പറന്നതെന്നാണ്‌ ജയരാജന്‍ സഖാവ്‌ പറയുന്നത്‌. മാത്രമല്ല, പകര്‍പ്പനി തടയാന്‍ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്‌ ആരോഗ്യവകുപ്പ്‌ വ്യക്തമാക്കിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം എറണാകുളം നഗരത്തില്‍കൂടി പോയപ്പം മുല്ലശ്ശേരി കനാലിലും പേരണ്ടൂര്‍ കനാലിലും എന്തോ തടഞ്ഞു നിര്‍ത്തിയിരിക്കുന്നതു കണ്ടു. അത്‌ പകര്‍പ്പനിയാണെന്ന്‌ ഇപ്പഴാ മനസ്സിയാത്‌.

കാര്യങ്ങള്‍ കരീം മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും ചെയ്യാവുന്നതേയുള്ളുവെങ്കില്‍ ശ്രീമതിയെക്കൊണ്ട്‌ നമുക്കെന്താണ്‌ ഗുണം? അങ്ങനയൊരു മന്ത്രിയുടെ ആവശ്യമുണ്ടോ? അവര്‍ക്കായി ലക്ഷങ്ങള്‍ പൊടിക്കേണ്ടതുണ്ടോ? മാത്രമല്ല, വിപ്ലവരക്തം സിരകളിലോടുന്ന നമ്മള്‍ കുത്തകബൂര്‍ഷ്വാസികളുടെ കാന്‍സര്‍ ചികിത്സാ സാങ്കേതിക വിദ്യ നാണമില്ലാതെ എങ്ങനെ വാങ്ങും? ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല. പക്ഷെ ഉത്തരം തരാന്‍ ഉദ്ദേശിക്കുന്നില്ല. പോളിംഗ്‌ ബൂത്തിനു മുന്നില്‍ വെയിലും മഴയും സഹിച്ചുനിന്ന്‌ വോട്ടു ചെയ്യുകയും വോട്ടു ചെയ്‌തു ജയിപ്പിച്ചവര്‍ തലയില്‍ കയറി അപ്പിയിടുമ്പോള്‍ നിര്‍വികാരരായിരിക്കുകയും ചെയ്യുന്ന മലയാളി ഉത്തരം അര്‍ഹിക്കുന്നില്ല. ശ്രീമതി മാഡം വിജയിപ്പൂതാക!

2010 ഏപ്രിൽ 14, ബുധനാഴ്‌ച

വിവാദങ്ങള്‍ക്കിടെ ഐ.പി.എല്‍ ഫൈനല്‍ ഇന്ന്

കൊച്ചി(ഏപ്രില്‍ 2012): കൊച്ചി ടീമുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിനില്‍ക്കെ ഇന്ത്യന്‍ പ്രോസ്റ്റിറ്റ്യൂട്ട്സ് ലീഗിന്‍റെ ഫൈനല്‍ ഇന്ന് മുംബൈയിലെ താജ് ഹോട്ടലില്‍ നടക്കും. ഡല്‍ഹി ഡ്രീം ഗേള്‍സും കൊല്‍ക്കത്ത നൈറ്റ് ക്യൂന്‍സും തമ്മിലാണ് അന്തിമ പോരാട്ടം.
മിസ്റ്റര്‍ വേള്‍ഡ് മത്സരത്തില്‍ ആദ്യ ഇരുപതു സ്ഥാനങ്ങളില്‍ വന്നവരും കോട്ടയം ഭാഗത്തുനിന്നുള്ള പതിമൂന്ന് കരിങ്കല്‍ ലോഡിംഗ് തൊഴിലാളികളുമാണ് ഇവരുടെ പോരാട്ടത്തിനായി സജ്ജരായിരിക്കുന്നത്. ഏതു ടീമിലെ പരമാവധി അംഗങ്ങള്‍ ഇവര്‍ 33 പേരെയും സംതൃപ്തിപ്പെടുത്തുന്നുവോ ആ ടീമിനാണ് കിരീടം.

അതിനിടെ കൊച്ചി ടീമിന്‍റെ ഓഹരി പങ്കാളികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ മറ്റു ടീമുകളുടെ അണിയറക്കാരുടെ വിവരങ്ങളും വെളിപ്പെടുത്തണമെന്ന് എന്ന് സെക്സ് വര്‍ക്കേഴ്സ് ബോര്‍ഡ് ഇന്ത്യന്‍ പ്രോസ്റ്റിറ്റ്യൂട്ട്സ് ലീഗ് കമ്മീഷണര്‍ ഗൗരവ് മോഡിയോട് ആവശ്യപ്പെട്ടു.

