
ദീര്‍ഘമായ കാത്തിരിപ്പിന് വിരാമം കുറിച്ച് സന്തോഷ് പണ്ധിറ്റിന്‍റെ കൃഷ്ണനും രാധയും എന്ന സിനിമ ഇന്ന് തിയേറ്ററുകളിലെത്തി. ആളൊഴിഞ്ഞ തിയേറ്റര്‍ പ്രതീക്ഷിച്ചെത്തിയ ഞാന്‍ ടിക്കറ്റ് കൗണ്ടറിനു മുന്നിലെ ജനസാഗരം കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഒടുവില്‍ 130 രൂപ മുടക്കി ബ്ലാക്കില്‍ ടിക്കറ്റെടുത്താണ് ആദ്യ ഷോ കാണാന്‍ അകത്തു കയറിയത്.
എന്നിട്ട് കാശുപോയില്ലേ എന്നായിരിക്കും വായനക്കാര്‍ ചോദിക്കാന്‍ വരുന്നത്. എന്‍റെ അഭിപ്രായം ഒറ്റ വാചകത്തില്‍ പറയാം- ഈ സിനിമ കണ്ടിട്ടില്ലെങ്കില്‍ മലയാള സിനിമാ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നത്.
ജെ.സി ഡാനിയല്‍ മുതല്‍ എം.എസ് മനു(സാന്‍ഡ് വിച്ച്) വരെയുള്ള സംവിധായകരും പ്രേം നസീര്‍ മുതല്‍ ആസിഫ് അലി വരെയുള്ള നായകന്‍മാരും നമുക്ക് സമ്മാനിച്ച ആവര്‍ത്തനവിരസതകള്‍ക്കും ടൈപ്പുകള്‍ക്കും വിരാമം കുറിക്കുകയാണ് സന്തോഷ് പണ്ധിറ്റ് എന്ന പ്രതിഭ. സിനിമയുടെ എല്ലാ മേഖലകളിലും സന്തോഷ് പണ്ധിറ്റ് കൈവച്ചത് എന്തിന് എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം ചിത്രം നല്‍കുന്നുണ്ട്. ആ പ്രതിഭയുടെ സ്പര്‍ശത്തില്‍ മലയാളത്തിലെ ആദ്യത്തെ കറതീര്‍ന്ന ചിത്രമെന്ന ഖ്യാതിയാണ് കൃഷ്ണനും രാധയും സ്വന്തമാക്കിയിരിക്കുന്നത്.
പ്രണയത്തിന്‍റെ, സ്നേഹത്തിന്‍റെ, സാഹോദര്യത്തിന്‍റ, പകയുടെ, വിരഹത്തിന്‍റെ വിഭിന്ന തലങ്ങളെ അതിവിദഗ്ധമായി ക്രോഡീകരിച്ചുകൊണ്ട് ഒരു പുതിയ ചലച്ചിത്ര ഭാഷയാണ് സന്തോഷ് പണ്ധിറ്റ് രചിച്ചിരിക്കുന്നത്. തിയേറ്ററുകളിലെ ആഘോഷത്തിമിര്‍പ്പുകള്‍ അതിനു സാക്ഷ്യ മാകുന്നു.
സിനിമ അടിസ്ഥാനപരമായി ഒരു എന്‍റര്‍ടെയ്ന്‍മെന്‍റാണെന്ന വസ്തുത പൂര്‍ണമായും ഉള്‍ക്കൊണ്ടുകൊണ്ടാണ് സന്തോഷ് ഈ ചിത്രത്തെ സമീപിച്ചിരിക്കുന്നത്. അഭിനേതാവ്, സംവിധായകന്‍, ഗായകന്‍ തുടങ്ങി വിവിധ നിലകളില്‍ അദ്ദേഹത്തിന്‍റെ ക്രാഫ്റ്റിന് അടിവരയിടുകയാണ് ഈ ചിത്രം. നായകന്‍ വെളുത്തു ചുവന്നിരിക്കണം, ആറടി പൊക്കം വേണം. നെറ്റിയുടെ മുകളില്‍ ഗള്‍ഫ് ഗേറ്റിന്‍റെ കാര്‍പോര്‍ച്ച് വേണം, കവിളത്ത് ഒന്നരക്കിലോ ഇറച്ചിവേണം തുടങ്ങിയ മലയാളികളുടെ പിടിവാശികളെ പൊളിച്ചടുക്കിക്കൊണ്ടാണ് സന്തോഷിന്‍റെ താരോദയം എന്നതും ശ്രദ്ധേയമാണ്.
