electrician എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
electrician എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2009 ജൂലൈ 20, തിങ്കളാഴ്‌ച

അറബീടെ നിഷ്കളങ്കത(എലട്രീഷന്‍റെ ആത്മകഥ-4)

രാമപുരത്തൂന്ന്‌ എന്നേക്കാള്‍ മുമ്പേ എന്റെ വൈറൈറ്റി വയറിംഗിന്റെ കഥ പട്ടിമുക്കിലെത്തിയിരുന്നു. ബസ്‌ സ്റ്റോപ്പില്‍ ഇറങ്ങുമ്പോള്‍തന്നെ എനിക്കതു മനസ്സിലായി.

''അടുക്കളേ ലൈറ്റു കത്തണേ കക്കൂസിലെ ലൈറ്റിടണം അല്ലേ"
ഓട്ടോക്കാരന്‍ കുഞ്ഞുമോന്റെ ശബ്‌ദത്തിന്‌ പതിവില്ലാത്ത മൊഴക്കവൊണ്ടാരുന്നു. കവലയില്‍ എല്ലാരും പൊട്ടിപ്പൊട്ടിച്ചിരിച്ചു.

"വേണ്ടെടോ ***നേ, ഇവിടെ ഞെക്കിയാ മതി.."

പരിസരം മറന്ന ഞാന്‍ മുണ്ടുപൊക്കിക്കാണിച്ചിട്ട്‌ അലറി.അല്ലെങ്കിത്തന്നെ അവന്‌ പണ്ടേ എന്നോട്‌ കലിപ്പാ. കൊറേക്കാലം മുമ്പ്‌ അവന്റെ മോന്‍ ജോജോ അടിച്ചു പാമ്പായി ഓടിക്കുമ്പം ഓട്ടോ മറിഞ്ഞു. പരിസരത്തൊണ്ടാരുന്നോട്‌ ഓട്ടോ നിവര്‍ത്തി ചെറുക്കനേംകൊണ്ട്‌ ആശൂത്രീപ്പോകാന്‍ തൊടങ്ങിയപ്പം എവിടുന്നോ കുഞ്ഞുമോനും വന്നു. അവന്‍ മകനേക്കാള്‍ ഫിറ്റ്‌!

``ഞാന്‍ കൊണ്ടുപൊക്കോളാം. അവനെ ആശൂത്രീലും കൊണ്ടുപോണം, ഓട്ടോ വര്‍ക്ക്‌ഷോപ്പിലും കൊടുക്കണം''

വെലക്കിയവരെയെല്ലാം തെറിവിളിച്ച്‌ ഓട്ടോ പറത്തിയ കുഞ്ഞുമോന്‍ മോനെ വര്‍ക്ക് ഷോപ്പില്‍ ഇറക്കി, ഓട്ടോറിക്ഷ ആശുപത്രീല്‍ കൊണ്ടുപോയി എന്നാണ്‌ നാട്ടില്‍ പ്രചരിച്ച കഥ. അതിന്‌ ഏറ്റവും കൂടുതല്‍ മൈലേജ്‌ കൊടുത്തത്‌ ഞാനാണ്‌. മറ്റേവീട്‌ കത്തിപ്പോയ കാര്യം പൊടിപ്പും തൊങ്ങലും ചേര്‍ത്ത്‌ വിവരിച്ച്‌ കുഞ്ഞുമോന്‍ എനിക്ക്‌ ആദ്യ തിരിച്ചടി തന്നിരുന്നു. ഇപ്പം ദേ മറ്റൊരു വടി കയ്യിവെച്ച്‌ അവന്‍ എന്നെ നോക്കി ഇളിക്കുന്നു.

എന്റെ തുണിപൊക്കി പ്രകടനം കവലേല്‍ വണ്ടികേറാന്‍ പെണ്ണുങ്ങളൊക്കെ കണ്ടെന്നറിഞ്ഞപ്പോള്‍ വീണ്ടും തകര്‍ന്നുപോയി. കിട്ടിയ ഓട്ടോറിക്ഷ പിടിച്ച്‌ വീട്ടിലേക്ക്‌ പാഞ്ഞു.കരണ്ടുമായിട്ടൊള്ള ഒരു എടപാടും എനിക്ക്‌ പറ്റില്ലെന്ന്‌ ഒറപ്പായി. വീട്ടില്‍ ലൈറ്റിന്റെ സ്വിച്ചിടാന്‍ പോലും പേടി തോന്നി. പൊറത്തിറങ്ങണേ തലേ മുണ്ടിടണം.

രണ്ടാഴ്‌ച്ചയിലേറെ വീട്ടിലിരുന്നു മൊരഞ്ഞപ്പഴാണ്‌ ദുബായീന്ന്‌ അമ്മേടെ ചേച്ചീടെ മോന്‍ രാജേഷിന്റെ വിളി വന്നത്‌.വിസ ശരിയായിട്ടൊണ്ടെന്ന്‌ അവന്‍ പറഞ്ഞപ്പം ഏഷ്യാനെറ്റില്‍ 24 മണിക്കൂറും സീരിയലാക്കാന്‍ പോകുന്നു എന്ന പ്രഖ്യാപനം കേട്ട വീട്ടമ്മയെപ്പോലെ എനിക്കൊണ്ടായ സന്തോഷം പറഞ്ഞറീക്കാന്‍ വയ്യാരുന്നു. അമ്മേടേം പെങ്ങടേം സ്വര്‍ണം പണയം വെച്ചും. പശൂനെ വിറ്റുമൊക്കെ വിസക്കൊള്ള കാശുകൊടുത്തു. നക്കാപ്പിച്ച ശമ്പളവാണേലും വേണ്ടില്ല, ഈ നാട്ടീന്ന്‌ രക്ഷപ്പെടാവല്ലോ.

കാര്യങ്ങളെല്ലാം എടിപീടീന്ന്‌ നടന്നു. 2003 ജൂണ്‍ 11 ന്‌ ഞാന്‍ നെടുമ്പാശ്ശേരീന്ന്‌ ദുബായിലേക്ക്‌ പറന്നു. എയര്‍ ഇന്ത്യ വിമാനത്തിലിരിക്കുമ്പം വലതു കൈകൊണ്ട്‌ വലതു കാലിന്‍റെ തുടയില്‍ മുറുക്കി പിച്ചി. സംഭവിക്കുന്നത്‌ ഒള്ളതോ കള്ളവോ എന്ന്‌ ഒറപ്പാക്കാന്‍.ദുബായ്‌ വിമാനത്താവളത്തില്‍ രാജേഷ്‌ കാത്തുനിന്നിരുന്നു. താമസ്ഥലത്തേക്ക്‌ ടാക്‌സിയില്‍ പോകുമ്പോള്‍ അവിടുത്തെ അസൗകര്യങ്ങളെക്കുറിച്ച്‌ വിവരിച്ച്‌ അവന്‍ മുന്‍കൂര്‍ ജാമ്യം എടുത്തോണ്ടിരുന്നു. പെരുവഴീക്കെടക്കാനും തയാറായാണ്‌ എന്റെ വരവെന്ന്‌ അവനറിയാമ്മേലല്ലോ.

ദുബായിലെ ജീവിതത്തെക്കുറിച്ച്‌ ഇതിനോടകം ഒരുപാട്‌ പേരു പറഞ്ഞ്‌ നിങ്ങളൊക്കെ അറിഞ്ഞുകാണുവല്ലോ. അതുകൊണ്ട്‌ ഞാന്‍ കാടുകേറുന്നില്ല; കാര്യത്തിലേക്കുകടക്കാം.

