കേരളത്തെ സംബന്ധിച്ചിടത്തോളം ഒരേയൊരു കുറവേ ഒണ്ടാരുന്നുള്ളു. ഒരു ഐപിഎല്‍ ടീമിന്‍റെ. അത് ഇല്ലാതിരുന്നതുകൊണ്ടാണ് ഇക്കാലമത്രയും ലക്ഷക്കണക്കിനു ജനങ്ങള്‍ പാടത്തും പാറമടയിലും മുതല്‍ സോഫ്റ്റ്വെയര്‍ കന്പനികളില്‍വരെ കഷ്ടപ്പെടേണ്ടിവന്നത്.
മുന്‍കാലങ്ങളിലെന്നപോലെ കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലും ഇടതും വലതും മുന്നണികള്‍ ഒരുപാട് വാഗ്ദാനങ്ങള്‍ നിരത്തിയെങ്കിലും നമ്മക്ക് ഒരു ഐപിഎല്‍ ടീം ഒണ്ടാക്കിത്തരുവെന്ന് ഒരുത്തനും പറഞ്ഞുകേട്ടില്ല. ഏതായാലും വരത്തനെന്നും പരദേശിയെന്നുമൊക്കെപ്പറഞ്ഞ് ഇവിടുത്തെ കോണ്‍ഗ്രസുകാരുപോലും തോല്‍പ്പിക്കാന്‍ ശ്രമിച്ച തരൂരെ ശശിച്ചേട്ടന്‍ വേണ്ടിവന്നു ഒടുവില്‍ നമ്മടെ അടിസ്ഥാന ആവശ്യം നിറവേറ്റുന്നതിന് മുന്‍കൈ എടുക്കാന്‍.
ശരിക്കും പറഞ്ഞാല്‍ പെഴയ്ക്ക് ഒരു ഐപിഎല്‍ ടീമിന്‍റെ പ്രാധാന്യത്തെക്കുറിച്ച് വലിയ പടിയില്ലാരുന്നു. ഇന്നലെ കേരളത്തിന് ടീം കിട്ടിക്കഴിഞ്ഞശേഷം ടെലിവിഷന്‍ ചാനലുകള്‍ വച്ചപ്പോഴാണ് ഇതിലും വലിയതൊന്നും ഇനി കേരളത്തില്‍ ഒണ്ടാകാനില്ലെന്ന് മനസ്സിലായത്. ഇന്നിപ്പം ദേ പത്രം എടുത്തു നോക്കിയപ്പം ഈമഹാ സംഭവം കേരളത്തിന്‍റെ ജാതകം തിരുത്തിക്കുറിക്കുമെന്ന് വ്യക്തമായി. ക്രിക്കറ്റ് എന്നാന്ന് അറിയാന്പാടില്ലാരുന്ന കോട്ടയത്തെ അച്ചായന്‍മാര്‍ മനോരമയുടെ പ്രധാന വാര്‍ത്ത കണ്ടപ്പോള്‍ തങ്ങളുടെ അജ്ഞതയോര്‍ത്ത് ലജ്ജിച്ചു. കളിയറാന്പാടില്ലേലും തരൂരിനു പകരം കെ.എം മാണിസാറിനെ മുന്നില്‍ നിര്‍ത്തി കോട്ടയം അച്ചായന്‍സ് എന്നപേരില്‍ ഒരു ടീം ഉണ്ടാക്കുന്നതിനുള്ള വഴിയെക്കുറിച്ചുള്ള ആലോചനയിലാണവരിപ്പോള്‍
മനോരമ പത്രം പറയുന്നു ; *കേരളത്തിന്‍റെയും കൊച്ചിയുടെയും രാജ്യാന്തര തലത്തിലുള്ള ഏറ്റവും വലിയ ബ്രാന്‍ഡിംഗിനാണ് ഇതിലൂടെ ആവസരം കിട്ടുന്നത്.
*കേരളത്തിലെ കൂടുതല്‍ കളിക്കാര്‍ക്ക് രാജ്യാന്തര താരങ്ങള്‍ക്കൊപ്പം ഐ.പി.എല്‍ ടീമില്‍ ഇടം ലഭിക്കും. *കേരളത്തില്‍നിന്ന് കൂടുതല്‍ കളിക്കാര്‍ ദേശീയ ടീമിലേക്ക് വരാന്‍ സാധ്യത. *ടൂറിസം വ്യാപാര രംഗങ്ങളില്‍ മുന്നേറ്റമുണ്ടാകും. *നികുതി ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവിന് നേട്ടം...എന്നിങ്ങനെ.
