എന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ട ജോയിച്ചേട്ടനോ മറ്റേതെങ്കിലും എലട്രീഷന്‍മാരോ പണിവെച്ചതാരിക്കുവെന്ന് എനിക്ക് ഒറപ്പാരുന്നു. ഞാനായിട്ട് എന്തെങ്കിലും വീഴ്ച്ച വരുത്തുവോ?എന്തായാലും ആ സംഭവത്തോടെ എനിക്ക് നാട്ടിലും വീട്ടിലും നില്‍ക്കക്കള്ളിയില്ലാതായി. കൂട്ടുകാരുടെ കളിയാക്കലുകള്‍ക്കു മുന്നില്‍ ഞാന്‍ ഉരുകുവാരുന്നു.
മാത്രവല്ല, ആ വീട് അനീഷു കത്തിച്ച വീടെന്ന് പരക്കെ അറിയപ്പെടാന്തൊടങ്ങി. വഴിയൊക്കെ പറഞ്ഞുകൊടുക്കുമ്പം അനീഷ് കത്തിച്ച വീടിന്റെ തൊട്ടു വടക്കുവശത്ത്?അല്ലെങ്കില്‍ അനീഷു കത്തിച്ച വീടു കഴിഞ്ഞ് നൂറു മീറ്ററ് ചെല്ലുമ്പം ഒരു കൊച്ചുറോഡൊണ്ട്, അതിലേ പോയാ മതി എന്നൊക്കയായി പറച്ചില്.കരിഞ്ഞു പൊകഞ്ഞു നില്ക്കുന്ന ആ വീട്ടിനുള്ളിലിട്ട് യക്ഷികള് എന്നെ കൊത്തി നുറുക്കി വീതം വെക്കുന്നതൊക്കെ സ്വപ്നം കണ്ട് അലറി എഴുന്നേല്‍ക്കുന്നത് പതിവായി.
നഷ്ടപരിഹാരം കൊടുക്കണവെന്നൊക്കെ വീട്ടൊടമസ്ഥന്‍ പറഞ്ഞെങ്കിലും ഞങ്ങടെ വീടും അതിനോടു ചേര്‍ന്നുള്ള നാലു സെന്റും വിറ്റാല്‍ അവിടെ കത്തിപ്പോയ ഒരു തൂക്കുവെളക്കിന്റെ കാശിനൊപ്പം എത്തത്തില്ല. അതു മനസിലാക്കിയിട്ടാണെന്നു തോന്നുന്നു പുള്ളിക്കാരന് പിന്നെ അതേപ്പറ്റി പറഞ്ഞില്ല. ഏതായാലും അതോടെ ഞങ്ങടെ കുടുംബവും പുള്ളീടെ കുടുംബവും തമ്മിലുള്ള ബന്ധം കൊക്കൊളമായി.നാട്ടില്‍ പിടിച്ചുനിക്കാമ്പറ്റുകേലെന്ന് ഒറപ്പായപ്പം ഞാന്‍ രാമപുരത്തെ മാമന്റെ വീട്ടിലേക്കു മാറി. ഒന്നുരണ്ടാഴ്ച്ച അവിടെ തങ്ങിയപ്പം പതിയെ എല്ലാം മറന്നു തൊടങ്ങി.
``ഒരബദ്ധമൊക്കെ ആര്‍ക്കും പറ്റും. നീ ഇങ്ങനെ ഇരുന്നാലെങ്ങനാ. ചെറിയ തോതില്‍ പണിയൊക്കെ തൊടങ്ങ്. എനിക്ക് പരിചയമൊള്ളവരെ ആരെയെങ്കിലും മുട്ടിച്ചുതരാം''അമ്മാവന് പറഞ്ഞു തീരും മുമ്പേ മാവി ചാടി വീണു.
``ഒരബദ്ധമൊക്കെ ആര്‍ക്കും പറ്റു ഇത് ഒന്നര കിന്റല്‍ അബദ്ധവല്ലേ. ഇനി ഇവന് ഇവിടെ പണിക്കിറങ്ങി നമ്മക്കും കെടക്കപ്പൊറുതിയില്ലാതാകും. നിങ്ങക്കു വേറെ പണിയൊന്നുമില്ലേ?''