ഫ്രീവിസയാരുന്നതുകൊണ്ടുതന്നെ ഒരുപാട്‌ കഷ്‌ടപ്പെട്ടു. ഒന്നര മാസം രാജേഷിന്റേം മറ്റു ചെല മലയാളികളുടെയും ചെലവില്‍ കഴിഞ്ഞുകൂടി. ഒടുവില്‍ ഒരു ചെറിയ എലട്രിക്കല്‍ സര്‍വീസ്‌ കമ്പനയില്‍ ഹെല്‍പ്പറായി ജോലി കിട്ടി. മരിക്കുന്നതുവരെ ഒരു ഹല്‍പ്പറായി കഴിയുന്നതാണ്‌ എനിക്കു നല്ലതെന്നു തോന്നി.പക്ഷെ ഈശ്വര നിശ്ചയം അതായിരുന്നില്ല.

ഒരു അറബീടെ കൊട്ടാരം പോലത്തെ വീടിനോടനുബന്ധിച്ച്‌ പുതിയതായി പണിത ഔട്ട്‌ ഹൗസിന്റെ വയറിംഗ്‌. ആലുവക്കാരന്‍ സുബൈറാരുന്നു മെയിന്‍ എലട്രീഷന്‍. ഞാനും കുന്നംകുളത്തുകാരന്‍ രതീഷും രണ്ടു പാക്കിസ്ഥാനികളും സഹായികള്‍.നേരത്തെ ഈ വീടിന്റെ വയറിംഗും ഞങ്ങടെ കമ്പനീലൊള്ളവര്‍ തന്നെയാ ചെയ്‌തത്‌. അന്ന്‌ അറബീടെ വാച്ചും അയാടെ തീക്കനലു പോരിലിക്കുന്ന മോടെ ജെട്ടീമൊക്കെ അടിച്ചുമാറ്റിയതും പണി കഴിഞ്ഞു മടങ്ങുമ്പോ പോക്കറ്റ്‌ നിറയെ ദിര്‍ഹം കിട്ടയതുമൊക്കെ രതീഷ് പലവട്ടം പറഞ്ഞിട്ടുണ്ട്‌. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ്‌ ഞാന്‍ ആ പണിക്കു പോയത്‌.

പണി പകുതിയായപ്പോള്‍ സുബൈറും പാക്കിസ്ഥാനികളും ഒരു അപകടത്തിപ്പെട്ട്‌ ആശുപത്രിയിലായി. അതോടെ വയറിംഗിന്റെ ചുമതല എനിക്കായി. സഹായത്തിന്‌ രതീഷിനു പുറമെ ഒരു ഫിലിപ്പിനോയെക്കൂടെ കമ്പനി അയച്ചു. ഓര്‍ക്കാപ്പൊറത്ത് പ്രമോഷന്‍ കിട്ടിയപ്പം വൈകാതെ ഒരു ആപത്തും ഉണ്ടാകുമെന്ന്‌ എനിക്ക്‌ ഒറപ്പാരുന്നു.

ഒരാഴ്‌ച്ചകൊണ്ട്‌ വയറിംഗ്‌ കഴിഞ്ഞു.കണക്ഷന്‍ കൊടുക്കുന്ന ദിവസം- എന്റെ ജീവിതത്തിലെ മൂന്നാമത്തെ അഗ്നിപരീക്ഷ. ഗതികേടിന്‌ അറബീം വന്നു. പണി കഴിഞ്ഞെന്നും കണക്‌ഷന്‍ കൊടുക്കുന്നത്‌ കണ്ടിട്ട്‌ പോയാമതിയെന്നും രതീഷ്‌ അറബിയോട്‌ പറഞ്ഞ സ്ഥിതിക്ക്‌ ഇനി ഈ പരീക്ഷ മാറ്റിവെക്കാന്‍ പറ്റത്തുവില്ല.
എന്റെ ഹൃദയം സ്‌തംഭിക്കുമെന്നു തോന്നി. ഒന്ന്‌...രണ്ട്‌...മൂന്ന്‌ -ഞാന്‍തന്നെ സ്വിച്ച്‌ ഓണാക്കി.
സ്‌ഫോടനവും തീപ്പിടിത്തവുമില്ല. പേടി അവിടംകൊണ്ട്‌ തീരുന്നില്ലല്ലോ. ആദ്യ ലൈറ്റ്‌ അറബി കത്തിക്കണമെന്ന്‌ നിര്‍ദേശിച്ചതും രതീഷാണ്‌. വിസിറ്റിംഗ്‌ റൂമിലെ ലൈറ്റിന്റെ സ്വിച്ചാണ്‌ അറബി ഓണാക്കിയത്‌. അപ്പോള്‍ കോളിംഗ്‌ ബെല്ലിന്റെ ശബ്‌ദം!. പുറത്താരെങ്കിലും വന്നതാരിക്കുവെന്നാ എല്ലാരും കരുതിയത്‌. അങ്ങനെയായിരിക്കണേന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു. ലൈറ്റു കത്താതിരുന്നപ്പം അറബി പിന്നേം ഞെക്കി. വീണ്ടും ബെല്ല്‌!

എന്നെ, ഈ പാഴ്‌ജന്മത്തെ ഒന്നു കൊന്നു തന്നേരു സാറേന്ന്‌ എനിക്ക്‌ വിളിച്ചുപറയാന്‍ തോന്നി. രതീഷും ഫിലിപ്പിനോടും അന്തംവിട്ടു നില്‍പ്പുണ്ട്‌. അറബിയുടെ പ്രതികരണമെന്തായിരിക്കുമെന്ന ചിന്തയില്‍ ഞാന്‍ വെന്തു നീറി.ഓടി രക്ഷപ്പെടാമെന്നു വിചാരിച്ചാല്‍ എവിടംവരെ ഓടും?


അയാള്‍ ഹാളിലെ ഫാനിന്റെ സ്വിച്ചിട്ടു-ലൈറ്റു കത്തി. തൂക്കുവിളക്കിന്റെ സ്വിച്ചിട്ടപ്പോള്‍ അടുത്തമുറിലെ ലൈറ്റ്‌, വലത്തുവശത്തെ മുറീപ്പോയി ഫാനിട്ടപ്പോ ബാത്ത്‌റൂമിലെ എക്‌സ്‌ഹോസ്റ്റ്‌ ഫാന്‍.ഓരോ സ്വിച്ചിടുമ്പോഴും എന്റെ തലയില്‍ ആരോ ചുറ്റികകൊണ്ട്‌ അടിക്കുന്നപോലെയാണ്‌ തോന്നിയത്‌.

അറബി ഹാളിലേക്കിറങ്ങി. നേരെ ചൊവ്വേയുള്ള കണക്‌ഷന്‍ ഒന്നുപോലുമില്ല. ഇനി എന്താണ്‌ സംഭവിക്കാന്‍ പോകുന്നതെന്ന്‌ ആലോചിക്കാന്‍പോലുമുള്ള മനക്കരുത്ത്‌ എനിക്കില്ലാരുന്നു.അയാള്‍ എന്റെ അടുത്തേക്കു വരുന്നു. പണ്ടേ മനസും ശീരവും മരവിച്ചുപോയതുകൊണ്ട്‌ പ്രത്യേകിച്ച്‌ ഒന്നും തോന്നിയില്ല. അയാള്‍ രണ്ടു കൈകളും നീട്ടുന്ന കണ്ടപ്പോള്‍ ഞെക്കിക്കൊന്നോ, കൊന്നോ ചേട്ടാന്നു മനസ്സു പറഞ്ഞു. അയാളുടെ കൈകള്‍ എന്നെ വളഞ്ഞപ്പോള്‍ അതിനു നടുവില്‍ ഒരു ഡെഡ്‌ബോഡി പോലെ ഞാന്‍ നിന്നു.

