2010, മാർച്ച് 4, വ്യാഴാഴ്‌ച

ജയേട്ടന്‍റെ കഷ്ടപ്പാടുകള്‍

പെരുമഴക്കാലം എന്ന സിനിമയിലെ രാക്കിളിതന്‍...എന്നു തുടങ്ങുന്ന പാട്ടു കേള്‍ക്കുമ്പോഴെല്ലാം കൊരവള്ളി പൊട്ടിച്ച്‌ ഇപ്പം ചാകും എന്ന മട്ടില്‍ പാടുന്ന സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ ചേട്ടനെയാണ്‌ ഓര്‍മവരുന്നത്‌. പുള്ളിക്കാരന്‍ ചാനലുകളിലും വേദികളിലും ഈ പാട്ട്‌ പാടിയിരുന്നത്‌ കാണുമ്പോള്‍ ഞങ്ങടെ വീട്ടിലെ ജഴ്‌സിപ്പശു പ്രസവസമേത്തു കാണിക്കുന്ന പരാക്രമമാണ്‌ എനിക്ക്‌ ഓര്‍മവന്നിരുന്നത്‌.



പിന്നീട്‌ ചാനല്‍ റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായിരുന്ന്‌ ഭാവത്തെക്കുറിച്ചും ആയാസരഹിതമായ പാട്ടിനെക്കുറിച്ചുമൊക്കെ പിള്ളേര്‍ക്ക്‌ കനപ്പെട്ട ഉപദേശം നല്‍കിയപ്പഴാണ്‌ എങ്ങനെ പാടരുത്‌ എന്നാണ്‌ അദ്ദേഹം വേദികളില്‍ കാണിച്ചിരുന്നത്‌ എന്ന്‌ മനസ്സിലായത്‌. അവിടംകൊണ്ടും തീര്‍ന്നില്ല, കാക്കേ കാക്കേ കുടെവിടെ... എന്ന നഴ്‌സറിപ്പാട്ടിനുമുകളില്‍ ഭൂമുഖത്തുള്ള എല്ലാ രാഗങ്ങളും വിജയകരമായി അപ്ലൈ ചെയ്യാന്‍ ചേട്ടനു സാധിച്ചു. പക്ഷെ, എന്റെ സ്വന്തം ചേട്ടന്‍ റോയിക്ക്‌ അതു മനസ്സിലായില്ല. റിയാലിറ്റി ഷോയുടെ അടിമയായ അവന്‍ കാക്കേ കാക്കേ കേട്ട്‌ പ്രാന്തായി റിമോട്ടുകൊണ്ട്‌ എറിഞ്ഞുപൊട്ടിച്ച ടീവി ജയചന്ദ്രന്‍ ചേട്ടന്റെ നിത്യസ്‌മാരകമായി ഇപ്പോഴും വീട്ടിലുണ്ട്‌.

ജയചന്ദ്രന്‍ ചേട്ടന്‍ എപ്പോഴും പഴയ വരികളെയും ഈണങ്ങളെയും എങ്ങനെ രക്ഷപ്പെടുത്താം എന്ന ഗവേഷണത്തിന്റെ തിരക്കിലാണ്‌. മോഷണം, കോപ്പിയടീന്നൊക്കെ വിവരമില്ലാത്ത കൊറേയവമ്മാര്‌ വിളിച്ചുപറയും. അതൊന്നും ജയേട്ടന്‍ മൈന്‍ഡു ചെയ്യാറില്ല. എന്തിന്‌ നമ്മടെ സര്‍ക്കാരുപോലും അതു കാര്യമാക്കാറില്ല. അതുകൊണ്ടല്ലേ പച്ചപ്പനംതത്തേ...എന്ന പാട്ടിനു സംസ്ഥാന അവാര്‍ഡു കൊടുത്തത്‌?കാലം മറന്നുപോയ പൊന്‍കുന്നം ദാമോദരന്‍ എന്ന കവിയെ പുതിയ തലമുറയ്‌ക്ക്‌ പരിചയപ്പെടുത്താനാണ്‌ താന്‍ ഈപാട്ട്‌ കഷ്‌ടപ്പെട്ട്‌ പുനരവതരിപ്പിച്ചെതെന്ന്‌ ജയേട്ടന്‍ വ്യക്തമാക്കീട്ടും ചെലര്‍ക്കു തൃപ്‌തിയായില്ല. അദ്ദേഹത്തിന്റെ സതുദ്ദേശം മനസ്സിലാക്കാന്‍ ദാമോദരന്റെ മകന്‍പോലും തയാറായില്ല.