ഏതായാലും ജീവിതത്തില്‍നിന്ന് ഒളിച്ചോടാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. ഭിത്തി കിഴിക്കുന്ന പണിതന്നെയാണ് എനിക്ക് പറഞ്ഞിട്ടൊള്ളതെന്നു തോന്നി. അതാകുമ്പം കത്തിപ്പോകുവെന്നു പേടിക്കണ്ടല്ലോ. എന്തെങ്കിലും തട്ടുകേടു പറ്റിയാലും ആശാന്റെ പെടലിക്കിരുന്നോളും. പക്ഷെ, മനസുകൊണ്ട് ഒരു സ്വതന്ത്ര എലട്രീഷനായിക്കഴിഞ്ഞിരുന്ന എനിക്ക് വീണ്ടും ഭിത്തി കിഴിക്കുന്നതിനെക്കുറിച്ച് ആലോചിക്കാമ്പോലും മടി തോന്നി. ഒടുവില്‍ മാമന് കൂട്ടുകാരന് ജോസേട്ടനൊപ്പം ഒരു പണി തരപ്പെടുത്തി.
മീനച്ചില്‍ താലൂക്കിലെ അറിയപ്പെടുന്ന എലട്രീഷന്‍മാരിലൊരാളാണ് ജോസേട്ടന്. പുള്ളി പറയുന്നത് അനുസരിച്ച് സഹായിയായി നിന്നാമതിയെന്ന് മാമമ്പറഞ്ഞു. ഭിത്തി കിഴിക്കുന്ന പരിപാടീന്ന് ഒഴിവാക്കിത്തരുവെന്നു പറഞ്ഞപ്പം പകുതി ആശ്വാസമായി.വീണ്ടും ഒരു സഹായിയാകാന്‍ പോകുവാണെന്ന സത്യം മടിച്ചാണെങ്കിലും ഞാനുള്‍ക്കൊണ്ടു. നാലഞ്ചു സ്ഥലത്ത് ജോസേട്ടനെ സഹായിച്ചു. കോറെക്കാര്യങ്ങള് പുള്ളി പറഞ്ഞുതരികേം ചെയ്തു. ജോസേട്ടന്റെ മുന്നില്‍ പഴേ ജോയിച്ചേട്ടനൊന്നും ഒന്നുവല്ലെന്ന് എനിക്ക് അപ്പഴാ മനസ്സിലായെ. ജാസേട്ടന്‍ മോഹന്‍ലാലാണെങ്കി ജോയിച്ചേട്ടന് ഞങ്ങടെ വായനശാലേടെ വാര്‍ഷികത്തിനവതരിപ്പിച്ച നാടകത്തിലെ നായക വേഷം ചെയ്ത സുരേഷ് മാത്രമാണ് സുരേഷ്.
പടിപടിയായി എനിക്ക് ജോസേട്ടന് പ്രമോഷന് തന്നുകൊണ്ടിരുന്നു. എന്റെ മിടുക്ക് പുള്ളിക്ക് ബോധ്യമായെന്നുറപ്പ്. അങ്ങനെയിരിക്കെ പള്ളീടടുത്ത ഒരു വീട്ടിലെ വയറിംഗിനിടെ ജോസേട്ടന് ചിക്കന്‍പോക്സ് പിടിച്ചു കെടപ്പിലായി. അമേരിക്കക്കാരെടെ വിടാ. അവര്‍ അടുത്ത അവധിക്കു വരുമ്പം പെരവാസ്തോലി നടത്താനിരിക്കുവാരുന്നു. അതോണ്ടുതന്നെ പണികള്‍ മൊടങ്ങാമ്പറ്റുകേല.
"നിനക്ക് കാര്യങ്ങളൊക്കെ അറിവല്ലോ. നീയും സുനിലും ജോബീംകൂടെ അതങ്ങ് ചെയ്യ്. എന്തേലും സംശയമൊണ്ടേല്‍ എന്നെ വിളിച്ചാ മതി." ജോസേട്ടന്റെ അതു പറഞ്ഞപ്പം ശരത്തിന്റെ പുകഴ്ത്തലു കേട്ട ഐഡിയ സ്റ്റാര്‍സിംഗര്‍ മത്സരാര്‍ത്ഥീടെ മുഖം പോലെ തിളങ്ങി. ഒരു വീട്ടിലെങ്കില്‍ ഒരു വീട്ടില്‍, ഞാനിതാ സ്വതന്ത്ര എലട്രീഷനാകാമ്പോകുന്നു. വെറും വീടല്ല, അടിപൊളി രണ്ടുനെല കെട്ടിടം. ഞാനിതു കലക്കും.
ഞങ്ങള്‍ മൂന്നും കൂടി പടിയായി വയറുചെയ്ത് മുന്നേറി. ആവശ്യമുള്ളപ്പോഴെല്ലാം ജോസേട്ടന് ഫോണില്‍ കാര്യങ്ങളു പറഞ്ഞുതന്നു. ഉദ്ദേശിച്ച സമേത്തുതന്നെ പണിതീര്‍ന്നു. കണക്ഷന് കൊടുക്കുന്ന ദിവസം ജോസേട്ടനും വന്നു. മെയിന്‍ സ്വിച്ച് ഓണാക്കാന്തൊടങ്ങുമ്പം ഞാന്‍ ആദ്യം വയറു ചെയ്ത വീട്, അനീഷു കത്തിച്ച വീട് ഓര്‍മയിലെത്തി. എന്റെ നെഞ്ച് പെരുമ്പറ കൊട്ടി.