"മുംതാസ്‌ ആഹൂയി, വള്ളാഹി മുംതാസ്‌!( കൊള്ളാം സഹോദരാ നന്നായിരിക്കുന്നു)"
ആക്കിപ്പറഞ്ഞതാണെന്ന്‌ എനിക്ക്‌ ഒറപ്പാരുന്നു. പിന്നെയും അയാള്‍ എന്തൊക്കെയോ പറഞ്ഞു. രതീഷിനെം ഫിലിപ്പിനോയെയും മാറി മാറി കെട്ടിപ്പിടിച്ചു. ഫിലിപ്പിനോയെ കൊറേനേരം കൂടുതല്‍ കെട്ടിപ്പിടിക്കുകേം അവിടേം ഇവിടേമൊക്കെ ഞെക്കുകേം ചെയ്‌തു.

അയാള്‍ പോക്കറ്റില്‍നിന്ന്‌ ഒരു കുത്ത്‌ ദിര്‍ഹം എടുത്ത്‌ എനിക്കു തന്നു. പണം മേടിച്ചാല്‍ വീട്ടീന്നു മോഷ്‌ടിച്ചെന്ന വകുപ്പൂടെ ചേര്‍ത്ത്‌ അകത്താക്കാനാരിക്കും! അതു വാങ്ങാന്‍ എന്റെ കൈ പൊങ്ങിയില്ല.വീണ്ടും എന്നെ കെട്ടിപ്പിടിച്ച്‌ ഉമ്മവെച്ച്‌ കാശ്‌ എന്റെ പോക്കറ്റില്‍ തിരുകി അയാള്‍ പോയി.എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ തരിച്ചിരുന്നു.

പത്തു മിനിറ്റു കഴിഞ്ഞ്‌ ആശൂത്രീന്ന്‌ സുബൈറു വിളിച്ചപ്പഴാണ്‌ എനിക്ക്‌ കാര്യം പിടികിട്ടിയത്‌. സുബൈറിനെ അറബി വിളിച്ചിരുന്നത്രേ.ഉര്‍വശീശാപം ഉപകാരമായെന്നു പറഞ്ഞപോലെ പാളിപ്പോയ എന്റെ വയറിംഗ്‌ അറബിക്ക്‌ ഭയങ്കരമായി ഇഷ്‌ടപ്പെട്ടിരിക്കുന്നു. ലൈറ്റിടുമ്പോള്‍ കോളിംഗ്‌ ബെല്ലും ഫാനിടുമ്പോള്‍ തൂക്കുവെളക്കുമൊക്കെ കത്തുന്ന പുതിയ വെറൈറ്റി പുള്ളി ആദ്യമായിട്ട്‌ കാണുകയാണത്രെ. വീടിനുള്ളില്‍ ഏതെങ്കിലും കള്ളന്‍ കേറിയാലും ലൈറ്റിടാമ്പറ്റാതെ കുടുങ്ങിപ്പോകുവത്രേ.നേരത്തെ സൂചിപ്പിക്കാതെ ഈ വെറൈറ്റി പ്രയോഗിച്ചത്‌ പുള്ളിയെ വിസ്‌മയിപ്പിക്കാനല്ലേ എന്നാണ്‌ അറബി സുബൈറിനോട്‌ ചോദിച്ചത്‌?

എനിക്ക്‌ ഒന്നും വിശ്വസിക്കാമ്പറ്റുന്നില്ല. ഇങ്ങനേം മനുഷ്യരുണ്ടോ? പോക്കറ്റിക്കെടന്ന കാശെടുത്ത്‌ ഞാന്‍ എണ്ണിനോക്കി-ഏഴായിരം ദിര്‍ഹം! പാവം അറബി-ഒരു മടപ്രാവിന്റെ മനസുള്ള മനുഷ്യന്‍.

ഇതേ വെറൈറ്റിയുടെ പേരില്‍ രാമപുരത്തെ മാമന്‍ പറഞ്ഞ വാക്കുകള്‍ എന്റെ കാതില്‍ മുഴങ്ങി.

"വെറൈറ്റിയല്ല, നിന്റെ അമ്മേടെ ** "

ഏതെങ്കിലും മലയാളി അറബിയെ കാര്യങ്ങളു പറഞ്ഞു മനസ്സിലാക്കുന്നതിനു മുമ്പേ പണിസാധനങ്ങളുമായി സ്ഥലം വിട്ടോളാന്‍ സുബൈറു പറഞ്ഞു. ഞാനും രതീഷും ഫിലിപ്പിനോടും മിനിറ്റുകള്‍ക്കുള്ളില്‍ സ്ഥലം കാലിയാക്കി.
... ... ...
ഗള്‍ഫിലെ കാര്യങ്ങള്‍ പറയുമ്പം അല്‍ ഗുലാബി കണ്‍സ്‌ട്രക്ഷന്‍ സൈറ്റിലുണ്ടായ സംഭവം വിട്ടുകളാമ്പറ്റുകേല. വെറൈറ്റി വയറിംഗിനുശേഷം എന്നെ കമ്പനി പൊറത്താക്കി. ഒരു മാസത്തോളം തെണ്ടി നടന്നശേഷമാണ്‌ അല്‍ഗുലാബി കണ്‍സ്‌ട്രക്ഷന്‍ കമ്പനീയില്‍ ഹെല്‍പ്പറായി ജോലി കിട്ടിയത്‌.

ദേരയില്‍ ഒരു ടവറിന്റെ സൈറ്റില്‍ മെഷീനില്‍ കൊഴച്ച സിമിന്റ്‌ കോരി പണിക്കാര്‍ക്ക്‌ എത്തിക്കുന്നതായിരുന്നു എന്റെ പരിപാടി. നമ്മടെ നാട്ടിലെപ്പോലെ അണ്ടര്‍വെയറിടാതെ, കൈലീമുടുത്തല്ല അവിടെ വാര്‍ക്കപ്പണിക്കാരും മെയ്‌ക്കാഡുമാരും എലട്രീഷമ്മാരുമൊക്കെ ജോലി ചെയ്യുന്നത്‌. എല്ലാര്‍ക്കും പാന്റും ഷര്‍ട്ടും നിര്‍ബന്ധമാണ്‌. പോരാത്തത്തിന്‌ വലിയ കണ്‍സ്‌ട്രക്ഷന്‍ സൈറ്റുകളില്‍ ഹെല്‍മെറ്റും വേണം.

ഈ പറഞ്ഞതെല്ലാം ധരിച്ച്‌ ഒരു ദിവസം താഴത്തെ നിലയുടെ പുറത്ത്‌ സിമന്റെ എടുത്താണ്ടുവരാന്‍ പോകുമ്പഴാണ്‌ എട്ടാം നിലയില്‍നിന്ന്‌ ഒരു ഇഷ്‌ടിക താഴോട്ടു വീണത്‌. കല്ലാശാരീടെ കയ്യീന്ന്‌ വീണുപോയതാണ്‌. എല്ലാവരും വിളിച്ചു കൂവന്നതുകണ്ട്‌ ഞാന്‍ മേലോട്ടു നോക്കിയപ്പോള്‍ ഇഷ്‌ടിക വരുന്നത്‌ കൃത്യം എന്റെ മോളിലോട്ടാണെന്ന്‌ മനസ്സിലായി.

ഒഴിഞ്ഞുമാറാന്‍ നേരം കിട്ടുവെന്നു തോന്നിയില്ല. രണ്ടു കയ്യും തലക്കു മോളിവെച്ച്‌ വരുന്നതു വരട്ടേന്നു കരുതി കണ്ണടച്ചു ഞാന്‍ നിന്നു.ഇഷ്‌ടികക്ക്‌ തെറ്റിയില്ല. എന്റെ രണ്ടു കയ്യും ഒടിഞ്ഞു. ഹെല്‍മെറ്റിന്‌ പോറല്‍പോലും സംഭവിച്ചില്ല.

