2011, ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

മനോരമേടെ ഫോര്‍മുല

എനിക്കറിയാമ്മേലാഞ്ഞിട്ടു ചോദിക്കുവാ ഈ മനോരമയ്ക്ക് ഇത് എന്നാത്തിന്‍റെ കേടാ? ഞാനും നിങ്ങളും കാശുകൊടുത്തു മേടിക്കുന്ന പത്രത്തന്‍റെ വലിയൊരു ഭാഗമത്രയും പലപ്പോഴും പരസ്യത്തിനായി തീറെഴുതി വച്ചിട്ട് കാലം കൊറെയായി. എങ്കിപ്പിന്നെ തനിക്ക് വേറേതേലും പത്രം മേടിച്ചൂകൂടേ എന്നു ചോദിക്കാന്‍ വരട്ടെ. വീട്ടീലെ മേശപ്പൊറത്തൊരു പത്രം കെടക്കുമ്പോ അത് മലയാളത്തിലെ ഏറ്റോം പ്രചാരമുള്ളതുതന്നെ ആയിക്കോട്ടേന്നു കരുതി.

പരസ്യംകൊണ്ട് ആര്‍ക്കേലുമൊക്കെ പ്രയോജനം കിട്ടുവാരിക്കുമെന്ന് ആശ്വസിച്ച് മിണ്ടാതിരിക്കുവാ. അപ്പംദേ കഴിഞ്ഞ കൊറേ ദിവസമായി പത്രമെടുത്താല്‍ ഫോര്‍മുല വണ്‍ കാറോട്ടം മാത്രേയൊള്ളൂ. ഡല്‍ഹിയില്‍ നടക്കുന്ന കാറോട്ടം എന്തോ മഹാസംഭവമാണെന്നു വരുത്തിത്തീര്‍ക്കാനൊള്ള പെടാപ്പാട്.

മലയാളികളെ കാറോട്ടം പഠിപ്പിച്ചേ അടങ്ങൂന്ന വാശി. അതിനൊള്ള ട്യൂഷന്‍ പാഠങ്ങളായിരുന്നു കൊറച്ചു ദിവസം. ഇന്നു രാവിലെ പത്രമെടുത്തു നോക്കിയപ്പോള്‍ ഡല്‍ഹിയില്‍ ഇതിലും വലുതൊന്നും സംഭവിക്കാനില്ലെന്ന മട്ടിലാണ് ഒന്നാം പേജുമുതലുള്ള ആഘോഷം.

വല്ല പൊതുവിജ്ഞാന പരീക്ഷേലും ചോദ്യം വന്നാല്‍ ശരിയുത്തരം നല്‍കാന്‍ മാത്രം മൂന്നോ നാലോ മുന്‍നിര ഡ്രൈവര്‍മാരുടെ പേര് പഠിച്ചിരിക്കുന്നതില്‍ തെറ്റില്ലെന്ന് പെഴയ്ക്ക് തോന്നുന്നു. അതിനപ്പുറം ഈ ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് നമ്മള്‍ മല്ലൂസിന് എന്നാ കാര്യം? ക്രിക്കറ്റ്, ഫുട്‌ബോള്, ബാസ്‌ക്കറ്റ്‌ബോള്, അത്‌ലറ്റിക്‌സ് തൊടങ്ങി വല്ലോമാണേല് നമ്മക്ക് എന്തേലും പ്രയോജനമുണ്ടാകുമെന്നു കരുതാം. അത്യാവശ്യം മെനക്കെട്ടാല്‍ നമ്മടെ പിള്ളാര്‍ക്കും ഇപ്പറഞ്ഞ ഇനങ്ങളിലൊക്കെ അരക്കൈ നോക്കാമ്പറ്റുകേം ചെയ്യും. പക്ഷെ, കാറോടിക്കാനെറങ്ങിയ നമ്മടെ നരേണ്‍ കാര്‍ത്തികേയന്‍റെ അവസ്ഥയെന്താ?

