നീ കഴിഞ്ഞ മാസം അയച്ച കത്തിന് വിശദമായിട്ട് ഒരു മറുപടി തരണമെന്നു കരുതീരുന്നതാ. തുടരെ ഫോണ്‍ വിളിക്കുന്നൊണ്ടെങ്കിലും നിന്റെ കത്തിനായുള്ള കാത്തിരിപ്പിന്റേം അതു വന്നു കഴിയുമ്പോഴുള്ള ആകാംക്ഷേടേം പൊട്ടിച്ചു വായിക്കുമ്പോഴുള്ള ചങ്കിടിപ്പിന്റേം വായിച്ചു കഴിഞ്ഞ് അത് മൊഖത്തു വെച്ച് നിന്റെ മണം ആസ്വദിക്കുന്നതിന്റേയും സുഖം ഒന്നു വേറേതന്നെയാ. നിന്റെ ചൂണ്ടുവെരലേലേം ***ലേം മറുകും നീ ഒണ്ടാക്കുന്ന കടൂമാങ്ങാടേം മീങ്കറീടേം രൂചിമൊക്കെ അപ്പം ഓര്‍മ്മവരും.
പിന്നെ നേരം കിട്ടുമ്പഴെല്ലാം നിന്നെക്കുറിച്ച് ആലോചിച്ചോണ്ടിരിക്കും. നമ്മളു രണ്ടും മാത്രവൊണ്ടാരുന്ന സമയങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പം ഒരു കുളിരാ. അതുകൊണ്ടുതന്നെ മറുപടി എഴുതാന്‍ ഒരു ആവേശവാ. പ്രായമേറുമ്പോഴാ ശരിക്കും കാര്യങ്ങടെ സുഖം കൂടുന്നതെന്നു തോന്നുന്നു. കഴിഞ്ഞ തവണ അവധിക്കു വന്നപ്പം ഒന്നര മാസക്കാലം നമ്മള് കാട്ടിക്കൂട്ടയതൊക്കെ ഓര്‍ക്കുമ്പം ഞാനറിയാതെ ചിരിച്ചുപോകും. പിള്ളാരു വളര്‍ന്ന് പഠിക്കാന്‍ പൊറത്തുപോയപ്പം നമ്മളു ശരിക്കും പിള്ളാരായി. എന്നു കരുതി എന്റെ എഴുത്തുകള് വീട്ടിലെങ്ങും വെച്ചേക്കല്ലേ. എബീം ജോബീം വരുമ്പോ വെട്ടു പിഴച്ചാണെങ്കിലും ഇതൊക്കെ കണ്ടാ ഞാന്‍ ജീവിച്ചിരുന്നിട്ട് കാര്യവില്ല. കത്തിച്ചു കളഞ്ഞേക്കണെ മുത്തേ.
ഒള്ളതു പറഞ്ഞാ ഈ കത്ത് എഴുതുമ്പോ പറഞ്ഞാ അച്ചായന്‍ അടിമുടി വെറക്കുവാ. വാതത്തിന്റെ അസുഖമാണെന്നു നീ തെറ്റിധരിക്കണ്ട. മെഷീന്‍ഗണ്ണൊക്കെ ഇപ്പഴും ഉഷാറാക്കിവെച്ചിരിക്കുവാ. ഇത് അരിശംകൊണ്ടുള്ള വെറയലാ. ഏറ്റവുമൊടുവില്‍ ഞാറാഴ്‌ച്ച രാത്രി നിന്നെ വിളിക്കുകേം കൂടി ചെയ്‌തപ്പോള്‍ എന്റെ സര്‍വ നാഡീഞരമ്പുകളും തകര്‍ന്നുപോയി.