യൂട്യൂബിലും ഇന്‍റ ര്‍നെറ്റിലെ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും സന്തോഷിനെ അവഹേളിക്കാന്‍ മത്സരിച്ചവരും ഒടുവില്‍ ഈ തൊഴില്‍ ഏറ്റെടുത്ത മലയാള ടെലിവിഷന്‍ ചാനലുകളും ഐതിഹാസികവിജയത്തിന്‍റെ അഗ്നിസ്ഫുല്ലിംഗങ്ങളില്‍ വേവുകയാണിപ്പോള്‍. യൂട്യൂബിലെ വിഡിയോകള്‍ക്കുതാഴെ സഭ്യതയുടെ എല്ലാ അതിരുകളും ലംഘിക്കുന്ന കമന്‍റുകളിട്ടവരെയും ടെലിഫോണ്‍ അഭിമുഖമെന്ന പേരില്‍ സംസാരിച്ചുതുടങ്ങി കൂട്ടത്തെറിവിളിയില്‍ കാര്യങ്ങള്‍ അവസാനിപ്പിച്ച് എന്തോ വലിയ കാര്യം ചെയ്തെന്ന് അഭിമാനിക്കുന്നവരെയും ചാനല്‍ ന്യൂസ് റൂമിലിരുന്ന് വളഞ്ഞ വഴിക്കുള്ള ചോദ്യങ്ങളുമായി മാനംകെടുത്താന്‍ ശ്രമിച്ചവരെയും തികഞ്ഞ സംയമനത്തോടെ അഭിമുഖീകരിച്ച സന്തോഷിനെ അഭിനന്ദിക്കാതിരിക്കാനാവുന്നില്ല.
കലയെന്ന നിലയിലും വ്യവസായമെന്ന നിലയിലും മലയാള സിനിമയുടെ തകര്‍ച്ചയെക്കുറിച്ചുള്ള വിലാപങ്ങളാണ് കുറെക്കാലമായി കേട്ടുകൊണ്ടിരിക്കുന്നത്. സാധാരണക്കാരായ നമ്മുടെ ഇടയില്‍നിന്നൊരാള്‍ ഈ തകര്‍ച്ചയ്ക്ക് സ്വയം പരിഹാരമാകുകയാണ്. ഗ്ലാമറില്ലാത്ത നായകന്‍മാരെ വച്ച് തമിഴന്‍മാര്‍ നടത്തുന്ന കളിയുടെ പകര്‍ന്നാട്ടമല്ലേ ഇതെന്ന് ചോദിക്കുന്നവരുണ്ടാകും. പക്ഷെ, ഇത് മറ്റൊരു തരംഗത്തിന്‍റെ നാന്ദിയാണ്. മലയാള സിനിമയിലെ മാടന്പികളുടെ കോട്ടകൊത്തളങ്ങളെ തകര്‍ത്തെറിയാന്‍ പോകുന്ന വലിയൊരു മുന്നേറ്റത്തിന്‍റെ ചെറിയൊരു തുടക്കം. ലിബിയയില്‍ ഗദ്ദാഫിയുടെ ഏകാധിപത്യത്തിന് അന്ത്യം കുറിച്ച ഐതിഹാസിക മുന്നേറ്റത്തിന്‍റെയും തുടക്കം എളിയ രീതിയിലായിരുന്നു എന്ന് ഓര്‍ക്കുക. ഈ മുന്നേറ്റത്തില്‍ നമുക്കും കൈകോര്‍ക്കാം.