കേരളത്തില്‍ അനന്തമായ വ്യവസായ സാധ്യതകള്‍ക്ക് വഴിതുറക്കുന്ന, വളര്‍ന്നുവരുന്ന അനേകം താരങ്ങള്‍ക്ക് വളര്‍ച്ചയ്ക്ക് അവസരമൊരുക്കുന്ന ആമ്മായിസ് കണ്‍സോര്‍ഷ്യത്തിന്‍റെ കൊച്ചി ടീമിനെ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢശ്രമം വ്യാപകമാണെന്ന് കണ്‍സോര്‍ഷ്യത്തിന്‍റെ വ്യക്തവ് തേവര ശാന്ത പറഞ്ഞു.

അതേസമയം ടീം വരുന്നതുകൊണ്ട് സാധാരണ ലൈംഗീകത്തൊഴിലാളികള്‍ക്ക് യാതൊരു മെച്ചവുമുണ്ടാകില്ലെന്നും ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള താരങ്ങള്‍ക്കൊപ്പം മട്ടാഞ്ചേരി, മാനാഞ്ചിറ, ശക്തന്‍ സ്റ്റാന്‍ഡ് മേഖലകളില്‍നിന്ന് ചിലരെ പേരിന് ടീമില്‍ ഉള്‍പ്പെടുത്താനേ സാധ്യതയുള്ളൂവെന്ന് സി.ഡി.വൈ.എഫ് നേതാവ് പത്തനാപുരം പുരുഷു ആരോപിച്ചു.

കൊച്ചി ടീമിന്‍റെ ഭാവി തുലാസിലായതിനെ തുടര്‍ന്ന് കൊച്ചി, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിലായി കഴിഞ്ഞ ദിവസങ്ങളില്‍ നാലു പേര്‍ ലൈംഗീക ദാഹം മൂര്‍ച്ഛിച്ച് മരിച്ചിരുന്നു.

ശശി തരൂര്‍ കേന്ദ്രമന്ത്രിസഭയിലെ ശ്രീശാന്ത്-ടിന്‍റുമോന്‍

ഐ.പി.എല്‍ വിവാദം കൊഴുക്കുന്നതിനിടെ ചാനലുകളിലും പത്രങ്ങളിലും ചര്‍ച്ചകള്‍ കൊഴുകൊഴുക്കുന്നു. ശശി തരൂര്‍ ചെയ് തത് തെറ്റോ ശരിയോ?, മോഡി ചെയ്തത് മര്യാദയോ?, ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നത്? എന്നിങ്ങനെയാണ് അവതാരകരുടെ ചോദ്യം.

ഇന്നലെ രാത്രി ഒരു പ്രമുഖ ടെലിവിഷന്‍ ചാനലിലെ രാത്രി വാര്‍ത്തയില്‍ ഐ.പി.എല്‍ വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തവരില്‍ ഒരാള്‍ ടിന്റുമോന്‍ ആയിരുന്നു.

അവതാരകന്‍ ടിന്‍റുമോനോട്- മിസ്റ്റര്‍ ടിന്‍റുമോന്‍, താങ്കള്‍ എന്തു പറയുന്നു?വിവാദങ്ങളുടെ കളിത്തോഴനാണ് ശശി തരൂര്‍. ഇപ്പോള്‍ പുതിയ വിവാദക്കൊടുങ്കാറ്റ് അലയടിക്കുകയാണ്. കൊച്ചി ഐ.പി.എല്‍ ടീമുമായി ബന്ധപ്പെട്ട തരൂരിന്‍റെ നടപടികളെ താങ്കള്‍ എങ്ങനെ കാണുന്നു.

ടിന്‍റുമോന്‍- അതിപ്പം ഈ വിഷയത്തില്‍ മാത്രമായി ഞാന്‍ അഭിപ്രായം ഒതുക്കി നിര്‍ത്തുന്നില്ല. ഇതുവരെയുള്ള മൊത്തത്തിലുള്ള പ്രവര്‍ത്തനം വെച്ചു നോക്കിയാല്‍ കേന്ദ്ര മന്ത്രിസഭയിലെ ശ്രീശാന്താണ് ശശി തരൂര്‍!