
വേറെ നിവര്‍ത്തിയില്ലാഞ്ഞിട്ടാണ്. കാളപെറ്റെന്നു കേട്ടാലൊടനെ കയറെടുക്കുന്ന കമ്യൂണിസ്റ്റുകാരുടെ എടപാട് പലടത്തും ജയിച്ചിട്ടൊണ്ടാകും പക്ഷെ ഞങ്ങടടുത്ത് നടക്കുകേല. ഉമ്മന്‍ ചാണ്ടി സാറ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട സി.പി.എമ്മുകാരുടെ ജനാധിപത്യ ധ്വംസനത്തിനെതിരെയാണ് ഈ ഹര്‍ത്താല്‍.
മനസ്സുകൊണ്ടുപോലും ഇന്നേവരെ ഒരു വേണ്ടാതീനോം ചെയ്തിട്ടില്ലാത്ത ഉമ്മന്‍ ചാണ്ടിസാര്‍ അഴിമതിക്കേസിന്‍റെ പേരില്‍ രാജിവെക്കണമെന്ന് പറയുന്നത് വെറും ജനാധിപത്യധ്വംസനം മാത്രമല്ല, ഒരിക്കലും മറക്കാനും പൊറുക്കാനും പറ്റാത്ത തെറ്റാണ്. അതുകൊണ്ടുതന്നെ പെഴയെപ്പോലെ ഉമ്മന്‍ ചാണ്ടിസാറിനെ മനസ്സിന്‍റെ രൂപക്കൂട്ടില്‍ വച്ച് നൊവേന ചൊല്ലിക്കൊണ്ടിരിക്കുന്ന അനേകായിരങ്ങള്‍ക്ക് ഹര്‍ത്താലു നടത്താതിരിക്കാന്‍ പറ്റുകേല.
ഇവരു ബഹളംവക്കാന്‍ മാത്രം ഇപ്പം എന്നാ ഒണ്ടായി? പാമോയില്‍ കേസില്‍ ഉമ്മന്‍ ചാണ്ടി സാറിനെ പ്രതിചേര്‍ക്കാന്‍ കഴിയില്ലെന്ന വിജിലന്‍സിന്‍റെ തുടരന്വേഷണ റിപ്പോര്‍ട്ട് പ്രത്യേക കോടതി തള്ളി. പാമോയില്‍ ഇടപാട് നടന്ന സമയത്ത് ധനമന്ത്രി ആയിരുന്ന സാറിന്‍റെ അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് കോടതി നിര്‍ദ്ദേശം നല്‍കി. അത്രയൊള്ളൂ. അല്ല, അത്രമാത്രേയൊള്ളൂ.
കോടതി പറഞ്ഞതു കേട്ടതും ആ വലിയ മനുഷ്യന്‍ ഇടിപിടിയോന്ന് രാജിവെക്കാനൊരുങ്ങിയെന്നു കേട്ടപ്പോ എന്നേപ്പോലുള്ള നസ്രാണീകളു മാത്രമല്ല, സകലമാന കോട്ടയംകാരടേം ചങ്കു പെടഞ്ഞു.
അയ്യോ അച്ചായാ പോകല്ലേന്നൊള്ള വിലാപവാണ് പിന്നെ മാറ്റൊലിക്കൊണ്ടത്. രമേശ് ചെന്നിത്തല പറഞ്ഞത് അച്ചുതാനന്ദന്‍ കേട്ടാരുന്നോ?നിഷ്‌കളങ്കനും നിരപരാധിയുമായ ഉമ്മന്‍ചാണ്ടിയെ പാമോയില്‍ കേസില്‍ പ്രതിചേര്‍ക്കാന്‍ ആര്‍ക്കുമാവില്ലെന്ന ചെന്നിത്തലേടെ നിഷ്കളങ്കമായ വാക്കുകള്‍ കേട്ട് എന്‍റെ ഓരോ രോമം എഴുന്നേറ്റുനിന്നു.
അതുകൊണ്ടും പോരാത്തോര്‍ക്കുവേണ്ടി കോണ്‍ഗ്രസിന്‍റെ ഹൈക്കമാന്‍ഡും പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ തെറ്റുകാരനായി കാണാനാവില്ലെന്ന്. ഇനിയിപ്പം ആരൊക്കെ ബഹളം വച്ചിട്ടെന്നാ കാര്യം. ഈ പറഞ്ഞതൊന്നും പോരെങ്കില്‍ നാട്ടിലെ ഏ അരമനേന്നോ, അങ്ങു ദൂരെ പാത്രിയാര്‍ക്കീസിന്‍റെ ആസ്ഥാനത്തൂന്നോ അച്ചായന്‍റെ നിഷ്കളങ്കത കണ്‍ഫേം ചെയ്യിക്കാം.
ഭരണത്തിലിരിക്കുന്നവര്‍ക്കെതിരെ ആരോപണം വന്നാല്‍, സംശയം ഉയര്‍ന്നാല്‍, അന്വേഷണം ഉണ്ടായാല്‍ രാജിവെക്കണമെന്നു പറയുന്നത് ഒരു പതിവ് സ്റ്റൈലാണ്. പക്ഷെ, ഉമ്മന്‍ ചാണ്ടി സാര്‍ വെറുമൊരു ഭരണകര്‍ത്താവല്ല. നിഷ്കളങ്കനും സര്‍വസംഗപരിത്യാഗിയും വിനീതനും അഗ്നിശുദ്ധി തെളിയിച്ചയാളും സ്വര്‍ഗത്തില്‍നിന്ന് നേരിട്ടയച്ച സ്വഭാവസര്‍ട്ടിഫിക്കറ്റുള്ളയാളും പാവങ്ങളുടെ പടത്തലവനും അങ്ങനെ ഒരുപാട് സംഭവങ്ങളാണ്.
അങ്ങനെയുള്ള ഒരാള്‍ രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ക്കെതിരെ എങ്ങനെ പ്രതികരിക്കാതിരിക്കും?. ഏതായാലും നാളെ രാവിലെ ഷോപ്പുകടെ ഷട്ടര്‍ പൊക്കുന്പം ഞങ്ങടെ ഹര്‍ത്താല് തൊടങ്ങും. എല്ലാ ബാറുകളുടെയും രാത്രി കൗണ്ടര്‍ പൂട്ടുംവരെ നീണ്ടു നില്‍ക്കും. പിന്നെ ചുരുണ്ടു കെടക്കും.
1 അഭിപ്രായം:
അങ്ങനെയുള്ള ഒരാള്‍ രാജിവക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ക്കെതിരെ എങ്ങനെ പ്രതികരിക്കാതിരിക്കും. ഏതായാലും നാളെ രാവിലെ ഷോപ്പുകടെ ഷട്ടര്‍ പൊക്കുന്പം ഞങ്ങടെ ഹര്‍ത്താല് തൊടങ്ങും. എല്ലാ ബാറുകളുടെയും രാത്രി കൗണ്ടര്‍ പൂട്ടുംവരെ നീണ്ടു നില്‍ക്കും. പിന്നെ ചുരുണ്ടു കെടക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