ചങ്ങമ്പുഴ എന്നൊരു കവി ഇവിടെ ജീവിച്ചിരുന്നു എന്നറിയിക്കാന്‍ അദ്ദേഹത്തിന്റെ കവിതകളും വൃത്തിയാക്കിയെടുക്കാന്‍ ഉദ്ദേശ്യമുണ്ടെന്ന്‌ ചേട്ടന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു-നോക്കണേ ആ ഉദ്ദേശശുദ്ധി.

നല്ലതു ചെയ്യാന്‍ മലയാളികള്‍ സമ്മതിക്കുകേല. ബാലേട്ടനിലെ ബാലേട്ടാ.. ബാലേട്ടാ.. എന്ന പാട്ട്‌ ബോണി എമ്മിന്റെ വിഖ്യാതമായ റാ റാ റാസ്‌പുട്ടിന്റെ അമ്മായീടെ മോനാണെന്നും അതല്ല?ഏതോ ഒരു ഹിന്ദിപ്പാട്ടിന്റെ നേരനിയനാണെന്നും കൊറേപ്പേരു പറഞ്ഞു.നാട്ടുരാജാവിലെയും കനകസിംഹാസനത്തിലെയുംമറ്റും പാട്ടുകളും മുമ്പു കേട്ടതാണെന്ന്‌ ചെലരു തട്ടിവിട്ടു. ലോകത്തില്‍ ഒരാളെപ്പോലെ ഏഴു പേരൊണ്ടെന്നും പ്രതിഭകള്‍ ഒന്നുപോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുയും ഈണം കൊടുക്കുയും ചെയ്യുമെന്നും ഇവറ്റകള്‍ക്ക്‌ അറിയാമ്പാടില്ലേ?

മാത്രമല്ല, പഴയ പല വരികള്‍ക്കും നല്ല ഈണങ്ങളുടെ പോരയ്‌മയൊണ്ടാരുന്നു എന്ന കാര്യവും ഇക്കൂട്ടര്‍ മറന്നുപോകും. ആ കൊറവ്‌ പരിഹരിക്കാനാണ്‌ പൂമുഖവാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന... എന്ന ഗാനം ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തില്‍ ജയേട്ടന്‍ വൃത്തിയായി പുനരവതരിപ്പിച്ചത്‌.

പണ്ട്‌ ഏണിപ്പടികള്‍ എന്ന ചിത്രത്തില്‍ ദേവരാജന്‍ സംഗീതം നല്‍കിയ പ്രാണനാഥന്‍ എനിക്കു നല്‍കിയ... എന്ന പാട്ടിനും ഒരുപാട്‌ പോരായ്‌മയുണ്ടാരുന്നു. ഷഡ്‌ജവും രിഷഭവും തമ്മില്‍ അകല്‍ച്ച. ഗാന്ധാരം പഞ്ചമത്തിന്റെ മധ്യമത്തില്‍ വരുന്നു അങ്ങനെയങ്ങനെ. പോരാത്തതിന്‌ സംഗതി പൊങ്ങി നില്‍ക്കുന്നു. അതുകൊണ്ടാണ്‌ നോട്ടം സംവിധാനം ചെയ്‌ത ശശി പരവൂരിന്റെ പുതിയ ചിത്രമായ കടാക്ഷത്തില്‍ ജയേട്ടന്‍ ഏറ്റവും അനുയോജ്യമായ ട്യൂണില്‍ ഈ പാട്ടിനും ശാപമോക്ഷം നല്‍കുന്നത്‌. ഇതിനപ്പുറം ഒരു ട്യൂണില്‍ ഈ പാട്ട്‌ ചെയ്യാമ്പറ്റത്തില്ല.

പുതിയ ഈണം ഒണ്ടാക്കാന്‍ അറിയാമ്പാടില്ലാഞ്ഞിട്ടോ പുതിയ വരികള്‍ കിട്ടാഞ്ഞിട്ടോ അല്ല. ജയേട്ടന്‍ അതിനു പോയാല്‍ പഴയ പാട്ടുകളുടെയെല്ലാം എല്ലാം പോരായ്‌മ നികത്താന്‍ ആരുണ്ടിവിടെ? ആരോരുമറിയാത്ത കവികളെ ഇന്നത്തെ തലമുറയ്‌ക്ക്‌ ആരു പരിചയപ്പെടുത്തും?

2 അഭിപ്രായങ്ങൾ:

Rejeesh Sanathanan പറഞ്ഞു...

മോഷണവും ഇന്നൊരു കലയാണ് മാഷേ.........:)

രഘു പറഞ്ഞു...

പറഞ്ഞ പല കാര്യങ്ങളിലും ശരിയുണ്ടെങ്കിലും, ഇത്ര കടുത്ത ഭാഷ വേണായിരുന്നോ? അത്ര വലിയ അപരാധം ഒന്നും ഈ ജയേട്ടൻ ചെയ്തതായി എനിക്കു തോന്നിയില്ല!