
ചെറ്റത്തരം കാണിക്കാം, പറയരുത് എന്നതാണ് നമ്മടെ നാട്ടിലെ കാര്യങ്ങള്‍. പ്രത്യേകിച്ചും എന്നെപ്പോലെ സമൂഹം കാര്യവായ നെലേം വെലേം കല്‍പ്പിക്കാത്തോര് മിണ്ടാന്‍ പാടില്ല. എന്നാലും ഒരുമാതിരി മറ്റേപ്പരിപാടി കണ്ടാ പറയാതിരിക്കാന്‍ പെഴയ്ക്ക് പറ്റുകേല.
നമ്മടെ നാട്ടിലെ ഏതെങ്കിലും ഒരു കല്യാണ സദ്യേടെ കാര്യം നോക്ക്. സദ്യ ഒരുക്കുന്നത് കോട്ടയത്തെ കുട്ടപ്പന്‍ ചേട്ടനോ ലോകത്തിലെ ഒന്നാം നന്പര്‍ പാചകക്കാരനോ ആകട്ടെ, കഴിച്ച് ഏന്പൊക്കോം വിട്ടു കഴിയുന്പോ എന്തേലും ഒരു കുറ്റം കണ്ടുപിടിക്കാതെ ഒരുത്തനും വീട്ടിപ്പോകത്തില്ല. കാരണം കിരാതം നമ്മടെ രക്തത്തിലൊള്ളതാണ്.
ഇതൊക്കെ പ്രബുദ്ധതയുടെ ഭാഗമാണെന്നാണ് പലരും പറയുന്നത്. എന്തിനധികം മലയാള സിനിമയിലെ പുത്തന്‍ പ്രതിഭ സന്തോഷ് പണ്ധിറ്റിന്‍റെ മേക്കിട്ടു കേറുന്നതും പെഴ പോലും കേട്ടിട്ടില്ലാത്ത തെറി അയാളെ വിളിക്കുന്നതുമൊക്കെ പ്രബുദ്ധതേടെ ഭാഗമാണല്ലോ. ഇതൊക്കെയാണേലും അവിഹിത ബന്ധങ്ങള്‍ നിറഞ്ഞാടുന്ന മെഗാ പരന്പരകള്‍ക്കും മനുഷ്യനെ വട്ടാക്കുന്ന സംഗീത റിയാലിറ്റി ഷോകള്‍ക്കും പിന്നെ രഞ്ജിനി ഹരിദാസിനെപ്പോലുള്ള അവതാരകര്‍ക്കും മാര്‍ക്കറ്റ് ഇടായാനേ പോകുന്നില്ലെന്നാണ് അനുഭവം തെളിയിക്കുന്നത്. എല്ലാത്തിനേം വിമര്‍ശിക്കുന്ന പുലികളും മുകളില്‍ പറഞ്ഞ ഇനങ്ങള്‍ക്കു മുന്നില്‍ പോത്തെറച്ചി കണ്ട പൂച്ചകളെപ്പോലെ നില്‍ക്കും.
വന്നുവന്ന് ഇപ്പം സന്ധ്യയായാല്‍ സ്വന്തം വീട്ടിലോ നാട്ടിലേ വേറെതെങ്കിലും വീട്ടിലോ കേറാന്പറ്റാതായി. എങ്ങാനും ചെന്നു കേറിയാല്‍ മീണ്ടാതെ കണ്ണും മിഴിച്ച് വെടലച്ചിരീം ചിരിച്ച് ടീവിടെ മുന്നില്‍ ഇരുന്നോണം. അതുകൊണ്ട് എന്തുവേണ്ടി ? എന്നേപ്പൊലൊള്ളോര്‍ക്ക് അന്തിക്ക് ബിവറേജസ് ഷോപ്പുകളും ബാറുകളും തന്നെ ശരണം.
നമ്മടെ ജനപ്രിയ ചാനലുകാര് കഴിഞ്ഞദിവം കാണിച്ച ഒരു --- പണിയെക്കുറിച്ചാണ് പറയാന്‍ വന്നത്. മലബാര്‍ ഗോള്‍ഡില്‍ പോയി സ്വര്‍ണം മേടിക്കാന്‍ പറയുകേം പിന്നെ അത് മണപ്പുറം ഫിനാന്‍സില്‍ കൊണ്ടുപോയി പണം വയ്ക്കാന്‍ ഉപദേശിക്കുകേം പണയം വച്ച കാശ് പോക്കറ്റി കെടക്കുന്പോ വൈകിട്ടെന്നാ പരിപാടീന്ന് ചോദിക്കുകേം ചെയ്യുമെന്നാണ് മോഹന്‍ലാലിനെക്കുറിച്ച് പലരും പറയുന്ന പരാതി.