ഒന്ന്... രണ്ട്...മൂന്ന് സ്വിച്ച് ഓണായി. ഇല്ല ഒന്നും സംഭവിച്ചില്ല. മാത്രമല്ല, ഞാന്‍ നില്ക്കുന്ന മുറീലെ ലൈറ്റ് കത്തുകേം ചെയ്തു. എന്റെ ശ്വാസം നോര്‍മലായി. ഇന്നു ഞാന്‍ അര്‍മാദിക്കും. അടിച്ചു കോണ്തെറ്റി അങ്ങാടീക്കൂടെ നെഞ്ചുവരിച്ചു നടക്കും.
"അനീഷേട്ടാ ചതിച്ചു!"
സെന്‍ട്രല്‍ ഹാളീന്നുള്ള സുനിലിന്റെ അലര്‍ച്ചയില്‍ ഞാന്‍ ഞെട്ടി.
"ചേട്ടാ ഹാളിലെ ഫാനിടുമ്പോള്‍ ബാത്റൂമിലെ ലൈറ്റ് കത്തുന്നു. ബാത്ത് റൂമിലെ ലൈറ്റിടുമ്പോള്‍ ബെഡ്റൂമിലെ ട്യൂബ് കത്തുന്നു. ബെഡ്സ്വിച്ചിടുമ്പോള്‍ കോളിംഗ്ബെല്‍ അടിക്കുന്നു"
"ഇശ്വരാ! ഇ മാര്‍ബിള്‍തറ പിളര്‍ന്ന് ഞാനങ്ങ് പണ്ടാരമടങ്ങീരുന്നെങ്കില്‍!"
ജോസേട്ടന് തലയില്‍ കയ്യുംകൊടുത്ത് തറയിലിരിപ്പുണ്ട്.പടിച്ചുനില്ക്കാന് ഞാന്‍ ഒരു അവസാന ശ്രമം നടത്തിനോക്കി.
"ചേട്ടാ എവിടെയോ ചെറിയ പെശകു പറ്റീന്നൂ തോന്നുന്നു. ഇത് പുതിയ വെറൈറ്റിയാണെന്ന് നമ്മക്ക് പറഞ്ഞാലോ?"
"വെറൈറ്റിയല്ല, നിന്റെ അമ്മേടെ **** . പലരും അന്നേ പറഞ്ഞതാ. ഞാങ്കേട്ടില്ല. എനിക്കിതു വരണം"
വയാറുകളെല്ലാം ഭിത്തിക്കുള്ളില്‍ കിടക്കുമ്പോ ഇനി ഇതെങ്ങനെ ശരിയാക്കും? ഇനി ഇത് വെറൈറ്റിയാണെന്നു പറഞ്ഞ് വീട്ടുകാരനെ സമ്മതിപ്പിച്ചാലും ബാത്ത്റൂമില്‍ ലൈറ്റിടാനും അടുക്കളേലെ എക്സ്ഹോസ്റ്റ് ഫാനിടാനുമൊക്കെ എവിടെ സ്വിച്ചിടമെന്ന് പഠിക്കാന്‍ അയാള്‍ തപസ്സിരിക്കേണ്ടിവരും.എല്ലാം എന്റെ വിധി. ഒടുവില്‍ രാമപുരത്തും നില്‍ക്കക്കള്ളിയില്ലാതെ അനീഷ് മടങ്ങുകയാണ്. പട്ടിമുക്കിലേക്ക്, അനീഷു കത്തിച്ച വീടുള്ള എന്റെ നാട്ടിലേക്ക്(തുടരും)
3 അഭിപ്രായങ്ങൾ:
"ചേട്ടാ എവിടെയോ ചെറിയ പെശകു പറ്റീന്നൂ തോന്നുന്നു. ഇത് പുതിയ വെറൈറ്റിയാണെന്ന് നമ്മക്ക് പറഞ്ഞാലോ?"
"വെറൈറ്റിയല്ല, നിന്റെ അമ്മേടെ **** ജാനകി അന്നേ പറഞ്ഞതാ. ഞാങ്കേട്ടില്ല. എനിക്കിതു വരണം"
ചാത്തനേറ്:സംഭവം തള്ളലാണേലും ഒരു ഒറിജിനാലിറ്റിയൊക്കെയുണ്ട് ;)
കൊള്ളാം..
അങ്ങനെ മലയാളത്തില്‍ ഇലക്ട്രീഷന്റെ ആത്മകഥയും
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