ഞാനും കന്യാകുമാരി മൊതല് കാശ്‌മീരു വരെയൊള്ള മുക്കീന്നും മൂലേന്നുമൊള്ള മറ്റു പട്ടാളക്കാരും ഈ മഞ്ഞുമലേക്കെടന്ന് കഷ്‌ടപ്പെട്ടിട്ട് വല്ല കാര്യവുമൊണ്ടോ?. നിനക്കറിയാമല്ലോ, കാര്‍ഗിലില്‍നിന്ന് അച്ചായന്‍ ജീവനുംകൊണ്ട് വന്നത് മലയാറ്റൂ മുത്തപ്പന്റെ അനുഗ്രഹം ഒന്നുകൊണ്ടുമാത്രവാ. ഇപ്പം അതിനേക്കാള്‍ കൊടുംതണുപ്പൊള്ള ഒരു പട്ടിക്കാട്ടില് നേരേ ചൊവ്വേ ശ്വാസം പോലും കിട്ടാതെ രായും പകലുമില്ലാതെ അതിര്‍ത്തി കാക്കുവാ.
എന്നിട്ട് എന്നാ കാര്യം?അവിടെ ആ മറ്റവന്‍ ടെറിട്ടോറിയല്‍ ആര്‍മീല്‍ ചേര്‍ന്നതല്ലെ ഇപ്പം വലിയ സംഭവം?. എന്റെ കീഴില്‍ ജോലി ചെയ്യുന്ന പിള്ളാരെടെ കഷ്‌ടപ്പാടു കണ്ടാല്‍ പെറ്റ തള്ള സഹിക്കുകേല. അവരെക്കുറിച്ചൊന്നും ഒരു വരി എഴുതാന്‍ നമ്മടെ പത്രക്കാരോ ഒരു വാക്കു പറയാന്‍ ചാലുകാരോ മെനക്കെടുകേല. എങ്ങാനും അപ്രത്തൂന്ന് ഒരു ഷെല്ലോ മിസൈലോ വീണ് അവരില്‍ ഒരുത്തന്‍ ചത്താല്‍ ചരമപ്പേജില്‍ ഒരു ഒറ്റക്കോളം വാര്‍ത്ത-കാശ്‌മീരില്‍ പാക്കിസ്ഥാന്‍ ആക്രമണത്തില്‍ മലയാളി ജവാന്‍ മരിച്ചു- തീര്‍ന്നു കഥ.
അല്ലെങ്കിപ്പിനെ കാര്‍ഗില്‍ യുദ്ധം പോലെ വല്ലതും വരണം. ഒന്നിനു പുറകെ ഒന്നായി പട്ടാളക്കാരുടെ വശപ്പെട്ടികള്‍ മലയിറക്കിക്കൊണ്ടുവരുമ്പോള്‍ മലയാളിയെ തെരഞ്ഞു പിടിച്ച് അവമ്മാര് കണ്ണീര്‍ക്കഥ പടച്ചുവിടും. എന്നിട്ട് പട്ടാളക്കാരന്റെ ശവോടക്ക് വില്‍പ്പനക്ക് വെച്ച് കൂടിയ റേറ്റിന് പരസ്യം പിടിക്കും. കഴിഞ്ഞ അവധിക്ക് വാഗമണ്ണിലെ ജോസിന്റെ എസ്റ്റേറ്റി കൂടിയപ്പോ നമ്മടെ സോജന്‍ പറഞ്ഞ മാര്‍ക്കറ്റിംഗ് പരിപാടിയൊക്കെ കേട്ട് ഞാന്‍ ഞെട്ടിപ്പോയി.