ഇനി അച്ചായന്‍റെ പത്രത്തിന്‍റെ ആവേശം ഏറ്റുവാങ്ങി ഏതെങ്കിലും ചെക്കന്‍ ഫോര്‍മുല വണില്‍ അരക്കൈ നോക്കിയേക്കാമെന്നുവച്ചാലോ. അവന്‍റെ അപ്പന്‍ ഒരു ശരാശരി കോടീശ്വരനാണെങ്കിലും വൈകാതെ പോക്കറ്റു കീറുമെന്നുറപ്പ്.

പിന്നെന്തിനാണ് മനോരമേടെ ഈ പെടാപ്പാട്? അധികം തെരക്കാതെ ഉത്തരം കിട്ടി. ഈ ബ്ലോക്ബസ്റ്റര്‍ പരിപാടി നിങ്ങള്‍ക്കായി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് മനോരമ കുടുംബത്തിന്‍റെ ഭാഗംതന്നെയായ എം.ആര്‍.എഫാണ്. കുടുംബയോഗം ഒരു പരിപാടി നടത്തിയാല്‍ അതിന്റെ പബ്ലിസിറ്റി ചൊമതല പൊറത്തൊരാളെ ഏപ്പിക്കുന്നത് ശരിയാണോ?

അപ്പം നമ്മള് വായനക്കാര് എന്നാ ചെയ്യും. കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ മനോരമപത്രം എടുത്തുവച്ച് ഫോര്‍മുലാ വണിനെക്കുറിച്ച് മനസ്സിരുത്തി പഠിക്കുക. ഇന്നുമുതലുള്ള പത്രത്തിലെ ത്രസിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ വായിച്ച് കോള്‍മയിര്‍ കൊള്ളുക. എന്നിട്ട് വെറുതേയിരിക്കാമ്പറ്റുവോ?. ക്രിക്കറ്റ്, ഫുട്‌ബോള്‍ ലോകകപ്പുകള്‍ നടക്കുമ്പോള്‍ നമ്മള് പാടത്തും പറമ്പിലും ലോക്കല്‍ ലോകകപ്പുകള്‍ നടത്താറില്ലേ. അതുപോലെ വീട്ടു മുറ്റത്തു കെടക്കുന്ന ആള്‍ട്ടോയോ സാന്‍ഡ്രോയോ എടുത്ത് പഠിച്ച കാര്യങ്ങള്‍ ഒന്നുകൂടി ഓര്‍മ്മിച്ച് നമ്മുടെ ഗട്ടര്‍ സര്‍ക്യൂട്ടില്‍ മിന്നലഴക് വിടര്‍ത്തുക. മൂക്കില്‍ വയ്ക്കാനുള്ള പഞ്ഞി കരുതാന്‍ മറക്കരുത്.

2011, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

കൃഷ്ണനും രാധയും-മാറ്റത്തിന്‍റെ ധുംധുഭിനാദം


ദീര്‍ഘമായ കാത്തിരിപ്പിന് വിരാമം കുറിച്ച് സന്തോഷ് പണ്ധിറ്റിന്‍റെ കൃഷ്ണനും രാധയും എന്ന സിനിമ ഇന്ന് തിയേറ്ററുകളിലെത്തി. ആളൊഴിഞ്ഞ തിയേറ്റര്‍ പ്രതീക്ഷിച്ചെത്തിയ ഞാന്‍ ടിക്കറ്റ് കൗണ്ടറിനു മുന്നിലെ ജനസാഗരം കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഒടുവില്‍ 130 രൂപ മുടക്കി ബ്ലാക്കില്‍ ടിക്കറ്റെടുത്താണ് ആദ്യ ഷോ കാണാന്‍ അകത്തു കയറിയത്.

എന്നിട്ട് കാശുപോയില്ലേ എന്നായിരിക്കും വായനക്കാര്‍ ചോദിക്കാന്‍ വരുന്നത്. എന്‍റെ അഭിപ്രായം ഒറ്റ വാചകത്തില്‍ പറയാം- ഈ സിനിമ കണ്ടിട്ടില്ലെങ്കില്‍ മലയാള സിനിമാ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നത്.