നാട്ടിലെ സര്‍വമാന തട്ടിപ്പു സ്ഥാപനങ്ങളുടെയും പരസ്യം വിളന്പുന്നത് ചാനലുകളും പത്രങ്ങളുമാണ്. എന്നിട്ട് ഈ സ്ഥാപനങ്ങള്‍ ഉഡായിപ്പാണെന്ന് തെളിയുന്പോള്‍ പത്രക്കാരും ചാനലുകാരും നേരെ മലക്കം മറിഞ്ഞിട്ട് അന്വേഷണ പരന്പരയും റിപ്പോര്‍ട്ടിംഗും തൊടങ്ങും. ഇതുള്‍പ്പെടെ മാധ്യമങ്ങള്‍ കാണിക്കുന്ന തരികിടകള്‍ ആരു പുറത്തു കൊണ്ടുവരും എന്ന് ചോദിക്കുന്നത് പൂച്ചയ്ക്കാര് മണികെട്ടും എന്നു പറയുന്നതുപോലെയാണ്. കാരണം കാര്യത്തോടടുക്കുന്പം മനോരമേം ദേശാഭിമാനീം പോലും ഭായി ഭായിയാണ്.
മഞ്ച് സ്റ്റാര്‍ സിംഗര്‍ ജൂണിയറിന്‍റെ കലാശക്കൊട്ട് കഴിഞ്ഞ ദിവസം നടന്നു. മത്സരാര്‍ത്ഥികളെയും പ്രേക്ഷകരെയും ഉദ്വേഗത്തിന്‍റെ സൂചിത്തുന്പില്‍ മഞ്ച് സ്റ്റാര്‍ സിംഗറിന്‍റെ സ്ഥിരം അവതാരക പോരെന്നു കണ്ട് അവതാരയാകാന്‍ വേണ്ടി പിറന്നുവീണ അവതാരം രഞ്ജിനി ഹരിദാസിനെത്തന്നെ ഇറക്കി. വിജയിയെ പ്രഖ്യാപിക്കുന്ന മുഹൂര്‍ത്തം വച്ചു മൂപ്പിക്കുന്നതു കണ്ടപ്പോള്‍ പണ്ടേതോ ഒരു സിനിമേല് തേങ്ങാ എറിഞ്ഞുടച്ചാല്‍ കുറ്റം ചെയ്തവന്‍റെ തല പൊട്ടിത്തെറിക്കുമെന്ന് ആവര്‍ത്തിച്ചോണ്ടിരുന്ന പൂജാരിയുടെ പെര്‍ഫോമന്‍സില്‍ മനം മടുത്ത് ആ തേങ്ങ പിടിച്ചു വാങ്ങി ഉടയ്ക്കുന്ന കഥാപാത്രത്തെയാണ്. ടെന്‍ഷന്‍ മുഹൂര്‍ത്തം വലിച്ചുനീട്ടാന്‍ ജഗതി ശ്രീകുമാറും ജയറാമുമൊക്കെ വലിയ സംഭാവനകള്‍ നല്‍കി. കിട്ടിയ ചാന്‍സില്‍ ജഗതി കണ്‍മുന്നില്‍ വച്ചുതന്നെ രഞ്ജിനിയുടെ അവതാരക മികവിനെ പൊളിച്ചടുക്കുകയും ചെയ്തു.
പിന്നെ ജയറാം വിജയിയെ പ്രഖ്യാപിച്ചു. ആദര്‍ശ്. സ്വന്തമായി ഇതുവരെ വീടില്ലാതിരുന്ന ആദര്‍ശിന് 50 ലക്ഷത്തിന്‍റെ ഫ്ളാറ്റ്! (മുന്‍പ് പല റിയാലിറ്റി ഷോകളിലും വിജയിച്ചവര്‍ക്ക് ഫ്ളാറ്റ് തന്നെ പുലിവാലായത് മറന്നിട്ടുണ്ടാവില്ലല്ലോ. അത് പിന്നത്തെ കാര്യം) ഇനി ആദര്‍ശിന് എന്താണ് പറയാനുള്ളതെന്നാണ് ഞങ്ങള്‍ക്ക് കേള്‍ക്കേണ്ടത്(രഞ്ജിനി ഹരിദാസിന്‍റെ വക അലക്ക്). ആദര്‍ശിനൊപ്പം അമ്മയും വേദിയിലുണ്ട്.