നേരത്തെ പറഞ്ഞോ എന്ന് ഓര്‍മയില്ല, ഇപ്പോള്‍ ഞാന്‍ പഴേ ജോയിച്ചേട്ടന്റെ കൂടെയാണ്‌. ഭിത്തി കിഴിക്കുന്ന പരിപാടിതന്നെ. ഇനിയും ഒരുപാട്‌ പറയാനൊണ്ട്‌. പക്ഷെ ഒരു സ്‌കൂളിന്റെ വയറിംഗ്‌ ജോലി എന്ന്‌ തൊടങ്ങുവാ. കൊറേ കിഴിക്കാനൊണ്ട്‌ സമയം പോലെ വീണ്ടും വരാം.സ്‌നേഹപൂര്‍വം
കെ.കെ. അനീഷ്‌

രാമപുരത്തെ ദുരന്തം(എലട്രീഷന്റെ ആത്മകഥ-3)

എന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ട ജോയിച്ചേട്ടനോ മറ്റേതെങ്കിലും എലട്രീഷന്‍മാരോ പണിവെച്ചതാരിക്കുവെന്ന്‌ എനിക്ക്‌ ഒറപ്പാരുന്നു. ഞാനായിട്ട്‌ എന്തെങ്കിലും വീഴ്‌ച്ച വരുത്തുവോ?എന്തായാലും ആ സംഭവത്തോടെ എനിക്ക്‌ നാട്ടിലും വീട്ടിലും നില്‍ക്കക്കള്ളിയില്ലാതായി. കൂട്ടുകാരുടെ കളിയാക്കലുകള്‍ക്കു മുന്നില്‍ ഞാന്‍ ഉരുകുവാരുന്നു.

മാത്രവല്ല, ആ വീട്‌ അനീഷു കത്തിച്ച വീടെന്ന്‌ പരക്കെ അറിയപ്പെടാന്തൊടങ്ങി. വഴിയൊക്കെ പറഞ്ഞുകൊടുക്കുമ്പം അനീഷ്‌ കത്തിച്ച വീടിന്റെ തൊട്ടു വടക്കുവശത്ത്‌?അല്ലെങ്കില്‍ അനീഷു കത്തിച്ച വീടു കഴിഞ്ഞ്‌ നൂറു മീറ്ററ്‌ ചെല്ലുമ്പം ഒരു കൊച്ചുറോഡൊണ്ട്‌, അതിലേ പോയാ മതി എന്നൊക്കയായി പറച്ചില്‌.കരിഞ്ഞു പൊകഞ്ഞു നില്‍ക്കുന്ന ആ വീട്ടിനുള്ളിലിട്ട്‌ യക്ഷികള്‍ എന്നെ കൊത്തി നുറുക്കി വീതം വെക്കുന്നതൊക്കെ സ്വപ്‌നം കണ്ട്‌ അലറി എഴുന്നേല്‍ക്കുന്നത്‌ പതിവായി.

നഷ്‌ടപരിഹാരം കൊടുക്കണവെന്നൊക്കെ വീട്ടൊടമസ്ഥന്‍ പറഞ്ഞെങ്കിലും ഞങ്ങടെ വീടും അതിനോടു ചേര്‍ന്നുള്ള നാലു സെന്റും വിറ്റാല്‍ അവിടെ കത്തിപ്പോയ ഒരു തൂക്കുവെളക്കിന്റെ കാശിനൊപ്പം എത്തത്തില്ല. അതു മനസിലാക്കിയിട്ടാണെന്നു തോന്നുന്നു പുള്ളിക്കാരന്‍ പിന്നെ അതേപ്പറ്റി പറഞ്ഞില്ല. ഏതായാലും അതോടെ ഞങ്ങടെ കുടുംബവും പുള്ളീടെ കുടുംബവും തമ്മിലുള്ള ബന്ധം കൊക്കൊളമായി.നാട്ടില്‍ പിടിച്ചുനിക്കാമ്പറ്റുകേലെന്ന്‌ ഒറപ്പായപ്പം ഞാന്‍ രാമപുരത്തെ മാമന്റെ വീട്ടിലേക്കു മാറി. ഒന്നുരണ്ടാഴ്‌ച്ച അവിടെ തങ്ങിയപ്പം പതിയെ എല്ലാം മറന്നു തൊടങ്ങി.

``ഒരബദ്ധമൊക്കെ ആര്‍ക്കും പറ്റും. നീ ഇങ്ങനെ ഇരുന്നാലെങ്ങനാ. ചെറിയ തോതില്‍ പണിയൊക്കെ തൊടങ്ങ്‌. എനിക്ക്‌ പരിചയമൊള്ളവരെ ആരെയെങ്കിലും മുട്ടിച്ചുതരാം''അമ്മാവന്‍ പറഞ്ഞു തീരും മുമ്പേ മാവി ചാടി വീണു.

``ഒരബദ്ധമൊക്കെ ആര്‍ക്കും പറ്റു ഇത്‌ ഒന്നര കിന്റല്‍ അബദ്ധവല്ലേ. ഇനി ഇവന്‍ ഇവിടെ പണിക്കിറങ്ങി നമ്മക്കും കെടക്കപ്പൊറുതിയില്ലാതാകും. നിങ്ങക്കു വേറെ പണിയൊന്നുമില്ലേ?''

ഏതായാലും ജീവിതത്തില്‍നിന്ന്‌ ഒളിച്ചോടാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. ഭിത്തി കിഴിക്കുന്ന പണിതന്നെയാണ്‌ എനിക്ക്‌ പറഞ്ഞിട്ടൊള്ളതെന്നു തോന്നി. അതാകുമ്പം കത്തിപ്പോകുവെന്നു പേടിക്കണ്ടല്ലോ. എന്തെങ്കിലും തട്ടുകേടു പറ്റിയാലും ആശാന്റെ പെടലിക്കിരുന്നോളും. പക്ഷെ, മനസുകൊണ്ട്‌ ഒരു സ്വതന്ത്ര എലട്രീഷനായിക്കഴിഞ്ഞിരുന്ന എനിക്ക്‌ വീണ്ടും ഭിത്തി കിഴിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാമ്പോലും മടി തോന്നി. ഒടുവില്‍ മാമന്‍ കൂട്ടുകാരന്‍ ജോസേട്ടനൊപ്പം ഒരു പണി തരപ്പെടുത്തി.

മീനച്ചില്‍ താലൂക്കിലെ അറിയപ്പെടുന്ന എലട്രീഷന്‍മാരിലൊരാളാണ്‌ ജോസേട്ടന്‍. പുള്ളി പറയുന്നത്‌ അനുസരിച്ച്‌ സഹായിയായി നിന്നാമതിയെന്ന്‌ മാമമ്പറഞ്ഞു. ഭിത്തി കിഴിക്കുന്ന പരിപാടീന്ന്‌ ഒഴിവാക്കിത്തരുവെന്നു പറഞ്ഞപ്പം പകുതി ആശ്വാസമായി.വീണ്ടും ഒരു സഹായിയാകാന്‍ പോകുവാണെന്ന സത്യം മടിച്ചാണെങ്കിലും ഞാനുള്‍ക്കൊണ്ടു. നാലഞ്ചു സ്ഥലത്ത്‌ ജോസേട്ടനെ സഹായിച്ചു. കോറെക്കാര്യങ്ങള്‌ പുള്ളി പറഞ്ഞുതരികേം ചെയ്‌തു. ജോസേട്ടന്റെ മുന്നില്‍ പഴേ ജോയിച്ചേട്ടനൊന്നും ഒന്നുവല്ലെന്ന്‌ എനിക്ക്‌ അപ്പഴാ മനസ്സിലായെ. ജാസേട്ടന്‍ മോഹന്‍ലാലാണെങ്കി ജോയിച്ചേട്ടന്‍ ഞങ്ങടെ വായനശാലേടെ വാര്‍ഷികത്തിനവതരിപ്പിച്ച നാടകത്തിലെ നായക വേഷം ചെയ്‌ത സുരേഷ്‌ മാത്രമാണ്‌ സുരേഷ്‌.