ജെ.സി ഡാനിയല്‍ മുതല്‍ എം.എസ് മനു(സാന്‍ഡ് വിച്ച്) വരെയുള്ള സംവിധായകരും പ്രേം നസീര്‍ മുതല്‍ ആസിഫ് അലി വരെയുള്ള നായകന്‍മാരും നമുക്ക് സമ്മാനിച്ച ആവര്‍ത്തനവിരസതകള്‍ക്കും ടൈപ്പുകള്‍ക്കും വിരാമം കുറിക്കുകയാണ് സന്തോഷ് പണ്ധിറ്റ് എന്ന പ്രതിഭ. സിനിമയുടെ എല്ലാ മേഖലകളിലും സന്തോഷ് പണ്ധിറ്റ് കൈവച്ചത് എന്തിന് എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം ചിത്രം നല്‍കുന്നുണ്ട്. ആ പ്രതിഭയുടെ സ്പര്‍ശത്തില്‍ മലയാളത്തിലെ ആദ്യത്തെ കറതീര്‍ന്ന ചിത്രമെന്ന ഖ്യാതിയാണ് കൃഷ്ണനും രാധയും സ്വന്തമാക്കിയിരിക്കുന്നത്.

പ്രണയത്തിന്‍റെ, സ്നേഹത്തിന്‍റെ, സാഹോദര്യത്തിന്‍റ, പകയുടെ, വിരഹത്തിന്‍റെ വിഭിന്ന തലങ്ങളെ അതിവിദഗ്ധമായി ക്രോഡീകരിച്ചുകൊണ്ട് ഒരു പുതിയ ചലച്ചിത്ര ഭാഷയാണ് സന്തോഷ് പണ്ധിറ്റ് രചിച്ചിരിക്കുന്നത്. തിയേറ്ററുകളിലെ ആഘോഷത്തിമിര്‍പ്പുകള്‍ അതിനു സാക്ഷ്യ മാകുന്നു.

സിനിമ അടിസ്ഥാനപരമായി ഒരു എന്‍റര്‍ടെയ്ന്‍മെന്‍റാണെന്ന വസ്തുത പൂര്‍ണമായും ഉള്‍ക്കൊണ്ടുകൊണ്ടാണ് സന്തോഷ് ഈ ചിത്രത്തെ സമീപിച്ചിരിക്കുന്നത്. അഭിനേതാവ്, സംവിധായകന്‍, ഗായകന്‍ തുടങ്ങി വിവിധ നിലകളില്‍ അദ്ദേഹത്തിന്‍റെ ക്രാഫ്റ്റിന് അടിവരയിടുകയാണ് ഈ ചിത്രം. നായകന്‍ വെളുത്തു ചുവന്നിരിക്കണം, ആറടി പൊക്കം വേണം. നെറ്റിയുടെ മുകളില്‍ ഗള്‍ഫ് ഗേറ്റിന്‍റെ കാര്‍പോര്‍ച്ച് വേണം, കവിളത്ത് ഒന്നരക്കിലോ ഇറച്ചിവേണം തുടങ്ങിയ മലയാളികളുടെ പിടിവാശികളെ പൊളിച്ചടുക്കിക്കൊണ്ടാണ് സന്തോഷിന്‍റെ താരോദയം എന്നതും ശ്രദ്ധേയമാണ്.