ഒരു കണക്കു പറഞ്ഞാ ഈ പത്രക്കാരേക്കാള്‍ മാന്യന്മാര്‍ പാക്കിസ്ഥാന്‍കാരാ.എനിക്ക് അറിയാമ്മേലാഞ്ഞിട്ട് ചോദിക്കുവാ. മറ്റവന്‍ എന്നാ ഒണ്ടാക്കാന്‍ പോകുവാന്നാ ഇവന്‍മാര് കരുതിവെച്ചിരിക്കുന്നത്? ടെറിട്ടോറിയല്‍ ആര്‍മീന്നു പറഞ്ഞാ എന്നാ കോപ്പാന്നു കരുതിയാ ഈ ആഘോഷം? കഴിഞ്ഞ ദിവസം അവധി കഴിഞ്ഞു വന്ന ആലുവക്കാരന്‍ സക്കീറു പറഞ്ഞതുകേട്ട് എനിക്കുണ്ടായ അരിശത്തിന് കയ്യും കണക്കുമില്ല. എന്റെ കൊച്ചേ, ആര്‍മി ടെറിട്ടോറിയല്‍ ആര്‍മിം തമ്മില് അലുവേം ഉലുവേം തമ്മിലുള്ള ബന്ധംപോലുമില്ല.
പണ്ട് ഞങ്ങടെ കൂടെ ഒണ്ടാരുന്ന ഒരു മേജറിനെക്കുറിച്ച് ഞാന്‍ നിന്നോട് പറഞ്ഞിട്ടില്ലേ. അല്ലെങ്കിത്തന്നെ പട്ടാളക്കാര്‍ ബഡായിക്കാരാണെന്നാണ് നാട്ടുകാരു പറയുന്നത്. നമ്മടെ എബിമോന്‍ പ്രത്യേകം മുന്നറിയിപ്പു തന്നതുകൊണ്ട് നാട്ടില്‍ വരുമ്പോള്‍ എവിടെച്ചെന്നാലും കഥ പറയാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിക്കും. എങ്ങാനും അറിയാതെ നിയന്ത്രണം വിട്ടു പറയാന്തൊടങ്ങിയാ അവനെ ഓര്‍ക്കുമ്പം ഞാന്‍ നിര്‍ത്തും. സാധാരണ പട്ടാളം വിടുന്നോര് വീട്ടി വരുന്നോരോടോ വഴീക്കാണുന്നോരോടോ ഒക്കെ ബഡായി പറയും. മറ്റേപ്പുള്ളി ബഡായി പറയാന്‍ പോയത് സിനിമേലോട്ടാ. എടി കൊച്ചേ, ഒള്ളതു പറഞ്ഞാ മലയാള സിനിമേലെ പട്ടാള ബഡായിക്കാരനാണ് മറ്റേ മേജര്‍, കഴിഞ്ഞ അമ്പതു വര്‍ഷത്തിനിടെ ഇന്ത്യന്‍ ആര്‍മി നടത്തിയ എല്ലാ ഓപ്പറേഷനുകളുടേം മാസ്റ്റര്‍ ബ്രെയിനും മുന്‍നിരപ്പോരാളിയും ആയാളാരുന്നെന്നാണ് അവകാശവാദം. അതുകേട്ട് കോള്‍മയിരു കൊള്ളാന്‍ കൊറേ **മാരും.
നടനെ പറഞ്ഞിട്ടു കാര്യമില്ല. അയാളു തൂറാന്‍ പോകുന്നതുപോലും വലിയ സംഭവമാക്കാന്‍ കൊറേ അവന്‍മാര് പൊറകെ നടക്കുവല്ലേ- ചെറ്റകള്!നീയും ഈ ബഹളങ്ങളില്‍ മുങ്ങിപ്പോയോന്ന് എനിക്കൊരു സംശയം. കഴിഞ്ഞ ദിവസം വിളിച്ചപ്പം അയാള് പട്ടാളക്കാരനായതിനെക്കുറിച്ച് ചാനലുകളിലും പത്രങ്ങളിലും നിറയെ വാര്‍ത്തകളാന്നു പറഞ്ഞപ്പം നിനക്ക് ഇത്തിരി ആവേശം കൂടിയപോലെ തോന്നി.