പടിപടിയായി എനിക്ക്‌ ജോസേട്ടന്‍ പ്രമോഷന്‍ തന്നുകൊണ്ടിരുന്നു. എന്റെ മിടുക്ക്‌ പുള്ളിക്ക്‌ ബോധ്യമായെന്നുറപ്പ്‌. അങ്ങനെയിരിക്കെ പള്ളീടടുത്ത ഒരു വീട്ടിലെ വയറിംഗിനിടെ ജോസേട്ടന്‍ ചിക്കന്‍പോക്‌സ്‌ പിടിച്ചു കെടപ്പിലായി. അമേരിക്കക്കാരെടെ വിടാ. അവര്‌ അടുത്ത അവധിക്കു വരുമ്പം പെരവാസ്‌തോലി നടത്താനിരിക്കുവാരുന്നു. അതോണ്ടുതന്നെ പണികള്‌ മൊടങ്ങാമ്പറ്റുകേല.

"നിനക്ക്‌ കാര്യങ്ങളൊക്കെ അറിവല്ലോ. നീയും സുനിലും ജോബീംകൂടെ അതങ്ങ്‌ ചെയ്യ്‌. എന്തേലും സംശയമൊണ്ടേല്‍ എന്നെ വിളിച്ചാ മതി." ജോസേട്ടന്റെ അതു പറഞ്ഞപ്പം ശരത്തിന്റെ പുകഴ്‌ത്തലു കേട്ട ഐഡിയ സ്റ്റാര്‍സിംഗര്‍ മത്സരാര്‍ത്ഥീടെ മുഖം പോലെ തിളങ്ങി. ഒരു വീട്ടിലെങ്കില്‍ ഒരു വീട്ടില്‍, ഞാനിതാ സ്വതന്ത്ര എലട്രീഷനാകാമ്പോകുന്നു. വെറും വീടല്ല, അടിപൊളി രണ്ടുനെല കെട്ടിടം. ഞാനിതു കലക്കും.

ഞങ്ങള്‍ മൂന്നും കൂടി പടിയായി വയറുചെയ്‌ത്‌ മുന്നേറി. ആവശ്യമുള്ളപ്പോഴെല്ലാം ജോസേട്ടന്‍ ഫോണില്‍ കാര്യങ്ങളു പറഞ്ഞുതന്നു. ഉദ്ദേശിച്ച സമേത്തുതന്നെ പണിതീര്‍ന്നു. കണക്ഷന്‍ കൊടുക്കുന്ന ദിവസം ജോസേട്ടനും വന്നു. മെയിന്‍ സ്വിച്ച്‌ ഓണാക്കാന്തൊടങ്ങുമ്പം ഞാന്‍ ആദ്യം വയറു ചെയ്‌ത വീട്‌, അനീഷു കത്തിച്ച വീട്‌ ഓര്‍മയിലെത്തി. എന്റെ നെഞ്ച്‌ പെരുമ്പറ കൊട്ടി.

ഒന്ന്‌... രണ്ട്‌...മൂന്ന്‌ സ്വിച്ച്‌ ഓണായി. ഇല്ല ഒന്നും സംഭവിച്ചില്ല. മാത്രമല്ല, ഞാന്‍ നില്‍ക്കുന്ന മുറീലെ ലൈറ്റ് കത്തുകേം ചെയ്തു. എന്റെ ശ്വാസം നോര്‍മലായി. ഇന്നു ഞാന്‍ അര്‍മാദിക്കും. അടിച്ചു കോണ്‍തെറ്റി അങ്ങാടീക്കൂടെ നെഞ്ചുവരിച്ചു നടക്കും.

"അനീഷേട്ടാ ചതിച്ചു!"

സെന്‍ട്രല്‍ ഹാളീന്നുള്ള സുനിലിന്റെ അലര്‍ച്ചയില്‍ ഞാന്‍ ഞെട്ടി.

"ചേട്ടാ ഹാളിലെ ഫാനിടുമ്പോള്‍ ബാത്‌റൂമിലെ ലൈറ്റ്‌ കത്തുന്നു. ബാത്ത്‌ റൂമിലെ ലൈറ്റിടുമ്പോള്‍ ബെഡ്‌റൂമിലെ ട്യൂബ്‌ കത്തുന്നു. ബെഡ്‌സ്വിച്ചിടുമ്പോള്‍ കോളിംഗ്‌ബെല്‍ അടിക്കുന്നു"

"ഇശ്വരാ! ഇ മാര്‍ബിള്‍തറ പിളര്‍ന്ന്‌ ഞാനങ്ങ്‌ പണ്ടാരമടങ്ങീരുന്നെങ്കില്‍!"

ജോസേട്ടന്‍ തലയില്‍ കയ്യുംകൊടുത്ത്‌ തറയിലിരിപ്പുണ്ട്‌.പടിച്ചുനില്‍ക്കാന്‍ ഞാന്‍ ഒരു അവസാന ശ്രമം നടത്തിനോക്കി.

"ചേട്ടാ എവിടെയോ ചെറിയ പെശകു പറ്റീന്നൂ തോന്നുന്നു. ഇത്‌ പുതിയ വെറൈറ്റിയാണെന്ന്‌ നമ്മക്ക്‌ പറഞ്ഞാലോ?"

"വെറൈറ്റിയല്ല, നിന്റെ അമ്മേടെ **** . പലരും അന്നേ പറഞ്ഞതാ. ഞാങ്കേട്ടില്ല. എനിക്കിതു വരണം"

വയാറുകളെല്ലാം ഭിത്തിക്കുള്ളില്‍ കിടക്കുമ്പോ ഇനി ഇതെങ്ങനെ ശരിയാക്കും? ഇനി ഇത്‌ വെറൈറ്റിയാണെന്നു പറഞ്ഞ്‌ വീട്ടുകാരനെ സമ്മതിപ്പിച്ചാലും ബാത്ത്‌റൂമില്‍ ലൈറ്റിടാനും അടുക്കളേലെ എക്‌സ്‌ഹോസ്റ്റ്‌ ഫാനിടാനുമൊക്കെ എവിടെ സ്വിച്ചിടമെന്ന്‌ പഠിക്കാന്‍ അയാള്‍ തപസ്സിരിക്കേണ്ടിവരും.എല്ലാം എന്റെ വിധി. ഒടുവില്‍ രാമപുരത്തും നില്‍ക്കക്കള്ളിയില്ലാതെ അനീഷ്‌ മടങ്ങുകയാണ്‌. പട്ടിമുക്കിലേക്ക്, അനീഷു കത്തിച്ച വീടുള്ള എന്റെ നാട്ടിലേക്ക്‌(തുടരും)

2009 ജൂലൈ 19, ഞായറാഴ്‌ച

കത്തിപ്പോയ തൊടക്കം(എലട്രീഷന്‍റെ ആത്മകഥ-2)

ചെറുപ്പത്തീത്തന്നെ എനിക്ക്‌ റിപ്പയറിംഗില്‍ ഒരു പ്രത്യേക കഴിവൊണ്ടാരുന്നു. എന്തു കണ്ടാലും അഴിക്കാന്‍ തോന്നും. ടൈംപീസ്‌, ടോര്‍ച്ച്‌, റേഡിയോ അങ്ങനെയങ്ങനെ. എനിക്ക്‌ പന്ത്രണ്ടു വയസായപ്പോത്തന്നെ അഴിച്ചിട്ട്‌ പഴേപോലെ ആക്കാമ്പറ്റാത്ത ഉപകരണങ്ങള്‍കൊണ്ട്‌ തട്ടുമ്പൊറം നറഞ്ഞു.