യൂട്യൂബിലും ഇന്‍റ ര്‍നെറ്റിലെ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും സന്തോഷിനെ അവഹേളിക്കാന്‍ മത്സരിച്ചവരും ഒടുവില്‍ ഈ തൊഴില്‍ ഏറ്റെടുത്ത മലയാള ടെലിവിഷന്‍ ചാനലുകളും ഐതിഹാസികവിജയത്തിന്‍റെ അഗ്നിസ്ഫുല്ലിംഗങ്ങളില്‍ വേവുകയാണിപ്പോള്‍. യൂട്യൂബിലെ വിഡിയോകള്‍ക്കുതാഴെ സഭ്യതയുടെ എല്ലാ അതിരുകളും ലംഘിക്കുന്ന കമന്‍റുകളിട്ടവരെയും ടെലിഫോണ്‍ അഭിമുഖമെന്ന പേരില്‍ സംസാരിച്ചുതുടങ്ങി കൂട്ടത്തെറിവിളിയില്‍ കാര്യങ്ങള്‍ അവസാനിപ്പിച്ച് എന്തോ വലിയ കാര്യം ചെയ്തെന്ന് അഭിമാനിക്കുന്നവരെയും ചാനല്‍ ന്യൂസ് റൂമിലിരുന്ന് വളഞ്ഞ വഴിക്കുള്ള ചോദ്യങ്ങളുമായി മാനംകെടുത്താന്‍ ശ്രമിച്ചവരെയും തികഞ്ഞ സംയമനത്തോടെ അഭിമുഖീകരിച്ച സന്തോഷിനെ അഭിനന്ദിക്കാതിരിക്കാനാവുന്നില്ല.

കലയെന്ന നിലയിലും വ്യവസായമെന്ന നിലയിലും മലയാള സിനിമയുടെ തകര്‍ച്ചയെക്കുറിച്ചുള്ള വിലാപങ്ങളാണ് കുറെക്കാലമായി കേട്ടുകൊണ്ടിരിക്കുന്നത്. സാധാരണക്കാരായ നമ്മുടെ ഇടയില്‍നിന്നൊരാള്‍ ഈ തകര്‍ച്ചയ്ക്ക് സ്വയം പരിഹാരമാകുകയാണ്. ഗ്ലാമറില്ലാത്ത നായകന്‍മാരെ വച്ച് തമിഴന്‍മാര്‍ നടത്തുന്ന കളിയുടെ പകര്‍ന്നാട്ടമല്ലേ ഇതെന്ന് ചോദിക്കുന്നവരുണ്ടാകും. പക്ഷെ, ഇത് മറ്റൊരു തരംഗത്തിന്‍റെ നാന്ദിയാണ്. മലയാള സിനിമയിലെ മാടന്പികളുടെ കോട്ടകൊത്തളങ്ങളെ തകര്‍ത്തെറിയാന്‍ പോകുന്ന വലിയൊരു മുന്നേറ്റത്തിന്‍റെ ചെറിയൊരു തുടക്കം. ലിബിയയില്‍ ഗദ്ദാഫിയുടെ ഏകാധിപത്യത്തിന് അന്ത്യം കുറിച്ച ഐതിഹാസിക മുന്നേറ്റത്തിന്‍റെയും തുടക്കം എളിയ രീതിയിലായിരുന്നു എന്ന് ഓര്‍ക്കുക. ഈ മുന്നേറ്റത്തില്‍ നമുക്കും കൈകോര്‍ക്കാം.

2011, ഒക്‌ടോബർ 11, ചൊവ്വാഴ്ച

2011, ഒക്‌ടോബർ 9, ഞായറാഴ്‌ച

മാര്‍ക്കറ്റിംഗ് കാലത്തെ ബെര്‍ളിത്തരങ്ങള്‍

പരസ്യം-ടെലിവിഷന്‍ കാണുന്ന പത്രം വായിക്കുന്ന പലര്‍ക്കും പ്രാന്തുണ്ടാക്കുന്ന സാധനം. ഏതെങ്കിലും ടെലിവിഷന്‍ പരിപാടിയുടെ ത്രില്ലില്‍ അല്ലെങ്കില്‍ രസച്ചരടില്‍ ഇരിക്കുന്പോഴാണ് മനുഷ്യനെ വെറുപ്പിക്കുന്ന ഇത് കേറിവരുന്നത്. പത്രത്തിലാണേല്‍ പരസ്യം വിതാനിച്ചിട്ട മിച്ചം വരുന്ന സ്ഥലത്താണ് വാര്‍ത്ത കേറ്റുന്നത്.