ഞാന്‍ കേണലായാലും കോണലായാലും പത്രത്തില്‍ ഒരു വാക്കു പോലും വന്നില്ലല്ലോ എന്നാരിക്കും നീ വിചാരിക്കുന്നത്. എന്റെ പൊന്നു മോളെ പത്രക്കാര് ജോലീടെ റാങ്കും കഷ്‌ടപ്പാടും നോക്കിയല്ല വാര്‍ത്ത കൊടുക്കുന്നത്. ഇനി എന്നെക്കുറിച്ച് ഒരു വാര്‍ത്ത വരണെങ്കി ഞാന്‍ കരസേനാ മേധാവിയാകണം. അല്ലെങ്കില്‍ ശത്രുവിന്റെ ആക്രമണത്തിലോ പട്ടാള ക്യാമ്പിലെ ഏറ്റുമുട്ടലിലോ വീട്ടിലേക്കുള്ള യാത്രയില്‍ അപകടത്തിലോ ചാകണം. ആദ്യം പറഞ്ഞ സാധ്യതയെക്കുറിച്ച് സ്വപ്‌നം കാണാനേ പറ്റില്ല. പിന്നീടു പറഞ്ഞ സാധ്യതകള്‍ സ്വപ്നത്തിപ്പോലും കാണിക്കല്ലേന്ന് പ്രാര്‍ത്ഥിച്ചോണേ പൊന്നേ.
അയാക്കൊന്നും ഇനി സിനിമേല് ഒന്നും ചെയ്യാമ്പറ്റുകേല. അതുകൊണ്ടാണ് കറിക്കച്ചോടോം തരികിട പട്ടാളപ്പരിപാടീമൊക്കെയായി എറങ്ങീരിക്കുന്നത്. എടക്ക് ഏതോ പട്ടച്ചാരയത്തിന്റെ പരസ്യത്തില്‍ മോഡലാകാനും പോയെന്നു പറയുന്ന കേട്ടു. എന്റെ കൊച്ചേ, നീ ഇതൊക്കെ കണ്ട് പതറിപ്പോകുവോന്നാ എന്റെ പേടി. നമ്മടെ ഐലോക്കത്തെ ഔതച്ചായനും തെക്കേതിലെ മേരിച്ചേടത്തിയും അവരുടെ മകനെ കെട്ടിയ ആ താടകയുമൊക്കെ നിന്നോട് ചോദിക്കുവാരിക്കും- എന്നെക്കുറിച്ച് ഒരു വാര്‍ത്തയും പത്രങ്ങളിലും ചാനലുകളിലും വരാത്തതെന്നാന്ന്.നീ എല്ലാം ചിരിച്ച് അവഗണിച്ചേര്.
സത്യത്തിന്റെയും നീതിയുടേം മുഖം ഹര്‍ഭജന്‍സിംഗിന്റെ തല്ലുകൊണ്ടു കരയുന്ന ശ്രീശാന്തിന്റെ മുഖം പോലെ വികൃതമാണ്. നമ്മടെ പിള്ളാര് എന്നാ പറയുന്നടി? അവമ്മാരും ഇപ്പോ മറ്റെ നടന്റെ പൊറകെ ആയിരിക്കും അല്ലേ. അല്ലെങ്കിപ്പിന്നെ ഓര്‍മ വെച്ചകാലം മുഴുവന്‍ ഞാന്‍ പട്ടാളക്കാരനാകാന്‍ പ്രോത്സാഹിപ്പിച്ചിട്ടും മൈന്‍ഡ് ചെയ്യാതിരുന്ന ജോബിമോന് ഇപ്പം പട്ടാളപ്പൂതി എവിടുന്നു വന്നു?