സംഗതികളു പഠിക്കുവാണല്ലോ പ്രധാനം. എല്ലാത്തിന്റെയും അകത്തെ സെറ്റപ്പു കണ്ടു പഠിച്ചാപ്പിന്നെ ഞാന്‍ അതൊന്നും പഴേപോലെ ആക്കാന്‍ മെനക്കെടാറില്ല. ഞാന്‍ ഭാവിയില്‍ ശാസ്‌ത്രജ്ഞനാകുമെന്നാണ്‌ കൈനകരീലെ അങ്കിളു പറഞ്ഞത്‌. ശാസ്‌ത്രജ്ഞനായില്ലെങ്കിലും എന്‍ജീനിയറാകുമെന്ന്‌ ഒറപ്പാണെന്ന്‌ രാമപുരത്തെ ആന്റി എപ്പഴും പറയുവാരുന്നു.

പക്ഷെ പഠനം പുരോഗമിക്കുകേം ഒമ്പതാം ക്ലാസി രണ്ടു കൊല്ലം ഇരിക്കുകേം ചെയ്‌തപ്പോ അവര്‍ക്ക്‌ കാര്യങ്ങളുടെ കെടപ്പുവശം മനസ്സിലായി. ഞാന്‍ ഒമ്പതീന്ന്‌ ജയിച്ചതിന്റെ അന്നാണ്‌ വീട്ടി കരണ്ടു കിട്ടയത്‌. അതോടെ പഠനം ഉഷാറാക്കാന്‍ തീരുമാനിച്ചു. വാശിയോടെ പഠിച്ച്‌ പത്താംക്ലാസില്‍ ഫസ്റ്റ്‌ ക്ലാസ്‌ വാങ്ങി പാലാ സെന്റ്‌ തോമസി ചേരണമെന്നായിരുന്നു ആഗ്രഹം.പക്ഷെ വിധി 210 മാര്‍ക്കിന്റെ രൂപത്തില്‍ എന്റെ കരണത്തടിച്ചപ്പം പെട്ടെന്നു പത്തുകാശൊണ്ടാക്കാനുള്ള വഴിയെന്ന നിലയില്‍ അപ്പന്‍ നിര്‍ബന്ധിച്ചിട്ടാണ്‌ സെന്റ്‌ മേരീസ്‌ ഐ.ടി.സിയില്‍ ചേര്‍ന്നത്‌.

വല്ല പാരലല്‍ കോളേജുമാരുന്നെങ്കില്‍ പഞ്ചാരയടിച്ചു മരിക്കാരുന്നു. ഇതിപ്പം ഫ്യൂസും വയാറും ലൈറ്റും കോപ്പും കുന്തോം. സത്യം പറഞ്ഞാ എനിക്കു ഭയങ്കര ബോറടിയാരുന്നു. എങ്കിലും ഞാന്‍ കുറെയൊക്കെ കാര്യങ്ങളു പഠിച്ചു. പ്രാക്‌ടിക്കല്‍ പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കിയെന്നാണ്‌ ഇപ്പഴും എന്റെ വിശ്വാസം.പക്ഷെ, കണക്ഷന്‍ റെഡിയാക്കി ഞാന്‍ ഫാന്‍ ഓണാക്കിയപ്പം മൂലമറ്റം പവര്‍ ഹൗസിലെ ഫ്യൂസടിച്ചുപോയെന്നും പറഞ്ഞ്‌ അവര്‍ എന്നെ തോല്‍പ്പിച്ചു.

അല്ലെങ്കിത്തെന്നെ ഇലട്രീഷനാകാന്‍ പരീക്ഷ ജയിക്കണമെന്ന്‌ ആരാ പറഞ്ഞത്‌? തെക്കോത്തെ ജോയിച്ചേട്ടന്‍ എന്നാ പരീക്ഷ ജയിച്ചിട്ടാ നാട്ടിലെ ഏറ്റവും വലിയ ഇലട്രീഷ്നായി നടക്കുന്നേ? ജോയിച്ചേട്ടനെത്തന്നെ ഞാന്‍ ഗുരുവായി സ്വീകരിച്ചു. മൂലമറ്റം കഥ നാട്ടിലെല്ലാരും അറിഞ്ഞിരുന്നതുകൊണ്ട്‌ വയറിംഗിനായി ഭിത്തി കിഴിക്കുന്ന പണിയാണ്‌ ജോയിച്ചേട്ടന്‍ എനിക്കു തന്നത്‌. ഭിത്തി കിഴിച്ച്‌ ഭിത്തി കിഴിച്ച്‌ എന്റെ പരിപ്പിളകി. എന്നെങ്കിലും ഒരിക്കല്‍ വയാറില്‍ തൊടനാങ്കിലും കഴിയുമെന്ന എന്റെ മോഹം പൂവണിയുമെന്ന്‌ പ്രതീക്ഷിച്ചു. പക്ഷെ, ഇത്രയും നന്നായി ഭിത്തി കിഴിക്കുന്ന വേറൊരാളുമില്ലെന്ന്‌ ഒരു ദിവസം ജോയിച്ചേട്ടന്‍ പറഞ്ഞപ്പോ എന്റെ ജീവിതം കിഴുത്തയിട്ടു തീരുവെന്നുറപ്പാടി. ഒടുവില്‍ ജോയിച്ചേട്ടനോട്‌ മിച്ചവൊണ്ടാരുന്ന ചില്ലറ മേടിച്ച് കവലേലെ രവീടെ കടേന്ന്‌ ഒരു ടെസ്റ്റര്‍ സംഘടിപ്പിച്ച് പോക്കറ്റിലിട്ട്‌ ഞാന്‍ സ്വതന്ത്ര ഇലട്രീഷനായി.

സാധാരണ തുടക്കക്കക്കാര്‍ അല്ലറചില്ലറ ജോലികളൊക്കെയാണ്‌ ചെയ്യാറുള്ളതെങ്കിലും ഞാന്‍ വയറിംഗ്‌ തന്നെ പിടിച്ചു. ഒരു ബന്ധുവാണ്‌ ആദ്യം എനിക്ക്‌ വര്‍ക്ക്‌ തന്നത്‌. ജോയിച്ചേട്ടന്റെ പണി കണ്ട്‌ പഠിച്ചതായിരുന്നു എന്റെ ധൈര്യം. ഐടീസി കൂട്ടത്തില്‍ പഠിച്ച ടോമീടെ സഹായംകൊണ്ട്‌ എസ്റ്റിമേറ്റ്‌ വല്യ തട്ടും മുട്ടുമില്ലാതെ ഒപ്പിച്ചു. ഇലക്‌ട്രിക്കല്‍ ഷോപ്പീന്ന്‌ തടഞ്ഞ കമ്മീഷനാരുന്നു സ്വതന്ത്ര ഇലട്രീഷനെന്ന നിലയിലുള്ള ആദ്യ പ്രതിഫലം.

റബര്‍വെട്ടുകാരന്‍ റോയിയെ സഹായിയായി കൂട്ടി. അവനെക്കൊണ്ട്‌ ഭിത്തി തൊളപ്പിച്ചപ്പം ഞാന്‍ ശരിക്കും ഒരു വലിയ ഇലട്രീഷനായപോലെ തോന്നി. പണി തൊടങ്ങയപ്പം എത്തുമില്ല, പിടീമില്ല എന്ന അവസ്ഥയായി. വയറു ചെയ്യേണ്ടാത്ത സ്ഥലങ്ങളിലൊക്കെ ഭിത്തി കുത്തിപ്പൊളിപ്പിച്ചിട്ടുണ്ടെന്ന തിരിച്ചറിവ്‌ എന്നില്‍ ഞെട്ടലൊണ്ടാക്കി. ടോമിയോട്‌ ചോയിച്ചും പറഞ്ഞും ഒരു വിധത്തില്‍ പണി പൂര്‍ത്തിയാക്കി. ആവശ്യമില്ലാതെ കുത്തിപ്പൊളിച്ചിടത്തും കൊറെ വയാറും പൈപ്പുമൊക്കെ വെച്ച്‌ അടച്ചു.