നമ്മക്ക്, ലോക്കല്‍സിന് പരസ്യത്തെ തെറിപറയാം. പക്ഷെ, പത്രങ്ങടേം ചാനലുകടേം നിലനില്‍പ്പ് അതായത് പത്തു തുട്ടു തടയുന്നത് പരസ്യങ്ങളില്‍ കൂടിയാണ്. ചാനലിന്‍റെ റേറ്റിംഗും പത്രത്തിന്‍റെ സര്‍ക്കുലേഷനും കൂടുന്നതനുസരിച്ച് പരസ്യം കൂടും അതിന്‍റെ നെരക്കും കൂടും. പരസ്യം വാര്‍ത്തയായി കൊടുത്ത് കൂടുതല്‍ കാശുവാങ്ങുന്ന പരിപാടി വേറെ.

പരസ്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി പെഴ എങ്ങോട്ടാണ് പോകുന്നതെന്ന് നിങ്ങള് ചിന്തിക്കുന്നുണ്ടാകും. കാടു കയറുന്നില്ല, കാര്യം പറയാം. ഹിറ്റു കൂടിയാല്‍ ബ്ലോഗിനും കിട്ടും പരസ്യം. ഹിറ്റും പരസ്യവും കൂടുന്പോള്‍ ബ്ലോഗര്‍ക്ക് പിടിവിട്ടുപോകും. പിന്നെ അദ്ദേഹവും പരസ്യങ്ങള്‍ പോസ്റ്റുകളാക്കും. കാരണം ഇത് മാര്‍ക്കറ്റിംഗ് യുഗമല്ലേ?

സംശയമുണ്ടെങ്കില്‍ ബൂലോകത്തെ അണ്ണാ ഹസാരെ ബെര്‍ളിയുടെ ബ്ലോഗുവഴി ഒന്നു പോയിനോക്ക്
ഇംപ്രസാരിയോ കന്പനി കൊച്ചിയില്‍ നടത്തിയ മിസ് കേരള മത്സരത്തിന് പ്രചാരണം നല്‍കാന്‍ അദ്ദേഹം നടത്തിയ പെടാപാടു കാണാം.

മിസ് കേരള 2011 ലൈവ് എന്ന പേരില്‍ ആദ്യം കൊടുത്ത പോസ്റ്റില്‍ അവസാന റൗണ്ടില്‍ മത്സരിക്കുന്ന സുന്ദരിമേരുടെ പേരുവിവരവും ഫോട്ടോകളും. താടിക്കാര്‍ക്ക് അഭിമാനമെന്ന പേരില്‍ തുടര്‍ന്നുവന്ന പോസ്റ്റിന്‍റെ തലക്കെട്ടു കണ്ടാല്‍ മറ്റെന്തോ ആണെന്നു തോന്നും. വായിക്കുന്പോള്‍ സംഗതി മിസ് കേരളയുടെ ഫലമാണ്. ആകെ മൊത്തം ടോട്ടല്‍ ഒരു മാര്‍ക്കറ്റിംഗ് സെറ്റപ്പ്.

ഇതു പറയുന്പോള്‍ എന്‍റെ ബ്ലോഗ്, എന്‍റെ പോസ്റ്റ്, എന്‍റെ സമയം എനിക്കു തോന്നുന്നത് എഴുതും നിനക്കെന്നാ ചേതം എന്ന് ചോദിക്കാം. വിരോധമില്ല. വെറുതേ പറഞ്ഞെന്നുമാത്രം. മാര്‍ക്കറ്റിംഗ് കാലത്ത് എന്തൊക്കെ കാണേണ്ടവരും. പത്രങ്ങളും ചാനലുകളും കാട്ടിക്കൂട്ടുന്നതുവച്ചു നോക്കുന്പോള്‍ ഇതൊക്കെ നിസ്സാരമല്ലേ.