പെഴ ക്രിക്കറ്റ് വിരോധിയല്ല, മാത്രമല്ല ആരാധകനാണുതാനും. പ്രത്യേകിച്ചും ഐ.പി.എലിന്‍റെ. എനിക്കറിയാന്പാടില്ലാഞ്ഞിട്ടു ചോദിക്കുവാ; ഇതുകൊണ്ട് കേരളത്തിലെ ഭൂരിപക്ഷം വരുന്ന എന്നേപ്പോലുള്ള ഏഴാംകൂലികള്‍ക്ക് എന്നാ പ്രയോജനം കിട്ടും? കേരളത്തില്‍നിന്ന് കൂടുതല്‍ കളിക്കാര്‍ ദേശീയ ടീമിലേക്ക് വരാന്‍ സാധ്യത എന്നൊക്കെ വച്ചു കാച്ചുന്പോള്‍ ഇതു വായിക്കുന്നോര് വിഢികളാണെന്നാന്നാണോ മനോരമ ധരിച്ചുവച്ചിരിക്കുന്നത്. നിലവിലെ ഇന്ത്യന്‍ ടീമംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഐ.പി.എലിലെ പല ടീമുകളും. ഐ.പി.എലിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ പുതിയതായി ഏതവനെങ്കിലുമൊക്കെ ഇന്ത്യന്‍ ടീമില്‍ ഇടംനേടാം. ഈ സാധ്യത ഇങ്ങേയറ്റം മുതല്‍ അങ്ങേയറ്റംവരെയുള്ള ടീമുകള്‍ക്കിടയില്‍ നീണ്ടു പരന്നു കിടക്കുന്പോള്‍ അതില്‍ കേരളത്തിന്‍റെ ഷെയര്‍ എത്രയുണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അങ്ങനെയൊക്കെ ഊഹിക്കാന്‍ പോയാല്‍ മനോരമ വായിക്കുന്നവരുടെ രോമം എഴുന്നേറ്റു നില്‍ക്കുമോ?
കേരളത്തിന്‍റെ രാജ്യാന്തര ബ്രാന്‍ഡിംഗ് വളരുന്പോള്‍ ഇവിടം സ്വര്‍ഗമാകും. ഇവിടുത്തെ ചുമട്ടു തൊഴിലാളികള്‍ക്കും മറ്റും പണിക്കുപോകേണ്ട. റേഷന്‍കടയിലും മാവേലി സ്റ്റോറിലും എന്തിന് ബീവറേജസ് ഷോപ്പില്‍ പോലും പോയി ക്യൂനില്‍ക്കേണ്ട. സൂര്യതാപം പേടിക്കേണ്ട. കുടിവെള്ളത്തിന് നെട്ടോട്ടമോടേണ്ട. അമ്മപെങ്ങന്‍മാരുടെ മാനം പോകുമെന്ന ആശങ്കവേണ്ട. ഐ.പി.എല്‍ കണ്ടാല്‍ മാത്രം മതി. പറ്റുമെങ്കില്‍ ഒരു ടിക്കറ്റ് സംഘടിപ്പിച്ച് കൊച്ചില്‍ പോയി കളി നേരിട്ടു കാണുക. അതോടെ നിങ്ങള്‍ സന്പൂര്‍ണരാകും. കേരളം സുന്ദരം.
മാധ്യമങ്ങള്‍ക്ക് ആവേശമാകാം. പക്ഷെ, അതിനൊക്കെ ഒരു പരിധിയില്ലേ? അതെ ങ്ങനെ? വാര്‍ത്തകള്‍ മാധ്യമങ്ങളെ വിഴുങ്ങുന്ന കാലത്ത് , രാഷ്ട്രീയ മുതലെടുപ്പിനോ പകരംവീട്ടലിനോ അല്ലാതെ സാധാരണക്കാരന്‍റെ പ്രശ്നങ്ങള്‍ക്ക് മാധ്യമങ്ങളില്‍ ഇടംലഭിക്കാത്ത കാലത്ത് ഇതല്ല, ഇതിലപ്പുറവും സംഭവിക്കും. മലയാളത്തിന്‍റെ മ#*$ സുപ്രഭാതം !
2 അഭിപ്രായങ്ങൾ:
ഇന്നിപ്പം ദേ പത്രം എടുത്തു നോക്കിയപ്പം ഈമഹാ സംഭവം കേരളത്തിന്‍റെ ജാതകം തിരുത്തിക്കുറിക്കുമെന്ന് വ്യക്തമായി. ക്രിക്കറ്റ് എന്നാന്ന് അറിയാന്പാടില്ലാരുന്ന കോട്ടയത്തെ അച്ചായന്‍മാര്‍ മനോരമയുടെ പ്രധാന വാര്‍ത്ത കണ്ടപ്പോള്‍ തങ്ങളുടെ അജ്ഞതയോര്‍ത്ത് ലജ്ജിച്ചു. കളിയറാന്പാടില്ലേലും തരൂരിനു പകരം കെ.എം മാണിസാറിനെ മുന്നില്‍ നിര്‍ത്തി കോട്ടയം അച്ചായന്‍സ് എന്നപേരില്‍ ഒരു ടീം ഉണ്ടാക്കുന്നതിനുള്ള വഴിയെക്കുറിച്ചുള്ള ആലോചനയിലാണവരിപ്പോള്‍
v good
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