2010, ജൂലൈ 1, വ്യാഴാഴ്‌ച

ശ്രീമതി ശ്രീമതി ജയജയ!!!!!

സ്ഥിരമായി സല്‍സയടിക്കുന്ന എന്റെ കൂട്ടുകാരന്‍ ചെമ്പുങ്കലെ സണ്ണി പണ്ട്‌ അളിയന്‍ കൊടുത്ത സ്‌കോച്ച്‌ വിസ്‌കി അടിച്ചതുപോലെയാണ്‌ കേരളത്തിലെ സഖാക്കള്‍ക്ക്‌ അമേരിക്കേന്നു പറഞ്ഞാല്‍. നില്‍ക്കുന്ന നില്‍പ്പില്‍ ശര്‍ദ്ദിയും വയറിളക്കവും ഒന്നിച്ചു നടത്തും.ഉറക്കത്തില്‍പോലും സാമ്രാജ്യത്ത്വത്തിനെതിരായ മുദ്രാവാക്യം മുഴക്കുന്ന അവര്‍ക്ക്‌ അങ്ങനെയുണ്ടായില്ലേലേ അത്ഭുതമുള്ളൂ. സി.പി.എമ്മിന്റെ തെറി ഇത്രേം കേട്ടിട്ടൊള്ള മറ്റൊരു രാജ്യോമൊണ്ടാവില്ലെന്നാണ്‌ പെഴയ്‌ക്കു തോന്നുന്നത്‌. എന്തിനധികം പറയണം, ലോകകപ്പ്‌ ഫുട്‌ബോളില്‍ അമേരിക്ക ജയിക്കുന്നതിനെക്കുറിച്ച്‌ ഓര്‍ക്കാന്‍പോലും പറ്റത്തില്ലെന്നല്ലേ നമ്മടെ ബേബിസഖാവ്‌ കുറച്ചുദിവസം മുമ്പ്‌ പറഞ്ഞത്‌.

അമേരിക്ക പ്രീക്വാര്‍ട്ടറില്‍ എത്താതിരിക്കാന്‍ അദ്ദേഹം മാര്‍ക്‌സ്‌, എംഗല്‍സ്‌ തുടങ്ങിയ സ്വര്‍ഗവാസികളുടെയും കെ.ഇന്‍.കുഞ്ഞഹമ്മദ്‌, പി.കെ. പോക്കര്‍ തുടങ്ങി ജീവിക്കുന്ന വിശുദ്ധരുടെയും മാധ്യസ്ഥ്യം തേടിയതിന്റെ ഗുണം കണ്ടില്ലേ? കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അമേരിക്കയിലേക്ക്‌ ഒരു വിമാനടിക്കറ്റ്‌ ആരെങ്കിലും വച്ചുനീട്ടിയാല്‍ സഖാക്കള്‍ രാപ്പകല്‍ ഉരുവിടുന്നതെല്ലാം വിഴുങ്ങും. പിന്നെ യാങ്കി എന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ അതെന്താണ്‌ വല്ല പലഹാരവുമാണോ എന്ന്‌ ചോദിക്കും. അമേരിക്കയില്‍ പോയി സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി, മൃഷ്‌ടാന്നം കഴിച്ച്‌, കാഴ്‌ച്ചകളും കണ്ട്‌ ചെക്കായും ഓഫറായും കിട്ടുന്ന സംഭാവനേം വാങ്ങി വരുന്നതുവരെ സാമ്രാജ്യത്വ വിരോധത്തിനും ഇറാഖിനെയും ഫലസ്‌തീനെയുമൊക്കെച്ചൊല്ലിയുള്ള വിലാപത്തിനും അവധി. ഉളുപ്പില്ലായ്‌മ എന്നാല്‍ എന്ത്‌ എന്ന്‌ ഇപ്പം മനസ്സിലായോ?

ഏറ്റവുമൊടുവില്‍ അമേരിക്കയിലേക്ക്‌ പറന്നിരിക്കുന്നത്‌ നാടിന്റെ ആരോഗ്യത്തിന്റെ കാവലാളായ ശ്രീമതി മാഡമാണ്‌. അതും പകര്‍പ്പനി ബാധിച്ച്‌ നരകിക്കുന്ന ആയിരങ്ങളെ കൊഞ്ഞനം കാണിച്ചിട്ട്‌. കാന്‍സര്‍ ചികിത്സയിലെ നൂതന സാങ്കേതികവിദ്യ നാട്ടിലേക്ക്‌ കൊണ്ടുവരുന്നതിനാണ്‌ മാഡം പാടുപീഡകള്‍ സഹിച്ച്‌ അമേരിക്കയിലേക്ക്‌ പോയതെന്ന്‌ സര്‍ക്കാര്‍ പറയുന്നു. അമേരിക്കന്‍ മലയാളി സംഘനടയായ ഫൊക്കാനയുടേതുള്‍പ്പെടെ മറ്റു പല സ്വകാര്യ പരിപാടികളിലും മന്ത്രി പങ്കെടുക്കുന്നുണ്ട്‌ എന്നതു വേറെ കാര്യം. അവിടുന്ന്‌ ഇംഗ്ലണ്ടിലേക്ക്‌. പിന്നെ ദുബായ്‌ വഴി മടക്കം. റോമാ സാമ്രാജ്യം കത്തിയെരിമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തി എന്ന പ്രയോഗം ഇനി കേരളം പനിച്ചുവിറക്കുമ്പോള്‍ അമേരിക്കയിലേക്ക്‌ പറന്ന ശ്രീമതി എന്ന്‌ തിരുത്തിവായിക്കാന്‍ അപേക്ഷ.