ഒടുവില്‍ ഒരു വെള്ളിയാഴ്‌ച്ച വയറിംഗ്‌ കംപ്ലീറ്റായ ദിവസം സജിനിയെ കീഴടക്കിയ പ്രതാപചന്ദ്രനെപ്പോലെ അഭിമാനംകൊണ്ട്‌ ഞാന്‍ ത്രസിച്ചു. ഡൈനിംഗ്‌ റൂമിലെ ഫാനിട്ട്‌ അതിന്‍റെ കുളിര്‍മയിലിരുന്ന് മനസു നെറക്കാന്‍ തീരുമാനിച്ചു. ഞാന്‍തന്നെ വയറു ചെയ്‌ത ഒരു വീട്‌!. ശെരിക്കും വിശ്വാസം വരാത്തപോലെ. രണ്ടു വര്‍ഷം എന്നെ വെറും ഭിത്തി തൊളക്കാരനായി പീഡിപ്പിച്ച ജോയിച്ചേട്ടനെ വിളിച്ച്‌ ഇതൊന്നു കാണിക്കണം.


പ്‌ഠേ?!!
കതിന പൊട്ടുന്നപോലൊരു ശബ്‌ദം കേട്ട്‌ ഞാന്‍ പുറത്തേക്കോടി. പിന്തിരിഞ്ഞു നോക്കുമ്പം കരിയില്‍ കുളിച്ച്‌ ഒരു ഭൂതത്തെപ്പോലെ റോയി പിന്നാലെ വരുന്നു. വീട്ടില്‍നിന്ന്‌ കറുത്ത പുകച്ചുരുളുകള്‍ ഉയരുന്നു. എല്ലാം കിറുകൃത്യമായി ചെയ്‌തതാണ്‌. പിന്നെന്തുപറ്റി? എനിക്ക്‌ ഒരു പിടിയുമുണ്ടായിരുന്നില്ല.

കണക്ഷന്‍ കിട്ടി മൂന്നാംപക്കം ആ വീട്ടില്‍ നടത്താനിരുന്ന കേറിത്താമസം നാലു വര്‍ഷം കഴിഞ്ഞിട്ടും നടന്നിട്ടില്ല. അതിനിടെ ഞാന്‍ ഗള്‍ഫീപ്പോയി വന്നു. വീട്ടുടമ അറ്റാക്കുവന്ന്‌ മരിച്ചു. വീട്‌ ഇപ്പഴും യക്ഷിക്കൊട്ടാരം പോലെ അവിടൊയൊണ്ടെന്ന് പറയുന്നകേട്ടു. പിന്നീടൊരിക്കലും ഞാന്‍ ആ വഴി പോയിട്ടില്ല(തുടരും)

ഒരു എലട്രീഷന്‍റെ ആത്മകഥ-1

"നിനക്കെന്നാ വട്ടാണോ?"

ആത്മകഥയെഴുതാന്‍ പോകുന്ന കാര്യം പറഞ്ഞപ്പം ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ നാട്ടിലുള്ള ചെറ്റകളെല്ലാം എന്നോട്‌ ചോദിച്ചത്‌ ഇങ്ങനെയാണ്‌. ഇന്നലെ രാത്രി പൊനത്തില്‍(നാട്ടിലെ വലിയൊരു തറവാട്ടുപേരാണ്‌) അമ്മായീടെ പറമ്പിലിരുന്ന്‌ (വടിയായിപ്പോയ ഒരു കരപ്രമാണീടെ വടിയാകാനിരിക്കുന്ന ഭാര്യ. ഞങ്ങളൊക്കെ ബഹുമാനംകൊണ്ട്‌ അമ്മായി, അമ്മായീന്നാ വിളിക്കുന്നേ) സല്‍സേടെ ലാര്‍ജൊഴിച്ച്‌ തോട്ടി മുക്കി ആറാം തമ്പുരാന്‍ സ്റ്റൈലില്‍ അടിക്കുമ്പഴും ഞാന്‍ ഇക്കാര്യം പറഞ്ഞു.

"അവന്റെ **ലെ ആത്മകഥ. വല്ല കമ്പിക്കഥേയം ഒണ്ടെങ്കി പറയടാ." മൊഖത്തടിച്ചപോലെ പറഞ്ഞത്‌ തങ്കഷാജിയാണ്‌(ഷാപ്പിലെ വെപ്പുകാരി തങ്കമ്മേടെ വീട്ടിലെ വെപ്പുകാരനായിരുന്ന അവന്‌ നാട്ടുകാരു കൊടുത്ത തന്തപ്പേരാണത്‌) ബാക്കിയൊള്ളവന്‍മാരും അവനൊപ്പം കൂടി.

"ആത്മകഥ എഴുതാന്‍ നീയാര്‌ വള്ളത്തോള്‍ കുമാരനാശാനോ. അതോ വെട്ടൂര്‍ പുരുഷനോ? കു* നിന്നെ ദേ ഈ തോട്ടീ ചവിട്ടിത്താക്കെണ്ടെങ്കി മിണ്ടാതിരുന്നോ"
ബ്ലേഡ്‌ സക്കീറിന്റെ അന്ത്യശാസനമായിരുന്നു അടുത്തത്‌. പിന്നെ സല്‍സേടെ മൂച്ചില്‍ ബാക്കിയൊണ്ടായിരുന്നവന്‍മാരും എന്നെ പറയാത്തതൊന്നുമില്ല. ഞാന്‍ മിണ്ടാതിരുന്നു. എന്നിട്ട്‌ ഇവനൊക്കെ തെക്കുവടക്കു നടക്കുമ്പോള്‍ അമ്മായീടെ പറമ്പിലെ ചക്ക തലേ വീണ്‌ ചാകണേന്ന്‌ ഉള്ളുരുകി പ്‌രാകി.

കോളേജിന്റെ പടിവാതിലു കണ്ടിട്ടില്ലാത്ത ഇവന്‍മാര്‍ക്കൊക്കെ പത്താം ക്ലാസും കഴിഞ്ഞ്‌ ഐടീസിലും പോയ എന്റെ വികാരവിചാരങ്ങള്‍ മനസ്സിലാകുമോ?. അടൂരിനോട്‌ ഹൗസ്‌ഫുള്‍ എന്ന്‌ പറയുന്നപോല ഇവമ്മാരോട്‌ ഇതൊക്കെ പറഞ്ഞിട്ട്‌ എന്തുകാര്യം. എഴുതാനുള്ള ഒരിത്‌ ഉള്ളിന്റെ ഉള്ളില്‍ ആയിരം വാട്ടിന്റെ ബള്‍ബുബോലെ കത്തിക്കൊണ്ടിരിക്കുമ്പം എനിക്കെങ്ങനെ അടങ്ങിയിരിക്കാനാകും?. എട്ടാം ക്ലാസില്‍ പഠിക്കുമ്പം ഹിന്ദി ടീച്ചറിന്റെ ചന്തിക്കു പിടിച്ചതിന്‌ ക്ലാസീന്നു പൊറത്തായ ഷാജിയെപ്പോലൊള്ളോര്‍ക്ക്‌ അക്ഷരം കണ്ടാ വട്ടാകും.
പക്ഷെ എന്നാ ഒക്കെ സംഭവിച്ചാലും ഞാന്‍ എഴുതും. ഇപ്പം രാത്രി പന്ത്രണ്ടു മണി. എന്താണെന്നറിയത്തില്ല എന്തെഴുതണമെങ്കിലും ചില അവാര്‍ഡ്‌ പടത്തില്‌ നായകന്‍മാരു കാണിക്കുന്നപോലെ എനിക്ക്‌ മുറിക്കേറീട്ട്‌ ബെഡ്‌ ലൈറ്റ്‌ കെടുത്തുകേം ഓഫാക്കുകേം കെടുത്തുകേം ഓഫാക്കുകേം ചെയ്യണം. പക്ഷെ സ്വന്തമെന്നു പറയാന്‍ ഒരു മുറിയോ ബെഡ്ഡോ ഇല്ലാത്തവന്‌ എന്തോന്ന്‌ ബെഡ്‌ലൈറ്റ്‌? കര്‍ക്കിടക മഴേടെ എറിച്ചിലടിച്ചു കേറുന്ന തുറന്ന തിണ്ണയില്‍ പച്ചയും നീലയും ഇടകലര്‍ന്ന പ്ലാസ്റ്റിക്‌ പായയില്‍ വെള്ളയില്‍ ചുവന്ന പൂക്കളുള്ള ബെഡ്‌ഷീറ്റുനു മുകളില്‍ കമിഴ്‌ന്നു കിടന്ന്‌ ഞാന്‍ എഴുതുകയാണ്‌.
പണ്ട്‌ ഷക്കുവും മിറയയും സിന്ധവും രേഷ്‌മയും സജിനിയും നിലോഫറും ടീംസും ചെയ്‌തിരുന്നപോലെ കാലുകള്‍ പുറകിലോട്ടും ബാക്കിലോട്ടും മടക്കിയും നിവര്‍ത്തിയും ഞാന്‍ ചിന്തകളെ തരിപ്പിച്ചു. വയാറുകളുടെയും ബള്‍ബുകളുടെയും ഫ്യൂസുകളുടെയും പ്ലഗുകളുടെയമൊക്കെ ലോകത്ത്‌ അലഞ്ഞു തിരിയുന്ന ഞാന്‍ നാളെ ലോകമറിയുന്ന ഒരു എഴുത്തുകാരനാവില്ലെന്ന്‌ ആരറിഞ്ഞു.