ആദര്‍ശ് വികാരമടക്കാന്‍ പാടുപെട്ട് സംസാരിച്ചു. തന്നെ ഈ നിലയിലെത്തിക്കാന്‍ അമ്മ ഏറെ സ്ട്രഗിള്‍ ചെയ്തെന്ന് പറഞ്ഞു. അവസാനം ഒരു കാര്യംകൂടി പറഞ്ഞു. എനിക്ക് വലിയൊരു ആഗ്രഹമുണ്ട്. എന്‍റെ പിരിഞ്ഞിരിക്കുന്ന അച്ഛനും അമ്മയും ഒന്നിക്കണം. അവര്‍ എന്‍റെ കൂടെവേണം. അച്ഛന്‍ ഇത് കാണുന്നുണ്ടാകും. ഇതു കണ്ടെങ്കിലും മനസ്സലിഞ്ഞ് അമ്മയുമൊത്ത് ജീവിക്കാന്‍ വരണം എന്ന്.
എന്‍റെ അമ്മച്ചി ഉള്‍പ്പെടെ എല്ലാരും കരഞ്ഞു. നാട്ടിലും വിദേശത്തുമുള്ള മല്ലൂസിന്‍റെ സ്വീകരണ മുറികളില്‍ വീണ കണ്ണീര് മീനച്ചിലാറ്റിലേക്ക് ഒന്നിച്ചൊഴുകിയിരുന്നെങ്കില്‍ കോട്ടയം പട്ടണം മുങ്ങിപ്പോയേനേ.
ആദര്‍ശിന്‍റെ അച്ഛനെ നമുക്ക് അറിയില്ലെങ്കിലും അദ്ദേഹം ഇതുവരെ മനസ്സലിവില്ലാത്ത ഒരാളാണെന്നു വേണം ആദര്‍ശിന്‍റെ വാക്കുകളില്‍നിന്ന് മനസ്സിലാക്കാന്‍. എന്തു തോന്നുന്നു?. ഒരു കുടംബ പ്രശ്നം എങ്ങനെ കച്ചോടച്ചരക്കാമെന്ന് അങ്ങനെ ഏഷ്യാനെറ്റ് കാണിച്ചുതന്നു. സീരിയലിലൂടെയും മറ്റും അവിഹിത ബന്ധങ്ങളെയും വിവാഹമോചനങ്ങളെയുമൊക്കെ കാട്ടിത്തരുന്ന ചാനലിന്‍റെ മറ്റൊരു മികച്ച മാര്‍ക്കറ്റിംഗ് തന്ത്രം!
1 അഭിപ്രായം:
വിജയിയെ പ്രഖ്യാപിക്കുന്ന മുഹൂര്‍ത്തം വച്ചു മൂപ്പിക്കുന്നതു കണ്ടപ്പോള്‍ പണ്ടേതോ ഒരു സിനിമേല് തേങ്ങാ എറിഞ്ഞുടച്ചാല്‍ കുറ്റം ചെയ്തവന്‍റെ തല പൊട്ടിത്തെറിക്കുമെന്ന് ആവര്‍ത്തിച്ചോണ്ടിരുന്ന പൂജാരിയുടെ പെര്‍ഫോമന്‍സില്‍ മനം മടുത്ത് ആ തേങ്ങ പിടിച്ചു വാങ്ങി ഉടയ്ക്കുന്ന കഥാപാത്രത്തെയാണ്. ടെന്‍ഷന്‍ മുഹൂര്‍ത്തം വലിച്ചുനീട്ടാന്‍ ജഗതി ശ്രീകുമാറും ജയറാമുമൊക്കെ വലിയ സംഭാവനകള്‍ നല്‍കി. കിട്ടിയ ചാന്‍സില്‍ ജഗതി കണ്‍മുന്നില്‍ വച്ചുതന്നെ രഞ്ജിനിയുടെ അവതാരക മികവിനെ പൊളിച്ചടുക്കുകയും ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