കാര്യങ്ങള് കൈവിട്ടു പോകുവെന്നു കണ്ടാ ഞാന്‍ കടുംകൈ ചെയ്യും.ഇവിടുന്ന് വോളണ്ടറി റിട്ടയര്‍മെന്റ് എടുത്ത് അങ്ങോട്ട് ഒരു വരവു വരും. എന്നിട്ട് നമ്മടെ വടക്കേ മറ്റത്തെ റബര്‍ തോട്ടം വിറ്റിട്ട് ഒരു സിനിമ പടിക്കും. ഒരു പട്ടാളക്കഥ. ഞാന്‍തന്നെ സംവിധാനം ചെയ്യും ഞാന്‍തന്നെ നായകനുമാകും. മറ്റവന്റെ നെയ്‌ക്കുമ്പളങ്ങാ പോലത്തെ ശരീരം വെച്ചു നോക്കുമ്പം ഞാന്‍ ഒന്നല്ല, ഒന്നേമുക്കാല്‍ നായകനാ. എന്നിട്ടു ഞാമ്പോയി ടെറിട്ടോറിയല്‍ ആര്‍മീച്ചേരും. ഈ നാറികളെക്കൊണ്ടെല്ലാം ഞാന്‍ വാര്‍ത്തേം കൊടുപ്പിക്കും.
എഴതി കൈ കഴച്ചു കൊച്ചേ, നിര്‍ത്തുവാ
ആയിരം ഉമ്മകളോടെ
സ്വന്തം മാത്തച്ചായന്‍
11 അഭിപ്രായങ്ങൾ:
ഞാന്‍ കേണലായാലും കോണലായാലും പത്രത്തില്‍ ഒരു വാക്കു പോലും വന്നില്ലല്ലോ എന്നാരിക്കും നീ വിചാരിക്കുന്നത്. എന്റെ പൊന്നു മോളെ പത്രക്കാര് ജോലീടെ റാങ്കും കഷ്‌ടപ്പാടും നോക്കിയല്ല വാര്‍ത്ത കൊടുക്കുന്നത്. ഇനി എന്നെക്കുറിച്ച് ഒരു വാര്‍ത്ത വരണെങ്കി ഞാന്‍ കരസേനാ മേധാവിയാകണം. അല്ലെങ്കില്‍ ഞാന്‍ ശത്രുവിന്റെ ആക്രമണത്തിലോ പട്ടാള ക്യാമ്പിലെ ഏറ്റുമുട്ടലിലോ വീട്ടിലേക്കുള്ള യാത്രയില്‍ അപകടത്തിലോ ചാകണം. ആദ്യം പറഞ്ഞ സാധ്യതയെക്കുറിച്ച് സ്വപ്‌നം കാണാനേ പറ്റില്ല. പിന്നീടു പറഞ്ഞ സാധ്യതകള്‍ സംഭവിക്കരുതേ എന്ന് പ്രാര്‍ത്ഥിച്ചോണേ പൊന്നേ.
അയാക്കൊന്നും ഇനി അഭിനയത്തില്‍ ഒന്നും ചെയ്യാമ്പറ്റുകേല. അതുകൊണ്ടാണ് കറിക്കച്ചോടോം തരികിട പട്ടാളപ്പരിപാടീമൊക്കെയായി എറങ്ങീരിക്കുന്നത്.
HALLA.... aalu kollam. AASHANTAE KALAE THOTTU NAMASKARICHONDU njaaan thannae aadyathae FOLLOWER aaakuvaa...
LAL SALAAAM
ബെര്‍ളിയുടെ സ്റ്റൈല്‍ ആണല്ലോ . ഇനി ബെര്‍ലി തന്നാണോ പെഴച്ചവന്‍?... ആ കാത്തിരുന്നു കാണാം
kollam, veendum pratheekshikkunnu
ബെർളി ആവാനുള്ള ശ്രമമായിരിക്കും..
ഒന്ന് പോ കുവ്വേ...
Kollam mashe, Kalakki
നീ ഞാനിപ്പോള്‍ ഇട്ട പോസ്റ്റ് ഡിലീറ്റ് ചെയ്ത് കളയും എന്ന് എനിക്കറിയാം എന്നാലും നീ വായിക്കുമല്ലോ എനിക്കതുമതി... വേറെ ആരും വായിച്ചില്ലെങ്കിലും നീ മാത്രം വായിച്ചാല്‍ മതി...
നന്നായിട്ടുണ്ട് സുഹൃത്തേ...
വീണ്ടും നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ബൂലോകത്തേയ്ക്ക് സ്വാഗതം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