കാന്‍സര്‍ ചികിത്സക്കുള്ള നൂതന സംവിധാനങ്ങള്‍ അമേരിക്കയില്‍നിന്ന്‌ കേരളത്തിലെത്തുന്നതിനു മുമ്പ്‌ ഇവിടെ പനി എത്രപേരുടെ ജീവന്‍ അപഹരിക്കും? ആ ചോദ്യത്തിന്‌ പ്രസക്തിയില്ല. കാരണം ചെയ്യേണ്ട കാര്യങ്ങളെല്ലാം കരീം സഖാവിനെ എല്‍പ്പിച്ചിട്ടാണ്‌ ശ്രീമതി പറന്നതെന്നാണ്‌ ജയരാജന്‍ സഖാവ്‌ പറയുന്നത്‌. മാത്രമല്ല, പകര്‍പ്പനി തടയാന്‍ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്‌ ആരോഗ്യവകുപ്പ്‌ വ്യക്തമാക്കിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം എറണാകുളം നഗരത്തില്‍കൂടി പോയപ്പം മുല്ലശ്ശേരി കനാലിലും പേരണ്ടൂര്‍ കനാലിലും എന്തോ തടഞ്ഞു നിര്‍ത്തിയിരിക്കുന്നതു കണ്ടു. അത്‌ പകര്‍പ്പനിയാണെന്ന്‌ ഇപ്പഴാ മനസ്സിയാത്‌.

കാര്യങ്ങള്‍ കരീം മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും ചെയ്യാവുന്നതേയുള്ളുവെങ്കില്‍ ശ്രീമതിയെക്കൊണ്ട്‌ നമുക്കെന്താണ്‌ ഗുണം? അങ്ങനയൊരു മന്ത്രിയുടെ ആവശ്യമുണ്ടോ? അവര്‍ക്കായി ലക്ഷങ്ങള്‍ പൊടിക്കേണ്ടതുണ്ടോ? മാത്രമല്ല, വിപ്ലവരക്തം സിരകളിലോടുന്ന നമ്മള്‍ കുത്തകബൂര്‍ഷ്വാസികളുടെ കാന്‍സര്‍ ചികിത്സാ സാങ്കേതിക വിദ്യ നാണമില്ലാതെ എങ്ങനെ വാങ്ങും? ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല. പക്ഷെ ഉത്തരം തരാന്‍ ഉദ്ദേശിക്കുന്നില്ല. പോളിംഗ്‌ ബൂത്തിനു മുന്നില്‍ വെയിലും മഴയും സഹിച്ചുനിന്ന്‌ വോട്ടു ചെയ്യുകയും വോട്ടു ചെയ്‌തു ജയിപ്പിച്ചവര്‍ തലയില്‍ കയറി അപ്പിയിടുമ്പോള്‍ നിര്‍വികാരരായിരിക്കുകയും ചെയ്യുന്ന മലയാളി ഉത്തരം അര്‍ഹിക്കുന്നില്ല. ശ്രീമതി മാഡം വിജയിപ്പൂതാക!

4 അഭിപ്രായങ്ങൾ:

പെഴ! പറഞ്ഞു...

കാര്യങ്ങള്‍ കരീം മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും ചെയ്യാവുന്നതേയുള്ളുവെങ്കില്‍ ശ്രീമതിയെക്കൊണ്ട്‌ നമുക്കെന്താണ്‌ ഗുണം? അങ്ങനയൊരു മന്ത്രിയുടെ ആവശ്യമുണ്ടോ? അവര്‍ക്കായി ലക്ഷങ്ങള്‍ പൊടിക്കേണ്ടതുണ്ടോ? മാത്രമല്ല, വിപ്ലവരക്തം സിരകളിലോടുന്ന നമ്മള്‍ കുത്തകബൂര്‍ഷ്വാസികളുടെ കാന്‍സര്‍ ചികിത്സാ സാങ്കേതിക വിദ്യ നാണമില്ലാതെ എങ്ങനെ വാങ്ങും? ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല. പക്ഷെ ഉത്തരം തരാന്‍ ഉദ്ദേശിക്കുന്നില്ല. പോളിംഗ്‌ ബൂത്തിനു മുന്നില്‍ വെയിലും മഴയും സഹിച്ചുനിന്ന്‌ വോട്ടു ചെയ്യുകയും വോട്ടു ചെയ്‌തു ജയിപ്പിച്ചവര്‍ തലയില്‍ കയറി അപ്പിയിടുമ്പോള്‍ നിര്‍വികാരരായിരിക്കുകയും ചെയ്യുന്ന മലയാളി ഉത്തരം അര്‍ഹിക്കുന്നില്ല. ശ്രീമതി മാഡം വിജയിപ്പൂതാക!

Rahul പറഞ്ഞു...

കാരിയങല്‍ പെഴ മനസ്സില്‍ ആക്കിയതു പൊലെ സ്രീമതി മാദം മനസ്സില്‍ ആക്കിയില്ല.. മാദം ഇപ്പൊ ഹവൈയ് ബീ‍ചില്‍ പ്നിയെ കുരിചു ചിന്തിചു കിദക്കുകയൈനു..വക്ക വക്ക ധിസ് റ്റൈം ഫൊര്‍ അമെരിക്കാ‍ാ‍ാ‍ാ

Jishad Cronic പറഞ്ഞു...

:0-)

അജ്ഞാതന്‍ പറഞ്ഞു...

ശ്രീമതി അമ്മായി അമേരിക്കന്‍ സായിപ്പിനെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ പോയതാരിക്കും......... ശ്രീമതി അമ്മായിയുടെ oxford ലെവല്‍ ഇംഗ്ലീഷ് വീഡിയോ കണ്ടാരുന്നു...... എന്താ കലക്ക്......