അനീഷ്‌ കോണോത്തിച്ചാല്‍- ആ പേരിന്റെ ഗുമ്മ്‌ ഒന്നു വേറെതന്നെയായിരിക്കും. എന്നാലും എന്തോ ഒരു പന്തികേട്‌?. അനീഷ്‌ പട്ടിമുക്ക്‌- സ്ഥലപ്പേരു ചേര്‍ത്തിട്ട്‌ തീരെപ്പോര. കെ.കെ. അനീഷ്‌ -അതായത്‌ കോണോത്തിച്ചാല്‍ കുട്ടന്‍ മന്‍ അനീഷ്‌;അതു തെറ്റില്ല.

എന്റേം കഥ, കെ.കെ. അനീഷ്‌ -സി.എഫ്‌.എല്‍ വെളിച്ചത്തെ തോല്‍പ്പിക്കുന്ന ചിരിയുമായി നില്‍ക്കുന്ന എന്റെ ചിത്രമുള്ള പുസ്‌തകത്തിന്റെ കവര്‍ ഭാവനയില്‍ കണ്ടപ്പോള്‍ മൊത്തത്തില്‍ ഒരു തരിപ്പ്‌. ആത്മകഥ എഴുതണമെന്നു തോന്നിയത്‌ അടുത്ത കാലത്താണ്‌. പത്താം ക്ലാസിലെ മലയാളം സെക്കന്റ്‌ പേപ്പറു കഴിഞ്ഞാപ്പിന്നെ ആദ്യമായി ഒരു പുസ്‌തകം വായിക്കുന്നതു തന്നെ രണ്ടു മാസം മുമ്പാണ്‌. നളിനി ജമീലയുടെ ആത്മകഥയായിരുന്നു അത്‌. വീട്ടി പിണ്ണാക്കു പൊതിഞ്ഞോണ്ടുന്ന കടലാസില്‍ അതിന്റെ പരസ്യം കണ്ടപ്പം സംഗതി തരിപ്പിക്കുവെന്ന്‌ ഒറപ്പാരുന്നു. അത്രക്ക്‌ ഗുമ്മായില്ലെങ്കിലും മൊടക്കിയ കാശ്‌ വെറുതെയായില്ല.

അതുകഴിഞ്ഞപ്പം മടം ചാടിയ കന്യാസ്‌ത്രീയമ്മേടെ കഥ വന്നു. ആമ്മേന്‍ എന്ന പേരു കേട്ടാല്‍ ഏതോ പ്രാര്‍ത്ഥനാ പുസ്‌തകമാണെന്നു തോന്നും. മഠത്തിലമ്മ നളിനി ജമീലയെ കടത്തിവെട്ടുമെന്നു കരുതിയെങ്കിലും മറ്റേ അച്ചനുമായൊള്ള സീനൊഴികെ ഒക്കെ വേസ്റ്റാ.
അടുത്തയിടെ മാധവിക്കുട്ടി മരിച്ചു കഴിഞ്ഞപ്പഴാ അവര്‌ കൊറെ പീസൊക്കെ എഴുതീട്ടൊണ്ടന്ന്‌ പത്രങ്ങളിലൂടെ അറിഞ്ഞത്‌. എന്റെ കഥ ഒരെണ്ണം വാങ്ങി. കവറിലെ അവരടെ ഫോട്ടോ കണ്ടാ കണ്ണെടുക്കാന്‍ തോന്നുകേല. അതൂടെ വായിച്ചപ്പം ഒരു എലട്രീഷനായ എനിക്കും ആത്മകഥയെഴുതാമെന്നൊരു ചങ്കൂറ്റം തോന്നി. ലൈംഗിക തൊഴിലാളികള്‍ക്കും മഠം ചാടിയ കന്യാസ്‌ത്രീകള്‍ക്കുമൊക്കെ എഴുതാവെങ്കില്‍ എലട്രീഷന്‍മാര്‍ക്ക്‌ എന്തുകൊണ്ട്‌ എഴുതിക്കൂടാ?. ഇവരൊക്കെ എഴുതിയപോലെ ജീവിതത്തിലൊണ്ടായ കാര്യങ്ങള്‌ പച്ചക്ക്‌ അങ്ങോട്ടു വെച്ചുകാച്ചിയാപ്പോരേ?
നമ്മളു വെറുതെ ടെസ്റ്ററും ചുമ്മിക്കോണ്ടു നടക്കുവല്ലെന്ന്‌ എല്ലാ നാറികളും അറിയണം.നാട്ടുകാര്‍ക്ക്‌ എന്നെപ്പോലൊള്ളോരോട്‌ വല്യ മൈന്റില്ല. ഓ! അവന്‍ വെറും എലട്രിഷനല്ലേന്ന്‌ ചെലരു ചോദിക്കുന്ന കേട്ടാല്‍ നമ്മള്‌ വേശ്യകളേക്കാള്‍ താഴെയാണെന്നു തോന്നും. വീടൊണ്ടാക്കിയാല്‍ അത്‌ ഞെളിഞ്ഞു കഴിയാവുന്ന പരുവത്തിലാക്കാന്‍ എലട്രിഷന്‍ വേണം. എന്തിന്‌ ഒരു ഫ്യൂസുപോയാല്‍ തന്നെ കെട്ടുന്ന എത്ര **മ്മാരുരൊണ്ട്‌?
ഡോക്‌ടര്‍മെരേം എന്‍ജീനയര്‍മാരേം പോലെ സമൂഹത്തിന്‌ ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത വിഭാഗമാണ്‌ എലട്രിഷന്‍മാരെന്ന് ഇവന്‍മാരൊക്കെ എന്നെങ്കിലും തിരിച്ചറിയുവോ?ഓര്‍ക്കുന്ന കാര്യങ്ങളാ ഞാനിവിടെ കുറിക്കുന്നത്‌. കൊറെ എഴുതിക്കൂട്ടി, നിങ്ങടെ അഭിപ്രായം അറിഞ്ഞശേഷം വെട്ടീം തിരുത്തീം തിരുത്തീം വെട്ടീം പുസ്‌തകമാക്കാമെന്നു കരുതുന്നു(തുടരും)